മതിലേരിക്കന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വടക്കൻ പാട്ടാണു് മതിലേരിക്കന്നി. മതിലേരിക്കന്നി, വേണാട് പൂങ്കുയിലോം കന്നി, ചൂരിയമണി കോവിലകം കന്നി എന്നിങ്ങനെ മൂന്നു കന്നികളുടെ കഥയാണിതു്. മൂന്നു കന്നികളിലും മൂന്നു ഭാവമാണു് പ്രകടമാകുന്നതു്. സാധാരണ വടക്കൻ പാട്ടുകളിൽ നിന്നും വ്യത്യസ്തമായി വീരം, കരുണം എന്നീ രസങ്ങൾക്കൊപ്പം ശൃംഗാരവും മതിലേരിക്കന്നിയിൽ സമന്വയിപ്പിച്ചിട്ടുണ്ടു്. കടത്തനാടൻ ഗ്രാമ്യഭാഷയാണു് ഇതിലെ ഭാഷ. ഈ പാട്ടിൽ പ്രതിഫലിച്ച കേരളത്തെ ആസ്പദമാക്കി 12ആം നൂറ്റാണ്ടിനു പിമ്പും 15ആം നൂറ്റാണ്ടിനു മുമ്പുമായ കാലഘട്ടത്തിലാണെന്നു മനസ്സിലാക്കാം. ഇതൊരു ദുരന്തകാവ്യമാണു്.

ഇതിവൃത്തം[തിരുത്തുക]

കോലത്തിരിയുടെ പടത്തലവനായ മതിലേരി തിയ്യർ വാഴുന്നവരുടെ[1] പുത്രിയാണു് കന്നി. അവളെ വേണാടു വാഴുന്നവർ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞയുടനെ വേണാട്ടരചനു യുദ്ധത്തിൽ പങ്കെടുക്കാനായി കന്നിയെ പിരിയേണ്ടി വരുന്നു. എന്നാൽ ഈ യുദ്ധത്തിന്റെ കാര്യമൊന്നും കന്നിയെ അറിയിച്ചിരുന്നില്ല. ഏറെ കൊല്ലം കാത്തിരുന്നിട്ടും തന്നെപ്പറ്റി തിരക്കാത്ത പതിയെപ്പറ്റി വിലപിക്കുന്ന കന്നിയോട് മതിലേരി വാഴുന്നവർ കാര്യം പറയുന്നു. ഭർത്താവിനെ യുദ്ധത്തിൽ സഹായിക്കാനായി പൊന്നൻ എന്ന പേരിൽ ആൺവേഷം ധരിച്ചു കന്നി അവിടെയെത്തുന്നു. യുദ്ധം ജയിച്ച ശേഷം വേണാടിൽ സസുഖം വാഴുന്ന പൊന്നനോട് തമ്പുരാന്റെ അനുജത്തിയായ പൂങ്കുയിലോം കന്നിക്ക് പ്രണയം തോന്നുന്നു. എന്നാൽ പ്രണയാഭ്യർത്ഥന നിരസിച്ച പൊന്നൻ രാത്രിയിൽ അവിടെ നിന്നും തിരികെ മതിലേരിയിലെത്തുന്നു. പൊന്നനേയും തിരക്കാം ഒപ്പം തന്റെ ഭാര്യയേയും കാണാം എന്ന ചിന്തയിൽ മതിലേരിയിലേക്കു പുറപ്പെടുന്ന തമ്പുരാനെ വഴിക്കുവച്ചു് ചൂരിയമണി കോവിലകം കന്നി കാണുകയും അനുരാഗത്തിലാവുകയും ചെയ്യുന്നു. അദ്ദേഹത്തെ സ്വന്തമാക്കണം എന്ന ചിന്തയിൽ പൂരം നോൽക്കാനായി അവൾ മതിലേരിയിലെത്തുന്നു. അവിടെയെത്തി മതിലേരിക്കന്നിക്കുള്ള പൂരത്തടയിൽ നഞ്ച് ചേർത്ത ശേഷം അവൾ തിരികെ പോയി. വിഷമുള്ള അട തിന്ന കന്നി, തമ്പുരാന്റെ മടിയിൽ കിടന്നു അന്ത്യശ്വാസം വലിക്കുന്നു. ഇപ്പോൾ മാത്രമാണു് വേണാട്ടരചൻ കന്നിയും പൊന്നനും ഒരാളാണെന്നു തിരിച്ചറിയുന്നതു്. പ്രിയതമയുടെ വേർപാടിൽ മനം നൊന്ത് തമ്പുരാനും ചങ്ക് പൊട്ടി മരിക്കുന്നു.

അവലംബം[തിരുത്തുക]

മതിലേരിക്കന്നി - ഒരു പഠനം - വി.ടി. കുമാരൻ മതിലേരിക്കന്നി സമ്പാദകൻ ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ. കേരള സാഹിത്യ അക്കാദമി ജാനുവരി 1979

  1. kanakkur R Suresh (2022). "Mathilerikanni". Manghalam- Series 2022.
"https://ml.wikipedia.org/w/index.php?title=മതിലേരിക്കന്നി&oldid=3774639" എന്ന താളിൽനിന്ന് ശേഖരിച്ചത്