ഉള്ളടക്കത്തിലേക്ക് പോവുക

മാർക്കസ് വിപ്സേനിയസ് അഗ്രിപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർക്കസ് വിപ്സേനിയസ് അഗ്രിപ്പ
മാർക്കസ് വിപ്സേനിയസ് അഗ്രിപ്പയുടെ പ്രതിമ
AllegianceRoman Empire
Years of service45 BC – 12 BC
RankGeneral
CommandsRoman army
Battles / warsCaesar's civil war
Battle of Munda
Battle of Mutina
Battle of Philippi
Battle of Actium

മാർക്കസ് വിപ്സേനിയസ് അഗ്രിപ്പ റോമൻ പട്ടാളമേധാവിയും രാജ്യതന്ത്രജ്ഞനും ആയിരുന്നു. അഗസ്റ്റസ് ചക്രവർത്തിയുടെ (ബി.സി. 63 എ.ഡി. 14) ജാമാതാവായിരുന്ന അഗ്രിപ്പ, ചക്രവർത്തിയുടെ അധികാരം ഉറപ്പിക്കുവാൻ പല യുദ്ധങ്ങളും നയിച്ചിട്ടുണ്ട്. പോംപിയുടെ രണ്ടാമത്തെ പുത്രനായ സെക്സ്റ്റസ് പോംപിയസ് അഗസ്റ്റസിനെ പരാജയപ്പെടുത്തി. അഗസ്റ്റസിന്റെ ആവശ്യപ്രകാരം അഗ്രിപ്പ പോംപിയസിനെ മൈലേ, നൗലോക്കസ് എന്നീ യുദ്ധങ്ങളിൽ (ബി.സി. 36) തോല്പിച്ചു. പിന്നീട് മാർക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനകളെ ആക്‌ടിയം യുദ്ധത്തിൽ (ബി.സി. 31) ഇദ്ദേഹം തോല്പിക്കുകയുണ്ടായി. ജൂലിയ(അഗസ്റ്റസിന്റെ പുത്രി)യുടെ ആദ്യഭർത്താവ് നിര്യാതനായപ്പോൾ, അവളെ അഗസ്റ്റസ് ചക്രവർത്തി അഗ്രിപ്പയ്ക്ക് വിവാഹം ചെയ്തുകൊടുത്തു.

ഗോളിലും സ്പെയിനിലും പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലഹങ്ങളെ അമർച്ചചെയ്യുന്നതിൽ അഗ്രിപ്പ വിജയിച്ചു. റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സഞ്ചരിച്ച് ആ പ്രദേശങ്ങളെ ശക്തമാക്കുന്നതിലും വിദേശീയരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ദൃഢമാക്കുന്നതിലും അഗ്രിപ്പ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. നല്ല ഭരണാധികാരിയും ഭാവനാസമ്പന്നനായ ഒരു എൻജിനീയറുമായിരുന്ന അഗ്രിപ്പ, റോമിലെ നഗരപരിഷ്കരണത്തിന് നേതൃത്വം നല്കി. നിരവധി ഉദ്യാനങ്ങളും മ്യൂസിയവും പാന്തിയോൺ ഉൾ പ്പെടെയുള്ള പല മന്ദിരങ്ങളും ഇദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം നിർമ്മിക്കപ്പെട്ടു. 'അക്വാജൂലിയ' എന്ന ജലവാഹികയും (aqueduct) അഗ്രിപ്പ നിർമിച്ചതാണ്. പല ഭൂമിശാസ്ത്ര രേഖകളും ഒരു ഭൂപടവും ജീവിതക്കുറിപ്പുകളും ഇദ്ദേഹത്തിന്റേതായി അവശേഷിക്കുന്നു.

അഗ്രിപ്പയ്ക്ക് അഗസ്റ്റസിന്റെ പുത്രിയായ ജൂലിയയിൽ ജനിച്ച അഗ്രിപ്പിന എന്ന പുത്രി ജർമാനിക്കസ് സീസറിനെയാണ് വിവാഹം കഴിച്ചത്. പില്ക്കാലത്തു ചക്രവർത്തിയായ കലിഗുള അവരുടെ പുത്രനായിരുന്നു. കലിഗുളയുടെ (12-41) സഹോദരിയായ രണ്ടാം അഗ്രിപ്പിന നീറോചക്രവർത്തിയുടെ (37-68) മാതാവായിരുന്നു. അവർക്ക് ആദ്യഭർത്താവിൽ ജനിച്ചതാണ് നീറോ. എ.ഡി. 49-ൽ അഗ്രിപ്പിന ക്ലോഡിയസ്സിനെ വിവാഹം കഴിച്ചു. ക്ളോഡിയസ്സിനെ വധിച്ചശേഷം സിംഹാസനം നീറോയ്ക്കുവേണ്ടി ഇവർ കൈവശപ്പെടുത്തി. പക്ഷേ നീറോ മാതാവിനെ വധിച്ചു. അഗ്രിപ്പിനാ എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്ന ചില ഓർമക്കുറിപ്പുകളുടെ ഭാഗങ്ങൾ നിലവിലുണ്ട്. ബി.സി. 12-ൽ ഇറ്റലിയിലെ കമ്പാനിയായിൽവച്ച് അഗ്രിപ്പ നിര്യാതനായി.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മാർക്കസ് വിപ്സേനിയസ് അഗ്രിപ്പ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.