Jump to content

റോശനിയാ പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അഫ്ഗാനിസ്ഥാനിലും അന്നത്തെ വിശാലഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിലുമായി ഉയർന്നുവന്ന ജനപ്രിയവും മതനിരപേക്ഷവുമായിരുന്ന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനവും ദർശനവുമാണു് രോഷനിയാ പ്രസ്ഥാനം. പിർ-ഇ-രോഷൻ എന്ന പേരിൽ പ്രസിദ്ധനായ അഫ്ഘാനി വിപ്ലവകവി ബയാസിദ് അൻസാരി ഖാൻ(1525-1582/85) ആയിരുന്നു ഇതിന്റെ സ്ഥാപകൻ.

ബയാസിദ് അൻസാരി അന്നു നിലനിന്നിരുന്ന അസമത്വത്തേയും ഭരണകർത്താക്കൾ പുലർത്തിപ്പോന്ന സാമൂഹ്യ അനീതിയേയും തുറന്നു വെല്ലുവിളിച്ചു. ഖുർ ആനിലേയും ഹദീസുകളിലേയും പ്രസക്തഭാഗങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം അവയിൽ അടങ്ങിയ സമദർശിത്വത്തിന്റേയും സാഹോദര്യത്തിന്റേയും പൊരുളുകളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ആത്മീയഗ്രന്ഥങ്ങൾ എന്നതിനേക്കാൾ സാമൂഹ്യപരിഷ്കരണോപാധികൾ എന്ന നിലയിൽ അവയെ നോക്കിക്കാണാൻ അദ്ദേഹം ജങ്ങളെ പ്രേരിപ്പിച്ചു.

ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ പിറന്ന അൻസാരി പതിവിനു വിരുദ്ധമായി അഫ്ഗാനികളുടെ മതവിശ്വാസങ്ങളെ പുതിയൊരു വീക്ഷണകോണിലൂടെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തു. ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ പലതിനേയും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഈ കാഴ്ച്ചപ്പാടുകൾ. പലപ്പോഴും അവ പിൽക്കാലത്തു് ഉരുത്തിരിഞ്ഞ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടുപോലും അടുത്തുവന്നു.

ബയാസിദിന്റെ വിപ്ലവകരമായ മാർഗ്ഗം രസിക്കാതെ വന്ന കുടുംബവും ഗ്രാമവും അദ്ദേഹത്തെ ഊരുവിലക്കി. തുടർന്നു് ബയാസിദ് ഏറെ നാൾ അഫ്ഗാൻ പർവ്വതപ്രദേശങ്ങളിലെ വിവിധ ഗോത്രങ്ങൾക്കിടയിൽ തന്റെ ആശയങ്ങൾ ഉദ്ഘോഷിച്ചുകൊണ്ട് അലഞ്ഞുനടന്നു. പിൽക്കാലത്തു് ബയാസിഡിന്റെ അഭ്യാസപാഠങ്ങൾ അഫ്രീദി, ഒരാക്സായ്, ഖലീൽ, മൊഹ്‌മന്ദ്, ബങ്ഗാഷ് തുടങ്ങിയ ഗോത്രങ്ങൾക്കിടയിൽ വർഷങ്ങളോളം അലയടിച്ചു. ആധുനിക അഫ്ഗാനിസ്ഥാന്റെ വർത്തമാനകാലഘട്ടത്തെപ്പോലും സ്വാധീനിക്കുന്ന അത്ര ശക്തമായിരുന്നു ഈ പ്രഭാഷണങ്ങൾ.

ബയാസിദ് അൻസാരിയുടെ പുതിയ തത്ത്വദർശനങ്ങൾക്കു് ജനങ്ങൾക്കിടയിൽ വമ്പിച്ച പ്രചാരം ലഭിച്ചു. പഷ്ദു ഗോത്രങ്ങൾക്കപ്പുറം അവ കിഴക്കോട്ട് സിന്ധും ബലൂചിസ്ഥാനും പഞ്ചാബും കടന്നു് ദില്ലിയോളം വ്യാപിച്ചു. ജനങ്ങൾ അദ്ദേഹത്തെ പീർ-ഇ-രോഷൻ (വെളിച്ചത്തിന്റെ അപ്പോസ്തലൻ)എന്നു വിളിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ അനുഗാമികൾ സ്വയം രോഷണീയ മാർഗ്ഗക്കാർ എന്നു സംബോധന ചെയ്തു.

രോഷണീയപ്രസ്ഥാനത്തിന്റെ അസാമാന്യമായ വളർച്ച മുസ്ലീം പുരോഹിതവർഗ്ഗത്തേയും മുഗൾ ഭരണത്തേയും ഉൽകണ്ഠാകുലരാക്കി. ബയാസിദിനെ അവർ സായുധമായി എതിർക്കാൻ തുടങ്ങി. എന്നാൽ ഈ എതിർപ്പ് രോഷനീയക്കാരുടെ ശക്തി വർദ്ധിപ്പിക്കുകയാണുണ്ടായതു്. പീർ രോഷന്റെ നേതൃത്വത്തിൽ അവർ സായുധരായി സംഘടിച്ചു. തുടർച്ചയായി നടന്ന പല ആക്രമണങ്ങൾക്കുമൊടുവിൽ നങ്ഗഢർ, ഘസ്നി, കാബൂൾ തുടങ്ങിയ പട്ടണങ്ങൾ അടക്കം പല മർമ്മപ്രധാനമായ പ്രദേശങ്ങളും അവർ കൈവശമാക്കി. ഒരു ഘട്ടത്തിൽ ഖൈബർ ചുരം എന്ന പ്രധാന പ്രവേശനമാർഗ്ഗം പോലും അവരുടെ നിയന്ത്രണത്തിൽ വന്നുചേരുകയും ചുരത്തിലൂടെയുള്ള ഗതാഗതം അവർ പൂർണ്ണമായും നിരോധിക്കുകയുമുണ്ടായി.

ആത്യന്തികമായി മുഗൾ ചക്രവർത്തിമാർ രോഷണീയൻ മുന്നേറ്റത്തെ കീഴ്പ്പെടുത്തി. എന്നിട്ടും പതിനേഴാം നൂറ്റാണ്ടുവരെ പല ഒറ്റപ്പെട്ട പ്രദേശങ്ങളിലും അവരുടെ ആധിപത്യം നിലനിന്നിരുന്നു. ഒടുവിൽ 1638ൽ ബയാസിദിന്റെ പൗത്രൻ കരിം ദാദ് മുഗൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഒരു പ്രസ്ഥാനമെന്ന നിലയിൽ രോഷനീയ ഇല്ലാതായി.


ലളിതജീവിതവും വെളിച്ചം എന്ന സങ്കൽപ്പത്തിനോടുള്ള ഭക്തിയും പുലർത്താൻ ആഹ്വാനം ചെയ്ത പീർ-ഇ-രോഷൻ അനുയായികളോട് ഉദ്ബോധിപ്പിച്ച സിദ്ധാന്തങ്ങളുടെ കാതൽ ഇവയാണ്:[1]

  1. ദൈവം എന്ന സങ്കൽപ്പത്തിന്റെ അസ്തിത്വം എല്ലാറ്റിലും എല്ലായിടത്തുമുണ്ട് . എല്ലാ വസ്തുക്കളും ആ ദിവ്യത്വത്തിന്റെ രൂപങ്ങൾ മാത്രമാണ്
  2. മനുഷ്യാത്മാക്കൾ നിരന്തരമായി മറ്റു ശരീരങ്ങളിലേക്ക് മാറുകയും , മറ്റു രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
  3. ഉയിർത്തെഴുന്നേൽപ്പ് , വിധി പറയുന്ന ദിവസം , സ്വർഗം , നരകം എന്നീ സങ്കൽപ്പങ്ങൾ ലൌകികയാഥാർത്ഥ്യങ്ങളെ സൂചിപ്പിക്കുന്നതിനുള്ള ആധ്യാത്മികമായ അലങ്കാരപ്രയോഗങ്ങൾ മാത്രമാണ്
  4. ഖുർ ആനും ഹദീസും അവയിലെ വാക്കുകളുടെ അർത്ഥം നോക്കി അപ്പാടെ വായിച്ചെടുക്കേണ്ടതല്ല. അവയുടെ രഹസ്യമായ ആന്തരാർത്ഥം മനസ്സിലാക്കിക്കൊണ്ടാണ് അവയെ വ്യാഖ്യാനിക്കേണ്ടത്.
  5. ശരീയത്തിലെ വ്യവസ്ഥകൾക്കും ഗൂഢാർത്ഥമാണുള്ളത്. അവ മതപരമായ പൂർണ്ണത കൈവരിക്കുന്നതിനുള്ള ഉപാധികൾ മാത്രമാണ്
  6. ശരീയത്തിന്റെ ഈ നിഗൂഢാർത്ഥങ്ങൾ മതപരമായ കർമ്മങ്ങൾ കൊണ്ടും താൻ ഉദ്ബോധിപ്പിക്കുന്ന തത്ത്വസംഹിതകളെക്കൊണ്ടും പാലിക്കാൻ കഴിയുന്നതാണ്. മതത്തിന്റെ ഉദ്ദേശവും സാക്ഷാൽക്കാരവും അതിലൂടെയാണു് കൈവരിക്കാൻ കഴിയുക.ആ സാക്ഷാൽക്കാരം പ്രാപിക്കുന്നവർക്ക് ശരീയത്തിന്റെ ബാഹ്യപ്രകടമായ നിബന്ധനകൾ ബാധകമല്ലാതായിത്തീരുന്നു. അവ ഫലത്തിൽ റദ്ദാക്കപ്പെടുകയാണ് ചെയ്യുന്നത് [2]

ഇസ്ലാമിന്റെ മതവിശാസഘടന അപ്പാടെ നിരാകരിക്കുന്നില്ലെങ്കിലും വിധിയും ജന്മസിദ്ധമായി ലഭിക്കുന്ന അധീശത്വവും സ്ഥാപിച്ചുകൊടുക്കുന്ന ഒരു അതിമാനുഷികദൈവസങ്കൽപ്പം മനുഷ്യനു് ആവശ്യമില്ലെന്ന ആശയഗതിയാണു് ബയാസിദ് തന്റെ മൊഴികളിലൂടെയും കവിതകളിലൂടെയും ഉന്നയിക്കാൻ ശ്രമിച്ചതു്. കമ്യൂണിസത്തിന്റെ തത്ത്വങ്ങളോടു് ഇവ വളരെ അടുത്തുനിൽക്കുന്നു.

പഷ്ദു സമൂഹങ്ങളുടെ അനന്തരചരിത്രത്തിൽ രോഷണീയ പ്രസ്ഥാനത്തിന്റെ സ്വാധീനം[3]

[തിരുത്തുക]

മുഗൾ ഭരണത്തിന്റെ സ്വാധീനത്തിൽ നിന്നു് അഫ്ഗാനിസ്ഥാനെ പടിപടിയായി വിടർത്തുന്നതിൽ രോഷനീയപ്രസ്ഥാനം മുഖ്യമായ ഒരു പങ്കു വഹിച്ചു. പിൽക്കാലത്തു് അഫ്ഗാനിസ്ഥാനിലെ ഗോത്രങ്ങൾ മുസ്ലീം മതസംസ്കാരത്തിലേക്കു് ഏറെക്കുറേ തിരിച്ചെത്തിയെങ്കിലും രാഷ്ട്രീയമായി അവരുടെ സർവ്വതന്ത്രസ്വതന്ത്രത നിലനിർത്തി. സായുധപ്രതിരോധം അവരുടെ സ്ഥിരം മുഖമുദ്രയാവുകയും ചെയ്തു.

കരിം ദാദിന്റെ മരണശേഷം നേതൃശൂന്യമായ അഫ്ഗാൻ ജനങ്ങൾക്കിടയിൽ പിന്നീട് പ്രബലമായി വളർന്നുവന്ന നേതാവായിരുന്നു ഖുഷൽ ഖാൻ (1613-89). ഖട്ടക് ഗോത്രത്തിന്റെ അധിപനും പ്രചോദനാത്മകകവിയുമായിരുന്ന ഖാൻ, അകോര എന്ന പ്രദേശത്തിന്റെ നാടുവാഴിയായിത്തീർന്നു. അകോറ മുഗൾ സാമ്രാജ്യത്തിന്റെ സംരക്ഷണത്തിലുള്ള ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു. ഖട്ടക്ക് ഗോത്രം ബയാസിദ് ആശയങ്ങളിൽ നിന്നും ആവേശം ഉൾക്കൊണ്ടിരുന്ന ഒരു സമൂഹമായിരുന്നു. എങ്കിലും, മുഗളന്മാരുമായി തന്ത്രപരമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് ഖുഷൽ ഖാൻ പെഷാവാറിന്റെ ഗതാഗതശൃംഖലയുടെ ആധിപത്യം നിലനിർത്തി. ഇണങ്ങിയും പിണങ്ങിയുമുള്ള ഈ ചങ്ങാത്തം ഒടുവിൽ 1664ൽ ഖുഷൽ ഖാനെ മുഗളന്മാർ അട്ടിമറിസംശയത്തിന്റെ പേരിൽ തടവിൽ പിടിച്ചതോടെ നിശ്ശേഷം നിലച്ചു. നാലുവർഷത്തിനുശേഷം ജയിൽ വിമുക്തനായ ഖാൻ മുഗളന്മാരോടു നേരിട്ടു യുദ്ധം പ്രഖ്യാപിച്ചു.

തന്റെ നൈസർഗ്ഗികമായ കവിത്വവും വാഗ്മിത്വവും ഉപയോഗിച്ച് ഖുഷൽ ഗോത്രങ്ങളെ ഒരുമിച്ച് സുശക്തമായ ഒരു ഒളിപ്പോരാട്ടസേന വാർത്തെടുത്തു. 1675 ആവുമ്പോഴേക്കും മൂന്നു ലക്ഷത്തിൽ പരമായി വളർന്നു കഴിഞ്ഞിരുന്നു ഈ സൈന്യം. മുഗൾ സൈന്യത്തിനെ ഇവർ പലപ്പോഴും തങ്ങളുടെ മേഖലയ്ക്കുള്ളിൽ നിർവീര്യമാക്കി. എങ്കിലും ഏടെത്താമസിയാതെ, ശത്രുക്കളെ പരസ്പരം ഭിന്നിപ്പിക്കുന്ന ഔറംഗസീബിന്റെ കൗശലങ്ങൾക്കു മുമ്പിൽ അഫ്ഗാൻ സൈന്യത്തിന്റെ ഐക്യം തകർന്നുപോയി. 1689ൽ ഖുഷൽ ഖാൻ മരിച്ചപ്പോൾ പൗത്രൻ അഫ്സൽ ഖാൻ സ്ഥാനമേറ്റെടുത്തെങ്കിലും അധികം വൈകാതെ മുഗൾ ആധിപത്യത്തിനു് സമ്പൂർണ്ണമായും അടിയറവെച്ചു കീഴടങ്ങി. എന്തായാലും അപ്പോഴേക്കും മുഗൾ ഭരണത്തിന്റെ സ്വാധീനം വിദൂരമായ അഫ്ഗാൻ മേഖലയിൽ നാമമാത്രമായിക്കഴിഞ്ഞിരുന്നു.

ഖുഷൽ ഖാൻ ഒരു കവി എന്ന നിലയിലും പ്രസിദ്ധനായിരുന്നു. പഷ്ദു സാഹിത്യത്തിലെ പ്രധാന വ്യക്തിത്വങ്ങളിലൊരാളാണു് ഖുഷൽ ഖാൻ. അഫ്ഗാൻ സംസ്കാരത്തിലെ ഏറ്റവും ബഹുമാന്യരായ പ്രതീകങ്ങളിൽ ഖുഷൽ ഖാൻ ഉൾപ്പെടുന്നു.

പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇന്നുവരെ, ബ്രിട്ടൻ, സോവിയറ്റ് യൂണിയൻ, അമേരിക്ക തുടങ്ങിയ വൻശക്തികൾ അഫ്ഗാനിസ്ഥാനിൽ പല വിധത്തിലും അധീശത്വം സ്ഥാപിച്ചിരുന്നു. എങ്കിലും, ബാഹ്യമോ ആന്തരികമോ ആയ രാഷ്ട്രീയശക്തികളെ എതിർക്കുന്നതിനു് ബയാസിദും അദ്ദേഹം തുടങ്ങിവെച്ച രോഷണിയ പ്രസ്ഥാനത്തിന്റെ ആശയങ്ങളും അഫ്ഗാൻ ഗോത്രങ്ങൾക്കു് നിരന്തരപ്രചോദനമായിരുന്നിട്ടുണ്ടു്.

അവലംബം

[തിരുത്തുക]
  1. International Encyclopedia of Revolution and Protest, ed. Immanuel Ness, Blackwell Publishing, 2009, p. 2869
  2. ഭാരതീയ ചിന്ത - കെ ദാമോദരൻ . കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് . പേജ് നം . 426
  3. Briant, P. (2002) From Cyrus to Alexander: A History of the Persian Empire. Trans. P. T. Daniels. Winona Lake, IN: Eisenbrauns
"https://ml.wikipedia.org/w/index.php?title=റോശനിയാ_പ്രസ്ഥാനം&oldid=2663963" എന്ന താളിൽനിന്ന് ശേഖരിച്ചത്