Jump to content

ലിലിയൻ ലിൻഡ്സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലിലിയൻ ലിൻഡ്സെ
ജനനം24 July 1871 (1871-07-24)
മരണം31 ജനുവരി 1960(1960-01-31) (പ്രായം 88)
വിദ്യാഭ്യാസംCamden School for Girls
North London Collegiate School
Edinburgh Dental Hospital and School
സജീവ കാലം1895–1960
അറിയപ്പെടുന്നത്ആദ്യ യോഗ്യത നേടിയ യുകെ വനിതാ ദന്തഡോക്ടർ
ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ്
Medical career
Professionദന്തഡോക്ടർ
Institutionsബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ
SpecialismDental librarian
ResearchHistory of dentistry

ലിലിയൻ ലിൻഡ്സെ, CBE, FSA (മുമ്പ്, മുറെ, ജീവിതകാലം: 24 ജൂലൈ 1871 - 31 ജനുവരി 1960) ഒരു ദന്തഡോക്ടർ, ദന്ത ചരിത്രകാരി, ലൈബ്രേറിയൻ, എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധേയയായ വനിതയായിരുന്നു. ബ്രിട്ടനിലെ ആദ്യത്തെ യോഗ്യത നേടിയ വനിതാ ദന്തഡോക്ടറും ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷന്റെ ആദ്യത്തെ വനിതാ പ്രസിഡന്റുമായിരുന്നു അവർ.[1]

ജീവചരിത്രം

[തിരുത്തുക]

1871-ൽ ലണ്ടനിലെ ഹോളോവേയിൽ ഒരു സംഗീതജ്ഞന്റെ പതിനൊന്ന് മക്കളിൽ മൂന്നാമത്തെയാളായി ലിലിയൻ മുറെ ജനിച്ചു. പെൺകുട്ടികൾക്കായുള്ള കാംഡൻ വിദ്യാലയത്തിൽ പഠിച്ച അവർ നോർത്ത് ലണ്ടൻ കൊളീജിയറ്റ് സ്കൂളിൽനിന്ന് സ്കോളർഷിപ്പ് നേടി. സ്‌കൂളിന്റെ സ്ഥാപകയും പ്രധാനാധ്യാപികയുമായിരുന്ന ഫ്രാൻസെസ് ബസ്, ബധിരരായ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ജീവിതത്തിനാണ് ലിലിയൻ കൂടുതൽ അനുയോജ്യയെന്ന് അവരെ അറിയിച്ചുവെങ്കിലും ലിലിയൻ ഈ അഭിപ്രായത്തോട് വിയോജിക്കുകയും, താൻ ഒരു ദന്തഡോക്ടറാകുമെന്ന് മിസ് ബസ്സിനെ അറിയിക്കുകയും ചെയ്തു. തർക്കത്തെത്തുടർന്ന് ലിലിയന് സ്കോളർഷിപ്പ് നഷ്ടപ്പെട്ടതോടെ 1889-ൽ അവർ വിദ്യാലയം ഉപേക്ഷിച്ച് പോയി.[2]

ഒരു കുടുംബ സുഹൃത്ത് മുഖേന ദന്തചികിത്സയിൽ മൂന്ന് വർഷത്തെ അപ്രന്റീസ്ഷിപ്പ് നേടാൻ ലിൻഡ്സെയ്ക്ക് കഴിഞ്ഞുവെങ്കിലും അസംതൃപ്തയായ അവർ, ഡെന്റൽ വിദ്യാലയത്തിൽ ചേരാൻ ശ്രമിച്ചു. പ്രാഥമിക പരീക്ഷകളിൽ വിജയിച്ചതോടെ 1892-ൽ ഗ്രേറ്റ് പോർട്ട്ലാൻഡ് സ്ട്രീറ്റിലെ നാഷണൽ ഡെന്റൽ ഹോസ്പിറ്റലിൽ പ്രവേശനത്തിന് അപേക്ഷിച്ചു. അവിടുത്തെ ഡീനായിരുന്ന, ഹെൻറി വെയ്സ്, അവൾ ഒരു സ്ത്രീയായതിനാൽ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയും; അവൾ ആൺ വിദ്യാർത്ഥികളുടെ ശ്രദ്ധ തിരിക്കുമെന്ന് ആശങ്കാകുലനായിരുന്ന അയാൾ അവളെ സ്കൂളിന് പുറത്തുള്ള നടപ്പാതയിൽവച്ചാണ് അഭിമുഖം നടത്തിയത്. ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് ആ സമയത്ത് സ്ത്രീകളെ അവരുടെ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനാൽ ലണ്ടനിലെ ഡെന്റൽ ഹോസ്പിറ്റലിൽ അപേക്ഷിക്കരുതെന്നും അദ്ദേഹം അവളെ ഉപദേശിച്ചു. എഡിൻബർഗ് ഡെന്റൽ ഹോസ്പിറ്റൽ ആൻറെ സ്കൂൾ എന്ന സ്ഥാപനത്തിൽ അപേക്ഷിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും, ഡീൻ ഡബ്ല്യു. ബോമാൻ മക്ലിയോഡ് അവളെ അവിടെ സ്വീകരിക്കുകയും ചെയ്തു.

ടീച്ചിംഗ് സ്റ്റാഫിലെ അംഗമായ അവളുടെ ഭാവി ഭർത്താവ് റോബർട്ട് ലിൻഡ്‌സെയെ ആദ്യ ദിവസം ഡെന്റൽ സ്കൂളിൽവച്ച് കണ്ടുമുട്ടി.[3] എഡിൻബർഗിൽ ആയിരുന്ന കാലത്ത്, ഡെന്റൽ സർജറി, പാത്തോളജി എന്നിവയ്ക്കുള്ള വിൽസൺ മെഡലും മെറ്റീരിയ മെഡിക്കയ്ക്കും തെറാപ്പിറ്റിക്‌സിനും വേണ്ടിയുള്ള മെഡലും 1894-ൽ അവൾ നേടി. LDS (Hons), RCS Ed എന്നിവയിൽ 1895-ൽ ബിരുദം നേടിയ അവർ, യുണൈറ്റഡ് കിംഗ്ഡത്തിൽ ദന്തഡോക്ടറായി യോഗ്യത നേടിയ ആദ്യ വനിതയായി (മറ്റുള്ളവർ യോഗ്യത നേടുന്നതിനായി മുൻകാലത്ത് മറ്റ് രാജ്യങ്ങളിലും അമേരിക്കയിലേക്കും വിദേശയാത്ര നടത്തിയിരുന്നു). അവർ പിന്നീട് 1895 നവംബറിൽ ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷനിൽ ചേർന്നുകൊണ്ട് അവിടെ അംഗമായ ആദ്യ വനിതയെന്ന നിലയിൽ അറിയപ്പെട്ടു.[4]

യോഗ്യത നേടിയ ശേഷം, 1905 വരെ ജോലി ചെയ്യാൻ ലിലിയൻ നോർത്ത് ലണ്ടനിലേക്ക് മടങ്ങുകയും കടങ്ങൾ വീട്ടാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തു. 1905-ൽ അവൾ റോബർട്ട് ലിൻഡ്സെയെ വിവാഹം കഴിക്കുകയും എഡിൻബർഗിൽ 2 ബ്രാൻഡൻ സ്ട്രീറ്റിൽ അവനോടൊപ്പം പരിശീലനം നടത്തുകയും ചെയ്തു. 1920-ൽ ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷന്റെ ആദ്യത്തെ മുഴുവൻ സമയ ഡെന്റൽ സെക്രട്ടറിയായി റോബർട്ട് നിയമിതനാകുന്നതുവരെ അവർ പരിശീലനത്തിൽ തുടർന്നു. ലണ്ടനിലെ റസ്സൽ സ്ക്വയറിലെ ബിഡിഎ ആസ്ഥാനത്തിന് മുകളിലുള്ള ഒരു ഫ്ലാറ്റിലേക്ക് അവർ താമസം മാറുകയും, ലിലിയൻ ബിഡിഎയുടെ ഓണററി ലൈബ്രേറിയനായി നിയമിതയാവുകയും ചെയ്തു. ഗാഡ്‌സ് സമ്മാനിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ഒരു ലൈബ്രറി സ്ഥാപിച്ച അവർ, മ്യൂസിയം ആരംഭിക്കുന്നതിന് സ്വന്തം പുരാവസ്തുക്കളും സംഭാവന ചെയ്തു. ചരിത്ര ഗവേഷണത്തിൽ സഹായകരമാകുവാനായി അവൾ ഫ്രഞ്ച്, ജർമ്മൻ, ലാറ്റിൻ, പഴയ ഇംഗ്ലീഷ്, സ്പാനിഷ് എന്നിവയും പഠിച്ചു.[5]

1930 നവംബറിൽ റോബർട്ട് ലിൻഡ്‌സെ അന്തരിച്ചു. ഇതിനെത്തുടർന്ന് 1931-ൽ ബ്രിട്ടീഷ് ഡെന്റൽ ജേണലിന്റെ (ബിഡിജെ) സബ് എഡിറ്ററായി നിയമിതയായ അവർ ഈ ജോലിയിൽ 20 വർഷക്കാലം തുടർന്നു. മരണകാലംവരെ BDJ എഡിറ്റോറിയൽ കമ്മിറ്റിയിൽ തുടർന്ന അവർ 1925-നും 1959-നും ഇടയിൽ BDJ-യിൽ 57 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.[6] 1933-ൽ അവർ ദന്തചികിത്സയുടെ ചരിത്രത്തെക്കുറിച്ചുള്ള തന്റെ പുസ്തകം (എ ഷോർട്ട് ഹിസ്റ്ററി ഓഫ് ഡെന്റിസ്ട്രി) പ്രസിദ്ധീകരിച്ചു. അതേ വർഷം തന്നെ അവർ റോയൽ സൊസൈറ്റി ഓഫ് മെഡിസിനിൽ ആദ്യത്തെ സി.ഇ. വാലിസ് പ്രഭാഷണം നടത്തുകയും പിന്നീട് RSM-ന്റെ ഒഡോന്റോളജിക്കൽ വിഭാഗത്തിന്റെയും (1945) ഹിസ്റ്ററി ഓഫ് മെഡിസിൻ സൊസൈറ്റിയുടെയും (മുമ്പ് വിഭാഗം), (1950-2) പ്രസിഡന്റായി. 1938-ൽ ബ്രിട്ടീഷ് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഓർത്തോഡോണ്ടിക്‌സിന്റെ (B.S.S.O.) പ്രസിഡന്റ് കൂടിയായിരുന്നു അവർ.

1946-ൽ, ലിൻഡ്സെ ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷന്റെ ആദ്യത്തെ വനിതാ പ്രസിഡന്റാകുകയും, എഡിൻബർഗ് സർവകലാശാല അവർക്ക് ഓണററി ഡോക്ടറേറ്റ് നൽകിയതോടൊപ്പം[7] CBE അവാർഡും ലഭിച്ചു.[8]

അവലംബം

[തിരുത്തുക]
  1. "Lindsay Society for the History of Dentistry". British Dental Association. Archived from the original on 6 നവംബർ 2011. Retrieved 10 സെപ്റ്റംബർ 2011.
  2. Haines, Catharine M.C. (2001). International women in science: a biographical dictionary to 1950. ABC-CLIO Inc. p. 177. ISBN 978-1-57607-090-1.
  3. Haines, Catharine M.C. (2001). International women in science: a biographical dictionary to 1950. ABC-CLIO Inc. p. 177. ISBN 978-1-57607-090-1.
  4. "(British Dental Association) – Women in dentistry". BDA. 20 ജൂൺ 2011. Archived from the original on 6 ഏപ്രിൽ 2012. Retrieved 28 ഒക്ടോബർ 2011.
  5. Professor Stanley Gelbier (30 ജൂൺ 2010). "Vignette – Lilian Lindsay". MDDUS.com. Archived from the original on 2 ഏപ്രിൽ 2012. Retrieved 28 ഒക്ടോബർ 2011.
  6. Professor Stanley Gelbier (30 ജൂൺ 2010). "Vignette – Lilian Lindsay". MDDUS.com. Archived from the original on 2 ഏപ്രിൽ 2012. Retrieved 28 ഒക്ടോബർ 2011.
  7. "Exhibitions & Galleries " Lilian Lindsay". Kingscollections.org. Retrieved 28 ഒക്ടോബർ 2011.
  8. W.G.S. (16 ഫെബ്രുവരി 1960). "Obituary – Lilian Lindsay CBE LLD MDS FDS HDD FSA" (PDF). Br. Dent. J. 108 (4): 167–9. Retrieved 28 ഒക്ടോബർ 2011.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലിലിയൻ_ലിൻഡ്സെ&oldid=3865450" എന്ന താളിൽനിന്ന് ശേഖരിച്ചത്