ബാലിനീസ് അമ്പലം

ഇന്തോനേഷ്യയിലെ ബാലിനീസ് ഹിന്ദുക്കളുടെ ആരാധനസ്ഥലമാണ് പുര അല്ലെങ്കിൽ ബാലിനീസ് ഹിന്ദു അമ്പലം[1]. ബാലിനീസ് വാസ്‌തുവിദ്യയിൽ കാണപ്പെടുന്ന ശൈലിയും നിയമങ്ങളും ക്രിയാവിധിയും അനുസരിച്ചാണ് പുരകൾ (ബാലിനീസ് അമ്പലം) നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ബാലിദ്വീപിലാണ് ഏറ്റവും കൂടുതൽ പുരകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുമതമാണ് ഈ ദ്വീപിലെ ഏറ്റവും പ്രമുഖമായ മതം. ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിലും പുരകൾ കാണപ്പെടുന്നു. ബെസാകിഹിലെ മാതൃക്ഷേത്രമാണ് ബാലിയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും വലുതും ഏറ്റവും പവിത്രവുമായ ക്ഷേത്രം[2]. ബാലിയിൽ അനേകം പുരകൾ കാണപ്പെടുന്നതുകൊണ്ട് ബാലിയെ "ആയിരം പുരകളുടെ ദ്വീപ്" എന്ന് വിളിക്കുന്നു.
പേരിനുപിന്നിൽ[തിരുത്തുക]

"കൊട്ടാരം", "ഗോപുരങ്ങളുള്ള നഗരം", "ചുമരുകളുള്ള നഗരം", "നഗരം" എന്നിങ്ങനെയെല്ലാം അർത്ഥം വരുന്ന സംസ്കൃത പദത്തിൽ (പുരി, പുര, പുരം, പൊരെ ) നിന്നാണ് പുര എന്ന വാക്കുണ്ടായത്. ബാലിനീസ് ഭാഷയുടെ വികാസ പരിണാമത്തിൽ പുര എന്ന പദത്തിന് ക്ഷേത്രസമുച്ചയം എന്നും പുരി എന്നതിന് കൊട്ടാരം (രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും വാസസ്ഥലം) എന്നും അർത്ഥം ഉരുത്തിരിഞ്ഞുവന്നു.
രൂപകൽപ്പനയും വിന്യാസവും[തിരുത്തുക]

സാധാരണ ഹിന്ദു അമ്പലങ്ങളിൽനിന്നും വ്യത്യസ്തമായി വലിയ ചുമരുകൾക്കുള്ളിൽ ധാരാളം വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ ആരാധനകൾ നടത്താവുന്നരീതിയിലാണ് പുരകൾ രൂപകല്പനചെയ്തിട്ടുള്ളത്. ഇവയ്ക്കുള്ളിൽ പരസ്പരബന്ധിതമായ ധാരാളം ചിത്രപണികളോടുകൂടിയ വാതിലുകൾ വിവിധ മുറ്റങ്ങളെ വേർതിരിക്കാനായി ഉണ്ടായിരിക്കും. മതിലുകളാൽ ചുറ്റപ്പെട്ട ഈ മുറ്റങ്ങൾക്കുള്ളിൽ അനേകം ഗോപുരങ്ങളും പവിലിയനുകളും ചെറിയ ശ്രീകോവിലുകളും ഉണ്ടായിരിക്കും. മൂന്നു മണ്ഡലങ്ങൾ അടങ്ങിയ ത്രിമണ്ഡല രൂപത്തിലുള്ള ബാലിനീസ് സ്ഥല ചുറ്റുപാടാണ് പുരകളുടെ സാധാരണ രൂപം[3]. പരിശുദ്ധതയുടെ ആരോഹണത്തിലാണ് മൂന്നു മണ്ഡലങ്ങളുടെയും വിന്യാസം.
നിസ്തമണ്ഡല (ജബ പിസൻ): tഏറ്റവും പുറമെയുള്ള മണ്ഡലയാണിത്. ഇത് പുരയുടെ ചുറ്റുപാടുമുള്ള സ്ഥലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടവുമായി വർത്തിക്കുന്നത്. ഇത് സാധാരണ ഒരു വെളിമ്പ്രദേശമോ പൂന്തോട്ടമോ ആയിരിക്കും. ഇത് വിവിധ നൃത്തപരിപാടികളോ കലാപ്രകടനങ്ങളോ നടത്താനുള്ള ഇടമായും വിവിധ ഉത്സവങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള ഇടമായും ഉപയോഗിക്കുന്നു.
മദ്ധ്യ മണ്ഡല (ജബ ടെങ്കാഹ്): tക്ഷേത്രത്തിന്റെ മദ്ധ്യമണ്ഡലമാണിത്. ഭക്തരുടെയും അനുയായികളുടെയും പ്രാർഥനകൾ നടക്കുന്ന ഇടമാണിത്. ക്ഷേത്രത്തിനുവേണ്ട പിൻതുണകൾ നല്കാനുള്ള ഇടമാണിത്. ഇവിടെ അനേകം പവിലിയനുകൾ ഉണ്ടായിരിക്കും. ബാലെ കുൾകുൾ(തടികൊണ്ടുള്ള സ്ലിറ്റ് ഡ്രം ഗോപുരം), ബാലെ ഗോങ്ങ്(ഗമേലാൻ പവിലിയൻ), വാണ്ടിലൻ(കൂടിക്കഴ്ച പവിലിയൻ), ബാലെ പെസണ്ടെകാൻ, ബാലെ പെരണ്ടെനാൻ(ക്ഷേത്രത്തിലെ പാചകപ്പുര) എന്നിവ ഇവിടെയുണ്ടായിരിക്കും.
ഉത്തമ മണ്ഡല (ജെറോ): പുരയിലെ ഏറ്റവും പരിശുദ്ധമായ മണ്ഡലമാണിത്. ഇവിടെ സാധാരണയായി ഒരു പദ്മാസന, ഏറ്റവും ഉയർന്ന ദൈവത്തിന്റെ താമര സിംഹാസന ഗോപുരം, അചിന്ത്യ (സാങ്ങ് ഹ്യാങ്ങ് വിധി വാസ, ആധുനിക ബാലിനീസിൽ "ഓൾ-ഇൻ-വൺ ഗോഡ്" ), പെലിങ്കിഹ് മെരു ( അനേക നിലയുള്ള ഗോപുരാകൃതിയിലുള്ള ഒരു കെട്ടിടം, ചൈനീസ്, ജാപ്പനീസ് മാതൃകയിലുള്ള പഗോഡയുടെതു പോലുള്ളത്), മറ്റു വിവിധ പവിലിയനുകൾ, ബാലെ പവേഡാൻ(വേദങ്ങൾ ചൊല്ലാനുള്ള പവിലിയൻ), ബാലെ പിയാസൻ, ബാലെ മുർഡ, ഗെഡോങ്ങ് പെൻയിംപെനാൻ(ക്ഷേത്രത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ഇടം).
പുറമെയുള്ള രണ്ടുമണ്ഡലയുടെയും (നിസ്തമണ്ഡല, മദ്ധ്യമണ്ഡല) രൂപഘടന വളരെ അയവുള്ളതാണ്. വിവിധ ഘടകങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റം വരുത്തിയ രീതിയിൽ കാണപ്പെടാറുണ്ട്. ബാലെ കുക്കുൾ ഏറ്റവും പുറത്തെ ഗോപുരമായും പെരണ്ടെനാൻ(ക്ഷേത്രത്തിലെ പാചകപ്പുര) നിസ്തമണ്ഡലയിലും എല്ലാം കാണാറുണ്ട്.
വാതിലുകൾ[തിരുത്തുക]


ബാലിനീസ് വാസ്തുവിദ്യയിൽ രണ്ടുതരത്തിലുള്ള വാതിൽ രൂപകൽപന കാണപ്പെടുന്നു. കാൻഡി ബെൻടാർ എന്നറിയപ്പെടുന്ന സ്പ്ലിറ്റ് ഗേറ്റുകൾ[4]. കോറി അഗ്യുങ്ങ് എന്നറിയപ്പെടുന്നു പഡുരക്സ രീതിയിലുള്ള മേൽക്കൂരകളോടുകൂടിയ വാതിലുകൾ. രണ്ടുരീതിയിലുള്ള വാതിലുകൾക്കും ബാലിനീസ് വാസ്തുവിദ്യയിൽ അതിന്റേതായ പ്രത്യേക റോളുകൾ ഉണ്ട്. കാൻഡി ബെൻടാർ രീതിയിലുള്ള വാതിലുകൾ നിസ്തമണ്ഡലയിലാണ് ഉപയോഗിക്കുന്നത്. കോറി അഗ്യൂങ്ങ് രീതിയിലുള്ള വാതിലുകൾ മദ്ധ്യ മണ്ഡലയ്ക്കും ഉത്തമമണ്ഡലയ്ക്കും ഇടയിലുള്ളവയാണ്. ഗേറ്റുകളുടെ ഈ നിയമങ്ങളെല്ലാം മതാചാരപ്രകാരമല്ലാത്ത പുരികൾക്കും ബാധകമാണ്. ഇവ വിശുദ്ധരുടെയും രാജാക്കന്മാരുടെയും വാസസ്ഥലങ്ങളായിരിക്കും.
ഇതും കാണുക[തിരുത്തുക]
- ബാലിനീസ് വാസ്തുവിദ്യ
- പുര ബെസാകിത്
- കാൻഡി
- ഇന്തോനേഷ്യയിലെ ഹിന്ദു ക്ഷേത്രങ്ങളുടെ പട്ടിക
Notes[തിരുത്തുക]
- ↑ "Temples in Bali". Bali Directory. മൂലതാളിൽ നിന്നും 2010-05-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-21.
- ↑ "Mount Agung and Pura Besakih". Sacred Destinations. മൂലതാളിൽ നിന്നും 11 July 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-20.
- ↑ "Traditional Balinese Architecture". School of Architecture, Faculty of Engineering, Udayana University. ശേഖരിച്ചത് 2010-07-20.
- ↑ "Bali:The Land of Temples". Indo.com. ശേഖരിച്ചത് 2010-07-20.