മൈക്രോകോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്പ്യൂട്ടറിന്റേയും മറ്റും മൈക്രോപ്രൊസെസ്സറുകളിലെ യന്ത്രഭാഷയുടെ പ്രത്യക്ഷവൽക്കരണത്തിന്‌ വേണ്ടിയുള്ള ഹാർഡ്‌വെയർ തലത്തിലെ നിർദ്ദേശങ്ങൾ, ഡാറ്റാ സ്ട്രക്‌ച്ചറുകൾ എന്നിവയാണ്‌ മൈക്രോകോഡ്. പ്രോസസ്സറിനുള്ളിലെ ഒരു അതിവേഗ മെമ്മറിയിലാണ്‌ ഇവയുണ്ടാവുക, യന്ത്രഭാഷയിലെ നിർദ്ദേശങ്ങളെ സർക്യൂട്ട് തലത്തിലെ ക്രിയകളുടെ അനുക്രമങ്ങളായി പരിവർത്തനം ചെയ്യുകയാണിവ ചെയ്യുന്നത്. യന്ത്രഭാഷയെ പ്രൊസസ്സറിന്റെ ഇലക്ട്രോണിസ് വിശദാംശങ്ങളിൽ നിന്നും മുക്തമാക്കുവാനും അതുവഴി യന്ത്രഭാഷയിലെ നിർദ്ദേശങ്ങളെ സൗകര്യപ്രദമായ രീതിയിൽ രൂപൽപ്പന ചെയ്യുവാനും ഇവ സഹായിക്കുന്നു. സങ്കീർണ്ണ പ്രവർത്തനങ്ങളെ ഒന്നിലധികം നിർദ്ദേശങ്ങളിലൂടെ പ്രാവർത്തികമാക്കിക്കൊണ്ട് ഇലക്ട്രോണിക്ക് സർക്യൂട്ടുകളുടെ സങ്കീർണ്ണത കുറക്കുന്നതും ഇവ സാധ്യമാക്കുന്നു. മൈക്രോകോഡ് നിർമ്മിക്കുന്നതിനെ മൈക്രോപ്രോഗ്രാമിങ്ങ് എന്നാണറിയപ്പെടുന്നത്, ഒരു നിശ്ചിത പ്രോസസ്സറിനുള്ള മൈക്രോകോഡിനെ മൈക്രോപ്രോഗ്രാം എന്നും വിളിക്കുന്നു.

പ്രൊസസ്സർ രൂപകൽപ്പന വേളയിൽ ഒരു എൻജിനീയർ ആയിരിക്കും അതിൽ മൈക്രോകോഡിനെ ചേർക്കുക. ഒരു റോം (ROM) അല്ലെങ്കിൽ പി.എൽ.എ. യിൽ (പ്രോഗ്രാമബിൾ ലോജിക്ക് അറേ) ആയിരിക്കും ഇവ സൂക്ഷിക്കപ്പെടുക. ചിലവയിൽ മൈക്രോകോഡ് സൂക്ഷിക്കുവാൻ എസ്.ആർ.എ.എം., ഫ്ലാഷ് മെമ്മറി എന്നിവയിലേതെങ്കിലും ഉപയോഗപ്പെടുത്താറുണ്ട്. സാധാരണ പ്രോഗ്രാമർക്കോ അസെംബ്ലി പ്രോഗ്രാമർക്കുപോലുമോ ഇവയെ മാറ്റാനോ ഉപയോഗിക്കാനോ കഴിയില്ല. ഒരേ കുടുബത്തിൽപ്പെട്ട പ്രോസസ്സറുകളിൽ ഒരു യന്ത്രഭാഷ ഉപയോഗിക്കാൻ കഴിയുന്നതുപോലെ മൈക്രോകോഡിനെ ഉപയോഗിക്കാൻ കഴിയില്ല, പ്രോസസ്സർ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്ക് സർക്യൂട്ടിൽ മാത്രമേ അവ പ്രവർത്തിക്കുകയുള്ളൂ.

"https://ml.wikipedia.org/w/index.php?title=മൈക്രോകോഡ്&oldid=1727801" എന്ന താളിൽനിന്ന് ശേഖരിച്ചത്