മലംഗ് ഗഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാജി മലംഗ് ഗഡ്
ശ്രീ മലംഗ് വാഡി
Part of മാഥേരൻ ഹിൽ റേഞ്ച്
താനെ ജില്ല, മഹാരാഷ്ട്ര
Malanggad View from Valley.jpg
മലംഗ് ഗഡ്, ഒരു വിദൂരദൃശ്യം

ലുവ പിഴവ് ഘടകം:Location_map-ൽ 414 വരിയിൽ : No value was provided for longitude

Coordinates 19°06′36.2″N 73°10′41.5″E / 19.110056°N 73.178194°E / 19.110056; 73.178194
Type Hill fort
Site information
Owner ഇന്ത്യാ ഗവൺമെന്റ്
Open to
the public
അതെ
Condition അവശിഷ്ടങ്ങൾ
Site history
Materials കല്ല്
Height 3200 അടി.

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ, മാഥേരാൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് മലംഗ് ഗഡ് (ബാബ ഹാജി മലംഗ് ഗഡ് എന്നും അറിയപ്പെടുന്നു). സമുദ്രനിരപ്പിൽ നിന്ന് 789 മീറ്റർ ഉയരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.[1]സൂഫി സന്യാസിയായിരുന്ന അബ്ദുൾ റഹ്മാൻ മലംഗ് ബാബയുടെ (ഹാജി മലംഗ്) ദർഗ ഇവിടുത്തെ പ്രധാന ആകർഷണവും ഒരു പ്രശസ്ത തീർത്ഥാടന കേന്ദ്രവുമാണ്.[2]വിശുദ്ധന്റെ വംശപരമ്പരയിൽ പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന മുസ്ലിം പുരോഹിതനോടൊപ്പം ഒരു ഹിന്ദു ബ്രാഹ്മണ പുരോഹിതനും ഈ ദർഗയിലെ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.[3]

സ്ഥാനം[തിരുത്തുക]

മുംബൈയ്ക്കടുത്തുള്ള കല്യാൺ നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് മലംഗ് ഗഡ് സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ കല്യാൺ ജങ്ക്ഷൻ ആണ്. ഇവിടെ നിന്നും മലംഗ് ഗഡിലേക്ക് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ ലഭ്യമാണ്. അടിവാരത്തു നിന്നും 1 ½ മണിക്കൂർ നടന്നു കയറി ദർഗയിൽ എത്താം. പടിക്കെട്ടകളും ഇരുവശങ്ങളിലുമായി ആരാധനാവസ്തുക്കൾ വിൽക്കുന്ന കടകളും ഭക്ഷണശാലകളുമുണ്ട്. നിറയെ കുരങ്ങന്മാരുള്ള ഈ പ്രദേശത്ത് ഭക്തർ അവർക്ക് കടലയും മറ്റു ഭക്ഷണവസ്തുക്കളും ആചാരത്തിന്റെ ഭാഗമായി നൽകാറുണ്ട്.

ചരിത്രം[തിരുത്തുക]

ഏഴാം നൂറ്റാണ്ടിൽ മൗര്യ രാജവംശത്തിലെ നളദേവ് രാജാവാണ് മലംഗ് ഗഡ് പണികഴിപ്പിച്ചത്. ഈ കാലഘട്ടത്തിൽ “മച്ചിന്ദ്രനാഥ്” എന്ന പേരിൽ അറിയപ്പെട്ട നാഥ്പന്തി സന്യാസിയുടെ വാസസ്ഥാനമായിരുന്നു ഈ കോട്ട. പതിനേഴാം നൂറ്റാണ്ടിൽ മറാഠകൾ ഈ കോട്ട പിടിച്ചെടുത്തു, പിന്നീട് ബ്രിട്ടീഷുകാർ കീഴടക്കി. [4][5]

ഐതിഹ്യം[തിരുത്തുക]

പതിമൂന്നാം നൂറ്റാണ്ടിൽ യെമനിൽ നിന്നും എത്തിയ ഒരു സൂഫി വിശുദ്ധനായിരുന്നു ഹസ്രത് അബ്ദുർ റഹ്മാൻ മലംഗ് എന്ന് വിശ്വസിക്കപ്പെടുന്നു.[6] മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ "നള രാജ" എന്ന രാജാവ് ഭരിച്ചിരുന്നു. സാധാരണക്കാർക്കെതിരായ അതിക്രമങ്ങളും അനീതിയും അദ്ദേഹത്തിന്റെ ഭരണത്തിൽ അസഹനീയമായിരുന്നു. സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്ന ഈ സ്ഥലത്ത് ഒരു സന്ദർശനം നടത്താനും ഈ ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്ത് സാധാരണക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും ദൈവം ബാബാ മലംഗിനോട് ആവശ്യപ്പെട്ടു.

ബാബ മലംഗും അനുയായികളും ഈ മലംഗ് ഗഡിനടുത്തുള്ള ബ്രാഹ്മൺവാഡി എന്ന ചെറിയ ഗ്രാമത്തിലെത്തി. അവിടെയെത്തിയപ്പോൾ അദ്ദേഹത്തിന് വളരെ ദാഹം തോന്നി, ഒരു ബ്രാഹ്മണ കേത്കർ കുടുംബത്തിലെ ഒരു വീട്ടിൽ നിന്ന് വെള്ളം ചോദിച്ചു. ബാബ മലംഗും അനുയായികളും ക്ഷീണിതരാണെന്ന് മനസ്സിലാക്കിയ ബ്രാഹ്മണൻ വിശ്രമിക്കാൻ ഒരു സ്ഥലം ഒരുക്കി, അവർക്ക് വെള്ളത്തിന് പകരം പാൽ നൽകി. ബ്രാഹ്മണന്റെ ഈ വിശുദ്ധ പ്രവൃത്തി ബാബയെ സന്തുഷ്ടനാക്കുകയും അദ്ദേഹം അവരെ അനുഗ്രഹിക്കുകയും ചെയ്തു.

ഐതിഹ്യം അനുസരിച്ച് ഹാജി മലംഗ് രാജാവിനെയും രാജ്ഞിയെയും കല്ലാക്കി മാറ്റി. ഇന്നും വിശ്വാസികൾ ഇവിടെ രാജാവിനെയും രാജ്ഞിയെയും കല്ലെറിയാറുണ്ട്. എറിയുന്ന കല്ല് ലക്ഷ്യത്തിൽ പതിക്കുകയാണെങ്കിൽ ദില്ലി സിംഹാസനമൊഴികെയുള്ള ഏത് ആഗ്രഹവും സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇതിൽ നിന്നും വ്യത്യസ്തമായി നള രാജാവ് ഹാജി മലംഗിനെ ബഹുമാനിച്ചിരുന്നുവെന്നും തന്റെ പുത്രിയെ അദ്ദേഹത്തിന് ശിഷ്യയായി വിട്ടുകൊടുത്തിരുന്നു എന്നും ഒരു വിശ്വാസമുണ്ട്.[7]

ഘടന[തിരുത്തുക]

മൂന്ന് തലങ്ങളിലായാണ് മലംഗ് ഗഡ് നിലകൊള്ളുന്നത്. ആദ്യത്തേത് 1000 അടി വീതിയും 2500 അടി നീളവുമുള്ള ഒരു പരപ്പാണ്. സൂഫി സന്യാസിയായ ഹാജി മലംഗിന്റെ ദർഗ ഇവിടെയാണ്. ഈ പീഠഭൂമിയുടെ അറ്റത്താണ് പഞ്ച് പീർ എന്ന സ്ഥലം. ഹാജി മലംഗിനൊപ്പം വന്ന അഞ്ച് പീറുകളുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ഈ പീഠഭൂമിയെ പിർ മാച്ചി എന്ന് വിളിക്കുന്നു. അടുത്ത ഉയർന്ന നിലയെ സോൻ മാച്ചി എന്ന് വിളിക്കുന്നു. 70 അടി വീതിയും 100 അടി നീളവുമുള്ള ഒരു പാറയുടെ ഭാഗമാണ് ആണിത്. ആനയുടെ തുമ്പിക്കൈയുടെ ആകൃതിയാണ് ഇതിന്. ഇതിന് രണ്ട് വശത്തും കൊത്തളങ്ങളുള്ള ഒരു അര മതിൽ ഉണ്ട്. 200 യാർഡ് നീളവും 70 യാർഡ് വീതിയുമുണ്ട് മലംഗ് ഗഡിന്റെ ഏറ്റവും ഉയർന്ന നിലയ്ക്ക്. കുന്നിൻ മുകളിലുള്ള അഞ്ച് കുഴികളിൽ നിന്നും ചെമ്പ് പൈപ്പ് ഉപയോഗിച്ച് വെള്ളം താഴത്തെ നിലയിലേക്ക് കൊണ്ടുപോകുന്നു. ഹാജി മലംഗ് മഹാരാഷ്ട്രയിലെ മറ്റ് കോട്ടകളിൽ നിന്ന് വ്യത്യസ്തമാണ്. സ്വയം പ്രതിരോധിക്കാൻ കുന്നിന്റെ സ്വാഭാവിക വശങ്ങളെ പൂർണമായും ആശ്രയിക്കുന്ന ചുരുക്കം ചില കോട്ടകളിൽ ഒന്നാണ് ഹാജി മലംഗ്.[4]

അവലംബം[തിരുത്തുക]

  1. "Friends of Forts". മൂലതാളിൽ നിന്നും 2009-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-01.
  2. https://www.mathrubhumi.com/nri/pravasi-bharatham/mumbai/mahanagaram/-malayalam-news-1.877365
  3. https://www.tribuneindia.com/2005/20050515/society.htm
  4. 4.0 4.1 Kantak, M.R. (1993). The First Anglo-Maratha War, 1774-1783. Popular Prakashan. p. 99. ISBN 81-7154-696-X. ശേഖരിച്ചത് 2009-03-16.
  5. Gazetteers Department. "Places of Interest". Government of India. ശേഖരിച്ചത് 2009-03-17.
  6. http://dargahinfo.com/Dargah_History.aspx?HID=19
  7. http://infochangeindia.org/human-rights/41-human-rights/features/5526-the-haji-malang-shrine-whose-god-is-it-anyway

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലംഗ്_ഗഡ്&oldid=3263645" എന്ന താളിൽനിന്ന് ശേഖരിച്ചത്