ബേതാ ഇസ്രായേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഹൂദരുടെ പെസഹാ തിരുനാളിൽ യെരുശലേമിലെ വിലാപത്തിന്റെ ഭിത്തിയിൽ(Wailing Wall) പ്രാർത്ഥിക്കുന്ന ബേതാ ഇസ്രായേൽ സ്ത്രീകൾ

ആധുനിക എത്യോപ്യയിലെ അംഹാരാ, തിഗ്രേ പ്രവിശ്യകൾ അടങ്ങുന്ന ഭൂപ്രദേശത്ത് പുരാതനകാലം മുതൽ ജീവിച്ചിരുന്ന യഹൂദസമൂഹങ്ങളുടെ പൊതുനാമമാണ്‌ ബേതാ ഇസ്രായേൽ. "ഇസ്രായേൽ ഭവനം" എന്നാണ്‌ ഈ പേരിനർത്ഥം. ഉത്തരാഫ്രിക്കയിലെ അസ്കം സാമ്രാജ്യത്തിലും എത്യോപ്യൻ സാമ്രാജ്യത്തിലും ജീവിച്ചിരുന്ന ഇവർ, "എത്യോപ്യൻ യഹൂദർ" എന്നും അറിയപ്പെടുന്നു. എത്യോപ്യയുടെ വടക്കും വടക്കുപടിഞ്ഞാറുമായി വിശാലമായൊരു പ്രദേശത്തു ചിതറിക്കിടന്ന 500 ഗ്രാമങ്ങളിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമായ ജനതകൾക്കിടയിൽ ഒരു ന്യൂനപക്ഷസമൂഹമായിരുന്നു ഇവർ.[1]


യഹൂദരും, യഹൂദപൈതൃകം അവകാശപ്പെടുന്നവരുമായ വിദേശികൾക്കും അവരുടെ ഇണകൾക്കും ഇസ്രായേലിൽ കുടിയേറ്റാവകാശവും പൗരത്വവും അനുവദിക്കുന്ന ആധുനിക ഇസ്രായേലിന്റെ "മടങ്ങിവരൽ നിയമം" (Law of Return) അനുസരിച്ച്, ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം(1,20,000) വരുന്ന ഈ സമൂഹം മിക്കവാറും ഇസ്രായേലിലേക്ക് കുടിയേറിക്കഴിഞ്ഞു. 1984-ൽ കഠിനമായ ക്ഷാമവും 1991-ൽ ആഭ്യന്തരയുദ്ധവും എത്യോപ്യയെ വലച്ചപ്പോൾ, ഈ യഹൂദസമൂഹത്തെ രക്ഷിച്ചുകൊണ്ടുപോകാനായി ഇസ്രായേൽ ഓപ്പറേഷൻ മോശ, ഓപ്പറേഷൻ സോളമൻ എന്നീ പേരുകളിൽ ഭീമൻ ‌രക്ഷാദൗത്യങ്ങൾ സംഘടിപ്പിച്ചു. അവയ്ക്കു ശേഷവും എത്യോപ്യയിൽ നാമമാത്രമായെങ്കിലും അവശേഷിച്ചവരുടെ കുടിയേറ്റം ഇക്കാലം വരെ തുടർന്നു. ഇപ്പോൾ ഇസ്രായേലിലുള്ള ബേതാ ഇസ്രായേല്യരിൽ 81,000 പേർ എത്യോപ്യയിൽ നിന്നു കുടിയേറിയവരും 32 ശതമാനത്തോളം വരുന്ന 38,500 പേർ ഇസ്രായേലിൽ ജനിച്ച അവരുടെ സന്തതികളുമാണ്‌‌.[2] ഇസ്രായേലി സമൂഹത്തിൽ പൂർണ്ണമായ പൗരാവകാശങ്ങളോടെയുള്ള ബേതാ ഇസ്രായേല്യരുടെ സ്വാംശീകരണം, വെളുത്തവർഗ്ഗക്കാർക്ക് ഭൂരിപക്ഷമുള്ള ഒരു സമൂഹത്തിൽ കറുത്തവരെ ഉൾക്കൊള്ളുന്നതിന്റെ ഏറെ സാധാരണമല്ലാത്തതും മിക്കവാറും വിജയകരവുമായ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.[3]


ഇവരുമായി ബന്ധപ്പെട്ട "ഫലാഷ് മൂറാ" സമൂഹം ബേതാ ഇസ്രായേല്യരുടെ യഹൂദവിശ്വാസത്തിൽ നിന്നു ക്രിസ്തുമത്തിലേയ്ക്കു പരിവർത്തിതരായവരാണ്‌‌. ഇവരിൽ ചിലർ പഴയ വിശ്വാസത്തിലേയ്ക്കു മടങ്ങിപ്പോയി യഹൂദമതത്തിന്റെ ഹലാക്കാ നിയമങ്ങൾ പിന്തുടരുന്നെങ്കിലും "ഫലാഷ് മൂറാ" സമൂഹങ്ങളിൽ ജീവിതം തുടരുന്നു. ഫലാഷ് മൂറയെ യഹൂദരായി അംഗീകരിക്കണെമെന്ന് ബേതാ ഇസ്രായേല്യരുടെ ആത്മീയ നേതാക്കളിൽ മിക്കവരും ആവശ്യപ്പെടുന്നുണ്ട്. [4] എന്നാൽ ഈ ആവശ്യം ഇസ്രായേൽ സമൂഹത്തിൽ വിവാദവിഷയമാണ്‌.[5][6][7][8]

ഉല്പത്തി[തിരുത്തുക]

പ്രമാണം:Demonstration-6.11.06.jpg
ഇസ്രായേൽ സമൂഹത്തിൽ ലഭിച്ച 'അപൂർണ്ണമായ' സ്വീകൃതിയിൽ പ്രതിക്ഷേധിക്കുന്ന ബേതാ ഇസ്രായേൽ യുവാക്കൾ

ഇസ്രായേലിലെ സോളമൻ രാജാവിന്‌ ഷീബാ രാജ്ഞിയിൽ പിറന്ന മകൻ മെനേലിക്കിനൊപ്പം എത്യോപ്യയിൽ എത്തിയവരുടെ പിന്മുറക്കാരാണ്‌ സാധാരണ എത്യോപ്യക്കാർ എന്നവകാശപ്പെടുന്ന "രാജാക്കന്മാരുടെ മഹത്ത്വചരിതം" (കെബ്രാ നെഗാസ്ത്) എന്ന എത്യോപ്യൻ രചന അനുസരിച്ച്, ക്രിസ്തുവിനു മുൻപ് പത്താം നൂറ്റാണ്ടിൽ ഏകീകൃത ഇസ്രായേൽ രാഷ്ട്രം ശിഥിലമായപ്പോൾ അറേബ്യൻ തീരത്തു കൂടെ തെക്കോട്ട് പലായനം ചെയ്തവരുടെ പിൻ‌ഗാമികളാണ്‌ ബേതാ ഇസ്രായേല്യർ.


എന്നാൽ ബേതാ ഇസ്രായേല്യർ എല്ലാവരും തന്നെ ഈ ഉല്പത്തിചരിത്രത്തെ കല്പിതകഥയായി തള്ളിക്കളയുന്നു. ഒൻപതാം നൂറ്റാണ്ടിൽ സോളമന്റെ മകൻ റെഹബോവാമും നബാത്തിന്റെ മകൻ ജെറോബോവാമും തമ്മിൽ ഉണ്ടായ ആഭ്യന്തരകലഹത്തിൽ നിന്നു രക്ഷപെട്ട് ഈജിപിതിൽ അഭയം തേടിയ ഇസ്രായേലിലെ ദാൻ ഗോത്രത്തിന്റെ പിൻ‌ഗാമികളാണ്‌ തങ്ങളെന്നാണ്‌ അവരുടെ വാദം. ഈജിപ്തിൽ നിന്നു നൈൽ നദിയിലൂടെ തെക്കോട്ട് സഞ്ചരിച്ച് തങ്ങളുടെ പൂർ‌വികർ എത്യോപ്യയിൽ എത്തിയെന്നു അവർ വിശ്വസിക്കുന്നു. നൈൽനദിയിലൂടെ പൂർ‌വികർ വന്ന വഴിയുടെ വർണ്ണന പോലും ബേതാ ഇസ്രായേല്യരുടെ ചില പുരാവൃത്തങ്ങളിലുണ്ട്.[9] പുരാത ഇസ്രായേലിൽ നിന്ന് ഈജിപ്തിലെ ടോളമി ഒന്നാമൻ രാജാവ് യുദ്ധത്തടവുകാരായി കൊണ്ടുവന്ന് സുഡാന്റെ അതിർത്തിയിലുള്ള നൂബിയാ പ്രദേശത്തു കുടിയിരുത്തിയ ഇസ്രായേൽക്കാരുമായി ബന്ധപ്പെടുത്തിയും ഈ സമൂഹത്തിന്റെ ഉല്പത്തിയെ വിശദീകരിക്കുന്നവരുണ്ട്.

'യഹൂദത'[തിരുത്തുക]

ബേതാ ഇസ്രായേല്യർ പുരാതന ഇസ്രായേലിലെ ദാൻ ഗോത്രത്തിന്റെ പിൻ‌ഗാമികളാണെന്ന് ഒൻപതാം നൂറ്റാണ്ടിലെ യഹൂദസഞ്ചാരി എൽഹാദ് ഹ-ദാനി അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കാലത്ത് ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് യഹൂദരാഷ്ട്രങ്ങൾ നിലവിലിരുന്നെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ യാഥാർത്ഥ്യം അവ്യക്തമാണ്‌.[10] ഇസ്രായേലിലെ നഷ്ടപ്പെട്ടുപോയ പത്തു ഗോത്രങ്ങളിൽ ഒന്നായ ദാനിന്റെ പിന്തുടർച്ചക്കാരാണ്‌ ബേതാ ഇസ്രായേൽ എന്ന വിശ്വാസം യഹൂദമതനേതൃത്വത്തിലും പ്രബലമാണ്‌. ആഫ്രിക്കയിൽ ഒരു യഹൂദരാഷ്ട്രം സ്ഥാപിച്ചിരുന്ന ഈ സമൂഹം കൈസ്തവ ഇസ്ലാം മതങ്ങളുടെ മുന്നേറ്റത്തിൽ പാർശ്വവൽക്കരിക്കപ്പെടുകയാണുണ്ടായതെന്ന് അവർ കരുതുന്നു. ഈ നിലപാട് ആദ്യമായെടുത്ത യഹൂദമതാധികാരി റബൈ റദ്ബാസ് ഡേവിഡ് ബെൻ സിമ്രാ(1479–1573) ആയിരുന്നു. യഹൂദമതത്തിന്റെ പരമ്പരാഗത നിയമങ്ങൾ ബേതാ ഇസ്രായേല്യർ കൃത്യമായി പിന്തുടരാത്തത് ഏറെക്കാലം അവർക്ക് പ്രബോധകരില്ലാതെപോയതു കൊണ്ടാണെന്നും യഹൂദരല്ലാത്തവരുടെ കൈവശം അകപ്പെട്ടുപോയ ശിശുക്കളെയെന്ന പോലെ അവരെ കാരുണ്യപൂർ‌വം വീണ്ടെടുക്കേണ്ടതാണെന്നും അദ്ദേഹം വാദിച്ചു.[11] 1973-ൽ സെഫാർദ്ദിക യഹൂദരുടെ മുഖ്യറബൈ ഒവാദിയാ യോസെഫും അസ്കനാസി യഹൂദരുടെ[൧] റബൈ മുഖ്യൻ ഷ്ലോമോ ഗോരനും ബേതാ ഇസ്രായേല്യരുടെ യഹൂദതയെ അംഗീകരിക്കുകയും അവരെ ഇസ്രായേലിലേക്കു കൊണ്ടുവരുന്നതിനെ പിന്തുണക്കുകയും ചെയ്തു. [12]

ബേതാ ഇസ്രായേല്യരുടെ യഹൂദ വിശ്വാസത്തിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തിതരായ ഫലാഷ് മൂറകളിൽ പെട്ട ഒരു ബാലൻ

സിയോണിസ്റ്റ് പശ്ചാത്തലത്തിനു പുറത്തുള്ള യഹൂദരിൽ ചിലർ ബേതാ ഇസ്രായേല്യരുടെ യഹൂദതയെക്കുറിച്ച് സംശയം ഉന്നയിച്ചിട്ടുണ്ട്. [13][14]


1970-കളിലും 80-കളുടെ തുടക്കത്തിലും യഹൂദസമൂഹത്തിൽ സ്വീകരിക്കപ്പെടുന്നതിനായി ബേതാ ഇസ്രായേല്യർക്ക് ഒരു പരിവർത്തന കർമ്മത്തിലൂടെ കടന്നുപോകേണ്ടിയിരുന്നു. വിശുദ്ധീകരണസ്നാനവും, പുനർപരിഛേദനവും, റബൈനിക നിയമത്തോടുള്ള വിധേയത്വപ്രഖ്യാപനവും അതിന്റെ ഭാഗമായിരുന്നു.[15] എന്നാൽ പുനർപരിഛേദനയിൽ പിന്നീട് മുഖ്യ റബൈ അവ്രാഹാം ഷപീര ഇളവു വരുത്തി. ക്രിസ്തുമതത്തിലേക്കു നിർബ്ബന്ധപൂർ‌വം പരിവർത്തിതരായ എത്യോപ്യൻ യഹൂദർ പോലും എല്ലാ അർത്ഥത്തിലും യഹൂദരാണെന്ന് പിന്നീട് മുഖ്യ റബൈ ആയിരുന്ന ഷ്ലോമോ അമർ പറഞ്ഞു. അവരുടെ യഹൂദതയെ ചോദ്യം ചെയ്യുന്നതിനെ അദ്ദേഹവും മറ്റു റബൈമാരും വിലക്കി.

ഡി.എൻ.എ.[തിരുത്തുക]

1999-ൽ 38 ബേതാ ഇസ്രായേൽ പുരുഷന്മാരുടേയും അഡിസ് അബെബയ്ക്കു വടക്ക് അവരുമായി ബന്ധമില്ലാതെ ജീവിച്ചിരുന്ന 104 ഇതര എത്യോപ്യക്കാരുടേയും വൈ ക്രോമസോം ഡി.എൻ.എ. താരതമ്യം ചെയ്ത ലുക്കോട്ടും സ്മെറ്റ്സും അവർക്ക് ഇതര യഹൂദരോടെന്നതിനേക്കാൾ അടുപ്പമുള്ളത് യഹൂദേതരായ എത്യോപ്യക്കാരുമായാണെന്ന് കണ്ടെത്തി. ബേതാ ഇസ്രായേൽക്കാരുടെ ഉത്ഭവം മദ്ധ്യപൂർ‌വദേശത്തു നിന്നല്ലാതെ, എത്യോപ്യയിലെ പുരാതനനിവാസികളിൽ നിന്നുതന്നെയാണെന്ന അഭിപ്രായത്തെ പിന്തുണക്കുന്നതാണ്‌ ഈ കണ്ടെത്തൽ.[16][17] സൂസ്സ്മാനും ഡിസ്കെനും മറ്റും ചേർന്ന് 1991-ൽ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെ സ്ഥിരീകരിക്കുകയായിരുന്നു ഈ പഠനം.[18] 2000-മാണ്ടിൽ ഹാമെറും മറ്റും നടത്തിയ ഒരു പഠനം "യൂറോപ്പിലേയും, ഉത്തരാഫ്രിക്കയിലേയും, മദ്ധ്യപൂർ‌വദേശത്തേയും യഹൂദസമൂഹങ്ങളിൽ ബേതാ ഇസ്രായേല്യർ ഒഴിച്ചുള്ളവർ മദ്ധ്യപൂർ‌വദേശത്തെ ഒരു പൊതു പിതൃജനിതക സഞ്ചയത്തിൽ(paternal gene pool) നിന്നുള്ളവരാണെന്നു കണ്ടെത്തി. ബേതാ ഇസ്രായേല്യരുടെ മാത്രം പശ്ചാത്തലം എത്യോപ്യക്കാരും അല്ലാത്തവരുമായ കിഴക്കൻ ആഫ്രിക്കയിലെ യഹൂദേതരുടേതുമായി ചേർന്നുപോകുന്നതാണെന്നായിരുന്നു ഈ പഠനത്തിൽ നിന്നു തെളിഞ്ഞത്.[19]

കുറിപ്പുകൾ[തിരുത്തുക]

^ സ്പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഐബീരിയൻ ഉപദ്വീപിൽ ജീവിച്ചിരുന്ന യഹൂദസമൂഹങ്ങളുടെ പിന്തുടർച്ചക്കാരായ ആധുനിക യഹൂദരാണ്‌ സെഫാർദ്ദിക യഹൂദർ. റൈൻ നദിയോടു ചേർന്നുള്ള ജർമ്മൻ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന യഹൂദരുടെ പിന്തുടർച്ചക്കാർ അസ്കനാസി യഹൂദരും.

അവലംബം[തിരുത്തുക]

  1. Jewish Communities in the Nineteenth and Twentieth Centuries - Ethiopia. Ben-Zvi Institute. p. VII
  2. [1] Archived 2010-02-25 at the Wayback Machine. Ha'aretz.
  3. Rebhun, Uzi, Jews in Israel: contemporary social and cultural patterns, UPNE, 2004, p. 139-140
  4. Shas to help speed up Ethiopian Jewry immigration to Israel Archived 2009-09-06 at the Wayback Machine. Israel Insider
  5. Israel is losing its sovereignty Ha'aretz.
  6. Israel "can't bring all Ethiopian Jews at once" - foreign minister. Asia Africa Intelligence Wire (From BBC Monitoring International Reports).
  7. Israel orchestrates mass exodus of Ethiopians. Knight Ridder/Tribune News Service.
  8. Families Across Frontiers, p. 391, ISBN 90-411-0239-6
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-08-20. Retrieved 2010-09-11.
  10. Steven Kaplan, "Eldad Ha-Dani", in Siegbert von Uhlig, ed., Encyclopaedia Aethiopica: D-Ha (Wiesbaden: Harrassowitz Verlag, 2005), p.252.
  11. Responsum of the Radbaz on the Falasha Slave, Part 7. No. 5, cited in Corinaldi, 1998: 196.
  12. The History of Ethiopian Jews
  13. Rabbi Eliezer Waldenberg, Tzitz Eliezer, Volume 17, subject 48, page 105.
  14. Michael Ashkenazi, Alex Weingrod. Ethiopian Jews and Israel, Transaction Publishers, 1987, p. 30, footnote 4.
  15. Ruth Karola Westheimer, Steven Kaplan. Surviving Salvation: The Ethiopian Jewish Family in Transition, NYU Press, 1992, pp. 38-39.
  16. Lucotte G, Smets P (1999). "Origins of Falasha Jews studied by haplotypes of the Y chromosome". Human Biology. 71 (6): 989–93. PMID 10592688. {{cite journal}}: Unknown parameter |month= ignored (help)
  17. [2]
  18. Zoossmann-Diskin A, Ticher A, Hakim I, Goldwitch Z, Rubinstein A, Bonne-Tamir B (1991). "Genetic affinities of Ethiopian Jews". Israel Journal of Medical Sciences. 27 (5): 245–51. PMID 2050504. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  19. Hammer M. F., Redd A. J., Wood E. T., Bonner M. R., Jarjanazi H., Karafet T., Santachiara-Benerecetti S., Oppenheim A., Jobling M. A., Jenkins T., Ostrer H., Bonné-Tamir B. "Jewish and Middle Eastern non-Jewish populations share a common pool of Y-chromosome biallelic haplotypes", Proceedings of the National Academy of Sciences, June 6, 2000 vol. 97 no. 12 6769-6774.
"https://ml.wikipedia.org/w/index.php?title=ബേതാ_ഇസ്രായേൽ&oldid=3971009" എന്ന താളിൽനിന്ന് ശേഖരിച്ചത്