മസ്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മസ്താൻ എന്ന വാക്കിൻറെ നേർപദം ലഹരി ബാധിച്ചവൻ എന്നാണ്. സൂഫി സന്യാസികളുമായി ബന്ധപ്പെട്ടാണ് ഈ വിശേഷണം നല്കപ്പെടാറുള്ളത്. ആത്മീയ ലഹരി ബാധിച്ചവൻ എന്നാണ് ഇത് കൊണ്ടുള്ള ഉദ്ദേശം. ഇഷ്‌കിൽ മസ്ത്ത് ആകുന്നവൻ അഥവാ ദൈവത്തോടുള്ള പ്രണയത്താൽ സ്വന്തത്തെ മറക്കുന്നവൻ എന്ന നാടൻ പ്രയോഗത്തിൻറെ യഥാർത്ഥ വാക്ക് ‘സക്റാൻ’ എന്നതാണ്. സൂഫി സരണികളിൽ സഞ്ചരിക്കുന്നവർ അഹ്‌വാലുകൾ എന്ന വിവിധ ഘട്ടങ്ങൾ പിന്നിടേണ്ടതായിട്ടുണ്ട്. ഇത്തരം സഞ്ചാരങ്ങൾക്കിടെ കടുത്ത ഈശ്വര പ്രണയത്തിലേക്ക് യാത്രികർ വഴുതി വീഴുക പതിവാണ്. [1] ജദ്ബ്, ജദ്ബിൻറെ ഹാൽ എന്നൊക്കെ ഈ ഘട്ടം അറിയപ്പെടാറുണ്ട്. ഈശ്വര സ്നേഹം ആസ്വദിച്ചു പ്രേമചിത്തരായി മാറിയ ഇത്തരം സൂഫികളെയാണ് സക്റാൻ എന്ന് വിശേഷിപ്പിക്കുന്നത്. ബഹാലീൽ,മജ്‌ദൂബ്, മജാനീൻ, മജാദീബ് എന്നൊക്കെയാണ് മറ്റ് വിശേഷണങ്ങൾ. [2]

മുജ്തദബ് (ദൈവത്തിലേക്ക് ആകർഷിപ്പിക്കപ്പെട്ടവൻ) , വലഹാൻ (ദൈവ സ്നേഹം കൊണ്ട് സംഭ്രാന്തനായവൻ ) , മുസ്തലബ് ( സ്നേഹ സാമ്രാജ്യത്തിലേക്ക് കവർന്നെടുക്കപ്പെട്ടവൻ) , സക്റാൻ (ദൈവിക ചിന്തയിൽ തന്നെ തന്നെ മറന്നവൻ) , വാരിദ് (സ്നേഹചഷകം മതിവരുവോളം ആസ്വദിച്ചവൻ ) , അത്വ്ശാൻ (സ്നേഹപാന മോഹം തീരാത്ത ദാഹാർത്തൻ) എന്നിങ്ങനെ വിവിധ വിശേഷണങ്ങൾ ഉന്മാദ പാഥികരുടെ മേൽ ചാർത്തപ്പെടാറുണ്ട്. ഫന എന്ന സാങ്കേതിക പദം കൊണ്ടാണ് സൂഫികൾ ഈ ഘട്ടത്തെ വിശേഷിപ്പിക്കുക. [3]

പ്രമുഖ സൂഫി പാഥികമാരിലേറെയും ബോധ മണ്ഡലത്തിൽ നിന്ന് കൊണ്ട് മസ്ത് നുകർന്നവരോ അല്ലെങ്കിൽ മസ്ത്തിൽ നിന്ന് ബോധ മണ്ഡലത്തിലേക്ക് തിരിച്ചു വന്നവരോ ആണ്. വിത്യസ്തമായി മത കർമശാസ്ത്ര നിയമങ്ങൾ പോലും ബാധകമല്ലാത്ത വിധം ഉന്മാദം ബാധിക്കുന്നവരും ഇക്കൂട്ടരിലുണ്ട്. തസ്വവ്വുഫ് ശാഖയിൽ ഉത്തമ പദവിക്കാരായി ഗണിക്കപ്പെടാത്തവരാണ് ഇത്തരക്കാർ. ദൈവിക സാമീപ്യത്തിലേക്കുള്ള യാത്രയിൽ ഇടറി വീണവരായാണ് ഇവർ വിശേഷിക്കപ്പെടുന്നത്. [4] ബോധ മണ്ഡലത്തിൽ നിന്നും പുറത്തായ ഇത്തരം വ്യക്തികളെ മതപരമായി പിന്തുടരുവാനോ, അവരുടെ ശിഷ്വത്വം സ്വീകരിക്കുവാനോ പാടില്ലെന്ന് സൂഫി യതികൾ നിഷ്കർഷിക്കുന്നു. [5] [6] [7]

ഇവകൾ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Seyyed Hossein Nasr. “Islam” in Our Religions, edited by Arvind Sharma, San Francisco: Harper Collins, 1993, p. 468
  2. ഇമാം ഇബ്നു അറബി, അൽഫുതൂഹാത്: 2/511
  3. "Fana." Encyclopædia Britannica. 2008. Encyclopædia Britannica Online. (Accessed on 05 Sep. 2008)
  4. Rahman, F. "Baḳāʾ wa- Fanāʾ." Encyclopaedia of Islam. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill, 2008. Brill Online. (Accessed on 04 September 2008.)
  5. ഇബ്ൻ അറബി, ശറഹുൽയൂസുഫ്/ഹിദായ: 190,
  6. സഅ്ദുദ്ദീനുത്തഫ്താസാനി,ശറഹുൽ അഖാഇദ് 139,
  7. ഇബ്നു ഹജറിൽ ഹയ്തമി, ഫതാവൽഹദീസിയ്യയിൽ പേജ്: 224
"https://ml.wikipedia.org/w/index.php?title=മസ്താൻ&oldid=3348279" എന്ന താളിൽനിന്ന് ശേഖരിച്ചത്