മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം
ഭാരത സർക്കാർ ഭരണഘടന പ്രകാരം ഉറപ്പു നൽകിയിട്ടുള്ളതും മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങൾക്കും മറ്റും കൂടുതൽ ഫലപ്രപ്രദമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഭാരത സർക്കാർ നിർമ്മിച്ചിട്ടുള്ള നിയമമാണ് ഇത് (Maitnenance and Welfare of Parents and Senior Citizens Act). ഈ നിയമത്തിന് 29-12-2007 തിയ്യതി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. 31-12-2007 തിയ്യതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ ( അസാധാരണം) പാർട്ട് -2 -ൽ ഈ നിയമം പ്രസിദ്ധീകരിച്ചു.
ഉദ്ദേശ ലക്ഷ്യങ്ങൾ
[തിരുത്തുക]സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത മാതാപിതാക്കള്ക്കും അല്ലെങ്കിൽ മുതിർന്ന പൗരന്മാർക്കും വേണ്ടി അവരുടെ മക്കൾ/ബന്ധുക്കളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമമാണ് ഇത്. മക്കളോ/ ബന്ധുക്കളൊ ഇത്തരം ആളുകളെ സംരക്ഷിക്കാത്ത പക്ഷം അവർക്ക് ട്രൈബ്യൂണലിൽ അപേക്ഷ ബോധിപ്പിക്കുവാനും മക്കൾ/ബന്ധുക്കളിൽ നിന്നും പ്രതിമാസ നിരക്കിൽ ഒരു തുക സമയാസമയങ്ങളിൽ ഇവർക്ക് ലഭ്യമാക്കുവാനും ഈ നിയമപ്രകാരം സാധ്യമാകുന്നു.
നിർവ്വചനങ്ങൾ
[തിരുത്തുക]- മക്കൾ: മക്കൾ എന്നതിൽ മകനും മകളും പൗത്രനും പൗത്രിയും ഉൾപ്പെടുന്ന പ്രായപൂർത്തിയാവരാണ്
- മാതാവ്/പിതാവ്: എന്നാൽ ജീവശാസ്ത്രപരമായോ ദത്തെടുപ്പു വഴിയോ ആയ അച്ഛോ അമ്മയോ അല്ലെങ്കിൽ രണ്ടാനഛനോ രണ്ടാനമ്മയോ എന്നിവർ ഉൾപ്പെടുന്നതാണ്. എന്നാൽ ഇത്തരത്തിളുള്ള മാതാവ്/ പിതാവ് എന്നിവർ മുതിർന്ന പൗരന്മാർ ആകണമെന്ന് നിർബന്ധമില്ല.
- മുതിർന്ന പൗരൻ; എന്നാൽ അറുപതു വയസ്സോ അതിനു മുകളിലൊ പ്രായമുള്ള ഇന്ത്യൻ പൗരനായ വ്യക്തി എന്നാണ്.
- ബന്ധു; എന്നാൽ മക്കളില്ലാത്ത മുതിർന്ന പൗരന്റെ മൈനറല്ലാത്തതും അയാളുടെ സ്വത്ത് കൈവശം വച്ചുകൊണ്ടിരിക്കുന്നവരും അയാളുടെ മരണ ശേഷം പിന്തുടർച്ചാവകാശം ലഭിക്കുന്നതുമായ ഏതെങ്കിലും നിയമാനുസൃത അവകാശി എന്നർത്ഥമാക്കുന്നു.
- സംരക്ഷണം: എന്നാൽ ഭക്ഷണവും വസ്ത്രവും പാർപ്പിടവും വൈദ്യ പരിചരണവും ചികിൽസയും നൽകുന്നത് എന്ന് ഉൾപ്പെടുന്നു.
- ക്ഷേമം: എന്നാൽ ഭക്ഷണവും ആരോഗ്യ സംരക്ഷണവും വിനോദകേന്ദ്രങ്ങളും മുതിർന്ന പൗരന്മാർക്ക് ആവശ്യമായ മറ്റ് സുഖസൗകര്യങ്ങൾ എന്നർഥമാക്കുന്നു
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണം
[തിരുത്തുക]തന്റെ സമ്പാദ്യം കൊണ്ടോ തന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് കൊണ്ടോ സ്വയം സംരക്ഷിക്കാൻ കഴിയാതെ വരുന്ന മാതാവ്/പിതാവ് എന്നിവർക്ക് അയാളുടെ മൈനറല്ലാത്ത ഒന്നോ അതിലധികമോ മക്കൾക്കെതിരെയും, മക്കളില്ലാത്ത മുതിർന്ന പൗരന്റെ കാര്യത്തിൽ അയാളുടെ ബന്ധുവില് നിന്നും സംരക്ഷണം കിട്ടുവാൻ അർഹതയുണ്ടായിരിക്കും.ഇത്തരത്തിൽ മാതാപിതാക്കളെയും മുതിർന്ന പൗരന്മാരേയും സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരായവർ അപ്രകാരം ചെയ്യുവാൻ വിമുഖത കാണിക്കുന്ന പക്ഷം അവർക്കെതിരെ നടപടിയെടുക്കുവാൻ ഈ നിയമ പ്രകാരം സാധിക്കുന്നതാണ്. മക്കളുടെ/ബന്ധുവിന്റെ ബാദ്ധ്യത ഒരു സാധാരണ ജീവിതം നയിക്കുവാൻ അത്തരത്തിലുള്ള മാതാവിനോ പിതാവിനോ അല്ലെങ്കിൽ മുതിർന്ന പൗരനോ എന്തെല്ലാം കാര്യങ്ങൾ ആവശ്യമാണൊ അതെല്ലാം നൽകുക എന്നതാണ്. മക്കളില്ലാത്ത മുതിർന്ന പൗരന്റെ കാര്യത്തിൽ അയാളുടെ ബന്ധുവും മതിയായ സാമ്പത്തിക സ്ഥിതിയുള്ളതുമായ ഒരാൾ, അങ്ങനെയുള്ള മുതിർന്ന പൗരന്റെ സ്വത്ത് കൈവശം വച്ച്കൊണ്ടിരിക്കുകയാണെങ്കിലോ, അങ്ങനെയുള്ള മുതിർന്ന പൗരന്റെ സ്വത്തിൽ പിന്തുടർച്ചാവകാശം ലഭിക്കുമെങ്കിലോ അങ്ങനെയുള്ള മുതിർന്ന പൗരനെ സംരക്ഷിക്കേണ്ടതാണ്.
സംരക്ഷണത്തിനുള്ള അപേക്ഷയും നടപടിക്രമങ്ങളും
[തിരുത്തുക]സംരക്ഷണത്തിനുള്ള അപേക്ഷ സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത മാതാവിനോ/പിതാവിനോ അല്ലെങ്കിൽ മുതിർന്ന പൗരനൊ ട്രൈബ്യൂണൽ മുമ്പാകെ നൽകാവുന്നതാണ്. കേരളത്തിൽ അപേക്ഷ റവന്യൂ ഡിവിഷനൽ ഓഫീസർ (R.D.O) മുമ്പാകെയാണ് നൽകേണ്ടത്. അപേക്ഷകന് അപേക്ഷ നൽകുവാൻ പ്രാപ്തിയില്ലെങ്കിൽ അയാൾ അധികാരപ്പെടുത്തിയ മറ്റൊരാൾക്കോ നിയമാനുസൃതം രജിസ്റ്റർ ചെയ്ത സംഘടനയ്ക്കോ ഇത്തരത്തിൽ അപേക്ഷ നൽകാവുന്നതാണ്. കൂടാതെ ട്രൈബ്യൂണലിനു സ്വമേധയാ നടപടിയെടുക്കുവാനും അധികാരമുണ്ടായിരിക്കും.സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ട്രൈബ്യൂണലിനു ലഭിച്ചു കഴിഞ്ഞാൽ, ട്രൈബ്യൂണൽ എതിർകക്ഷിക്ക് നോട്ടീസ് നൽകുകയും തുടർന്ന് എതിർകക്ഷിക്ക് മറുപടി ബോധിപ്പിക്കുവാൻ അവസരം കൊടുക്കുന്നതുമാണ്. സംരക്ഷണത്തിനുള്ള അപേക്ഷ ഒന്നോ അതിലധികമോ മക്കൾക്കെതിരേയോ മക്കളില്ലാത്ത മുതിർന്ന പൗരന്മരുടെ കാര്യത്തിൽ ബന്ധുക്കൾക്കെതിരെയോ നൽകാവുന്നതാണ്.പ്രധാന അപെക്ഷ നിലനിൽക്കേ ത്തന്നെ , താൽക്കാലിക പ്രതിമാസ ബത്ത നൽകുവാൻ എതിർകക്ഷിയോട് ഉത്തരവിടുവാനും ട്രൈബ്യൂണലിന് അധികാരമുണ്ടായിരിക്കും. ഏതെങ്കിലും മകൻ/മകൾ/ബന്ധുവിന് ഇത്തരത്തിൽ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള മറ്റുള്ളവരേയും ഈ അപേക്ഷയിൽ കക്ഷി ചേർക്കാവുന്നതാണ്. എതിർകക്ഷി/കൾക്ക് നോട്ടീസ് നൽകിയ ശേഷം ട്രൈബ്യൂണൽ ജീവനാംശ തുകയെ സംബന്ധിച്ചുള്ള അന്യോഷണം നടത്തുന്നതായിരിക്കും. ഇത്തരം അപേക്ഷ ലഭിക്കുകയും നോട്ടീസ് നൽകയും ചെയ്ത് 90 ദിവസത്തിനകം, ട്രൈബ്യൂണൽ അപേക്ഷയിൽ തീർപ്പു കൽപ്പിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ നിശ്ചിത കാലാവധിക്കുള്ളിൽ തീർപ്പ് കൽപ്പിക്കാൻ പറ്റാതെ വരികയാണെങ്കിൽ മതിയായ കാരണം രേഖപ്പെടുത്തി പരമാവധി 30 ദിവസത്തേക്ക് കാലയളവ് നീട്ടാവുന്നതാണ്.
സംരക്ഷണത്തിന് വേണ്ടിയുള്ള നടപടിയിൽ ട്രൈബ്യൂണലിന് പ്രസ്തുത എതിർകക്ഷിക്കെതിരെ, അപേക്ഷകന് ജീവനാംശ തുകയും നടപടിചിലവികലും നൽകുവാൻ ഉത്തരവ് കൽപ്പിക്കാവുന്നതാണ്. അപേക്ഷയിൽ വിധിയായ തിയതി മുതൽക്കോ അല്ലെങ്കിൽ ട്രൈബ്യൂണൽ പ്രത്യേകം ഉത്തരവിടുന്ന പക്ഷം അപേക്ഷ തിയ്യതി മുതൽക്കോ പ്രസ്തുത ജീവനാംശം കൊടുക്കുവാൻ എതിർകക്ഷി/കളോട് ഉത്തരവിടാവുന്നതാണ്. അപേക്ഷയിൽ അവസാന വിധി പുറപ്പെടുവിച്ച്തിന് ശേഷവും എതിർകക്ഷി/കൾ മതിയായ കാരണം കൂടാതെ ഉത്തരവു ലംഘിക്കുന്ന പക്ഷം, അവർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാനും അയാളെ ഒരു മാസം വരേയൊ അല്ലെങ്കിൽ അതിനു മുമ്പേ പണം കൊടുക്കുന്നതായാൽ അതു വരേയോ തടവിൽ പാർപ്പിക്കുവാൻ ഉത്തരവിടാവുന്നതാണ്. എന്നാൽ എതിർകക്ഷിയിൽ നിന്നും വസൂലാക്കുവാനുള്ള തുകയ്ക്കുള്ള അപേക്ഷ, തുക നൽകുവാൻ കൽപ്പിച്ചിട്ടുള്ള തിയ്യതി മുതൽ, 3 മാസത്തിനകം ട്രൈബ്യൂണലിനു സമർപ്പിച്ചിട്ടില്ലെങ്കിൽ പ്രസ്തുത തുക വസൂലാക്കുവാൻ വാറന്റ് പുറപ്പെടുവിക്കാനാവുന്നതല്ല. ട്രൈബ്യൂണലില് മക്കൾ/ബന്ധുവിനെതിരെ അപേക്ഷ ബോധിപ്പിക്കുവാൻ ചില അധികാര പരിധിയുണ്ട്. അതായത് അപേക്ഷകൻ താമസിക്കുന്നതോ അല്ലെങ്കിൽ ഒടുവിൽ താമസിച്ചതോ അല്ലെങ്കിൽ മക്കളോ ബന്ധുവോ താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലിനാണ് അപേക്ഷ ബോധിപ്പിക്കേണ്ടത്. മക്കളോ ബന്ധുവോ ഹാജരാവുന്നത് ഉറപ്പു വരുത്തുവാൻ ക്രിമിനൽ നടപടി നിയമസംഹിത പ്രകാരം വ്യവസ്ഥചെയ്തിട്ടുള്ളതുപോലെ ട്രൈബ്യൂണലിനു ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അധികാരം ഉണ്ടായിരിക്കും. തേളിവുകൾ മക്കളുടെ/ബന്ധുവിന്റെ സാന്നിദ്ധ്യത്തിൽ എടുക്കുന്നതായിരിക്കും. എന്നാൽ എതിർകക്ഷി/കൾ മൻ:പൂർവ്വം ഹാജരാവതിരിക്കുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നുവെന്ന് ട്രൈബ്യൂണലിനു ബോധ്യപ്പെടാൽ കേസ് എക്സ്പാർട്ടിയായി വിധിക്കാവുന്നതാണ്. മക്കളൊ ബന്ധുക്കളൊ ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയാണെങ്കിൽ അവർക്കെതിരെയുള്ള സമൻസ് കേന്ദ്ര സർക്കാർ അധോറിറ്റി മുഖേന അയച്ചു നടത്തുന്നതാണ്.ട്രൈബ്യൂണല് സമ്മറിയായ നറ്റപടി ക്രമം പിന്തുടരുന്നതാണ്. കൂടാതെ തെളിവെടുക്കുവാനും സാക്ഷി സാന്നിധ്യം ഉറപ്പുവരുത്തുവാനും രേഖകളും വസ്ത്തുക്കളും ഹാജറാക്കുന്നതിനുള്ള നറ്റപടിയെടുക്കുവാനും മറ്റും ട്രൈബ്യൂണലിനു സിവിൽ കോടതിയുടെ അധികാരമുണ്ടായിരിക്കും.ട്രൈബ്യൂണലിനു ഉത്തരവിടാവുന്ന പരമാവധി സംഖ്യ 10,000/- രൂപയാണ്.ഇത്തരത്തിലുള്ള പ്രതിമാസ സംഖ്യക്ക് പലിശ നൽകുവാൻ ഉത്തരവിടാനും ട്രൈബ്യൂണലിനു അധികാരമുണ്ട്. അപ്രകാരമുള്ള കുറഞ്ഞ പലിശ 5 % ഉം കൂടിയ പലിശ 18 % ഉം ആകുന്നു.
ട്രൈബ്യൂണലിന്റെ ഉത്തരവു മൂലം സങ്കടക്കാരനായ മാതപിതാക്കൾക്ക് / മുതിർന്ന പൗരന് അപ്പലേറ്റ് ട്രിബ്യൂണലിൽ 60 ദിവസങ്ങൾക്കകം അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. തൽസമയം അപ്പീൽ ബോധിപ്പിക്കുന്നതിൽനിന്ന് മതിയായ കാരണത്താൽ അപ്പീല് വാദി തടയപ്പെട്ടുവെന്നു ട്രൈബ്യൂണലിനു ബോധ്യപ്പെട്ടാൽ 60 ദിവസങ്ങൾക്ക് ശേഷവും അപ്പീൽ സ്വീകരിക്കുന്നതാണ്. ട്രൈബ്യൂണൽ, അപ്പലേറ്റ് ട്രൈബ്യൂണൽ എന്നിവ മുമ്പാകെ അഭിഭാഷകന് കക്ഷിയെ പ്രതിനിധാനം ചെയ്യുവാൻ അവകാശമില്ല.എന്നാൽ ഇത്തരത്തിൽ അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്താമെന്നു ബഹു: കേരള ഹൈക്കോടതി റിട്ട് നമ്പർ 24492/2013 ( ലത സുമം കേസ്) ല് 9-1-2013 തിയ്യതി വിധിപുറപ്പെടുവിച്ചിട്ടുണ്ട്.
ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം
[തിരുത്തുക]മുതിർന്ന പൗരന്മാരുറ്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ വ്യാപകമായ കർമ്മപദ്ധതി സംസ്ഥാന സർക്കാർ നിശ്ചയിക്കേണ്ടതാണ്.ഈ നിയമം പ്രാബല്യത്തിൽ വന്ന ശേഷം മുതിർന്ന പൗരനിൽ നിന്നു ചില സാഹചരയങ്ങളിൽ ആർക്കെങ്കിലും സ്വത്തു കൈമാറിക്കിയിട്ടുണ്ടെങ്കിൽ ആ കൈമാറ്റം അസാധുവാക്കി പ്രഖ്യാപിക്കാൻ ട്രൈബ്യൂണലിന് അധികാരമുണ്ട്. അതായത്, മുതിർന്ന പൗരന് അടിസ്ഥാന ഭൗതിക ആവശ്യങ്ങൾ നൽകിക്കൊള്ളാമെന്ന വ്യവസ്ഥയിൽ അയാളുടെ സ്വത്തുക്കൾ സമ്മാനമായോ മറ്റു വിധത്തിലോ കൈമാറ്റം ചെയ്യുകയും കൈമാറിക്കിട്ടിയ ആൾ അങ്ങനെയുള്ള സുഖ സൗകര്യങ്ങളും ഭൗതിക ആവശ്യങ്ങളും നൽകുന്നത് നിരസിക്കുകയോ വീശ്ചവരുത്തുകയോ ചെയ്താൽ സ്വത്തു കൈമാറ്റം വഞ്ചനാപൂർവ്വമോ ഭീഷണി മൂലമോ സ്വാധീനത്താലോ ഉണ്ടാക്കിയതായി കണക്കാക്കി കൈമാറ്റം നൽകിയയാളുടെ ഇച്ഛയനുസരിച്ച് ട്രൈബ്യൂണലിനു ടി കൈമാറ്റം അസാധുവായി പ്രഖ്യാപിക്കാം.ഈ നിയമം കേരളത്തിൽ നടപ്പാക്കിയത് 24-8-2008 അകയാൽ അതിനു മുമ്പേ നടന്ന ഇത്തരം കൈമാറ്റങ്ങളിൽ നടപെടിയെടുക്കുവാൻ ട്രൈബ്യൂണലിന് അധികാരമില്ല.(Vincent V Augustine and another- WP(C) 2065/2012 of Kerala high court)
കുറ്റങ്ങളും വിചാരണയും
[തിരുത്തുക]മുതിർന്ന പൗരനെ സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ട ആരെങ്കിലും അങ്ങനെയുള്ള മുതിർന്ന പൗരനെ പൂർണ്ണമായി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് അയാളെ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ അയാളെ മൂന്ന് മാസത്തോളമാകാവുന്ന തടവു ശിക്ഷയ്ക്കോ അയ്യായിരം രൂപയോളമാകാവുന്ന പിഴയ്ക്കോ രണ്ടിനും കൂടിയോ ശിക്ഷിക്കാവുന്നതാണ്. ഇത്തരത്തിലുള്ള കുറ്റം കൊഗ്നിസിബിളും ജാമ്യം ലഭിക്കാവുന്നതും സമ്മറിയായി വിചാരണ ചെയ്യാവുന്നതുമാണ്.
അവലംബം
[തിരുത്തുക]- 91 വയസ്സായ പിതാവിന്റെ പരാതി-മലയാള മനോരമ ന്യൂസ്[പ്രവർത്തിക്കാത്ത കണ്ണി]
- First case registered under this Act Archived 2013-10-17 at the Wayback Machine.
- [www.kerala.gov.in/index.php?option=com_docman&task...ബെയർ ആക്ട്]
- പോലീസിന്റെ കടമകൾ Archived 2012-07-17 at the Wayback Machine.
- Bare Act
- [