Jump to content

ലൂയി ഫെർഡിനൻഡ് സെലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയി ഫെർഡിനൻഡ് സെലിൻ
രാത്രിയുടെ അന്ത്യയാമങ്ങളിലേക്കുള്ള യാത്ര എന്ന നോവലിന് റിനോഡു പുരസ്കാരം(1932) ലഭിച്ച അവസരത്തിൽ .
രാത്രിയുടെ അന്ത്യയാമങ്ങളിലേക്കുള്ള യാത്ര എന്ന നോവലിന് റിനോഡു പുരസ്കാരം(1932) ലഭിച്ച അവസരത്തിൽ .
ജനനംലൂയി ഫെർഡിനൻഡ് ഒഗസ്റ്റ് ഡെട്ടൂഷ്
(1894-05-27)27 മേയ് 1894
കോർബുവ്വാ, ഫ്രാൻസ്
മരണം1 ജൂലൈ 1961(1961-07-01) (പ്രായം 67)
മൂഡോൺ, ഫ്രാൻസ്
തൊഴിൽനോവലിസ്ററ്, ലേഖകൻ, ഡോക്റ്റർ
ദേശീയതഫ്രഞ്ച്
ശ്രദ്ധേയമായ രചന(കൾ)രാത്രിയുടെ അന്ത്യയാമങ്ങളിലേക്കുള്ള യാത്ര, മരണം തവണകളായി ,

ലൂയി ഫെർഡിനൻഡ് ഒഗസ്റ്റ് ഡെട്ടൂഷ് (27 മെയ് 1894 – 1 ജൂലൈ 1961) എന്ന ഫ്രഞ്ചു സാഹിത്യകാരന്റെ തൂലികാനാമമായിരുന്നു ലൂയി ഫെർഡിനൻഡ് സെലിൻ. സെലിൻ എന്നത് മുത്തശ്ശിയുടെ പേരായിരുന്നു. സെലിൻ എന്ന ചുരുക്കപ്പേരിലാണ് ഈ സാഹിത്യകാരൻ പൊതുവേ അറിയപ്പെട്ടത്. വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തിരുന്ന സെലിൻ ഫ്രഞ്ചു സാഹിത്യലോകത്ത് പുതിയൊരു രചനാശൈലി അവതരിപ്പിച്ചു. രചനകളിലെ കടുത്ത ജൂതവിരോധവും തീവ്രദേശീയവാദവും കാരണം സെലിൻ ഇന്നും വിവാദപുരുഷനാണ്.[1], [2] [3] [4]

ജീവിതരേഖ

[തിരുത്തുക]

ജനനം, ബാല്യം

[തിരുത്തുക]

ഫെർനാൻഡ് ഡെട്ടൂഷിന്റേയും മാർഗററ്റ് ഗില്ലുവിന്റേയും ഏക സന്താനമായിരുന്നു ലൂയി ഫെർഡിനൻഡ്. തികച്ചും ദരിദ്രമായ ചുറ്റുപാടിലാണ് താൻ വളർന്നതെന്ന് സെലിൻ ഒരഭിമുഖ സംഭാഷണത്തിൽ പറയുകയുണ്ടായി.[5] മകന്റെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കൾ ഏറെ തത്പരരായിരുന്നു. വിദേശഭാഷകൾ പഠിക്കാനായി പതിനാലുകാരനായ ലൂയി ഫെർഡിനൻഡിനെ ഇംഗ്ലണ്ടിലേക്കും ജർമനിയിലേക്കും അയച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പല ചെറിയ ജോലികളിലും ഏർപ്പെട്ടു.[6], [7]

സൈനികൻ,സഞ്ചാരി, ഡോക്റ്റർ

[തിരുത്തുക]

1912-ൽ പതിനെട്ടാമത്തെ വയസ്സിൽ ഫെർഡിനൻഡ് ഫ്രഞ്ചു പട്ടാളത്തിൽ ചേർന്നു.ഒന്നാം ലോക മഹായുദ്ധത്തിൽ യുദ്ധമുന്നണിയിൽ വെച്ച് പരിക്കേറ്റ ലൂയി ഫെർഡിനൻഡിന് സൈനികബഹുമതി ലഭിച്ചെങ്കിലും പട്ടാളസേവനം തുടരാനായില്ല. 1919-ലാണ് ലൂയി ഫെർഡിനൻഡ് റെന്നിലെ മെഡിക്കൽ കോളേജിൽ ചേർന്നത്. അതേ വർഷം തന്ന്െ ഇഡിത് ഫോളിയെ വിവാഹം കഴിച്ചു. അതിനടുത്ത വർഷം ഒരു പെൺകുഞ്ഞു ജനിച്ചു. പഠനം പൂർത്തിയായതോടെ ലൂയി ഫെർഡിനൻഡ് 1924-ൽ പാരിസിലെ മറ്റേണിറ്റി ഹോസ്പിറ്റലിൽ ഇൻടേൺ ആയി പ്രവേശിച്ചു.[6]. 1925-നു ശേഷം കുടുംബവുമായി ബന്ധം തുടർന്നില്ല. 1926-ൽ വിവാഹമോചനം നേടി. പുതുതായി രൂപംകൊണ്ട ലീഗ് ഓഫ് നേഷൻസിന്റെ പ്രതിനിധിയായി ലൂയി ഫെർഡിനൻഡ് പല രാജ്യങ്ങളും സന്ദർശിച്ചു. 1928-ൽ പാരിസിൽ തിരിച്ചെത്തി വൈദ്യവൃത്തി ആരംഭിച്ചു.

സാഹിത്യലോകത്ത് : 1932-1944

[തിരുത്തുക]

വൈദ്യബിരുദത്തിന്റെ ഭാഗമായി സമർപ്പിച്ച പ്രബന്ധം La Vie et l'Œuvre de Philippe Ignace Semmelweis (1924) ലൂയി ഫെർഡിനൻഡിന്റെ പ്രഥമ സാഹിത്യരചനയായി കണക്കാക്കുന്നവരും ഉണ്ട്. 1932-ലാണ് ലൂയി ഫെർഡിനൻഡ് സെലിൻ എന്ന തൂലികാനാമത്തിൽ പ്രഥമ നോവൽ രാത്രിയുടെ അന്ത്യയാമത്തിലേക്കുള്ള യാത്ര ( Voyage au bout de la nuit) പ്രസിദ്ധീകരിച്ചത്. ഈ നോവൽ ജനശ്രദ്ധ പിടിച്ചു പറ്റി. ക്രൈസ്തവസഭ (l'eglise) എന്ന നാടകം 1933-ൽ പുറത്തിറങ്ങി. 1936-ൽ മരണം തവണകളായി (Mort à crédit) എന്ന നോവലും ശ്രദ്ധേയമായി. തെറ്റ് എന്റേത് (Mea Culpa 1936), കൂട്ടക്കൊല വെറും നിസ്സാരം (Bagatelles pour un massacre, 1937), ശവങ്ങൾക്കായുള്ള വിദ്യാലയങ്ങൾ (L'École des cadavres, 1938), ഊരാക്കുടുക്കിൽ(Les Beaux Draps, 1941). എന്നിവ നീണ്ട പ്രബന്ധങ്ങളാണ്. 1936-ൽ എഴുതിയ മിയാ കൾപാ (തെറ്റ് എന്റേത്) റഷ്യൻ സന്ദർശനം ഉളവാക്കിയ ഹതാശ രേഖപ്പെടുത്തുന്നു.[8]

ആഖ്യാനശൈലി

[തിരുത്തുക]

തന്റെ രചനകളിലൂടെ സെലിൻ ഒരു പുതിയ ആഖ്യാനശൈലി അവതരിപ്പിച്ചു. അലങ്കാരഭാഷ കൈവിട്ട്, നിത്യസാധാരണമായ സംസാരശൈലിയാണ് സെലിൻ കൈക്കൊണ്ടത്. ഭാഷക്കാണ് ജീവസ്സുള്ളതെന്നും, ആലങ്കാരികഭാഷ ജഡതുല്യമാണെന്നും സെലിൻ അഭിപ്രായപ്പെട്ടു. ആക്ഷേപപൂർണവും വിവാദാത്മകവുമായ പദങ്ങളും വ്യംഗങ്ങളും രചനകളിൽ നിറഞ്ഞു നിന്നു. പൊടിപ്പും തൊങ്ങലുമില്ലാത്ത സംസാരഭാഷയെ ഒറ്റയടിക്ക് ഞാൻ അച്ചടിഭാഷയാക്കി എന്നാണ് സെലിൻ ഇതേപ്പറ്റി അഭിമുഖത്തിൽ പറഞ്ഞത്.[5]. വ്യംഗ പദങ്ങൾ ശബ്ദകോശങ്ങളല്ല സ-ഷ്ടിക്കുന്നതെന്നും, അവ മനുഷ്യമനസ്സിൽ നിറഞ്ഞു നില്ക്കുന്ന വെറുപ്പിൽ നിന്നാണ് രൂപം കൊള്ളുന്നതെന്നും സെലിൻ അഭിപ്രായപ്പെട്ടു.[9]

ഉള്ളടക്കം- ഹതാശ, ജൂതവിരോധം

[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധമാണ് മിക്ക കൃതികളിലേയും പശ്ചാത്തലം. തീവ്രമായ മനുഷ്യവിദ്വേഷവും ശുഭപ്രതീക്ഷയില്ലായ്മയുമാണ് ആദ്യത്തെ രണ്ടു നോവലുകളിൽ. പിന്നീടുള്ള പ്രബന്ധങ്ങളിൽ അതികഠിനമായ ജൂതവിരോധം പ്രകടമാണ്.[7] [10]

പ്രധാന കൃതികൾ

[തിരുത്തുക]
 • രാത്രിയുടെ അന്ത്യയാമങ്ങളിലേക്കുള്ള യാത്ര (നോവൽ) (Voyage au bout de la nuit(1932)(Journey to the End of the Night 1934 )

ദേശസ്നേഹത്താൽ പ്രചോദിതനായി പട്ടാളത്തിൽ ചേർന്ന ചെറുപ്പക്കാരൻ ഫെർഡിനൻഡ് ബർദാമൂവാണ് കഥാപുരുഷൻ. പക്ഷെ അധികം കഴിയുന്നതിനുമുമ്പുതന്നെ യുദ്ധത്തിന്റെ ഘോരമുഖം അയാളെ വല്ലാതെ ആഘാതമേല്പിക്കുന്നു.യുദ്ധത്തിന്റെ രാഷ്ട്രീയ-സൈനിക നീക്കങ്ങൾ അയാൾക്ക് തീർത്തും ദുരൂഹമാണ്. പിടിപ്പുകെട്ട രാഷ്ട്രീയക്കാരുടേയും സൈന്യമേധാവികളുടേയും ഇരയാവുന്നത് ഇരുവശത്തുമുള്ള പാവം പട്ടാളക്കാരും സാധാരണജനങ്ങളും ആണെന്ന് അയാൾ കണ്ടെത്തുന്നു. പരിക്കേറ്റ് പട്ടാളസേവനത്തിൽ നിന്നു പിരിഞ്ഞ് ആഫ്രിക്കൻ കോളണികളിലും പുതിയ ലോകമായ അമേരിക്കയിലും പ്രതീക്ഷക്കു വകനല്കുന്ന ഒന്നും അയാൾക്ക് കണ്ടെത്താനായില്ല. പാരിസിൽ തിരിച്ചത്തി വൈദ്യപഠനം പൂർത്തിയാക്കി പ്രാക്റ്റീസ് തുടങ്ങി. പക്ഷേ അതു വഴി തന്റേയോ മറ്റുള്ളവരുടേയോ ജീവിതം മെച്ചപ്പെടുത്താനാകില്ലെന്ന് കണ്ട് ബർദാമു അതും ഉപേക്ഷിക്കുന്നു. പഴയൊരു സുഹൃത്ത് റോബിൻസണിന്റെ ദുരന്ത ജീവിതം ഈ മനോഭാവത്തെ ഒന്നുകൂടി ദൃഢമാക്കുന്നു. കഷ്ടനഷ്ടങ്ങൾ മാത്രം നിറഞ്ഞ ജീവിതത്തിൽ പ്രത്യാശക്കു വകയില്ലെന്നും മരണത്തിൽ മാത്രമേ അനന്തമായ ശാന്തി കണ്ടെത്താനാവൂ എന്നുമുള്ള നിഗമനത്തിൽ ബർദാമു എത്തിച്ചേരുന്നു.

ഈ നോവൽ സമർപ്പിച്ചിരിക്കുന്നത് എലിസബെത് ക്രെയ്ഗ് എന്ന വനിതക്കാണ്. 1926-ൽ ജനീവ സന്ദർശനത്തിനിടയിൽ പരിചയപ്പെട്ട ഇവരുമായുള്ള സൗഹൃദം ഏഴു വർഷത്തോളം നീണ്ടു നിന്നു.[7]

 • ക്രൈസ്തവസഭ (L'Église,1933 The Church,2003)

അഞ്ചു രംഗങ്ങളുള്ള ഈ ഹാസ്യനാടകം 1926-ലാണ് സെലിൻ എഴുതിയത്, പക്ഷേ 1933-ലാണ് പ്രസിദ്ധീകരിച്ചത്. സെലിൻ ഈയൊറ്റ നാടകമേ എഴുതിയിട്ടുള്ളു. ഡോക്റ്റർ ബർദാമു തന്നേയാണ് ഇതിലും കഥാപുരുഷൻ. നോവലിലെ പല അംശങ്ങളും നാടകത്തിലും ഉണ്ട്. ആഫ്രിക്കയിലെ ഫ്രഞ്ചു കോളണി വസതിയിലും, അമേരിക്കയിൽ ന്യൂയോർക്കിലെ സംഗീതസഭയിലും ജനീവയിലെ ലീഗ് ഓഫ് നേഷൻസിന്റെ ഓഫീസിലും, പാരിസിലുമായിട്ടാണ് കഥ നടക്കുന്നത്.

 • മരണം തവണകളായി(നോവൽ) (Mort à crédit(1936), Death on the installment plan(1938))

മരണത്തിലേക്കായി നിർബന്ധമായും അടച്ചു തീർക്കേണ്ട തവണകളാണ് ജീവിതത്തിലെ ശാരീരികവും മാനസികവും സാമ്പത്തികവുമായ ആകുലതകൾ എന്ന് സെലീൻ ഈ പുസ്തകത്തിലൂടെ വ്യാഖ്യാനിക്കുന്നു. ബാല്യം മുതൽ പേക്കിനാവുകളും ഭീതിദമായ മായക്കാഴ്ചകളും കഥാപുരുഷൻ ഫെർഡിനൻഡിനെ സദാ അലട്ടിയിരുന്നു. മുതിർന്ന് ഡോക്റ്ററായിക്കഴിഞ്ഞിട്ടും ഇവ ഫെർഡിനൻഡിനെ പിന്തുടരുന്നു. ഹാസ്യം പരിഹാസം നിന്ദ, അസഭ്യം മുറിഞ്ഞുപോയ വാചകങ്ങൾ, ശബ്ദലോപങ്ങൾ, മാറിമാറിവരുന്ന സ്ഥകാല സൂചനകൾ ഇവയൊക്കെ ഈ ആഖ്യാനശൈലിയുടെ പ്രത്യേകതകളായി പലരും വിലയിരുത്തുന്നു.[7]

 • കൂട്ടക്കൊല വെറും നിസ്സാരം Bagatelles pour un massacre,1937. Trifles for a Massacre )[11]
 • ശവങ്ങൾക്കായുള്ള വിദ്യാലയം(L'École des cadavres 1938 )[12]
 • ഊരാക്കുടുക്കിൽ(Les Beaux Draps, 1941) [13]

ജൂതവിരോധമായിരുന്നു ഈ പ്രബന്ധങ്ങളുടെ പ്രമേയം. ഫ്രാൻസിന്റെ എല്ലാ ഭാഗ്യവിപര്യയങ്ങൾക്കും മൂലകാരണം ജൂതസമുദായമാണ് എന്നായിരുന്നു സെലിൻറെ വാദം. പകയും വിദ്വേഷവും വളർത്തുമായിരുന്ന ഈ ലേഖനങ്ങൾ 1939-ൽ താത്കാലികമായി നിരോധിക്കപ്പെട്ടു. പക്ഷെ 1941-42ൽ വിഷി ഭരണകാലത്ത് വിലക്കുകൾ നീക്കപ്പെട്ടപ്പോൾ വീണ്ടും പുറത്തിറങ്ങി. ഇവ പുനഃ പ്രസിദ്ധീകരിക്കേണ്ട എന്ന 1945-ൽ സെലിൻ തീരുമാനിച്ചു. സെലിന്റെ മരണാനന്തരം ഭാര്യ ലൂസെറ്റും ഇതേ തീരുമാനത്തിൽ ഉറച്ചു നിന്നു.[7]

 • ഗിന്യോൾസ് ബാൻഡ് ഭാഗം I(നോവൽ) [14]

ഇതിലും കഥാപുരുഷൻ ഡോക്റ്റർ ഫെർഡിനൻഡു തന്നെ. ഒന്നാം ലോകമഹായുദ്ധത്തിൽ പരിക്കേറ്റ് ലണ്ടനിൽ അഭയം തേടിയ ഫ്രഞ്ചു പട്ടാളക്കാരൻ.യുദ്ധം താറുമാറാക്കിയ ജീവിതത്തിന് ലണ്ടനിലെ അധോലോകത്തിൽ അർഥം കണ്ടെത്താൻ ശ്രമിക്കുന്നു. ഇതിന്റെ രണ്ടാംഭാഗം, ലണ്ടൻ ബ്രിഡ്ജ് (Le Pont de Londres − Guignol's band II 1964 മരണാനന്തര പ്രസിദ്ധീകരണം) (en.London Bridge: Guignol's Band II 1995) സെലിന്റെ മരണാനന്തരം 1964ലാണ്- പ്രസിദ്ധീകരിച്ചത്

വിഷികാലഘട്ടം

[തിരുത്തുക]
പ്രധാന ലേഖനം: വിഷി ഫ്രാൻസ്

തീവ്ര വലതുപക്ഷദേശീയവാദവും ജൂതവിരോധവും ശക്തമായിരുന്ന വിഷി ഭരണകാലത്ത്, സെലിൻ ജൂതവിരുദ്ധ സമ്മേളനങ്ങളിൽ സജീവമായി പങ്കെടുത്തു, ജർമൻ അനുഭാവമുള്ള പത്രങ്ങളിലും മാസികകളിലും മുപ്പതോളം കത്തുകൾ എഴുതി.[7],[15]1940-ൽ ചെല്ല എന്ന യുദ്ധക്കപ്പലിൽ ഡോക്റ്ററായി സേവനമനുഷ്ഠിക്കാൻ സെലിൻ തയ്യാറായി. 1943-ൽ വർഷങ്ങളായി ഒന്നിച്ചു താമസിച്ചിരുന്ന കൂട്ടുകാരി ലൂസെറ്റ് അൽമനസോർ എന്ന നൃത്തക്കാരിയെ വിവാഹം ചെയ്തു. ഇതിനകം ഡിഗാളിന്റെ ഫ്രഞ്ചു പ്രതിരോധസേന സെലിനെ ദേശദ്രോഹിയായി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. 1944 ജൂണിൽ ജർമൻ പരാജയം ഉറപ്പാണെന്നു വന്നപ്പോൾ ഭാര്യാസമേതം സെലിൻ സിഗ്മാരിങ്കെൻ വഴി കോപ്പൻഹേഗനിലേക്ക് പാലായനം ചെയ്തു.[7]

കുറ്റം, ശിക്ഷ, തിരിച്ചു വരവ്

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സ്വതന്ത്രഫ്രാൻസിൽ താത്കാലികമായി അധികാരത്തിൽ വന്ന ജനകീയഭരണകൂടം ദേശദ്രോഹക്കുറ്റം ചുമത്തി, ഡെൻമാർക്കിലെ ഗവർമെന്റിനോട് സെലീനെ അറസ്റ്റു ചെയ്യാൻ ആവശ്യപ്പെട്ടു. ജയിലിലും വീട്ടുതടങ്കലിലുമായി സെലീൻ അഞ്ചു വർഷം ഡെൻമാർക്കിൽ കഴിച്ചു കൂട്ടി. 1951-ൽ ഫ്രഞ്ചു കോടതി സെലിന് ഒരു വർഷത്തെ കഠിനതടവു വിധിച്ചുതുകൂടാതെ സ്വത്തുക്കളിൽ പാതി കണ്ടുകെട്ടാൻ ഉത്തരവിടുകയും സെലിനെ ഫ്രാൻസിന്റെ നാണക്കേട് എന്നു പ്രഖ്യാപിക്കുകയും ചെയ്തു.[16]പക്ഷെ വിധി നടപ്പാക്കപ്പെട്ടില്ല. 1951 ജൂലൈയിൽ സെലീനും ഭാര്യക്കും ഫ്രാൻസിൽ തിരിച്ചു വരാനുള്ള അനുവാദം നല്കപ്പെട്ടു. അവർ പാരിസിന്റെ പ്രാന്തപ്രദേശമായ മൂഡോണിൽ വാസമുറപ്പിച്ചു.

മൂഡോണിൽ സെലിന്റെ വസതി

അവസാന നാളുകൾ

[തിരുത്തുക]

സാഹിത്യസേവനവും പരിമിതമായ തോതിൽ സെലിൻ വൈദ്യവൃത്തിയുമായി ജീവിതം തുടർന്നു.

സെലിന്റെ കുഴിമാടം

വീണ്ടും സാഹിത്യലോകത്ത് 1951-1961

[തിരുത്തുക]
 • മറ്റൊരു കാലഘട്ടത്തിലെ കെട്ടുകഥ ഭാഗം 1 (നോവൽ)(Féerie pour une autre fois 1952) (en.Fable for Another Time 2003),
 • നോർമാൻസ്- മറ്റൊരു കാലഘട്ടത്തിലെ കെട്ടുകഥ ഭാഗം 2 (നോവൽ) (Normance, 1954); (en. Normance: (sequel to Fable for Another Time) 2009)

ഈ രണ്ടു നോവലുകളിലും കഥാപുരുഷൻ ഡോക്റ്റർ ഫെർഡിനൻഡാണ്. ജൂതവിരോധിയെന്ന മുൻവിധിയോടെ തന്നെ വീക്ഷിക്കുന്ന സമൂഹത്തോട് താൻ നിരപരാധിയാണെന്ന് ഫെർഡിനൻഡ് സമർഥിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ തലക്ക് കാര്യമായി പരിക്കേറ്റ ഫെർഡിനൻഡിന്റെ അയൽവാസിയാണ് അതേയുദ്ധത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ഷൂൾസ്. കഥ നടക്കുമ്പോൾ ഷുൾസ് പ്രശസ്തനായ പെയിന്ററാണ്. രണ്ടാംഭാഗത്തിലെ പ്രധാന കഥാപാത്രമാണ് നോർമൻസ് .


 • ഒരു കോട്ടയിൽ നിന്ന് മറ്റൊന്നിലേക്ക്(നോവൽ) (D'un château l'autre 1957 (en.Castle to Castle 1968),
 • വടക്ക് (നോവൽ)(Nord 1960) (en. North 1972),
 • യുഗ്മനൃത്തം(നോവൽ) Rigodon 1964 (മരണാനന്തര പ്രസിദ്ധീകരണം) (en.Rigadoon 1974)

ഈ മൂന്നു നോവലുകൾക്കും പരസ്പരബന്ധമുണ്ട്. പാരിസിൽനിന്ന് ജർമൻ അതിർത്തിപ്പട്ടണമായ സിഗ്മാരിങ്കനിലേക്കും അവിടന്ന് കോപ്പൻഹേഗനിലേക്കും രക്ഷപ്പെടുന്ന ആത്മകഥാംശമുള്ള നോവലുകളാണ് ഇവ മൂന്നും. ഡെന്മാർക്കിൽ തുടങ്ങിവെച്ച ആഖ്യാനം പൂർണമായത് പാരിസിൽ തിരിച്ചത്തിയ ശേഷമാണ്.

അന്ത്യം

[തിരുത്തുക]

1961 ജൂലൈ ഒന്നിന് ഹൃദയാഘാതം മൂലം സെലിൻ മരണമടഞ്ഞു. പക്ഷെ ജഡം മറവു ചെയ്ത ശേഷമേ വിവരം പുറം ലോകത്തെ അറിയിച്ചുള്ളു.[7]

അവലംബം

[തിരുത്തുക]
 1. Céline: great author and 'absolute bastard': The Guardian 31 January 2011 ശേഖരിച്ചത് 13 ഏപ്രിൽ 2015
 2. The Gentler Celine: New Yorker 27 May 2013, ശേഖരിച്ചത് 13 ഏപ്രിൽ 2015
 3. The Guardian 19 February 2014 ശേഖരിച്ചത് 16 ഏപ്രിൽ2015
 4. ലൂയി ഫെർഡിനൻഡ് സെലിൻ (ഫ്ര)
 5. 5.0 5.1 സെലിനുമായി ഒരു അഭിമുഖം-പാരിസ് റിവ്യൂ
 6. 6.0 6.1 David O'Connell (1976). Louis-Ferdinand Celine (Twayne's world authors series # 416: France). Twayne Publishers. ISBN 978-0805762563. {{cite book}}: Cite has empty unknown parameter: |1= (help)
 7. 7.0 7.1 7.2 7.3 7.4 7.5 7.6 7.7 Philip H. Solomon (1992). Understanding Celine. Univ of South Carolina Press. ISBN 9780872498143. {{cite book}}: Cite has empty unknown parameter: |1= (help)
 8. Mea Culpa ശേഖരിച്ചത് 20ഏപ്രിൽ2015
 9. Merlin Thomas (1980). Louis-Ferdinand Celine. New Directions Publishing. ISBN 9780811217880. {{cite book}}: Cite has empty unknown parameter: |1= (help)
 10. Uncovering Celine: NewYork Review of Books by Wyatt Mason ശേഖരിച്ചത് 16 ഏപ്രിൽ2015
 11. "Trifles for a Massacre" (PDF). Archived from the original (PDF) on 2015-09-27. Retrieved 2015-04-13.
 12. ശവങ്ങൾക്കായുള വിദ്യാലയം
 13. ഊരാക്കുടുക്കിൽ
 14. Louis-Ferdinand Céline (1954). Guignol's Band. New Directions Publishing. ISBN 9780811200189. {{cite book}}: Cite has empty unknown parameter: |1= (help)
 15. സെലിൻ കത്തുകൾ ശേഖരിച്ചത് 20ഏപ്രിൽ2015
 16. സെലിൻ-വിചാരണ ശേഖരിച്ചത് 20ഏപ്രിൽ2015
This article incorporates information from the equivalent article on the French Wikipedia.
"https://ml.wikipedia.org/w/index.php?title=ലൂയി_ഫെർഡിനൻഡ്_സെലിൻ&oldid=3865818" എന്ന താളിൽനിന്ന് ശേഖരിച്ചത്