Jump to content

തങ്കമണി ഗോപിനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മങ്ങാട്ടുമുളക്കൽ തങ്കമണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിൽ നിന്നുള്ള പ്രമുഖ നർത്തകിയും നൃത്താധ്യാപികയുമായിരുന്നു തങ്കമണി ഗോപിനാഥ്. നൃത്താചാര്യൻ ഗുരു ഗോപിനാഥിന്റെ ഭാര്യയും സഹനർത്തകിയുമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1918 മാർച്ച് 27 ന് ഇന്നത്തെ തൃശ്ശൂർ ജില്ല യിൽ കുന്നംകുളത്ത് ജനിച്ചു. പന്തലത്ത് ഗോവിന്ദൻ നായരും മങ്ങാട്ട് മുളയ്ക്കൽ കുഞ്ഞിക്കാവമ്മയുമാണ് മാതാപിതാക്കൾ. വള്ളത്തോൾ കലാമണ്ഡലം തുടങ്ങിയപ്പോൾ അവിടത്തെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാർത്ഥിനിയായിരുന്നു.[1] പെൺകുട്ടികൾ നൃത്തം പഠിക്കുന്നതും അവതരിപ്പിക്കുന്നതും സദാചാര വിരുദ്ധമായി കരുതിയിരുന്ന കാലത്ത്, മോഹിനിയാട്ടം പഠിക്കാൻ ധൈര്യം കാട്ടിയ തങ്കമണി പെൺകുട്ടികളുടെ നൃത്തപഠനത്തിനും കേരളത്തിലെ നൃത്ത തരംഗത്തിനും പ്രാരംഭം കുറിച്ചു.

മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ ഭക്തപ്രഹ്ളാദ യിൽ (1941) കയാതുവിന്റെ വേഷം അഭിനയിച്ച് തങ്കമണി ആദ്യകാല നടിമാരിൽ ഒരാളായി. ഗുരു ഗോപിനാഥ് ആയിരുന്നു ഇതിൽ ഹിരണ്യകശിപു. നായികയായതിനൊപ്പം അവർ ആ ചിത്രത്തിൽ പാടുകയും ചെയ്തിട്ടുണ്ട്.[2] 1936 സെപ്റ്റംബർ 5 ന് ആയിരുന്നു ഗുരു ഗോപിനാഥുമായുള്ള വിവാഹം.[2] വിവാഹ ശേഷം തങ്കമണി ക്രമേണ മോഹിനിയാട്ടത്തോട് വിട പറഞ്ഞു. അവരിരുവരും ചേർന്ന് കേരളനടനം (ആദ്യം കഥകളി നടനം എന്നായിരുന്നു പേര്) എന്ന നൂതന നൃത്ത ശൈലി ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.[2] തങ്കമണി അവതരിപ്പിച്ചിരുന്ന പന്തടി നൃത്തവും, "തിങ്കളും തളിരൊളിയും" എന്നു തുടങ്ങുന്ന ഉദ്യാന വർണ്ണനയും, ഗുരുഗോപിനാഥിനോടൊപ്പം അവതരിപ്പിച്ച രാധാകൃഷ്ണ, ശിവപാർവതി, ലക്ഷ്മീ നാരായണ, അശോകവനത്തിലെ സീത എന്നീ നൃത്തയിനങ്ങൾ ഒരു കാലത്ത് തെന്നിന്ത്യയിൽ പേരുകേട്ടതായിരുന്നു.

തിരുവിതാംകൂറിലേയും തിരുവനന്തപുരത്തേയും പ്രഥമ നൃത്ത വിദ്യാലയമായിരുന്ന ശ്രീചിത്രോദയ നൃത്ത കലാലയത്തിൽ നൃത്തം പഠിപ്പിച്ചിരുന്ന തങ്കമണി ഗോപിനാഥ് ആദ്യകാലത്ത് കേരള നടനം പഠിച്ച ലളിത, പദ്മിനി, രാഗിണി, ഭവാനി ചെല്ലപ്പൻ, മംഗള, ലക്ഷ്മി തുടങ്ങിയ മിക്ക നർത്തകികളുടേയും ഗുരു ആയിരുന്നു.[3]

നാല്പതുകളിലും അൻപതുകളിലും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നൃത്ത സംഘങ്ങളിലൊന്നായിരുന്നു ഗോപിനാഥ്-തങ്കമണി സംഘം. ഇന്ത്യയിലും വിദേശത്തും ഈ സംഘം ഒട്ടേറെ നൃത്തപരിപാടികൾ അവതരിപ്പിച്ച് പ്രശസ്തിയും പുരസ്കാരങ്ങളും നേടി. അമ്പതുകളുടെ അവസാനത്തോടെ നൃത്തവേദികളിൽ നിന്നു മാറിയ തങ്കമണി തിരുവനന്തപുരം വട്ടിയൂർക്കാവിലെ വിശ്വകലാകേന്ദ്രം ഭരണ സമിതി അംഗമായിരുന്നു.

മക്കളിൽ ഒരാളായ വാസന്തി ജയസ്വാൾ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നർത്തകിയും നൃത്താധ്യാപികയുമാണ്. മകളായ വിലാസിനി രാമചന്ദ്രൻ ദില്ലിയിൽ‌ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്നു (2015 മാർച്ച് 5 ന് അന്തരിച്ചു). ഇളയ മകളയ വിനോദിനി ശശി മോഹൻ മലയാള സിനിയിലെ ബാലതാരവും, ദേവി കന്യാകുമാരി സിനിമയിലെ നായികയുമായിരുന്നു. വിശ്വകലാകേന്ദ്രത്തിന്റെ ചുമതലയും വഹിക്കുന്നു. വേണുഗോപാൽ എന്ന മകനും ഇവർക്കുണ്ട്.

ഗുരു ഗോപിനാഥിന്റെ നിര്യാണം നടന്ന് മൂന്നുവർഷങ്ങൾക്കുശേഷം 1990 ഡിസംബർ 28-ന് തങ്കമണി ഗോപിനാഥ് അന്തരിച്ചു.[2]

അവലംബം

[തിരുത്തുക]
  1. "Trailblazer on the dance stage". www.thehindu.com.
  2. 2.0 2.1 2.2 2.3 BIJU. "കാലം മറയ്ക്കാത്ത ദേവനർത്തകി: തങ്കമണി ഗോപിനാഥിൻറെ ജൻ‌മശതാബ്‌ദി 27ന്". Retrieved 2020-11-15.
  3. "തങ്കമണി ഗോപിനാഥിന്റെ ജന്മശതാബ്ദി ഇന്ന്" (in ഇംഗ്ലീഷ്). Retrieved 2020-11-15.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തങ്കമണി_ഗോപിനാഥ്&oldid=3804963" എന്ന താളിൽനിന്ന് ശേഖരിച്ചത്