ലോത്ഷാംപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൽഡാംഗി ക്യാമ്പിലെ ലോത്ഷാംപ അഭയാർത്ഥികൾ

ഭൂട്ടാനിൽ വസിക്കുന്ന നേപ്പാൾ വംശജരായ ജനതയാണ് ലോത്ഷാംപ അഥവാ ലോത്സാംപ (നേപ്പാളി: ल्होत्साम्पा; ടിബറ്റൻ: ལྷོ་ མཚམས་ པ). ലോത്ഷാംപ ജനത തെക്കൻ ഭൂട്ടാൻ സ്വദേശികളാണ്. അതിനാൽ ഭൂട്ടനിൽ അവർ തെക്കർ എന്ന അർത്ഥത്തിലും വിവക്ഷിക്കപ്പെടുന്നു. 2007 മുതൽ ലോത്ഷാംപകൾ അഥവാ ഭൂട്ടാനീസ് അഭയാർഥികളെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെയുള്ള മൂന്നാം രാജ്യങ്ങളിലേക്ക് പുനരധിവസിപ്പിച്ചു വരുന്നു. ഇന്ന്, നേപ്പാളിലെ ലോത്ഷാംപ ജനങ്ങളുടെ എണ്ണം അമേരിക്കയിലും പുനരധിവസിപ്പിച്ച മറ്റ് രാജ്യങ്ങളിലും ഉള്ളതിനേക്കാൾ വളരെ കുറവാണ്.[1] പത്തൊൻപതാം നൂറ്റാണ്ടിലാണ് നേപ്പാൾ വംശജരായ ആളുകൾ തെക്കൻ ഭൂട്ടാനിലെ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കുടിയേറി താമസിക്കാൻ തുടങ്ങിയത്.[2]

ചരിത്രം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നേപ്പാളിൽ നിന്നുള്ള ചെറിയ സംഘങ്ങൾ ഭൂട്ടാനിലേക്ക് കുടിയേറി..[3][4] ഇവരിൽ കൂടുതലും കിഴക്കൻ നേപ്പാളിൽ നിന്നുള്ളവരായിരുന്നു. നേപ്പാളിൽ നിന്നുള്ള കുടിയേറ്റം തുടങ്ങുന്ന സമയത്ത് തന്നെയായിരുന്നു ഭൂട്ടാനിലെ ചില രാഷ്ട്രീയവികാസങ്ങൾ. കുറേ നാളത്തെ ആഭ്യന്തര കലഹങ്ങൾക്ക് ശേഷം 1885 ൽ, ഡ്രൂക്ക് ഗ്യാൽപോ ഉഗ്യെൻ വാങ്ചുക്ക് അധികാരം ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടവുമായി കൂടുതൽ അടുത്ത ബന്ധം വളർത്തിയെടുക്കുകയും ചെയ്തു. 1910 ൽ, ഭൂട്ടാന്റെ വിദേശ ബന്ധങ്ങളുടെ നിയന്ത്രണം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനു നൽകിക്കൊണ്ടുള്ള ഒരു കരാറിൽ ഭൂട്ടാൻ സർക്കാർ ഒപ്പുവെച്ചു .[5] 1960 കളിൽ ഭൂട്ടാന്റെ ആദ്യത്തെ ആധുനിക പഞ്ചവത്സരപദ്ധതി ആരംഭിച്ചപ്പോൾ നേപ്പാളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കുടിയേറ്റക്കാർ ഭൂട്ടാനിലേക്ക് പ്രവേശിക്കുന്നത് തുടർന്നു. ഇവരിൽ പലരും നിർമ്മാണ തൊഴിലാളികളായിരുന്നു.

കുടിയേറ്റം പരിമിതപ്പെടുത്താനും നേപ്പാളികളുടെ താമസവും ജോലിയും ഭൂട്ടാന്റെ തെക്കൻ മേഖലയിലേക്ക് പരിമിതപ്പെടുത്താനും ഭൂട്ടാൻ സർക്കാർ ശ്രമിച്ചു.[3] 1970 കളിലും 1980 കളിലും നടന്ന ഉദാരവൽക്കരണ നടപടികൾ പരസ്പരവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും പൊതുസേവനത്തിന് കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്തു. മെച്ചപ്പെട്ട വിദ്യാഭ്യാസവും ബിസിനസ്സ് അവസരങ്ങളും തേടി നേപ്പാളുകാർ കൂടുതൽ ആഭ്യന്തര കുടിയേറ്റം അനുവദിച്ചു. എന്നിരുന്നാലും, 1980 കളിലും 1990 കളുടെ തുടക്കത്തിലും ഭൂട്ടാനിലെ പ്രധാന തർക്കവിഷയം നേപ്പാളികളായ ഹിന്ദു ന്യൂനപക്ഷത്തിന്റെ സ്വീകാര്യതയായിരുന്നു.[3]

1988-ൽ നടന്ന കാനേഷുമാരി നിരവധി നേപ്പാൾ വംശജരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തുന്നതിന് കാരണമായി. പൗരത്വം ആവശ്യപ്പെട്ട് പ്രാദേശിക ലോത്ഷാംപ നേതാക്കൾ സർക്കാർ വിരുദ്ധ റാലികൾ നടത്തി പ്രതികരിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കെതിരായ ആക്രമണവും അഴിച്ചുവിട്ടു.[4]

1989 ൽ ഭൂട്ടാൻ സർക്കാർ ലോത്ഷാംപയെ നേരിട്ട് ബാധിക്കുന്ന ചില പരിഷ്കാരങ്ങൾ നടപ്പാക്കി. ഡ്രിഗ്ലാം നാംഷ എന്ന ദേശീയ വേഷധാരണം നിർബന്ധിതമാക്കി എന്നതായിരുന്നു ആദ്യത്തെ പരിഷ്ക്കാരം.[6][7] ലോത്ഷാംപ ഉൾപ്പെടെയുള്ള എല്ലാ പൗരന്മാരും ബിസിനസ്സ് സമയങ്ങളിൽ ഡ്രസ് കോഡ് പൊതുവായി പാലിക്കേണ്ടതുണ്ട്. നാഗലോംഗ് ഭൂരിപക്ഷത്തിന്റെ വസ്ത്രം ധരിക്കാൻ നിർബന്ധിതരായതായി പരാതി നൽകിയ ലോത്ഷാംപ ജനത് ഈ ഉത്തരവിനോട് വൈമുഖ്യം പ്രകടിപ്പിച്ചു. രണ്ടാമതായി, ദേശീയ ഭാഷയായ സോങ്ഖയെ അനുകൂലിച്ച് സ്കൂളുകളിലെ അദ്ധ്യാപനത്തിൽ നിന്ന് സർക്കാർ നേപ്പാളിഭാഷ നീക്കം ചെയ്തു.[5] സോങ്ഖ ഭാഷ അറിയാത്ത നിരവധി ലോത്ഷാംപകളെ ഈ തീരുമാനം ബുദ്ധിമുട്ടിലാക്കി.

1980 കളുടെ അവസാനം മുതൽ ഒരു ലക്ഷത്തിലധികം ലോത്ഷാംപകളെ അനധികൃത കുടിയേറ്റം ആരോപിച്ച് സർക്കാർ ഭൂട്ടാനിൽ നിന്ന് പുറത്താക്കി. 1988-1993 കാലഘട്ടത്തിൽ ആയിരക്കണക്കിന് ലോത്ഷാംപകൾ വംശീയവും രാഷ്ട്രീയവുമായ അടിച്ചമർത്തൽ ആരോപിച്ച് നാടുവിട്ടു. 1990 ൽ, തെക്കൻ ഭൂട്ടാനിൽ അക്രമപരമായ വംശീയ അശാന്തിയും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും കൂടുതൽ ജനാധിപത്യത്തിനും ന്യൂനപക്ഷ അവകാശങ്ങളോടുള്ള ബഹുമാനത്തിനും വേണ്ടി സമ്മർദ്ദം ചെലുത്തി. ആ വർഷം, ലോത്ഷാംപകൾക്ക് ഭൂരിപക്ഷമുള്ള ഭൂട്ടാൻ പീപ്പിൾസ് പാർട്ടി അംഗങ്ങൾ ഭൂട്ടാൻ സർക്കാരിനെതിരെ അക്രമങ്ങൾ ആരംഭിച്ചു.[5] ഈ അസ്വസ്ഥതയുടെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് പേർ ഭൂട്ടാനിൽ നിന്നും പലായനം ചെയ്തു. അവരിൽ പലരും നേപ്പാളിലെ ഏഴ് അഭയാർഥിക്യാമ്പുകളിൽ പ്രവേശിച്ചു. 2010 ജനുവരി 20 ന് 85,544 പേർ അഭയാർഥി ക്യാമ്പുകളിൽ ആയിരുന്നു. കുറേപ്പേർ ഇന്ത്യയിൽ പ്രവേശിച്ച് ജോലി നേടി. 2008 ലെ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച് ഭൂട്ടാനിലെ ജനസംഖ്യയുടെ 35% ലോത്ഷാംപയാണ്.[8]

സംസ്കാരം[തിരുത്തുക]

പരമ്പരാഗതമായി, ലോതഷാംപകൾ കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. കൂടുതൽ പേരും ഒരു സ്ഥലത്ത് വസിച്ച് സ്ഥിരം കൃഷിയിടത്തിൽ കൃഷിചെയ്യുന്നു. ഇവരിൽ ചിലർ കാട് വെട്ടിത്തെളിച്ച് കത്തിച്ച് താൽക്കാലിക കൃഷിയിറക്കുന്ന ‘സ്ലാഷ് ആൻഡ് ബേൺ’ രീതിയും അവലംബിക്കുന്നു.[3] ലോത്ഷാംപയെ പൊതുവെ ഹിന്ദുക്കളായി സാമാന്യവൽക്കരിക്കാറൂണ്ട്. എന്നിരുന്നാലും, തമാങ്, ഗുരുങ് തുടങ്ങിയ പല ഗ്രൂപ്പുകളും പ്രധാനമായും ബുദ്ധമതക്കാരാണ്.[9] റായ്, ലിംബു എന്നിവ ഉൾപ്പെടുന്ന കിരന്തി ഗ്രൂപ്പുകൾ മുണ്ടുമിന്റെ അനിമിസ്റ്റ് വിശ്വാസികളാണ് (ഈ ഗ്രൂപ്പുകൾ പ്രധാനമായും കിഴക്കൻ ഭൂട്ടാനിൽ കാണപ്പെടുന്നു). അവർ ഹിന്ദുവായാലും ടിബറ്റൻ ബുദ്ധമതക്കാരായാലും മിക്കവരും ഗോമാംസം ഒഴിവാക്കുന്നു, പ്രത്യേകിച്ച് സസ്യാഹാരികളായ യാഥാസ്ഥിതിക വിഭാഗത്തിൽപ്പെട്ടവർ. ഇന്ത്യയിലെ ദീപാവലിക്ക് സമാനമായ ഉത്സവമായ ദശെയ്ൻ, തിഹാർ എന്നിവയാണ് ഇവരുടെ പ്രധാന ഉത്സവങ്ങൾ.

ശ്രദ്ധേയരായ ലോത്‌ഷാപകൾ[തിരുത്തുക]

 • തെക് നാഥ് റിസാൽ, ഭൂട്ടാനിലെ രാഷ്ട്രീയപ്രവർത്തകൻ
 • ദില്ലിറാം ശർമ്മ ആചാര്യ, ഭൂട്ടാനിലെ നേപ്പാളി കവി

അവലംബം[തിരുത്തുക]

 1. Aris, Michael (1979). Bhutan: The Early History of a Himalayan Kingdom. Aris & Phillips. പുറം. 344. ISBN 978-0-85668-199-8.
 2. "Background and History: Settlement of the Southern Bhutanese". Bhutanese Refugees: The Story of a Forgotten People. മൂലതാളിൽ നിന്നും 10 October 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-10-03.
 3. 3.0 3.1 3.2 3.3 Worden, Robert L.; Savada, Andrea Matles (ed.) (1991). "Chapter 6: Bhutan - Ethnic Groups". Nepal and Bhutan: Country Studies (3rd പതിപ്പ്.). Federal Research Division, United States Library of Congress. പുറം. 424. ISBN 0-8444-0777-1. ശേഖരിച്ചത് 2010-10-02.
 4. 4.0 4.1 "Background Note: Bhutan". U.S. Department of State. 2010-02-02. ശേഖരിച്ചത് 2010-10-02.
 5. 5.0 5.1 5.2 "Timeline: Bhutan". BBC News online. 2010-05-05. ശേഖരിച്ചത് 2010-10-01.
 6. "Country profile – Bhutan: a land frozen in time". BBC News online. 1998-02-09. ശേഖരിച്ചത് 2010-10-01.
 7. "Bhutan country profile". BBC News online. 2010-05-05. ശേഖരിച്ചത് 2010-10-01.
 8. "Bhutan (10/08)". U.S. Department of State. ശേഖരിച്ചത് 2016-03-14.
 9. Repucci, Sarah; Walker, Christopher (2005). Countries at the Crossroads: A Survey of Democratic Governance. Rowman & Littlefield. പുറം. 92. ISBN 0-7425-4972-0.
"https://ml.wikipedia.org/w/index.php?title=ലോത്ഷാംപ&oldid=3244244" എന്ന താളിൽനിന്ന് ശേഖരിച്ചത്