Jump to content

റ്റിംബക്റ്റൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റിംബക്റ്റൂ

Tombouctou
City
  transcription(s)
 • Koyra Chiini:Tumbutu
റ്റിംബക്റ്റൂവിലെ സാങ്കോർ പള്ളി
റ്റിംബക്റ്റൂവിലെ സാങ്കോർ പള്ളി
Map showing the main trans-Saharan caravan routes circa 1400. Also shown are the Ghana Empire (until the 13th century) and 13th – 15th century Mali Empire. Note the western route running from Djenné via Timbuktu to Sijilmassa. Present day Niger in yellow.
Map showing the main trans-Saharan caravan routes circa 1400. Also shown are the Ghana Empire (until the 13th century) and 13th – 15th century Mali Empire. Note the western route running from Djenné via Timbuktu to Sijilmassa. Present day Niger in yellow.
CountryMali
RegionTombouctou Region
CercleTimbuktu Cercle
Settled12th century
ഉയരം
261 മീ(856 അടി)
ജനസംഖ്യ
 (2009)[1]
 • ആകെ54,453
TypeCultural
Criteriaii, iv, v
Designated1988 (12th session)
Reference no.119
State PartyMali
RegionAfrica
Endangered1990–2005

പശ്ചിമാഫ്രിക്കൻ രാഷ്ട്രമായ മാലിയിലെ ഒരു നഗരമാണ് റ്റിംബക്റ്റൂ. 15-16 നൂറ്റാണ്ടുകളിൽ അത് ലോകത്തിലെ മുഖ്യ ആത്മീയ-വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇസ്ലാം മതപ്രചാരണത്തിന്റെ ആസ്ഥാനവും ആയിരുന്നു. പേരെടുത്ത സാങ്കോർ സർവകലാശാലയുടേയും ഒട്ടേറെ മദ്രസകളുടേയും ആസ്ഥാനമാണ് ഈ നഗരം. ജിൻഗ്വേരവർ, സാങ്കോർ, സിദി യാഹ്യാ എന്നീ മോസ്ക്കുകൾ റ്റിംബക്റ്റൂവിന്റെ സുവർണ്ണകാലത്തെ അനുസ്മരിപ്പിച്ച് ഇന്നും നിലനിൽക്കുന്നു. മാലി സാമ്രാജ്യത്തിന്റെ പത്താം സാമ്രാട്ടായിരുന്ന മൻസാ മൂസായാണ് റ്റിംബക്റ്റൂവിനെ സമ്പന്നമാക്കി അതിന്റെ പിൽക്കാലമഹത്ത്വത്തിനും പ്രശസ്തിക്കും വഴിയൊരുക്കിയത്.[2][3] തുടർച്ചയായ പുന:സ്ഥാപനങ്ങൾ നടന്നിട്ടും റ്റിംബക്റ്റൂവിലെ ചരിത്രസ്മാരകങ്ങൾ ഇന്ന് മരുഭൂമീകരണത്തിന്റെ (Desertification) ഭീഷണിയിലാണ്.[4]


മുഖ്യമായും സോങ്ങ്ഹായ്, തുവാരെഗ്, ഫുലാ ജനവിഭാഗങ്ങളിൽ പെട്ടവർ അധിവസിക്കുന്ന റ്റിംബക്റ്റൂ, നൈജർ നദിയിൽ നിന്ന് 15 കിലോമീറ്ററോളം അകലെയാണ്. കിഴക്കൻ മാലിയിലെ അരൗവ്വാനേയിലേക്ക് സഹാറ മരുഭൂമി മുറിച്ചു പോകുന്ന കിഴക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ രാജമാർഗങ്ങളിലെ മുഖ്യകണ്ണികൂടിയാണ് റ്റിംബക്റ്റൂ. വടക്കൻ മാലിയിലെ തഗാസാ, തൗദെന്നി പ്രദേശങ്ങളിൽ ഉല്പാദിക്കപ്പെടുന്ന കല്ലുപ്പിന്റെ ചുങ്കമില്ലാത്ത കയറ്റിറക്കുമതിയുടെ കേന്ദ്രമെന്ന നിലയിൽ പണ്ടുമുതലേയുള്ള പ്രാധാന്യം റ്റിംബക്റ്റൂ ഇന്നും നിലനിർത്തുന്നു.


റ്റിംബക്റ്റൂവിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിനെ, സമീപത്തുള്ള പശ്ചിമാഫ്രിക്കൻ ജനവിഭാഗങ്ങളുടേയും, നാടോടികളായ ബെർബർ വിഭാഗങ്ങളുടേയും ഉത്തരദേശങ്ങളിലെ അറബികളുടേയും സംഗമസ്ഥാനമാക്കി. പശ്ചിമാഫ്രിക്കയെ ഉത്തരാഫ്രിക്ക എമ്പാടുമുള്ള ബെർബർ, അറബി, യഹൂദ കച്ചവടക്കാരുമായും അതുവഴി പരോക്ഷമായി യൂറോപ്യൻ കമ്പോളങ്ങളുമായും കൂട്ടിയിണക്കുന്ന വ്യാപാരനഗരം എന്ന നിലയിലെ പ്രശസ്തി റ്റിംബക്റ്റൂവിന്, അത്ഭുതകഥകളിലെ നഗരത്തിന്റെ പരിവേഷം ഉണ്ടാക്കിക്കൊടുത്തു. പാശ്ചാത്യദേശങ്ങളിൽ റ്റിംബക്റ്റൂ, അതിദൂരത്തുള്ള മായാദേശം എന്നതിന്റെ പര്യായം തന്നെയായി. "ഇവിടുന്ന് റ്റിംബക്റ്റൂ വരെ" എന്ന ചൊല്ലു പോലും പ്രചരിച്ചു.


എന്നാൽ ഇസ്ലാമിക ലോകത്തിനും, മനുഷ്യരാശിക്കു മുഴുവനുമുള്ള റ്റിംബക്റ്റൂവിന്റെ സ്ഥായിയായ സംഭാവന വൈജ്ഞാനികമാണ്. ലോകത്തിലെ ആദ്യത്തെ സർവകലാശാലകളിലൊന്ന് റ്റിംബറ്റൂവിലായിരുന്നു എന്ന് കരുതപ്പെടുന്നു. അവിടത്തെ പണ്ഡിതന്മാരുടേയും പുസ്തകശേഖരക്കാരുടെയും കൈവശം പുരാതന ഗ്രീക്ക് സാഹിത്യത്തിന്റെ കനപ്പെട്ട ശേഖരം ഇന്നുമുണ്ട്. [5] പതിനാലാം നൂറ്റാണ്ടായപ്പോൾ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ എഴുതപ്പെടുകയും പകർത്തപ്പെടുകയും ചെയ്തിരുന്ന റ്റിംബക്റ്റൂ ആഫ്രിക്കയിലെ ശ്രദ്ധേയമായ ലേഖനകലാപാരമ്പര്യങ്ങളിൽ ഒന്നിന്റെ ഇരിപ്പിടമായി.[6]

ചരിത്രം

[തിരുത്തുക]

പത്താം നൂറ്റാണ്ടിനടുത്തെങ്ങോ നാടോടികളായ തുവാരെഗ് വർഗ്ഗക്കാരാണ് റ്റിംബറ്റൂ സ്ഥാപിച്ചത്. ഏറെ പ്രചാരമുള്ള ഒരു പദവ്യുൽപ്പത്തി കഥയനുസരിച്ച്, കിണർ എന്നർത്ഥമുള്ള 'റ്റിൻ' എന്ന വാക്ക് 'ബക്റ്റൂ' എന്ന ഒരു വൃദ്ധ മാലി സ്ത്രീയുടെ പേരുമായി ചേർന്നപ്പോഴാണ് റ്റിംബക്റ്റൂ എന്ന് പേരുണ്ടായത്. കച്ചവടക്കാർ അവരുടെ ചരക്കുകൾ സൂക്ഷിക്കാനായി സത്യസന്ധയായ ബക്റ്റൂവിന്റെ കിണറ്റിനരികെ വച്ചുപോകുമായിരുന്നത്രെ. എന്നാൽ ഫ്രഞ്ച് പൗരസ്ത്യവിദഗ്ദ്ധൻ റെനെ ബാസ്സെറ്റിന്റെ വിശദീകരണം മറ്റൊന്നാണ്: ബെർബർ ഭാഷകളിൽ ബക്റ്റ് എന്നതിനർത്ഥം "ഏറെ ദൂരെ" എന്നാണ്. അതനുസരിച്ച്, റ്റിംബക്റ്റൂവെന്നാൽ ലോകത്തിന്റെ അതിർത്തിയിൽ എന്നാണർത്ഥം.


തുവാരെഗുകൾ സ്ഥാപിച്ച പട്ടണം ഇടക്കാലത്താവളം മാത്രമേ ആയിരുന്നുള്ളൂ. മദ്ധ്യമാലിയിലെ ജെന്നെ പ്രദേശക്കാരായ വ്യാപാരികളാണ് ചന്തകളും സ്ഥിരമായ വാസസ്ഥാനങ്ങളും നിർമ്മിച്ച് ഈ പട്ടണത്തെ ഒട്ടകപ്പുറത്ത് യാത്രചെയ്യുന്നവരുടെ സംഗമസ്ഥാനമാക്കി മാറ്റിയത്.[7][8] സഹാറയ്ക്ക് കുറുകേയുള്ള സ്വർണ്ണം, ആനക്കൊമ്പ്, അടിമകൾ, ഉപ്പ് എന്നിവയുടെ വ്യാപാരത്തിൽ അതിനുണ്ടായിരുന്ന പങ്ക് റ്റിംബറ്റൂവിനെ ഏറെ സമ്പന്നമാക്കി. തുവാരെഗ്, മണ്ഡെ, ഫുലാനി വ്യാപാരികൾ, ഉത്തരദിശയിലെ ഇസ്ലാമിക ദേശങ്ങളിൽ നിന്ന് ഒട്ടകപ്പുറത്ത് സാർത്ഥവാഹസംഘങ്ങൾ കൊണ്ടുവന്ന ചരക്കുകൾ നൈജർ നദിയിലെ വള്ളങ്ങളിലേയ്ക്ക് പകർത്തി. അങ്ങനെ സഹാറയാകുന്ന കടലിലെ മുഖ്യ തുറമുഖമായി റ്റിംബക്റ്റൂ പ്രവർത്തിച്ചു. സാമ്രാജ്യങ്ങൾ മാറിമാറി വന്നപ്പോഴും അത് ഒരു പ്രധാന നഗരമായി തുടർന്നു: ഘാനാ സാമ്രാജ്യം, 1324 മുതലുള്ള മാലി സാമ്രാജ്യം, 1468-ലെ സോൺഘായ് സാമ്രാജ്യം, വീണ്ടും അധികാരത്തിലെത്തിയ തുവാരെഗ് നേതാക്കന്മാരെ അട്ടിമറിച്ച് സാമ്രാജ്യങ്ങൾ നടത്തിയ രണ്ടാം അധിനിവേശം എന്നിവയെയൊക്കെ അത് അതിജീവിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ റ്റിംബക്റ്റൂ അതിന്റെ പ്രതാപത്തിന്റെ ഔന്നത്യത്തിലെത്തി. ആ നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് (1591-ൽ) നഗരം മൊറോക്കയിൽ നിന്നുള്ള ഒരുപറ്റം സാഹസികരുടെ പിടിയിലായത് തകർച്ചയുടെ തുടക്കമായിരുന്നില്ല. സഹാറയിലൂടെയെന്നതിനു പകരം നൈജർ നദീമുഖം വഴി വരാൻ തുടങ്ങിയിരുന്ന പോർത്തുഗീസ് ഉല്പന്നങ്ങൾ റ്റിംബക്റ്റൂവിനെ താങ്ങിനിർത്തിയ പുരാതനസമ്പദ്ഘടനയെ തകർത്തുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയായിരുന്നു ആ പതനം.

റ്റിംബക്റ്റൂ 'കഥകൾ'

[തിരുത്തുക]

റ്റിംബക്റ്റൂവിന്റെ അസാമാന്യമായ സമ്പന്നതയെക്കുറിച്ച് പ്രചരിച്ച് കഥകൾ യൂറോപ്യൻ പര്യവേഷകരെ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തെക്കാർഷിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. ലിയോ ആഫ്രിക്കാനസ്, ഇബ്‌ൻ ബത്തൂത്ത, ഷബേനി തുടങ്ങിയവരുടെ വിവരണങ്ങൾ ഈ 'കഥകളിൽ' പെടുന്നു.

ലിയോ ആഫ്രിക്കാനസ്

[തിരുത്തുക]

ഏറ്റവും പ്രചാരം കിട്ടിയത് ലിയോ ആഫ്രിക്കാനസിന്റെ വിവരണത്തിനാണ്. ഫെസിലെ സുൽത്താന്റെ ദൂതനായിരിക്കെ ക്രിസ്തീയകടൽ കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ട ആഫ്രിക്കാനസ് നേരത്തെ മുസ്ലിം ആയിരുന്നു. റോമിൽ, മാർപ്പായ്ക്ക് സമർപ്പിക്കപ്പെട്ട അദ്ദേഹം ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായി പുതിയ പേര് സ്വീകരിച്ചു. [9] സോങ്ങ്ഹായ് സാമ്രാജ്യത്തിന്റെ പ്രതാപകാലത്തെ റ്റിംബക്റ്റൂവിനെ ആഫ്രിക്കാനസ് ഇങ്ങനെ വിവരിക്കുന്നു:

റ്റിംബക്റ്റൂവിലെ ധനാഢ്യനായ രാജാവിന് അനേകം സ്വർണ്ണത്തളികകളും ചെങ്കോലുകളുമുണ്ട്. അവയിൽ ചിലതിന് 1300 റാത്തൽ തൂക്കമുണ്ട്.. ... അദ്ദേഹത്തിന് 3000 കുതിരക്കാരും ... വൈദ്യന്മാർ, ന്യായാധിപന്മാർ, പുരോഹിതന്മാർ, മറ്റുതരം വിദ്വാന്മാർ, എന്നിവരുടെ ഒരു പറ്റവുമുണ്ട്. ഇവരെയെല്ലാം രാജാവിന്റെ ചിലവിൽ നന്നായി പരിരക്ഷിക്കുന്നു.[10]

ആഫ്രിക്കാനസിന്റെ സന്ദർശനത്തിന്റെ സമയത്ത് റ്റിംബക്റ്റൂവിൽ ധാരാളം പുല്ലുണ്ടായിരുന്നതുകൊണ്ട്, അവിടത്തെ പാചകത്തിൽ പാലും, വെണ്ണയും മറ്റും സമൃദ്ധമായി ഉപയോഗിച്ചിരുന്നു. എന്നാൽ നഗരത്തിനു ചുറ്റും ഉദ്യാനങ്ങളോ പഴത്തോട്ടങ്ങളോ ഉണ്ടായിരുന്നില്ല.[11]

തടവുകാരനായി ഇംഗ്ലണ്ടിലെത്തിയ മൊറോക്കോയിലെ ഒരു കച്ചവടക്കാരനായിരുന്നു ഷബേനി. 1787-നടുത്ത് പതിനാലു വയസ്സുള്ളപ്പോൾ പിതാവിനോടൊപ്പം റ്റിംബക്റ്റൂ സന്ദർശിച്ചതിനെക്കുറിച്ച് അദ്ദേഹം ഇംഗ്ലണ്ടിലായിരിക്കെ എഴുതി. ആ വിവരണത്തിന്റെ ഒരു ഭാഷ്യം ജെയിംസ് ഗ്രേ ജാക്ക്സൺ റ്റിംബക്റ്റൂവിന്റേയും ഹൗസാ ജനതയുടേയും കഥ" എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:

റ്റിംബക്റ്റൂ നഗരത്തിന്റെ കിഴക്കുഭാഗത്ത് ഒരു വലിയ വനവും അതിൽ നിറയെ ആനകളുമുണ്ട്. ഇവിടത്തെ തടികൾ വളരെ വലുതാണ്. കാടിന്റെ അതിരിലുള്ള മരങ്ങൾ രണ്ടുപേർ ഒന്നിച്ച് ചുറ്റിപ്പിടിച്ചാൽ എത്താത്തത്ര വലുതാണ്. അവയിൽ വാൽനട്ടിന്റെയത്ര വലിപ്പമുള്ള ഒരു തരം പഴം പത്തിരുപതെണ്ണം ചേർന്ന കുലകളായി വളരുന്നു.

വിജ്ഞാനകേന്ദ്രം

[തിരുത്തുക]
ജിൻഗുവേർബർ പള്ളി

പതിനഞ്ചാം നൂറ്റാണ്ടിൽ ഒട്ടേറെ ഇസ്ലാമികസ്ഥാപനങ്ങൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. അവയിലെ ഏറ്റവും പ്രധാനമായ സാങ്കോർ സർവകലാശാല എന്നുകൂടി അറിയപ്പെടുന്ന സാങ്കോർ പള്ളിയാണ്.

നഗരത്തിൽ ഇസ്ലാം അനുഷ്ടിക്കപ്പെട്ടപ്പോഴും, ഗ്രാമപ്രദേശങ്ങളിൽ ഭൂരിഭാഗവും പരമ്പാരാഗത വിശ്വാസങ്ങൾ പിന്തുടർന്ന അമുസ്ലിങ്ങളായിരുന്നു. പലപ്പോഴും നേതാക്കന്മാർ സാമ്പത്തിക നേട്ടം കണക്കാക്കിയുള്ള നാമമാത്ര മുസ്ലിങ്ങളും സാധാരണക്കാർ പരമ്പരാഗതവിശ്വാസങ്ങൾ പിന്തുടർന്നവരുമായിരുന്നു.

സാങ്കോർ സർവകലാശാല

[തിരുത്തുക]
സാങ്കോർ മദ്രസ്സ

ഇപ്പോഴത്തെ സാങ്കോർ 13-14 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട സ്ഥാപനത്തിന്റെ 1581-ലെ പുനർനിർമ്മിതിയാണ്. അത് റ്റിംബക്റ്റൂവിലെ ഇസ്ലാമികവിജ്ഞാനത്തിന്റെ കേന്ദ്രമായിത്തീർന്നു. ഈ സർവകലാശാല മദ്ധ്യകാല യൂറോപ്പിലെ സർവകലാശാലകളുടേതിൽ നിന്ന് ഭിന്നമായ സം‌വിധാനങ്ങളുള്ള ഒരു മദ്രസയായിരുന്നു. പൂർണ്ണമായും സ്വതന്ത്രമായ അനേകം കലാലയങ്ങളുടെ കൂട്ടായ്മയായിരുന്നു അത്. അവയിൽ ഓരോന്നിന്റേയും നടത്തിപ്പ് ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ ഇമാമിന്റെ ചുമതലയായിരുന്നു. ഏക അദ്ധ്യാപനെ മാത്രം ആശ്രയിച്ച് പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ പഠനസ്ഥലം മോസ്കിനു പുറത്തുള്ള തുറസ്സയ മുറ്റങ്ങളോ സ്വകാര്യവസതികളോ ആയിരുന്നു. ഈ കലാലയങ്ങൾ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് ഖുർആൻ പഠനത്തിൽ ആയിരുന്നു. ഒപ്പം, തർക്കശാസ്ത്രം, ജ്യോതിശാസ്ത്രം, ചരിത്രം തുടങ്ങിയ മതേതരവിഷയങ്ങളും പഠനത്തിന്റെ ഭാഗമായിരുന്നു. വിദ്യാർത്ഥികൾ പാണ്ഡിത്യത്തിന് പ്രാധാന്യം കല്പിച്ചിരുന്ന ഒരു സാമൂഹ്യ-സാമ്പത്തിക നിലപാടിനെ പിന്തുടർന്ന് സ്വന്തം ഗ്രന്ഥങ്ങൾ എഴുതി. പുസ്തകങ്ങളുടെ ക്രയ-വിക്രയങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ലാഭം, സ്വർണ്ണത്തിന്റേയും ഉപ്പിന്റേയും വ്യാപാരത്തിൽ നിന്ന് കിട്ടിയതിന് തൊട്ടു താഴെയായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട പണ്ഡിതന്മാരിലും അദ്ധ്യാപകരിലും ഒരാൾ പ്രഗല്ഭചരിത്രകാരൻ അഹമ്മദ് ബാബ ആയിരുന്നു.

കൈയെഴുത്തുപ്രതികളും ഗ്രന്ഥശാലകളും

[തിരുത്തുക]
ചിതറിക്കിടക്കുന്ന ഇസ്ലാമികകൈയെഴുത്തുപ്രതികളുടെ പുനരുദ്ധാരണത്തിനായുള്ള റ്റിംബക്റ്റൂവിലെ ഈ കേന്ദ്രം, സാങ്കോറിലെ പഴയചരിത്രകാരൻ അഹമ്മദ് ബാബയുടെ പേരിലാണ്.

റ്റിംബക്റ്റൂവിന്റെ ഏറ്റവും ശ്രദ്ധേയമായ സമ്പത്ത്, അവിടെ പല കുടുംബങ്ങളുടേയും കൈവശമായി ചിതറിക്കിടക്കുന്ന എണ്ണമറ്റ കൈയെഴുത്തുപ്രതികളാണ്.[12]ഇസ്ലാമിനു മുൻപുള്ള കാലത്തും പന്ത്രണ്ടാം നൂറ്റാണ്ടിലും ഒക്കെയായി എഴുതപ്പെട്ടവ ഉൾപ്പെടെയുള്ള ഈ ഗ്രന്ഥങ്ങൾ കുടുംബരഹസ്യങ്ങളെന്ന മട്ടിൽ റ്റിംബക്റ്റൂവിലും സമീപഗ്രാമങ്ങളിലും സൂക്ഷിക്കപ്പെട്ടു. അവയിൽ മിക്കവയും മാലി സാമ്രാജ്യത്തിലെ വിജ്ഞാനികൾ ആറബിയിലോ ഫുലാനി ഭാഷയിലോ എഴുതിയവയാണ്. അവ, പ്രത്യേകിച്ച് ജ്യോതിശാസ്ത്രം, സംഗീതം, സസ്യശാസ്ത്രം, എന്നീ വിഷയങ്ങളിൽ എഴുതപ്പെട്ടവ, പ്രബോധനാത്മകമായവയാണ്. പഴക്കം കുറഞ്ഞ ഗ്രന്ഥങ്ങൾ നിയമം, ഭൗതികശാസ്ത്രങ്ങൾ, ചരിത്രം എന്നീ വിഷയങ്ങളിലാണ്.

1970-ൽ മാലി സർക്കാർ യുനെസ്കോയുടെ സഹകരണത്തോടെ സ്ഥാപിച്ച അഹമ്മദ് ബാബാ ഇൻസ്റ്റിട്ട്യൂട്ട് ഈ കൈയെഴുത്തുപ്രതികളിൽ ചിലത് അവയുടെ പുനരുദ്ധാരണത്തിനും, ഡിജറ്റലീകരണത്തിനുമായി കൈവശം വച്ചിരിക്കുന്നു. അതിന്റെ കൈവശമുള്ള ഇത്തരം ഗ്രന്ഥങ്ങളുടെ സംഖ്യ 18,000-ൽ അധികമാണ്. എന്നാൽ റ്റിംബക്റ്റൂ പ്രദേശത്ത് ചിതറിക്കിടക്കുന്ന കൈയെഴുത്തുപ്രതികളുടെ സംഖ്യ മൂന്നുമുതൽ ഏഴുവരെ ലക്ഷം ഉണ്ടാകുമെന്നാണ് വിശ്വാസം.[13]

സാങ്കോർ സർവകലാശാലയിലും റ്റിംബക്റ്റൂവിലെ മറ്റിടങ്ങളിലുമുള്ള ഗ്രന്ഥശേഖരങ്ങൾ സർവകലാശാലയുടേയും റ്റിംബക്റ്റൂവിന്റെ തന്നെയും ഗതകാലപ്രതാപത്തെപ്പറ്റി മനസ്സിലാക്കാൻ സഹായിക്കുന്നു. പണ്ഡിതന്മാരെ കഴിഞ്ഞകാലത്തിന്റെ ചിത്രം നിർമ്മിച്ചെടുക്കാൻ ഈ രേഖകൾ സഹായിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളേയും സ്പർശിക്കുന്ന ഈ കൈയെഴുത്തുപ്രതികൾ, അക്കാലത്ത് പശ്ചിമാഫ്രിക്കയിൽ പുഷ്കലമായ ഉന്നതസംസ്കാരത്തിന്റെ സൂചകങ്ങളാണ്. അക്കാലത്തെ ഒരു പശ്ചിമാഫ്രിക്കൻ ഇസ്ലാമിക ചൊല്ല്, റ്റിംബക്റ്റൂവിന്റെ മഹത്ത്വത്തെ പ്രതിഫലിപ്പിക്കുന്നു.


നഗരത്തിലെ 60 മുതൽ 80 വരെ വരുന്ന സ്വകാര്യ ഗ്രന്ഥാലയങ്ങളിലാണ് ഈ കൈയെഴുത്തുപ്രതികളിൽ ഏറെയും: മാമ്മാ ഹൈദരാ ഗ്രന്ഥശേഖരം, ആൻഡലൂസിയയിൽ നിന്നുള്ള 14-15 നൂറ്റാണ്ടുകളിലെ 3000-ത്തോളം കൈയെഴുത്തു പ്രതികൾ ഉൾക്കൊള്ളുന്ന ഫോണ്ടാ കാത്തി ഗ്രന്ഥശേഖരം; അൽ-വാൻഗരി ഗ്രന്ഥശേഖരം; മൊഹമ്മദ് താഹർ ഗ്രന്ഥശേഖരം തുടങ്ങിയവ ഇവയിൽ മുഖ്യമാണ്. ഒരുകാലത്ത് പശ്ചിമാഫ്രിക്കയെ ഉത്തര-പൂർവ ആഫ്രിക്കകളുമായി ബന്ധിപ്പിച്ചു കിടന്നിരുന്ന "ആഫ്രിക്കൻ മഷിവഴി"-യുടെ (African Ink Road) ഭാഗമായി ഈ ഗ്രന്ഥശേഖരങ്ങൾ കണക്കാക്കപ്പെടുന്നു. റ്റിംബക്റ്റൂവിലും ചുറ്റുപാടുകളിലുമായി കൈയെഴുത്തുപ്രതികളുടെ ഇത്തരം 120-ഓളം ശേഖരങ്ങൾ നേരത്തേ ഉണ്ടായിരുന്നു. മാലിയിൽ തന്നെ പത്തുലക്ഷത്തിലേറെ രേഖകൾ ഈ വിധത്തിൽ ഉണ്ടായിരിക്കണം. 20 ലക്ഷം രേഖകൾ നൈജീരിയയിലെ സൊക്കോട്ടൊ ഉൾപ്പെടെയുള്ള ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലും കണ്ടേക്കാം. കോളനിവാഴ്ചയുടെ സമയത്ത് ഗ്രന്ഥശേഖരങ്ങൾ ഒന്നായി പാരിസിലേയ്ക്കും ലണ്ടണിലേക്കും യൂറോപ്പിന്റെ ഇതരഭാഗങ്ങളിലേയ്ക്കും മറ്റും നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന്, ഈ ലിഖിതങ്ങളെ മറച്ചു വയ്ക്കാൻ പ്രവണതയുണ്ടായിൽ. ചിലർ കൈയെഴുത്തുപ്രതികൾ മണ്ണിൽ കുഴിച്ചിട്ടു. മറ്റുചിലർ അവയെ മരുഭൂമിയിലോ ഗുഹകളിലോ ഒളിച്ചുവച്ചു. പല ഗ്രന്ഥങ്ങളും ഇന്നും ആ സ്ഥിതിയിലാണ്. 2003 ജൂണിൽ നടന്ന ഒരു പ്രദർശനത്തിൽ, അമേരിക്കൻ കോൺഗ്രസിന്റെ ഗ്രന്ഥാലയം ഒരുപറ്റം കൈയെഴുത്തുപ്രതികൾ മൈക്രോഫിൽം ചെയ്യുകയുണ്ടായി. 2006 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കൻ-മാലി സർക്കാരുകൾ ചേർന്ന്, റ്റിംബക്റ്റൂവിലേയും പശ്ചിമ ആഫ്രിക്കയിലെ ഇതര ഭാഗങ്ങളിലേയും വിജ്ഞാനശേഖരത്തെക്കുറിച്ചുള്ള ഒരു സം‌യുക്ത അന്വേഷണം തുടങ്ങി.[14]

അധഃപതനം, പര്യവേഷണങ്ങൾ

[തിരുത്തുക]
റ്റിംബക്റ്റൂവിന്റെ 1855-ലെ ഒരു ജർമ്മൻ ഭൂപടം

പോർത്തുഗലിൽ നിന്നും മറ്റും പശ്ചിമാഫ്രിക്കയിലെത്തിയ യൂറോപ്യൻ പര്യവേഷകരും അടിമക്കച്ചവടക്കാരും, അടിമവ്യാപാരത്തിന് ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിൽ കൂടിയല്ലാതുള്ള വഴി തുറന്നത് റ്റിംബക്റ്റൂവിന്റെ അധഃപതനത്തിന് തുടക്കമിട്ടു. മോറോക്കോയിലെ സുൽത്താൻ നിയോഗിച്ച തോക്കുധാരികളായ കൂലിപ്പട്ടാളക്കാരുടെ 1591-ലെ ആക്രമണം റ്റിംബക്റ്റൂവിന്റെ പതനത്തെ ത്വരിതപ്പെടുത്തി.

യൂറോപ്പിലെ പല വ്യക്തികളും സ്ഥാപനങ്ങളും റ്റിംബക്റ്റൂവിനേയും അതിന്റെ കേൾവികേട്ട സമ്പത്തിനേയും കണ്ടെത്താൻ ശ്രമം നടത്തി. 1788-ൽ ഉന്നതന്മാരായ ഒരു പറ്റം ഇംഗ്ലീഷുകാർ ചേർന്ന് റ്റിംബറ്റൂവിനെയും നൈജർ നദിയുടെ ഗതിയേയും കണ്ടെത്താനായി ആഫ്രിക്കൻ അസോസിയേഷൻ എന്ന സംഘടനക്ക് രൂപം കൊടുത്തു. അവർ നിയോഗിച്ച പര്യവേഷകരിൽ ആദ്യത്തെയാൾ മുങ്കോ പാർക്ക് എന്ന സ്കോട്ട്‌ലൻഡുകാരനായിരുന്നു. നൈജർ നദിയുടെ പാതയും റ്റിംബക്റ്റൂവും കണ്ടെത്താനായി അയാൾ 1795-ലും 1805ലും രണ്ടു പര്യവേഷണങ്ങൾ നടത്തി. റ്റിംബറ്റൂവിലെത്തിയ ആദ്യത്തെ ആധുനിക യൂറോപ്യൻ പാർക്ക് ആയിരുന്നെന്ന് കരുതപ്പെടുന്നു. എന്നാൽ തന്റെ കഥ പറയാൻ പറ്റാനാവാതെ അദ്ദേഹം നൈജീരിയയിൽ വച്ച് മരണമടഞ്ഞു. [2][3] 1824-ൽ പാരിസ് ആസ്ഥാനമായുള്ള ഭൂമിശാസ്ത്രസമിതി, റ്റിംബക്റ്റൂവിലെത്തി തിരികെ വരുന്ന ആദ്യത്തെ അമുസ്ലീമിന് പതിനായിരം ഫ്രാങ്കിന്റെ സമ്മാനം വാഗ്ദാനം ചെയ്തു. ബ്രിട്ടീഷുകാരനായ അലക്സാണ്ടർ ഗോർഡൺ ലെയിങ്ങ് 1826-ൽ റ്റിംബക്റ്റൂവിൽ എത്തിയെങ്കിലും യൂറോപ്യന്മാർ റ്റിംബക്റ്റൂ കണ്ടുപിടിക്കുന്നതിനേയും അവിടെ ഇടപെടുന്നതിനേയും ഭയപ്പെട്ടിരുന്ന പ്രാദേശിക മുസ്ലിങ്ങൾ ആയാളെ വധിച്ചു. റെയ്നെ കൈല്ലീ എന്ന ഫ്രഞ്ചുകാരൻ ഒറ്റയ്ക്ക് അറബിവേഷത്തിൽ യാത്രചെയ്ത് റ്റിംബക്റ്റൂ കണ്ടു മടങ്ങിയെത്തി സമ്മാനം വാങ്ങി.

അടിമയായിരിക്കെ, കപ്പൽച്ചേതത്തെ തുടർന്ന് 1811-ൽ റ്റിംബക്റ്റൂ സന്ദർശിച്ചതായി ആഫ്രിക്കൻ-അമേരിക്കൻ നാവികനായ റോബർട്ട് ആദംസ് അവകാശപ്പെട്ടു. [15] 1813-ൽ സന്ദർശനത്തിന്റെ വിവരങ്ങൾ അദ്ദേഹം മൊറോക്കോയിൽ താൻഗീറിലെ ബ്രിട്ടീഷ് സ്ഥാനപതിക്കു നൽകി. എന്നാൽ ആദംസിന്റെ അവകാശവാദത്തിന്റെ യാഥാർത്ഥ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 1890-നു മുൻപ് റ്റിംബക്റ്റൂ സന്ദർശിച്ചിട്ടുള്ളത് മൂന്നു യൂറോപ്യന്മാർ മാത്രമാണ്: 1853-ൽ ഹീൻറിച്ച് ബാർത്തും 1880-ൽ ജർമ്മൻകാരൻ ഓസ്കാർ ലെൻസും അയാൾക്കൊപ്പമുണ്ടായിരുന്ന സ്പെയിൻകാരാൻ ക്രിസ്റ്റോബാൽ ബെനിറ്റസും.

ചരിത്രസ്മാരകങ്ങൾ

[തിരുത്തുക]
ടിംബക്ടു
Tombouctou, تمبكتو
Djinguereber Mosque
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംമാലി Edit this on Wikidata
Area14,789 ഹെ (1.5919×109 sq ft)
IncludesDjinguereber Mosque Edit this on Wikidata
മാനദണ്ഡംii, iv, v[16]
അവലംബം119
നിർദ്ദേശാങ്കം16°46′24″N 2°59′58″W / 16.7733331°N 2.9994439°W / 16.7733331; -2.9994439
രേഖപ്പെടുത്തിയത്1988 (12th വിഭാഗം)
Endangered1990–2005, 2012–

ടിംബക്ടുവിലുള്ള എട്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്മാരകങ്ങളാണ് ടിംബക്ടു ചരിത്രസ്മാരകങ്ങൾ. ടിംബക്ടുവിനെ യുനെസ്കോ നാശോന്മുഖ പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ 2012 ജൂണിൽ ഉൾപ്പെടുത്തിയിരുന്നു. നാലുദിവസം കഴിഞ്ഞ് ഇസ്ലാമിക ഭീകരസംഘടനയായ അൻസാർ ദിൻ ഭീകരർ പൈതൃകനഗരത്തെ സ്മൃതികുടീരങ്ങൾ തകർക്കുകയുണ്ടായി[17][18].

ചരിത്രം

[തിരുത്തുക]

16 സ്മൃതികുടീരങ്ങളാണ് ടിംബക്ടു നഗരത്തിലുള്ളത്.

നശീകരണം

[തിരുത്തുക]

സീദി മഹമൂദിന്റെയും(ബിൻ അമർ) മറ്റ് രണ്ടുപേരുടെയും സ്മൃതികുടീരങ്ങൾ തകർത്ത ഭീകരർ =കൂടുതൽ കെട്ടിടങ്ങൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആയുധങ്ങളുമായി എത്തിയ ഭീകരർ സ്മൃതികുടീരങ്ങൾ ഇടിച്ചുതകർക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ടിംബക്ടുവും അസ്കിയ കുടീരവുമാണ് മാലിയിൽ യുനെസ്കോ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. യുനെസ്കോ തീരുമാനത്തിനുള്ള പ്രതികരണമായിട്ടാണ് ഭീകരർ രംഗത്തെത്തിയതെന്ന് സൂചനയുണ്ട്. ദൈവം ഏകമാണെന്നും സ്മാരകങ്ങൾ ഹറാമാണെന്നും പറഞ്ഞ അൻസാർ ദിൻ വക്താവ് യുനെസ്കോ എന്താണെന്ന് പരിഹസിച്ചു.

റ്റിംബക്റ്റൂ ഇന്ന്

[തിരുത്തുക]
റ്റിംബക്റ്റൂവിലെ അന്താരാഷ്ട്രവിമാനത്താവളം
എല്ലായിടത്തും കാണാവുന്ന റൊട്ടിയടുപ്പുമായി ഒരു തെരുവു ചിത്രം

റ്റിംബക്റ്റൂവിന്റെ പുരാതനപ്രശസ്തി അതിനെ സഞ്ചാരികളുടെ ഇഷ്ടലക്ഷ്യങ്ങളിൽ ഒന്നാക്കി നിർത്തുന്നതിനാൽ അവിടെ ഒരന്തരാഷ്ട്രവിമാനത്താവളം ഉണ്ടെങ്കിലും ഇന്നത്തെ റ്റിംബക്റ്റൂ ഒരു ദരിദ്രനഗരമാണ്. മാലിയിലെ എട്ടു പ്രവിശ്യകളിലൊന്നും പ്രവിശ്യാധികാരിയുടെ ആസ്ഥാനവുമായ റ്റിംബക്റ്റൂ മാലിയിലെ മറ്റൊരു നഗരമായ ജെന്നെയുടെ സഹനഗരമാണ്.

1988 മുതൽ റ്റിംബക്റ്റൂ യുനെസ്ക്കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നാണ്. മരുഭൂമീകരണത്തിന്റെ ഭീഷണി നേരിടുന്ന പൈതൃകസ്ഥാനങ്ങളിൽ ഒന്നായി 1990-ൽ അത് പ്രഖ്യാപിക്കപ്പെട്ടു. 2005-ൽ അതിന്റെ സം‌രക്ഷണത്തിനായി ഒരു പദ്ധതി തുടങ്ങുകയും അതിനെ അപകടത്തിന്റെ വക്കിലായ സ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റുകയും ചെയ്തു. എന്നാൽ പുതിയ നിർമ്മാണപ്രവർത്തനങ്ങൾ പഴയ മോസ്ക്കുകൾക്ക് ഭീഷണിയാണെന്ന് ഒരു യെനെസ്കോ സമിതി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.[19]


രഹസ്യമയവും പുരാതനവുമായ ഒരു നഗരമെന്ന പ്രശസ്തി റ്റിംബക്റ്റൂ മറ്റു രാഷ്ട്രങ്ങളിൽ ഇന്നും നിലനിർത്തുന്നു: 2006-ൽ ബ്രിട്ടണിലെ യുവതലമുറയ്ക്കിടയിലെ 150 പേർക്കിടയിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ 34% പേർ അങ്ങനെയൊരു പട്ടണത്തെക്കുറിച്ച് കേട്ടിരുന്നില്ല. 66% പേർ അതിനെ ഒരു കല്പിതനഗരമായി അറിഞ്ഞിരുന്നു.[20]

അവലംബം

[തിരുത്തുക]
  1. Resultats Provisoires RGPH 2009 (Région de Tombouctou) (PDF), République de Mali: Institut National de la Statistique, archived from the original (PDF) on 2011-07-22, retrieved 2013-02-26
  2. 2.0 2.1 "Amazon.com listing for the "Cruelest Journey: 600 Miles to Timbuktu"".
  3. 3.0 3.1 Salak, Kira. "Kira Salak's official webpage on "The Cruelest Journey"".
  4. Timbuktu — World Heritage (Unesco.org)
  5. Timbuktu. (2007). Encyclopædia Britannica. Chicago: Encyclopædia Britannica.
  6. ഒകോലോ റഷീദ്. റ്റിംബറ്റൂവിന്റെ പൈതൃകം: Wonders of the Written Word Exhibit - International Museum of Muslim Cultures[1] Archived 2009-02-09 at the Wayback Machine.
  7. മാലിയിലെ റ്റിംബക്റ്റൂവിന്റെ ചരിത്രം - റ്റിംബക്റ്റൂ വിദ്യാഭ്യാസ ഫൗൺഡേഷൻ
  8. റ്റിംബറ്റൂവിന്റെ ആദ്യകാലചരിത്രം - ഹിസ്റ്ററി ചാനൽ ക്ലാസ്സ് മുറി
  9. ലിയോ ആഫ്രിക്കാനസിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ: നടാലി സെമോൻ ഡേവിസ്, "ട്രിക്സ്റ്റർ ട്രാവൽസ്: രണ്ടുലോകങ്ങൾക്കിടയിലായ പതിനാറാം നൂറ്റാണ്ടിലെ ഒരു മുസ്ലിം" (Hill and Wang: New York) 2006.
  10. "ഇബ്‌ൻ ബത്തൂത്തയും സഹാറയിലെ അദ്ദേഹത്തിന്റെ യാത്രകളും" Archived 2005-10-29 at the Wayback Machine. 153 Club
  11. For Leo Africanus, see ലിയോ ആഫ്രിക്കാനസ്: റ്റിംബക്റ്റൂ വർണ്ണന in Reading About the World, Volume 2, edited by Paul Brians, Michael Blair, Douglas Hughes, Michael Neville, Roger Schlesinger, Alice Spitzer, and Susan Swan and published by HarperCollinsCustomBooks Archived 2008-12-26 at the Wayback Machine..
  12. Un patrimoine inestimable en danger : les manuscrits trouvés à Tombouctou, par Jean-Michel Djian dans Le Monde diplomatique d'août 2004.
  13. റ്റിംബക്റ്റൂവിലെ പുരാതന ഗ്രന്ഥങ്ങളുടെ പുനരുദ്ധാരണം
  14. കർട്ടിസ് അബ്രാഹം, "സഹാറയിലെ നക്ഷത്രങ്ങൾ," ന്യൂ സയന്റിസ്റ്റ്, 18 August 2007: 37-39
  15. Calhoun, Warren Glenn; ഇവിടന്ന് റ്റിംബക്റ്റൂ വരെ, പുറം. 273 ISBN 0-7388-4222-2
  16. http://whc.unesco.org/en/list/119. {{cite web}}: Missing or empty |title= (help)
  17. http://www.deshabhimani.com/newscontent.php?id=171841
  18. "www.dailymail.co.uk". Archived from the original on 2013-08-16. Retrieved 2013-08-16.
  19. UNESCO July 10, 2008.
  20. "റ്റിംബക്റ്റൂവിന്റെ ഇരട്ടയെത്തേടി" 2006 ഒക്ടോബർ 18-ലെ ബി.ബി.സി. വാർത്ത.
"https://ml.wikipedia.org/w/index.php?title=റ്റിംബക്റ്റൂ&oldid=3987580" എന്ന താളിൽനിന്ന് ശേഖരിച്ചത്