മലയാളം ബ്രിട്ടാനിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രസാധന രംഗത്ത് നാഴികക്കല്ലായ മലയാളം എൻസൈക്ലോപീഡിയ എന്ന വിജ്ഞാനകോശത്തിന്റെ പ്രചാരം സിദ്ധിച്ച പേര്. ബ്രിട്ടാനിക്കയുടെ ഇൻഡ്യാ ഓഫീസും കോട്ടയത്തെ ഡി സി ബുക്സും ചേർന്ന് 2003-ൽ പ്രസിദ്ധീകരിച്ച ഇതിനു മൂന്നു വാല്യങ്ങളുണ്ട്. ഫെഡറേഷൻ ഓഫ് ഇൻഡ്യൻ പബ്ലിഷേർസിന്റെ 2004-ലെ മികച്ച പുസ്തക നിർമ്മിതിക്കുള്ള അവാർഡ് ഈ പുസ്തകത്തിനു ലഭിക്കുകയുണ്ടായി[1]. മലയാളത്തിലെ പുസ്തക പ്രസാധക രംഗത്ത് വലിയൊരു കാൽവെപ്പ് എന്ന നിലയിലായിരുന്നു ഇതിന്റെ പ്രസാധനം. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്ന ലോകപ്രശസ്ത സ്ഥാപനം കേരളത്തിലെ ഒരു പ്രസാധന സ്ഥാപനമായ ഡി സി ബുക്സുമായി ചേർന്ന് മലയാളത്തിൽ വിപുലമായ റെഫെറെൻസു ഗ്രന്ഥം ചമയ്ക്കുക എന്നത് ചരിത്ര സംഭവമായിരുന്നു. ഇത്രയും പരസ്യത്തോടെയും പ്രചാരണത്തോടെയും മറ്റൊരു പ്രസിദ്ധീകരണവും മലയാളത്തിൽ ഉണ്ടായിരിക്കാൻ ഇടയില്ല. പുസ്തകം പുറത്തിറങ്ങുന്നതിനു മുൻപ് ഒരു വർഷത്തിലധികം കാലം ഇതിന്റെ പരസ്യം പ്രധാന വർത്തമാനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും തുടർച്ചയായി വന്നിരുന്നു. പ്രസിദ്ധീകരണത്തിനു മുൻപു ഇരുപതിനായിരത്തിലധികം പേർ പുസ്തകത്തിനു പണംകൊടുത്ത് രെജിസ്റ്റെർ ചെയ്തതായി പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. ഇത് മലയാളത്തിലെ പ്രസാധന രംഗത്ത് അസാധാരണമായ സംഭവമായിരുന്നു.

ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ വിവർത്തനമായിരുന്നു ഇത്. ഈ പുസ്തകത്തിന്റെ 22,000 കോപ്പികളോളം വിറ്റിട്ടുണ്ട്. മൂന്നു വാല്യങ്ങളിലായി 3,000 പേജുകളോളം ഈ പുസ്തകത്തിൽ ഉണ്ട്.

കോട്ടയത്തെ ഉപഭോക്തൃ കോടതി ഈ പുസ്തകത്തിന്റെ വില്പന നിരോധിച്ചു. അജയ കുമാർ എന്ന കലാലയ അദ്ധ്യാപകൻ ഈ പുസ്തകത്തിൽ 3,000 തെറ്റുകളോളം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. അന്യായ വാണിജ്യ തന്ത്രങ്ങൾ ഉപയോഗിക്കരുതെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. എന്നാൽ പുസ്തകത്തിൽ നൂറോളം തെറ്റുകളേ ഉള്ളൂ എന്ന് രവി ഡി.സി. അവകാശപ്പെടുന്നു. [2]

വിമർശനം[തിരുത്തുക]

പുസ്തകത്തിന് ഡി സി ബുക്സിന്റെ ഉടമയായ രവി ഡി.സി.യും ബ്രിട്ടാനിക്കയുടെ ഇൻഡ്യാ ഓഫീസിന്റെ അന്നത്തെ ചുമതലക്കാരനായിരുന്ന ആലോക് വാധ്വയും ചേർന്ന് എഴുതിയ ആമുഖത്തിൽ ഇപ്രകാരം പറയുന്നു.

ബ്രിട്ടാനിക്കയുടെ ഉള്ളടക്കം ലോകഭാഷകളിൽ ആദ്യമായി തർജ്ജമ ചെയ്തു പ്രസിദ്ധീകരിക്കുന്നത് മലയാളത്തിലാണ്. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന യത്നമാണിതെന്നതിൽ ഞങ്ങൾക്കു ചാരിതാർത്ഥ്യമുണ്ട്.

ഈ വിധത്തിൽ പ്രസാധകർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു വാസ്തവവിരുദ്ധമാണെന്ന കാര്യം ശ്രദ്ധേയമാണ്. ബ്രിട്ടാനിക്കയുടെ ഉള്ളടക്കം വിവിധഭാഷകളിലേക്കു പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടാനിക്ക എൻസൈക്ലോപിഡിയയിൽ തന്നെ പറയുന്നുണ്ട്. പുസ്തകത്തിന്റെ ആമുഖത്തിൽ ഇത്രയും ഗുരുതരമായ ഒരു പ്രമാദം ഉള്ളത് പ്രസാധകർ ഒരിക്കലും വിശദീകരിക്കുകയുണ്ടായില്ല. മലയാളത്തിലുണ്ടായ വിജ്ഞാനകോശങ്ങളിൽനിന്ന് ഏറെ വിഭിന്നമായ ഒരു ശൈലിയിലാണ് ഇതിലെ ലേഖനങ്ങൾ രചിച്ചിരിക്കുന്നത്. വളരെയധികം ലേഖനങ്ങൾ നർമ്മശൈലിയിൽ എഴുതിയവയാണെന്ന് വായിക്കുന്നവർക്കു തോന്നാം.

ഉദാഹരണത്തിന് ക്രിക്കറ്റ് എന്ന ശീർഷകത്തിനു കീഴിൽ ഇങ്ങനെ കാണാം.

ഇത് നടുക്കായി രണ്ടു വിക്കറ്റുകൾ കുത്തിനിർത്തപ്പെട്ടതും, അവയെ ഓരോ ബാറ്റ്സ്മാനാൽ കാക്കപ്പെട്ടതും, വിശാലമായ ഒരു മൈതാനത്ത് കളിക്കപ്പെടുന്നതും ആയ ഒരു കളിയാണ്. -(പേജ് 557)

ചില ഉദാഹരണങ്ങളിൽ കാടുകയറുന്ന ഭാവനയോടെയാണ് ലേഖകർ വിഷയത്തെ സമീപിക്കുന്നത്. ഉദാഹരണത്തിന് മുന്തിരിച്ചെടി എന്ന ലേഖനം.

പടർന്ന് കയറുവാൻ സഹായം ആവശ്യമുള്ളതും തണ്ടിൽനിന്നും ഉദ്ഭവിക്കുന്ന ചുരുൾവേരുകൾ ചുറ്റിപ്പിരിഞ്ഞ് വളർന്ന് കയറുന്നതും അല്ലെങ്കിൽ നിലത്ത് പടരുന്നതുമായ ഒരു ചെടി അല്ലെങ്കിൽ അതിന്റെ തണ്ട്. ബിറ്റർസ്വീറ്റ്, സാധാരണ മുന്തിരികൾ, ഹണിസക്കിൾസ്, ഐവി, ലിയാനാസ്, തണ്ണിമത്തൻ തുടങ്ങിയവ ഉദാഹരണങ്ങളിൽ പെടുന്നു. -(പേജ് 1730).

തണ്ണിമത്തൻ മുന്തിരിവള്ളിക്ക് ഉദാഹരണമാണെന്നു പറയുന്ന ഒരു റെഫെറെൻസ് ഗ്രന്ഥം മലയാളത്തിൽ എന്നല്ല മറ്റേതെങ്കിലും ഭാഷയിൽ കാണാനിടയില്ല.

നടപ്പാത എന്ന ശീർഷകത്തിനു താഴെക്കാണുന്നത് ഇങ്ങനെ.

ഒരു വഴി, നടപ്പാത, കളിസ്ഥലം, നടുമുറ്റം, ചന്ത മൈതാനം, വിമാനമിറക്കാൻ അടിയന്തരമായി ഉണ്ടാക്കിയ ഇടം എന്നിവയുടെ ഉറപ്പുള്ളതും പഴക്കം നില്ക്കുന്നതുമായ ഉപരിതലഭാഗം. -(പേജ് 1056)

വിമാനം

സ്ഥിരമായിരിക്കുന്ന ചിറകുള്ളതും വായുവിനെക്കാൾ ഭാരമേറിയ സ്ക്രൂ‌പ്രൊപ്പല്ലറുകളോ അതിപ്രവേഗജെറ്റോകൊണ്ട് ചലിപ്പിക്കുന്നതും ചിറകുകകൾഭിമുഖമായി വായുവിന്റെ ചലനാത്മകമായ പ്രതികരണങ്ങൾ പിൻതാങ്ങപ്പെടുന്നതുമായ ആകാശയാനം.
മിക്കവിമാനങ്ങളും കരയിൽനിന്നു നിയന്ത്രിക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കടൽവിമാനങ്ങൾ ജലത്തിനടിയിൽ തൊടാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. -(പേജ് 2026)

പോള്നൈസ് എന്ന ശീർഷകത്തിനു കീഴിൽ ഇങ്ങനെ കാണാം.

17-19 നൂറ്റാണ്ടു കാലത്ത് പലപ്പോഴും കോടതി പ്രവർത്തനത്തിന്റെ ആരംഭത്തിൽ നിർവ്വഹിച്ചിരുന്ന, ഡോട്ടഡ് റിഥം പലവുരു ഉപയോഗിച്ച് 3/4 ആവർത്തിക്കുന്ന പ്രൌഢമായ ആചാരനൃത്തം. ഒരു വീരയോദ്ധാവിന്റെ വിജയനൃത്തമായി ആരംഭമിട്ടിരിക്കാൻ ഇടയുള്ള ഇത് പോളണ്ടിലെ ന്യായാസനം ഒരു ഔപചാരിക നടപടിക്രമമായി സ്വീകരിച്ചു. (സു. എ.ഡി. 1573).

പോളണ്ടിലെ പോളനൈസ് എന്ന നൃത്തം രാജസഭയിൽ ആയിരുന്നു നടന്നത് എന്നതിനാൽ court എന്ന പദത്തിന് കോടതി എന്നു മാത്രമല്ല രാജസഭ എന്നുകൂടി അർത്ഥമുണ്ടെന്ന് അറിയാത്ത പരിഭാഷകന്റെ വിക്രിയ ആവാം ഇത് എന്നൂഹിക്കാവുന്നതാണ്. എങ്കിലും 17-19 നൂറ്റാണ്ടു കാലത്തെ നൃത്തം സുമാർ 1573-ൽ നടക്കുന്നതെങ്ങനെ എന്നു വ്യക്തമല്ല.

പുസ്തകത്തിന്റെ ശരിയായ പേര് പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന പരസ്യങ്ങളിലോ ബ്രോഷറുകളിലോ ഒരിക്കലും കൊടുക്കുകയുണ്ടായില്ല എന്നതും ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. മലയാളം ബ്രിട്ടാനിക്ക എന്നാണ് പ്രസാധകർ ഇതു പ്രചരിപ്പിച്ചത്. എന്നാൽ പുസ്തകത്തിന്റെ പേര് മലയാളം എൻസൈക്ലോപീഡിയ എന്നു മാത്രമാണ്. അവാർഡു വിവരം അടങ്ങുന്ന വാർത്തയിലുള്ളതാവട്ടെ മലയാളം കൺസൈസ് എൻസൈക്ലോപീഡിയ എന്നാണ്. മറ്റൊരു സവിശേഷത ഇത്രയും വിപുലമായ പ്രസാധന പദ്ധതിയായിട്ടും ഒരു നിരൂപണം പോലും ഇതിനെപ്പറ്റി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടില്ലെന്നതാണ്.

അവലംബം[തിരുത്തുക]

  1. The Hindu Business Line
  2. http://in.news.yahoo.com/040810/43/2fffq.html
"https://ml.wikipedia.org/w/index.php?title=മലയാളം_ബ്രിട്ടാനിക്ക&oldid=2295758" എന്ന താളിൽനിന്ന് ശേഖരിച്ചത്