Jump to content

മെറിൽ വിൻ ഡേവീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെയിൽസിലെ ഒരു ഇസ്‌ലാമിക പണ്ഡിതയും എഴുത്തുകാരിയും ആയിരുന്നു മെറിൽ വിൻ ഡേവീസ് (23 ജൂൺ 1948 - 1 ഫെബ്രുവരി 2021). ഇസ്‌ലാമിക വിഷയങ്ങളിലും ചരിത്രത്തിലും പ്രാവീണ്യം നേടിയ മെറിൽ വിൻ ഡേവീസ്, ലണ്ടനിലെ മുസ്‌ലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായിരുന്നു[1]. സിയാവുദ്ദീൻ സർദാറുമായി ചേർന്നും ഒറ്റക്കും നിരവധി രചനകൾ ഇവരുടേതായി ഉണ്ട്.

ജീവിതരേഖ

[തിരുത്തുക]

1949 ജൂൺ 23 ന് വെയിൽസിലാണ് മെറിൽ വിൻ ഡേവീസ് ജനിച്ചത്. [2] ഗ്രാമർ സ്കൂളിൽ നിന്ന് എ ലെവൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ[3], ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നരവംശ ശാസ്ത്രം അഭ്യസിച്ചു. വെയിൽസിലെ പ്രാദേശിക പത്രങ്ങളിൽ ജോലിയാരംഭിച്ച മെറിൽ വിൻ ഡേവീസ്, ബിബിസി റേഡിയോയിലും പ്രവർത്തിച്ചു. പത്ത് വർഷത്തോളം ബിബിസിയിലെ വിശ്വാസപാഠ പരിപാടികളുമായി ചെലവിട്ട മെറിൽ വിൻ ഡേവീസ്, എവെരിമാൻ, ഹാർട്ട് ഓഫ് ദ മാറ്റർ, ഗ്ലോബൽ റിപ്പോർട്ട് എന്നീ പരിപാടികളിലും എൻകൗണ്ടേഴ്സ് വിത് ഇസ്‌ലാം എന്ന പരമ്പരയിലും പ്രവർത്തിച്ചു വന്നു.

1981-ൽ തന്റെ 31-ആം വയസ്സിൽ മെറിൽ വിൻ ഡേവീസ് ഇസ്‌ലാം മതം സ്വീകരിച്ചു.[3] വൈജ്ഞാനിക പ്രവർത്തനങ്ങൾക്കായി 1985-ൽ ബിബിസിയിൽ നിന്ന് വിരമിച്ച അവർ ലണ്ടനിലെ എൻക്വയറി എന്ന ഇസ്‌ലാമിക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. 1990-കളിൽ മലേഷ്യയുടെ മുൻ ഉപപ്രധാനമന്ത്രിയും പിന്നീട് പ്രതിപക്ഷ നേതാവുമായിരുന്ന അൻവർ ഇബ്രാഹിമിന്റെ ഉപദേശകയായി അവർ പ്രവർത്തിച്ചു. ടിവി3 മലേഷ്യയ്ക്കായി 'ഫേസസ് ഓഫ് ഇസ്‌ലാം' എന്ന പരമ്പര നിർമ്മിച്ചു. അൻവർ ഇബ്രാഹിം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ സിംഗപ്പൂരിലേക്ക് രക്ഷപ്പെട്ട മെറിൽ വിൻ ഡേവീസ്[3] 1996-ൽ യുകെയിൽ തിരിച്ചെത്തി. അവിടെ മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടന്റെ മീഡിയ ഓഫീസറായി പ്രവർത്തിച്ചു. 2009-ൽ, അവർ മുസ്ലീം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലണ്ടനിന്റെ ഡയറക്ടറായി. 

ഇസ്‌ലാമിക വിജ്ഞാനത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം അമേരിക്കൻ-ഹോളിവുഡ് വിമർശനം കൂടി മെറിൽ വിൻ ഡേവീസ് നടത്തി വന്നു. സഹ എഴുത്തുകാരനായ സിയാവുദ്ദീൻ സർദാറുമായി എഴുതിയ മൂന്ന് പുസ്തകങ്ങളിലായി മെറിൽ വിൻ ഡേവീസ് അമേരിക്കൻ മിത്തോളജിയുടെ അടിസ്ഥാനങ്ങളായി താഴെ പറയുന്ന കാര്യങ്ങൾ ആരോപിക്കുന്നുണ്ട്.

ഭയം അത്യാവശ്യമാണ് ("Fear is essential"), രക്ഷപ്പെടലാണ് നിലനിൽപ്പിന്റെ അടിസ്ഥാനം ("Escape is the reason for being"), രാഷ്ട്രത്തിന്റെ ആശയം അമേരിക്ക എന്നതാണ് ("America is the idea of nation"), അമേരിക്കൻ ജനാധിപത്യത്തിന് സാമ്രാജ്യത്വപരമാവാനുള്ള അവകാശമുണ്ട് ("American democracy has the right to be imperial and express itself through empire"), സിനിമ ആ സാമ്രാജ്യത്തിന്റെ ചാലകശക്തിയാണ് ("American democracy has the right to be imperial and express itself through empire") തുടങ്ങിയവയാണ് അവ.

അമേരിക്കൻ മനസിനെ പഠിക്കാനായി ഈ തത്വങ്ങൾ അറിയേണ്ടത് അനിവാര്യമാണെന്ന് മെറിൽ വിൻ ഡേവീസ് അവകാശപ്പെടുന്നുണ്ട്.

2021 ഫെബ്രുവരി 1-ന് തന്റെ 71-ആം വയസ്സിൽ മെറിൽ വിൻ ഡേവിസ് അന്തരിച്ചു.[2]

ഇൻട്രൊഡ്യൂസിങ് ആന്ത്രപോളജി (2002), ഡാർവിൻ ആൻഡ് ഫണ്ടമെന്റലിസം (2000), ബിയോണ്ട് ഫ്രോണ്ടിയേഴ്സ്: ഇസ്‌ലാം ആൻഡ് കൺടെമ്പററി നീഡ്സ് (1989), നോയിങ് വൺ അനതർ: ഷേയ്പിങ് ആൻ ഇസ്‌ലാമിക് ആന്ത്രപോളജി (1988) എന്നിവ മെറിൽ വിൻ ഡേവിസിന്റെ സ്വതന്ത്ര രചനകളാണ്.

സിയാവുദ്ദീൻ സർദാർക്കൊപ്പവും നിരവധി രചനകൾ മെറിൽ വിൻ ഡേവിസ് നടത്തിയിട്ടുണ്ട്.

വിൽ അമേരിക്ക ചേഞ്ച് (2008), അമേരിക്കൻ ഡ്രീം, ഗ്ലോബൽ നൈറ്റ്മേർ (2004), ദ നോ നോൺസെൻസ് ഗൈഡ് റ്റു ഇസ്‌ലാം (2004), വൈ ഡു പീപ്പിൾ ഹേറ്റ് അമേരിക്ക (2003), ഡിസ്റ്റോർട്ടഡ് ഇമേജിനേഷൻ: ലെസൻ ഫ്രം റുഷ്ദീ അഫയർ (1990), ഫേസസ് ഓഫ് ഇസ്‌ലാം: കൺവെർസേഷൻസ് ഓൺ കൺടെമ്പററി ഇഷ്യൂസ് (1989), ബർബേറിക് അദേഴ്സ്: എ മാനിഫെസ്റ്റോ ഓൺ വെസ്റ്റേൺ റേസിസം (1993) (ആശിഷ് നന്ദി, സിയാവുദ്ദീൻ സർദാർ, മെറിൽ വിൻ ഡേവിസ് എന്നീ മൂന്ന് പേർ ചേർന്ന്) തുടങ്ങിയ കൃതികളുടെ രചനയിൽ മെറിൽ പങ്ക് വഹിച്ചു.

അവലംബം

[തിരുത്തുക]
  1. "Muslim Institute Home Page". The Muslim Institute. 2014-05-11. Retrieved 2014-07-09.
  2. 2.0 2.1 "Merryl Wyn Davies (23 June 1949–1 February 2021)". musliminstitute.org. Retrieved 2021-02-11.
  3. 3.0 3.1 3.2 WalesOnline (2011-09-08). "Muslim convert Merryl Wyn Davies calls for better understanding on 9/11 anniversary". WalesOnline (in ഇംഗ്ലീഷ്). Retrieved 2021-02-02.
"https://ml.wikipedia.org/w/index.php?title=മെറിൽ_വിൻ_ഡേവീസ്&oldid=3800418" എന്ന താളിൽനിന്ന് ശേഖരിച്ചത്