മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മടവൂർ ശ്രീ മഹാദേവർ ക്ഷേത്രക്കൊടിമരവും പ്രവേശന കവാടവും

ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ എന്നതു പാർവതീസമേതനായ മഹാദേവൻ ആണ് (അർദ്ധനാരീശ്വര / മഹാദേവർ സങ്കല്പം). മഹാദേവർ കൂടാതെ മറ്റ് ഉപദേവതകളായ മഹാവിഷ്ണു, ഗണപതി, ഭദ്രകാളി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവതകളും ചാരത്തായി സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ ഒരു പ്രധാനപ്രത്യേകത എന്നത് മുഖമണ്ഡപത്തിൽ സ്ഥിതി ചെയ്യുന്ന "നന്ദികേശ" പ്രതിഷ്ഠയാണ്. കേരളത്തിൽ തന്നെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രം കണ്ടുപോന്നിട്ടുള്ള നന്ദികേശപ്രതിഷ്ഠയാണിത്. ഇതിൻ്റെ പ്രത്യേകത എന്നത് ദേവൻ്റെ അതേ പ്രാധാന്യത്തോടുകൂടിയ നിവേദ്യവും പൂജയും തന്നെയാണ് എന്നുള്ളതാണ്. ഇത് മറ്റുക്ഷേത്രങ്ങളിൽ വിരളമാണ്.   

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന മഹാക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. തെക്കൻ കേരളത്തിലെ പ്രമുഖ മഹാശിവക്ഷേത്രങ്ങളിൽ ഉൾപ്പെടുത്താനാകുന്ന ഒരു ശിവക്ഷേത്രമാണിതും. അത്രയേറെ പഴമയും ഐതീഹ്യവും നിറഞ്ഞ ക്ഷേത്രമാണിത്. തിരുവിതാംകൂർ രാജഭരണത്തിനും വളരെ  മുൻപ് തന്നെ കേരളവും പാണ്ഡ്യദേശവും ഒരു പ്രവിശ്യയായി കിടന്നിരുന്ന കാലഘട്ടത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടൊപ്പം (അതേ കാലയളവിൽ) പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന നിർമ്മാണ രീതിയും വാസ്തുവിദ്യാ ശൈലിയുമാണ് ഈ ക്ഷേത്രത്തിനുള്ളത്. പഴമയെ വിളിച്ചറിയിക്കുന്ന രീതിയിലുള്ള ക്ഷേത്രഗോപുരവും, കുളപ്പുരയും, ക്ഷേത്ര കൽപ്പടവുകളും, മുഖമണ്ഡപവും, ഊട്ടുപുരയും, ശ്രീകോവിലും, ബലിക്കപ്പുരയും ആണ് ഈ ക്ഷേത്രത്തിൻ്റേത്.  

അനന്തപദ്മനാഭന്റെ പാദസ്പർശമേറ്റതും ചിത്രമെഴുത്ത് തമ്പുരാനായ രാജാ രവിവർമ്മക്കു ജന്മം നൽകിയതുമായ തിരുവനന്തപുരം ജില്ലയിലെ മടവൂർ എന്ന ഗ്രാമത്തിലാണ് ഈ മഹാ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തപദ്മനാഭന്റെ താന്ത്രിക പൂജാവിധി നിർവ്വഹിക്കുന്ന തരണന്നല്ലൂർ പക്ഷം തന്നെയാണ്, ഈ ക്ഷേത്രത്തിൻ്റെയും താന്ത്രികവിധി നിർവ്വഹിക്കുന്നത്. ശ്രീ തരണന്നല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ആണ് ഇപ്പോഴത്തെ ക്ഷേത്രതന്ത്രി.

ഈ ക്ഷേത്രം ഒരുകാലത്ത് ബ്രാഹ്മണമേധാവിത്ത്വത്തിൻ്റെ അധീനതയിൽ ആയിരുന്നു. മടവൂർ മാമണ്ണൂർ മഠം ആണ് ഈ ക്ഷേത്രത്തിൻ്റെ അവകാശികൾ. ഇപ്പോൾ ഈ ക്ഷേത്രത്തിൻ്റെ ഭരണനിർവഹണം നടത്തുന്നത്, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിൽ തിരഞ്ഞെടുക്കപ്പെടുന്ന നാട്ടുകാരാൽ തന്നെയാണ്.

ക്ഷേത്രോൽപത്തി / ഐതീഹ്യം[തിരുത്തുക]

മാണ്ഡവ്യൻ എന്ന മഹർഷി (അണിമാണ്ഡവ്യൻ) ശിഷ്യന്മാരുമൊത്ത് ദേശാടനത്തിനായി സഞ്ചരിക്കുമ്പോൾ ഈ സ്ഥലം കാണുകയും, ഇവിടം മഹർഷിക്ക് ചേതോഹരമായി തോന്നുകയാൽ ഒരാശ്രമം ഉണ്ടാക്കി ശിഷ്യന്മാരുമൊത്ത് വസിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ശിവഭക്തനായ മുനി കൈലാസനാഥനെ ധ്യാനിച്ച് ഏറെനാൾ തപസ്സാചരിച്ചു. തപസ്സിൽ സന്തുഷ്ടനായ ശ്രീ മഹാദേവൻ പ്രത്യക്ഷനാകുകയും വേണ്ട അനുഗ്രഹം നൽകുകയും ചെയ്തു. അങ്ങനെ ശ്രീപരമേശ്വരനാൽ അനുഗ്രഹീതനായ മഹാമുനി ഇവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയും ശ്രീമഹാദേവരെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ പ്രദേശത്തുള്ള അഞ്ചുദേശങ്ങൾ ദേവൻ്റെ സമ്പത്തായി പ്രഖ്യാപിച്ച്, നിത്യപൂജയ്ക്കും ഭരണത്തിനുമായി ബ്രാഹ്മണന്മാരെ വരുത്തി ചുമതല ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ ഈ സ്ഥലങ്ങൾ സംരക്ഷിച്ച് കൃഷി ചെയ്യുന്നതിനുവേണ്ടി ആളുകളെ പാർപ്പിച്ച് പാതിവാരമായി നിലങ്ങളും, പാട്ടമായി പുരയിടങ്ങളും അവരെ ഏൽപ്പിച്ചു. ശ്രീകോവിലും, മണ്ഡപവും, മണ്ഡപത്തിൽ ശിവ വാഹനമായ നന്ദിയേയും (ഋഷഭം) ബലിക്കൽപ്പുരയും നാലമ്പലവും, കൊടിമരവും, ഗോപുരവും, പടിഞ്ഞാറ് ഭാഗത്ത് കുളപ്പുരയും (ഭൂതഗങ്ങളാൽ നിർമ്മിതമായ കുളം എന്നാണ് വിശ്വാസം) നിർമ്മിച്ച് ബ്രാഹ്മണരെ അധികാരമേല്പിച്ചു, മാണ്ഡവ്യപുരമെന്ന് പേരും നൽകി. മഹർഷി തൻ്റെ ശിഷ്യന്മാരുമൊത്ത് യാത്രയായി. അഞ്ചുപൂജയും, നവകവും, കലശവും, മൂന്ന് ശ്രീഭൂതബലിയും മുടങ്ങാതെ നടത്തിവന്നു. ഉപദേവന്മാരായ ഗണപതി, ദേവി, മഹാവിഷ്ണു എന്നീ പ്രതിഷ്ടകൾക്കും നിത്യപൂജ നടത്തിവരുന്നു. കാലാന്തരത്തിൽ ഇവിടെ അധികാരികളായ ബ്രാഹ്മണർ പാർക്കുന്ന മഠങ്ങൾ അധികമായപ്പോൾ സ്ഥലത്തിന് മഹർഷിയുടെ നാമം വേണ്ടെന്നും, മഠവൂർ ആക്കി മാറ്റണമെന്നും ഒരു അഭിപ്രായം ഈ ബ്രാഹ്മണരാൽ ഉരുത്തിരിഞ്ഞു, അതനുസരിച്ച് ബ്രാഹ്മണർ "മഠവൂർ" എന്ന് നാമകരണവും നടത്തി. ജ്ഞാനദൃഷ്ഠിയാൽ മഹർഷി ഇതുമനസ്സിലാക്കുകയും ആ ബ്രാഹ്മണരെ മനസ്സാ ശപിക്കുകയും ചെയ്തു. മഹാദേവൻ്റെ പരിചാരകരായ മാമണ്ണൂർ  മഠം ഒഴികെ ബാക്കിയെല്ലാം കാലപ്രയാണത്തിൽ നശിച്ചുപോകുകയോ ബ്രാഹ്മണർ പാലായനം ചെയ്യുകയോ ചെയ്തു എന്നാണ് ഐതീഹ്യം. അങ്ങനെ മഹത്വമാർജ്ജിച്ച ഈ സ്ഥലത്തിൻ്റെ നാമം ഉച്ചാരണലോപത്താൽ മടവൂരായി മാറുകയും ചെയ്തു എന്നാണ് വിശ്വാസം.

ഉത്സവം[തിരുത്തുക]