യോഹാൻ വെർമീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൊഹാൻ വെർമീർ
Cropped version of Jan Vermeer van Delft 002.jpg
ജനനം മാമോദീസ 1632 ഒക്ടോബർ 31(1632-10-31)
ഡെൽഫ്റ്റ്, ഡച്ച് റിപ്പബ്ലിക്
മരണം 1675 ഡിസംബർ 15(1675-12-15) (പ്രായം 43)
ഡെൽഫ്റ്റ്, ഡച്ച് റിപ്പബ്ലിക്
ദേശീയത ഡച്ച്
വിദ്യാഭ്യാസം കാൾ ഫേബ്രിഷ്യസ്?
പ്രശസ്തി ചിത്രകല
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
34 ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റേതാണ് സാമാന്യമായി അംഗീകരിക്കപ്പെടുന്നുണ്ട്.[2]
പ്രസ്ഥാനം Dutch Golden Age
Baroque

ഡച്ച് ചിത്രകാരനായിരുന്നു യോഹാൻ വെർമീർ അഥവാ യാൻ വെർമീർ (1632 – ഡിസം: 1675). റെംബ്രാന്ത് കഴിഞ്ഞാൽ ഡച്ച് ചിത്രകലയെ ഏറ്റവും സ്വാധീനിച്ച ചിത്രകാരനാണ് വെർമീർ. വെർമീറിന്റെ ഗുരുവിനെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ലിയോനർത്ത് ബ്രമേർ എന്ന ചിത്രകാാരൻ വെർമീറിനു ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന അനുമാനങ്ങൾ മാത്രമേ നിലവിലുള്ളൂ. വളരെക്കാലം ചിലവഴിച്ചാണ് അദ്ദേഹം ചിത്രം എഴുതിയിരുന്നത്. വാസ്തവികമായ രചനാരീതിയാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്.വർണ്ണലയ വൈഭവങ്ങളുടെ കാര്യത്തിൽ അദ്ദേഹം വൈദഗ്ദ്ധ്യം പുലർത്തുന്നു."[3]

പ്രശസ്ത രചനകൾ[തിരുത്തുക]

 • ഡെൽഫ്റ്റ് ഒരു ദൃശ്യം
 • .ചെറിയ തെരുവ്
 • കൂട്ടിക്കൊടുപ്പുകാരി
 • പ്രണയ ലേഖനം
 • പാൽക്കാരി.

സാങ്കേതികസഹായം[തിരുത്തുക]

ഛായാഗ്രഹണചിത്രത്തോട് കിടപിടിക്കുന്നതരത്തിലുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വെർമീറിൻ്റെ ചിത്രകലാരീതികൾ ഏറെക്കാലം സംവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചിത്രകലയിൽ യാതൊരു പരിശീലനവും ലഭിച്ചിട്ടില്ല എന്നതും ചിത്രങ്ങൾ വരക്കുന്നതിന് മുന്നോടിയായുള്ള സ്കെച്ചുകളോ ട്രേസുകളോ ചെയ്തതായി കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നതുമുൾപ്പടെയുള്ള കാര്യങ്ങൾ അടിസ്ഥാനമാക്കി, അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ഏതെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്താൽ നിർമ്മിച്ചതായിരിക്കാമെന്ന സംശയങ്ങളാണ് സംവാദങ്ങൾക്ക് കാരണം.

2001-ൽ ബ്രിട്ടീഷ് കലാകാരനായ ഡേവിഡ് ഹോക്ക്നി സീക്രട്ട് നോളജ്: റീഡിസ്കവറിങ് ദ ലോസ്റ്റ് ടെക്നിക്സ് ഓഫ് ദ ഓൾഡ് മാസ്റ്റേഴ്സ് (ഇംഗ്ലീഷ്: Secret Knowledge: Rediscovering the Lost Techniques of the Old Masters) എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. ചിത്രങ്ങളിലെ അതീവകൃത്യതക്ക് വേണ്ടി വക്രദർപ്പണങ്ങൾ, ക്യാമറ ഒബ്സ്ക്യൂറ, ക്യാമറ ല്യൂസിഡ തുടങ്ങിയ പ്രകാശിക ഉപകരണങ്ങളുടെ സഹായം വെർമീർ (ഹാൻസ് ഹോൾബീൻ, ഡീഗോ വെലാസ്ക്വെസ് എന്നിവരുൾപ്പടെയുള്ള നവോത്ഥാനകാലത്തെ മറ്റു ചിത്രകാരൻമാരും) ഉപയോഗിച്ചിരുന്നു എന്നാണ് ഹോക്ക്നി ഈ പുസ്തകത്തിൽ വാദിക്കുന്നത്. ഈ വാദഗതി പിന്തുടരുന്ന ചാൾസ് എം. ഫാൽകോയുടെ പേരുകൂടി ഉൾപ്പെടുത്തി, ഹോക്ക്നി-ഫാൽകോ വാദം എന്നാണ് ഈ വീക്ഷണം അറിയപ്പെടുന്നത്.

2001-ൽ ഫിലിപ് സ്റ്റെഡ്മാൻ പുറത്തിറക്കിയ വെർമീർസ് ക്യാമറ: അൺകവറിങ് ദ ട്രൂത്ത് ബിഹൈൻഡ് ദ മാസ്റ്റർപീസസ് (ഇംഗ്ലീഷ്: Vermeer's Camera: Uncovering the Truth behind the Masterpieces) എന്ന പുസ്തകത്തിലും വെർമീർ തൻറെ ചിത്രങ്ങൾ വരക്കുന്നതിന് ക്യാമറ ഒബ്സ്ക്യൂറ ഉപയോഗിച്ചിരുന്നതായി സ്ഥാപിക്കുന്നു. വെർമീറിൻ്റെ ഒട്ടേറെ ചിത്രങ്ങൾ ഒരേ മുറിയിലെ ദൃശ്യങ്ങളാണെന്നത് സ്റ്റെഡ്മാൻ ഇതിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നു. അതിനുപുറമേ വെർമീറിൻ്റെ അത്തരം ആറ് പെയിൻ്റിങ്ങുകളുടെ വലിപ്പം, ഒരു ക്യാമറ ഒബ്സ്ക്യുറ ഉപയോഗിച്ചാൽ എതിർവശത്തെ മുറിയുടെ ചുവരിലുണ്ടാകുന്ന ദൃശ്യത്തിൻ്റെ അതേ വലിപ്പത്തിലുള്ളതാണെന്നും സ്റ്റെഡ്മാൻ കണ്ടെത്തി.[4]

ദ മ്യൂസിക് ലെസൺ അല്ലെങ്കിൽ എ ലേഡി അറ്റ് ദ വെർജിനൽസ് വിത്ത് എ ജെൻ്റിൽമാൻ (കാലം. 1662–65)

വെർമീറിൻ്റെ പെയിൻ്റിങ്ങുകളിൽ കാണുന്ന മുത്തുപോലെ തിളങ്ങുന്ന ഭാഗങ്ങൾ ക്യാമറ ഒബ്സ്ക്യൂറയിൽ ഉപയോഗിച്ച ആദ്യകാല ലെൻസുകൾ മൂലം ഉണ്ടായ പ്രഭാവലയങ്ങളാണെന്നാണ് ഈ സിദ്ധാന്തക്കാരുടെ അഭിപ്രായം. ബ്രിട്ടീഷ് രാജശേഖരത്തിലുള്ള എ ലേഡി അറ്റ് ദ വെർജിനൽസ് വിത്ത് എ ജെൻ്റിൽമാൻ (ഇംഗ്ലീഷ്: Lady at the Virginals with a Gentleman) അല്ലെങ്കിൽ ദ മ്യൂസിക് ലെസൺ (ഇംഗ്ലീഷ്: The Music Lesson) എന്നീ പേരുകളിലറിയപ്പെടുന്ന പെയിൻ്റിങ്ങിൻ്റെ പെരുപ്പിച്ച വീക്ഷണവും ക്യാമറ ഒബ്സ്ക്യൂറയുടെ ഉപയോഗത്താലുണ്ടായതാണെന്നും അവകാശപ്പെടുന്നു.

ക്യാമറ ഒബ്സ്ക്യുറയോടൊപ്പം ഒരു കമ്പരേറ്റർ ദർപ്പണവും (comparator mirror) ഉൾക്കൊള്ളുന്ന ഒരു സംവിധാനമുപയോഗിച്ചാണ് വെർമീർ തൻ്റെ ചിത്രങ്ങൾ വരച്ചിരുന്നതെന്ന് 2008-ൽ അമേരിക്കൻ വ്യവസായിയും ആവിഷ്കർത്താവുമായ ടിം ജെനിസൺ ഒരു സിദ്ധാന്തമവതരിപ്പിച്ചു. ഈ സംവിധാനം ക്യാമറ ല്യൂസിഡയോട് താരതമ്യപ്പെടുത്താമെങ്കിലും അതിനെ അപേക്ഷിച്ച് വളരെ ലളിതവും, രംഗത്തിലെയും പെയിൻ്റിങ്ങിലെയും നിറങ്ങൾ സൂക്ഷ്മമായി താരതമ്യപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ളതുമായിരുന്നു. പിന്നീട് ഈ സംവിധാനത്തിൽ ഒരു കോൺകേവ് ദർപ്പണം കൂടി ഉൾപ്പെടുത്തിക്കൊണ്ട് ജെനിസൺ തൻ്റെ സിദ്ധാന്തത്തിൽ അൽപം പരിഷ്കാരം വരുത്തി. 2008 മുതലുള്ള അഞ്ചുവർഷം അദ്ദേഹം തൻ്റെ സിദ്ധാന്തം പരീക്ഷിച്ച് ഈ ഉപാധികൾ ഉപയോഗിച്ച് ദ മ്യൂസിക് ലെസൺ എന്ന ചിത്രം പുനർനിർമ്മിച്ചു. ജെനിസൻ്റെ ഈ പ്രയത്നം ടിംസ് വെർമീർ എന്ന പേരിൽ 2013-ൽ പുറത്തിറക്കിയ ഡോക്യുമെൻ്റിയിൽ വിശദീകരിക്കുന്നു.[5]

വെർമീർ ഇങ്ങനെയൊരു സംവിധാനം ഉപയോഗിച്ചിരുന്നു എന്നതിനെ സാധൂകരിക്കാനായി നിരവധി നിരവധി സൂചനകൾ ജെനിസൺ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിത്രത്തിലെ ചുമരിൽ പുറത്തുനിന്ന് വീഴുന്ന വെളിച്ചത്തിൻ്റെ അതീവകൃത്യതയിലുള്ള പുനരാവിഷ്കരണമാണ് അതിലൊന്ന്. വെളിച്ചത്തിലുള്ള വളരെച്ചെറിയ മാറ്റങ്ങൾ വെറും കണ്ണുപയോഗിച്ച് കണ്ടെത്താനാവില്ല; അതേസമയം പ്രകാശിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇങ്ങനെ പുനഃസൃഷ്ടിക്കാനുമാകും.[6] മറ്റൊരു സൂചന, വെർമീറിൻ്റെ പല ചിത്രങ്ങളിലെയും വസ്തുക്കളുടെ അരികുകളിൽക്കാണുന്ന വർണഭ്രംശമാണ് (chromatic aberration); ഇതും ആദ്യകാല ലെൻസുകളുടെ പോരായ്മ മൂലമുണ്ടാകാവുന്ന പ്രശ്നമാണ്. അവസാനമായി, ചിത്രത്തിലെ പിയാനോയിലെ ചിത്രപ്പണികളുടെ ഭാഗത്ത് തിരശ്ചീനമായ ഭാഗത്തുള്ള വളവാണ് ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയായി പറയുന്നത്. ജെനിസൺ തൻ്റെ ഉപകണങ്ങളുപയോഗിച്ച് ചിത്രം പുനഃസൃഷ്ടിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു പ്രശ്നം കണ്ടത്. അതിനുശേഷമാണ് യഥാർത്ഥചിത്രത്തിലും ഈ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയത്. വക്രദർപ്പണത്തിലൂടെ രംഗം വീക്ഷിച്ച് വരക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പ്രശ്നം ഉടലെടുത്തത്.[7]

വെർമീറിൻ്റെ ചിത്രങ്ങൾക്ക് ഇത്തരം സാങ്കേതികസഹായമുണ്ടെന്ന കാര്യം ഇപ്പോഴും തർക്കവിഷയമാണ്. മൂസിക് ലെസൺ എന്ന ചിത്രത്തിലെ സ്ത്രീയുടെ കണ്ണാടിയിൽപ്പതിഞ്ഞ പ്രതിബിംബം കൃത്യതയോടെ ചിത്രീകരിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ വെർമീറിന് പ്രകാശിക ഉപകരണങ്ങളിൽ താൽപര്യമുണ്ടായിരുന്നു എന്നതിനുള്ള യാതൊരു ചരിത്രരേഖകളും ഇല്ല. ചിത്രകാരൻ്റെ മരണത്തിനുശേഷം തയാറാക്കിയ അദ്ദേഹത്തിൻ്റെ സാധനസാമഗ്രികളുടെ വിവരങ്ങളിലും ക്യാമറ ഒബ്ക്യുറ പോലുള്ള യാതൊരു പ്രകാശിക ഉപകരണങ്ങളും ഉണ്ടായിരുന്നില്ല.[8] അതേസമയം വെർമീർ, അക്കാലത്തെ പ്രശസ്തനായ ലെൻസ്, സൂക്ഷ്മദർശിനി നിർമ്മാതാവും ഈ മേഖലയിൽ അക്കാലത്തെ അതികായനുമായിരുന്ന ആൻ്റൺ വാൻ ല്യൂവനൂക്കുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മാത്രമല്ല മരണശേഷം വെർമീറിൻ്റെ വിൽപ്പത്രനടത്തിപ്പുകാരനും ല്യൂവനൂക്കായിരുന്നു.[9]

അവലംബം[തിരുത്തുക]

 1. "The Procuress: Evidence for a Vermeer Self-Portrait". Retrieved 13 September 2010.
 2. Jonathan Janson, Essential Vermeer: complete Vermeer catalogue; accessed 16 June 2010.
 3. Koningsberger, Hans. 1977. The World of Vermeer, New York: Time-Life Books, p. ?
 4. Steadman, Philip. "Vermeer and the Camera Obscura". BBC. Archived from the original on 29 November 2010. Retrieved 17 October 2010. 
 5. Andersen, Kurt (29 November 2013). "Reverse-Engineering a Genius (Has a Vermeer Mystery Been Solved?)". Vanity Fair. Archived from the original on 30 November 2013. 
 6. Tim's Vermeer (2013) documentary - 40:50 മുതൽ കാണുക
 7. Tim's Vermeer (2013) documentary - 54:59 മുതൽ കാണുക
 8. "Vermeer and the Camera Obscura". Essential Vermeer 2.0. Archived from the original on 25 September 2014. Retrieved 30 July 2014. 
 9. Bryson, Bill (2014). A Short History of Nearly Everything. Lulu Press. ISBN 1312792566. Retrieved 13 December 2015. 
"https://ml.wikipedia.org/w/index.php?title=യോഹാൻ_വെർമീർ&oldid=2788314" എന്ന താളിൽനിന്നു ശേഖരിച്ചത്