മണ്ണാറശാല യു.പി.സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ഉള്ള ഒരു കേരള സർക്കാർ എയ്ഡഡ് സ്കൂൾ ആണ് മണ്ണാറശാല യു.പി.സ്കൂൾ

ചരിത്രം[തിരുത്തുക]

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിലുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മണ്ണാറശാല യു.പി.സ്കൂൾ. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിന് തെക്ക് വശത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മണ്ണാറശാല നാഗരാജ ക്ഷേത്രം ട്രസ്റ്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1924 ൽ മണ്ണാറശാല കുടുംബാംഗമായ ശ്രീ. എം.ജി.നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായത്. 1923 -കാലത്തിൽ തന്നെ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും ആ വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂളിന് സാരമായ കേട് പാട് സംഭവിച്ചതിനെത്തുടർന്നാണ് 1924 -ൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. മണ്ണാറശാല മലയാളം സ്കൂൾ, മണ്ണാറശാല വെർണക്കുലർ സ്കൂൾ എന്നീ പേരുകളിലാണ് ആദ്യകാലത്ത് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.

ഇന്ന് കാണുന്ന സ്കൂളിന്റെ കിഴക്കേ ബ്ലോക്ക് അക്കാലത്ത് സംസ്കൃത സ്കൂളായാണ് പ്രവർത്തിച്ചിരുന്നത്. അതിന് തെക്ക് വശത്ത് ഒരു ആയുർവ്വേദ സ്കൂളും പ്രവർത്തിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ആയുർവ്വേദ സ്കൂളിന്റെയും സംസ്കൃത സ്കൂളിന്റെയും പ്രവർത്തനം നിലച്ചുപോയി.

അക്കാലത്ത് മലയാളം സ്കൂളിൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠന സൌകര്യം ഉണ്ടായിരുന്നു. പിന്നീട് കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരിച്ചപ്പോൾ ഇത് മണ്ണാറശാല അപ്പർപ്രൈമറി സ്കൂളായി മാറി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന പ്രൈമറി സ്കൂളായി ഈ വിദ്യാലയം മാറി. ഇന്ന് നാല് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച്, ശ്രീ.പരമേശ്വരൻ നമ്പൂതിരി ആയിരുന്നു 1964 -1992 കാലത്ത് പ്രഥമാധ്യാപകനായിരുന്നത്. അക്കാലത്ത് തന്നെ 500 -ലധികം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. തുടർന്ന് 1997 വരെ ശ്രീമതി.രാധമ്മ ആയിരുന്നു സ്കൂളിന്റെ പ്രഥമാധ്യാപിക. ഇക്കാലത്ത് ഏകദേശം 20 അധ്യാപകരോളം സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് പ്രഥമാധ്യാപികയായ ശ്രീമതി ശാന്തമ്മയുടെ കാലത്ത് ചെറിയ തോതിൽ വാഹന സൌകര്യം ഏർപ്പെടുത്തിത്തുടങ്ങി. 1998 -99 കാലത്ത് സ്കൂളിനോട് ചേർന്ന് നഴ്സറി ആരംഭിച്ചു. 1999 -2000 കാലത്ത് സ്വന്തമായി വാഹന സൌകര്യം ഉണ്ടായി. 2000 -2001 അധ്യയന വർഷം മുതൽ ഒന്നാംക്ലാസിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2000 ആണ്ടിന് ശേഷം സ്കൂളിന് വലിയ പുരോഗതിയാണ് ഉണ്ടായത്. 2001 -ൽ ശ്രീ.സുബ്രഹ്മണ്യൻ നമ്പൂതിരി സ്കൂൾ മാനേജരായിരിക്കെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. മണ്ണാറശാല കുടുംബത്തിലെ ശ്രീ. എം.എൻ.നാരായണൻ നമ്പൂതിരിയാണ് പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. 2002 മുതൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. പുതിയ സ്കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തത് അക്കാലത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.നാലകത്ത് സൂപ്പി ആയിരുന്നു. വിശാലമായ രണ്ട് നിലകളിലുള്ള പുതിയ കെട്ടിടത്തിൽ ലൈബ്രറി, ലാബ് സൌകര്യം മുതലായവ ഉൾപ്പെടുന്നു. സ്കൂളിന് പുറകിലായി വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ലഭ്യമാണ്. 2002 മുതൽ ശ്രീ.ശങ്കരനാരായണ പിള്ള ആയിരുന്നു സ്കൂൾ പ്രഥമാധ്യാപകൻ. 2006 ആയപ്പോഴേക്കും സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ടായി. 2006 അവസാനത്തോടെ മണ്ണാറശാല കുടുംബാംഗം കൂടിയായ ശ്രീ.നാഗദാസ് പ്രഥമാധ്യാപകനായി ചുമതലയേറ്റു. 2010 -ൽ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം 1200 കവിഞ്ഞു. 35 ഡിവിഷനുകളായി സ്കൂൾ വികസിച്ചതും ഈ കാലത്താണ്. ഇക്കാലത്ത് അധ്യാപകരുടെ എണ്ണം 37 ആയി. ശ്രീ.നാഗദാസിന്റെ കാലത്ത് സ്കൂൾ പാഠ്യ പാഠ്യേതര മേഖലകളിൽ വളരെയേറെ ശ്രദ്ധേയമായ നേട്ടങ്ങളോടെ സംസ്ഥാനത്ത് തന്നെ വളരെ അറിയപ്പെടുന്ന പ്രാഥമിക വിദ്യാലയങ്ങളിൽ ഒന്നായി മാറി.

സൗകര്യങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

*വിപുലമായ,അപൂർവമായ പുസ്തകങ്ങൾ ഉള്ള ലൈബ്രറി

*കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന വാഹന സൗകര്യം

*വിശാലമായ സ്കൂൾ ഗ്രൗണ്ട്, കായികാധ്യാപകന്റെ സേവനം

*കലാ കായിക മേളകളിൽ സ്കൂളിന് ആവർത്തിച്ചു ലഭിക്കുന്ന മുൻതൂക്കം

*മണ്ണാറശാല ദേവസ്വം ട്രസ്റ്റിന്റെ ഉത്തരവാദിത്വം, മേൽനോട്ടം

*സജീവമായ പി.റ്റി.എ പ്രവർത്തനങ്ങൾ, സമർപ്പണത്തോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ

*സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂൾ എന്ന നിലയിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന നിരവധി ആനുകൂല്യങ്ങൾ, ഫീസ് ഇളവ്, സ്കോളർഷിപ്പുകൾ, ഗ്രാന്റുകൾ മുതലായവ

"https://ml.wikipedia.org/w/index.php?title=മണ്ണാറശാല_യു.പി.സ്കൂൾ&oldid=3941629" എന്ന താളിൽനിന്ന് ശേഖരിച്ചത്