ബ്യൂസിഫാലസ്

ബ്യൂസിഫാലസ് (പുരാതന ഗ്രീക്ക് ഭാഷയിൽ|Βουκέφαλος) (ക്രി.മു. 355 - ക്രി.മു. 326) അലക്‌സാണ്ടർ ചക്രവർത്തിയുടെ കുതിരയായിരുന്നു. പൗരാണിക ചരിത്രത്തിലെ ഏറ്റവും പേരു കേട്ട കുതിരയാണ് ബ്യൂസിഫാലസ്.
അലക്സാണ്ടറിന്റെ സൈന്യവും, ഇന്ത്യൻ രാജാവായ പോറസ് (സംസ്കൃതത്തിൽ പുരൂരവസ്സ്) രാജാവിന്റെ സൈന്യവും തമ്മിൽ ക്രി.മു. 325-ൽ ഇന്നത്തെ പാകിസ്താനിലെ ഭേര എന്ന സ്ഥലത്തിനടുത്ത്, ഹൈഡാസ്പസ് (ഝലം) നദിക്കരയിൽ നടന്ന ഹൈഡാസ്പസ് യുദ്ധ ത്തിൽ പരിക്കേറ്റ ബ്യൂസിഫാലസ് പിന്നീട് കൊല്ലപ്പെട്ടു.
ഝലം നദിക്ക് വേദങ്ങളിൽ വിതസ്ത എന്നും ഗ്രീക്ക് പുരാണങ്ങളിൽ ഹൈഡാസ്‌പെസ് എന്നുമാണ് പേര്.
യുദ്ധത്തിനു ശേഷം അലക്സാണ്ടർ രണ്ട് നഗരങ്ങൾ സ്ഥാപിച്ചു, തന്റെ വിജയത്തിന്റെ ഓർമ്മയ്ക്കായി യുദ്ധം നടന്ന സ്ഥലത്ത് സ്ഥാപിച്ച നികേ (മഹത്തായ വിജയം) എന്ന നഗരവും, ഹൈഡാസ്പസിന്റെ മറുകരയിൽ,[1] യുദ്ധത്തിനു തൊട്ടുപിന്നാലെ മരിച്ച തന്റെ വിശ്വസ്തനായ കുതിരയുടെ ഓർമ്മക്കായി സ്ഥാപിച്ച അലക്സാണ്ട്രിയ ബ്യൂസിഫാലസ് എന്ന നഗരവും ആയിരുന്നു അവ.
ബ്യൂസിഫാലസിനെ മെരുക്കിയ അലക്‌സാണ്ടർ[തിരുത്തുക]
പുരികത്തിനു മുകളിലായി വെള്ള നക്ഷത്രം പോലുള്ള അടയാളമുണ്ടായിരുന്ന ബ്യൂസിഫാലസ് മികച്ച സങ്കരയിനം കുതിരയായിരുന്നു.കറുത്ത രോമാവൃതമായ ശരീരവും, കാളയുടേതു പോലത്തെ തലയും ഉള്ള ബ്യൂസിഫാലസ് കാണാനൊരു ഭീകര ജന്തുവിനെപ്പോലിരുന്നു.
അസാധാരണമായ കായബലമുള്ള ഈ കുതിരയെ ക്രി.മു. 344-ൽ ഫിലോനിക്കസ് എന്ന കുതിരക്കച്ചവടക്കാരനിൽ നിന്നും ഫിലിപ്പ് രാജാവ് രണ്ടാമൻ 13 ടാലന്റ് ഭാരമുള്ള ഏതോ അമൂല്യ വസ്തു വില പറഞ്ഞുറപ്പിച്ചതായിരുന്നു.(ബ്രിട്ടീഷ് ഇന്ത്യയിലെ തൂക്കത്തിന്റെ അളവുകോലായിരുന്ന തോല 11.66 ഗ്രാം ആയിരുന്നതു പോലെ, പ്രാചീന ഗ്രീസിൽ തൂക്കത്തിന്റെ ഏകകമായിരുന്ന ടാലന്റ് ഏകദേശം 26 കി.ഗ്രാം ആയിരുന്നു.)
ഫിലിപ്പ് രാജാവ് രണ്ടാമന് കുതിരയെ ഇഷ്ടമായെങ്കിലും അതിനെ മെരുക്കാൻ ആർക്കും കഴിയാതെ പോയതിനാൽ അദ്ദേഹം ആ കുതിരയെ വേണ്ടെന്നു വച്ചു.ലോകം കീഴടക്കിയ അലക്‌സാണ്ടർ ചക്രവർത്തിക്ക് അന്ന് പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സായിരുന്നു പ്രായം. ഒടുവിൽ ബ്യൂസിഫാലസിനെ മെരുക്കുന്ന ചുമതല അലക്‌സാണ്ടർ ഏറ്റെടുത്തു.
സ്വന്തം നിഴൽ കണ്ടിട്ടാണ് ബ്യൂസിഫാലസ് വിറളിയെടുക്കുന്നതെന്ന് മനസ്സിലാക്കാൻ അലക്‌സാണ്ടർക്ക് അധിക സമയം വേണ്ടി വന്നില്ല. കുതിരയെ സാവധാനം സൂര്യനഭിമുഖമായി നിർത്തിയോടെ കുതിര മെരുങ്ങി. ഇതേ പോലെ നിഷ്പ്രയാസമായി അലക്‌സാണ്ടർ പിന്നീട് നാടുകൾ വെട്ടിപ്പിടിച്ചതു ചരിത്രം.
അവലംബം[തിരുത്തുക]
- ↑ "ഹൈഡാസ്പസ്". മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-29.