പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ് 1994
ദ പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ് 1994 | |
---|---|
ഗർഭധാരണത്തിനു മുൻപോ ശേഷമോ നടത്തുന്ന ലിംഗനിർണ്ണയം നിരോധിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നിയമമാണിത്. ജനിതകത്തകരാറുകളും മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗങ്ങളും ക്രോമസോം തകരാറുകളും മറ്റും കണ്ടുപിടിക്കുവാൻ ഗർഭാവസ്ഥയിൽ തന്നെ ഉപയോഗിക്കാവുന്ന പരിശോധനാമാർഗ്ഗങ്ങളെ നിയന്ത്രിക്കാനും ഇവയുടെ ദുരുപയോഗം തടയാനും ഈ നിയമം ലക്ഷ്യമിടുന്നു. | |
സൈറ്റേഷൻ | 1994-ലെ 57-ആം നിയമം |
നിയമം നിർമിച്ചത് | ഇന്ത്യൻ പാർലമെന്റ് |
അംഗീകരിക്കപ്പെട്ട തീയതി | 1994 സെപ്റ്റംബർ 20 |
നിലവിൽ വന്നത് | 1996 |
ഭേദഗതികൾ | |
ദ പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലക്ഷൻ) ആക്റ്റ്. 2003 |
പെൺ ഭ്രൂണഹത്യതടയാനും ഇന്ത്യയിലെ കുറഞ്ഞുകൊണ്ടിരിക്കുന്ന ലിംഗാനുപാതം സംരക്ഷിക്കാനും നടപ്പിലാക്കിയ നിയമമാണ് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പി.എൻ.ഡി.ടി.) ആക്റ്റ്, 1994 അല്ലെങ്കിൽ ഭ്രൂണ പരിശോധനാ നിരോധന നിയമം. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം ജനനത്തിനു മുൻപ് നടത്തുന്ന ലിംഗനിർണ്ണയം നിരോധിക്കുന്നു.
പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (റെഗുലേഷൻ ആൻഡ് പ്രിവെൻഷൻ ഓഫ് മിസ്‌യൂസ്) ആക്റ്റ്, 1994 എന്നായിരുന്നു ഈ നിയമത്തിന്റെ ആദ്യ രൂപത്തിന്റെ പേര്. 2003-ലെ ഭേദഗതിക്കുശേഷമാണ് ഇപ്പോഴുള്ള പേരുലഭിച്ചത്.
ഇന്ത്യയിലെ പെൺ ഭ്രൂണഹത്യ
[തിരുത്തുക]1990-കളുടെ ആദ്യ സമയത്ത് ഇന്ത്യയിൽ അൾട്രാസൗണ്ട് ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായപ്പോഴാണ് ഈ പ്രശ്നത്തിന്റെ ആരംഭം. ഇതിനു മുൻപ് കുടുംബങ്ങൾ ആൺകുട്ടി ഉണ്ടാകുന്നതുവരെ പ്രസവം തുടരുക എന്ന രീതിയായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ[1] അൾട്രാസൗണ്ട് ഉപകരണങ്ങൾ വ്യാപകമായതോടെ പെൺ ഭ്രൂണങ്ങളെ ഇല്ലാതെയാക്കുന്ന രീതിയ്ക്ക് പ്രചാരം ലഭിച്ചു. ഇന്ത്യയിൽ ഡോക്ടർമാർ തന്നെ നടത്തുന്ന [[sex selective abortion|പെൺ ഭ്രൂണഹത്യ ഇന്ന് 1,000 കോടി രൂപ മൂല്യമുള്ള ഒരു വ്യവസായമാണ്. സ്ത്രീകൾക്കെതിരായ വേർതിരിവും ആൺ കുട്ടികളോടുള്ള താല്പര്യവും ഈ വ്യവസായത്തിന് ഊർജ്ജം പകരുന്നു.[2] പത്തുവർഷം കൂടുമ്പോൾ നടക്കുന്ന സെൻസസിൽ 6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ലിംഗാനുപാതം 1981-ൽ 100 പെൺകുട്ടികൾക്ക് 104 ആൺകുട്ടികളെന്നായിരുന്നുവെങ്കിൽ 1991-ൽ ഇത് 105.8 ആൺകുട്ടികൾ എന്ന നിലയിലേയ്ക്കും 2001-ൽ 107.8 ആൺകുട്ടികൾ എന്ന നിലയിലേയ്ക്കും 2011-ൽ 109.4 എന്ന നിലയിലേയ്ക്കുമെത്തി. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഈ അനുപാതം ഇതിലും മോശമാണ് (2001-ലെ സെൻസസ് അനുസരിച്ച് യഥാക്രമം 126.1, 122.0).[3]
സ്ഥാപന നിയന്ത്രണം
[തിരുത്തുക]ജനനത്തിനു മുൻപായി ലിംഗനിർണ്ണയം നടത്തുന്നതും ഇതിനു സഹായിക്കുന്നതും ഈ നിയമമനുസരിച്ച് കുറ്റകരമാണ്. രജിസ്റ്റർ ചെയ്യാത്തയിടങ്ങളിൽ ലിംഗനിർണ്ണയം നടത്തുന്നതും നിയമത്തിൽ നിർണ്ണയിച്ചിട്ടില്ലാത്ത ഘട്ടങ്ങളിൽ ലിംഗനിർണ്ണയം നടത്തുന്നതും ഇതിനായി അൾട്രാസൗണ്ട് യന്ത്രങ്ങളോ മറ്റ് സംവിധാനങ്ങളോ വിൽക്കുകയോ, വിതരണം നടത്തുകയോ, വാടകയ്ക്ക് കൊടുക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. നിയമത്തിലെ പ്രധാന വ്യവസ്ഥകൾ.
- ഗർഭധാരണത്തിനു മുൻപോ അതിനു ശേഷമോ ലിംഗനിർണ്ണയം നടത്തുന്നത് ഈ നിയമമനുസരിച്ച് നിരോധിച്ചിരിക്കുന്നു
- അൾട്രാസൗണ്ട്, ആംനിയോസെന്റസിസ് എന്നീ രീതികൾ താഴെപ്പറയുന്ന ആവശ്യങ്ങൾക്കുമാത്രമാണ് ഉപയോഗിക്കാവുന്നത് എന്ന നിയന്ത്രണം ഈ നിയമം മുന്നോട്ടുവയ്ക്കുന്നു:
- ജനിതക വൈകല്യങ്ങൾ
- മെറ്റബോളിസത്തെ ബാധിക്കുന്ന അസുഖങ്ങൾ
- ക്രോമസോം വ്യതിയാനങ്ങൾ
- ജന്മനാലുണ്ടാകുന്ന ചില വൈകല്യങ്ങൾ
- ഹീമോഗ്ലോബിനോപതികൾ (ഹീമോഗ്ലോബിന്റെ ഘടനയെ ബാധിക്കുന്ന അസുഖങ്ങൾ) എന്ന വിഭാഗം അസുഖങ്ങൾ
- സെക്സ് ലിങ്ക്ഡ് അസുഖങ്ങൾ
- ഒരു ലബോറട്ടറിയോ, ക്ലിനിക്കോ ഭ്രൂണത്തിന്റെ ലിംഗനിർണ്ണയത്തിനായി അൾട്രാസോണോഗ്രാഫി ഉൾപ്പെടെയുള്ള ടെസ്റ്റുകൾ ചെയ്യാൻ പാടില്ല.
- നിയമപരമായി ഈ പ്രക്രീയ ചെയ്യുന്ന ആളുൾപ്പെടെ ഒരാളും ഭ്രൂണത്തിന്റെ ലിംഗം എന്തെന്ന് ഗർഭിണിയോടോ ബന്ധുക്കളോടോ വാക്കിലൂടെയോ ആംഗ്യത്തിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ വെളിപ്പെടുത്താൻ പാടില്ല
- ജനനത്തിനോ ഗർഭധാരണത്തിനോ മുൻപേ ലിംഗനിർണ്ണയം നടത്താൻ സാധിക്കുമെന്ന് നോട്ടീസ്, സർക്കുലർ, ലേബൽ, പൊതി, മറ്റെന്തെങ്കിലും രേഖകൾ എന്നിവ മുഖേനയോ; ഇലക്ട്രോണികമോ അച്ചടിച്ചതോ ആയ മാദ്ധ്യമങ്ങൾ എന്നിവയിലൂടെയോ; പരസ്യബോർഡ്, ചുവരെഴുത്ത്, സിഗ്നൽ, പ്രകാശം, ശബ്ദം, പുക, വാതകം എന്നീ രീതികളിലൂടെയോ പരസ്യം ചെയ്യുന്നയാളെ മൂന്നുവർഷം തടവിലിടാനും 10,000 രൂപ വരെ പിഴനൽകാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
ജനിതക കൺസിലിംഗ് സെന്റർ , ജനിതക ക്ലിനിൿ ,ജനിതക ലബോറട്ടറികൾ മുതലായ സ്ഥാപനങ്ങൾക്ക് ഈ നിയമം നിയന്ത്രണങ്ങൾ വെയ്ക്കുന്നുണ്ട്. ഭ്രൂണ പരിശോധന നിരോധന നിയമപ്രകാരം ഈ നിയമത്തിനു കീഴിൽ രജിസ്ടർ ചെയ്ത മേൽപറഞ്ഞ കണക്കെ ഉള്ള സ്ഥാപനങ്ങൾക്കു മാത്രമേ ഭ്രൂണ പരിശോധന നടത്തുവാനുള്ള അധികാരം ഉള്ളു . ഏതൊരു ഗൈനക്കോളജിസ്റ്റോ ശിശുരോഗ വിദഗ്ദ്ധരോ മെഡിക്കൽ പ്രാക്റ്റിഷ്നരൊ നേരിട്ടോ മറ്റേതെങ്കിലും ആളുകൾ മുഖാന്തരമോ ഈ നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളിൽ ഭ്രൂണ പരിശോധനയോ ഗർഭസ്ഥ ശിശുവിന്റെ പരിശോധനയോ നടത്താൻ പാടുള്ളതല്ല.
നിർബന്ധിത രജിസ്ട്രേഷൻ
[തിരുത്തുക]ജനിതക കൗൺസിലിംഗ് ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളും, ജനിതക ലബോറട്ടറികളും, പരിശോധന നടത്തുന്ന മറ്റ് ലബോറട്ടറികളും, ജനിതക ക്ലിനിക്കുകളും, അൾട്രാസൗണ്ട് ക്ലിനിക്കുകളും നിർബന്ധിതമായി രജിസ്റ്റർ ചെയ്യണമെന്ന് ഈ നിയമം അനുശാസിക്കുന്നു.[1]
പരിശോധന നിർവഹിക്കാവുന്ന സാഹചര്യങ്ങൾ
[തിരുത്തുക]- ഗർഭിണിയായ സ്ത്രീയ്ക്ക് 35 വയസ്സ് പൂർത്തിയാകണം.
- മുൻപ് തുടർച്ചയായി രണ്ടോ മൂന്നോ അതിലധികമോ തവണ ഗർഭഛിദ്രത്തിനു വിധേയമായിട്ടുണ്ടെങ്കിൽ.
- ഗർഭിണിയായ സ്ത്രീയുടെ കുടുംബ പരമ്പരയിൽ മനോരോഗത്തിനോ ശാരീരിക തകരാറിനോ ജനിതക വൈകല്യത്തിനോ സാധ്യത ഉണ്ടെങ്കിൽ.
2003-ലെ ഭേദഗതി
[തിരുത്തുക]പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (റെഗുലേഷൻ ആൻഡ് പ്രിവെൻഷൻ ഓഫ് മിസ്‌യൂസ്) ആക്റ്റ്, 1994 (പി.എൻ.ഡി.റ്റി.) 2003-ൽ ഭേദഗതി ചെയ്ത് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലക്ഷൻ) ആക്റ്റ് (പി.സി.പി.എൻ.ഡി.ടി ആക്റ്റ്) എന്ന് ഭേദഗതി ചെയ്തു. ലിംഗനിർണ്ണയത്തിനുപയോഗിക്കുന്ന മാർഗ്ഗങ്ങൾക്കുമേലുള്ള നിയന്ത്രണം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശം.
നിയമഭേദഗതിയുടെ പ്രധാന വ്യവസ്ഥകൾ ഇവയാണ്
- ഗർഭധാരണത്തിനു മുൻപേ നടത്താവുന്ന ലിംഗനിർണ്ണയം ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു എന്നതാണ് ഭേദഗതിയുടെ പ്രധാന മികവ്
- കേന്ദ്രീകൃത മേൽനോട്ടത്തിനായി ഒരു ബോർഡും സംസ്ഥാനതലങ്ങളിൽ മേൽനോട്ട ബോർഡുകളൂം കൊണ്ടുവന്നു.
- ശിക്ഷകൾ വർദ്ധിപ്പിച്ചു
- സിവിൽ കോടതിയുടെ അധികാരമുള്ള കേന്ദ്രങ്ങൾക്ക് പരിശോധിക്കുവാനും നിയമലംഘകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുവാനുമുള്ള അധികാരം നൽകി
- അൾട്രാസൗണ്ട് യന്ത്രങ്ങൾ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങൾക്കേ വിൽക്കാവൂ എന്ന വ്യവസ്ഥ കൊണ്ടുവന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "orissa gov. India" (PDF). Dr. Krushma chandra.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "UNICEF India". UNICEF. Archived from the original on 2014-12-23. Retrieved 2014-03-17.
{{cite web}}
: Cite has empty unknown parameter:|4=
(help) - ↑ Arnold, Fred, Kishor, Sunita, & Roy, T. K. (2002). "Sex-Selective Abortions in India". Population and Development Review. 28 (4): 759–785. doi:10.1111/j.1728-4457.2002.00759.x. JSTOR 3092788.
{{cite journal}}
: CS1 maint: multiple names: authors list (link)