മേരി കസ്സാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേരി കസ്സാറ്റ്
Mary Cassatt photograph 1913.jpg
മേരി കസ്സാറ്റ്
ജനനം
മേരി സ്റ്റീവൻസൺ കസ്സാറ്റ്

(1844-05-22)മേയ് 22, 1844
അലെഘെനി സിറ്റി, പെൻസിൽവാനിയ, യു.എസ്.
മരണംജൂൺ 14, 1926(1926-06-14)(പ്രായം 82)
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംപെൻസിൽവാനിയ അക്കാഡമി ഓഫ് ഫൈൻ ആർട്ട്സ്, ജീൻ-ലിയോൺ ജെറോം, ചാൾസ് ജോഷ്വാൾ ചാപ്ലിൻ, തോമസ് കൂച്ചർ
അറിയപ്പെടുന്നത്ചിത്രരചന
പ്രസ്ഥാനംഇംപ്രഷനിസം
ഒപ്പ്
Redone Mary Cassatt sig.jpg

ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു മേരി സ്റ്റീവൻസൺ കസ്സാറ്റ് (മേയ് 22, 1844 - ജൂൺ 14, 1926)[1]. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ ചിത്രങ്ങളാണ് കൂടുതലായും സൃഷ്ടിച്ചത്. കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകി.

ആദ്യകാലജീവിതം[തിരുത്തുക]

മേരി സ്റ്റീവൻസൺ കസ്സാറ്റ് 1844 മേയ് 22-ന് പെൻസിൽവാനിയയിലെ അലെഗെനി സിറ്റിയിൽ ഒരുു ഉപരി-മധ്യവർത്തികുടുംബത്തിൽ ജനിച്ചു[2]. പിതാവ് റോബർട്ട് സിംപ്സൺ കസ്സാറ്റ് ഒരു സ്റ്റോക്ക് ബ്രോക്കറും ഭൂമി കച്ചവടക്കാരനുമായിരുന്നു. അമ്മ കാതറിൻ കെൽസോ ജോൺസ്റ്റൺ ബാങ്കിംഗ് മേഖലയിലുള്ള ഒരു കുടുംബത്തിൽ നിന്നുള്ള സ്ത്രീയായിരുന്നു. കുടുംബത്തിന്റെ ഉയർന്ന സാമൂഹിക നിലയനുസരിച്ചായിരുന്നു മേരി വളർന്നത്. ഒരു മികച്ച ഭാര്യയും അമ്മയും ആക്കിമാറ്റുക എന്ന ലക്ഷ്യത്തിൽ ഹോം മേക്കിങ്ങ്, എംബ്രോയിഡറി, മ്യൂസിക്, സ്കെച്ചർ, പെയിൻറിംഗ് തുടങ്ങിയവയായിരുന്നു മേരിയുടെ സ്കൂൾ വിദ്യാഭ്യാസകാലത്തെ വിഷയങ്ങൾ. 1850-കളിൽ കസ്സാറ്റ് കുടുംബം യൂറോപ്പിലേക്ക് മാറി. യൂറോപ്പിൽ അഞ്ചു വർഷം ചെലവഴിച്ച അവർ ലണ്ടൻ, പാരിസ്, ബെർലിൻ എന്നിവയുൾപ്പെടെ പല യൂറോപ്യൻ തലസ്ഥാനനഗരങ്ങളും സന്ദർശിച്ചു. ഈ കാലത്തായിരുന്നു ഡ്രോയിംഗിലും സംഗീതത്തിലും മേരിയുടെ ആദ്യ പാഠങ്ങൾ.

ചിത്രകലാപഠനം[തിരുത്തുക]

ആ കാലത്തെ സ്ത്രീകൾക്ക് ഒരു കരിയർ പിന്തുടരുന്ന പതിവില്ലായിരുന്നുവെങ്കിലും പതിനാറാം വയസിൽ മേരി കസ്സാറ്റ് ഫിലഡെൽഫിയയിലെ പെൻസിൽവാനിയ അക്കാദമി ഓഫ് ഫൈൻ ആർട്ട്സിൽ ചേർന്നു. അവിടത്തെ പുരുഷ അധ്യാപകരുടെയും സഹപാഠികളുടെയും മനോഭാവം നിരാശാജനകമായിരുന്നു. കൂടാതെ പാഠ്യപദ്ധതിയുടെ മെല്ലെപ്പോക്കും അപര്യാപ്തമായ സിലബസ്സും കണ്ട് മേരി അവിടത്തെ പഠനം ഉപേക്ഷിക്കുകയും യൂറോപ്പിലേക്ക് മടങ്ങി അവിടെ പഴയ അധ്യാപകരുടെ കൂടെ പ്രവർത്തിച്ച് നേരിട്ട് പഠിക്കുവാൻ തീരുമാനിക്കുകയും ചെയ്തു[2]. ഈ തീരുമാനത്തിനെതിരെ കുടുംബത്തിന്റെ ശക്തമായ എതിർപ്പ് നിലനിന്നിരുന്നു. തന്റെ മകൾ വിദേശത്ത് ഒരു ബൊഹീമിയൻ ആയി ജീവിക്കുന്നത് കാണുന്നതിലും ഭേദം അവൾ മരിക്കുന്നതാണെന്ന് മേരിയുടെ പിതാവ് പ്രസ്താവിച്ചു. എങ്കിലും, മേരി കസ്സാറ്റ് 1866-ൽ പാരീസിലേക്ക് തിരിച്ചു. ലോവ്രെയിലെ സ്വകാര്യ കലാപഠനകേന്ദ്രങ്ങളിൽ അവർ പഠനത്തിന് തുടക്കമിട്ടു. 1868-ൽ ഫ്രഞ്ച് ഗവൺമെൻറ് നടത്തുന്ന ഒരു വാർഷിക പ്രദർശനമേളയായ പാരീസ് സലോണിൽ മേരി വരച്ച പോർട്രെയ്റ്റുകൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് തന്നെ തള്ളിപ്പറഞ്ഞതോർത്ത്, മേരി സ്റ്റീവൻസൻ എന്ന പേരിലാണ് അവർ പെയിന്റിംഗ് സമർപ്പിച്ചത്. ഈ ചിത്രപ്രദർശനത്തോടെ മേരി കസാറ്റ് വളരെയധികം ശ്രദ്ധ നേടി.

അമേരിക്കയിൽ[തിരുത്തുക]

1870-ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ, മേരി കസ്സാറ്റ് അമേരിക്കയിൽ തന്റെ മാതാപിതാക്കളുടെയടുത്ത് മടങ്ങിയെത്തി. വിദേശത്ത് താമസിക്കുന്നതിനിടയിൽ തനിക്കുണ്ടായിരുന്ന കലാപരമായ സ്വാതന്ത്ര്യം ഫിലഡെൽഫിയയിൽ ലഭിച്ചില്ല. ചിത്രരചനക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പിതാവ് കലയുമായി ബന്ധപ്പെട്ട യാതൊരു സഹായവും നൽകാൻ വിസമ്മതിച്ചു. സാമ്പത്തികകാരണങ്ങളാൽ തന്റെ ചില ചിത്രങ്ങൾ ന്യൂയോർക്കിൽ വിൽക്കാൻ അവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1871-ൽ ചിക്കാഗോയിൽ ഒരു ഡീലറുടെ സഹായത്തോടെ വീണ്ടും വിൽക്കാൻ ശ്രമിച്ചപ്പോൾ ആ പെയിന്റിംഗുകൾ തീപ്പിടുത്തത്തിൽ നശിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_കസ്സാറ്റ്&oldid=3109162" എന്ന താളിൽനിന്ന് ശേഖരിച്ചത്