ബല്ലാലേശ്വർ പാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബല്ലാലേശ്വർ പാലി
ബല്ലാലേശ്വർ ക്ഷേത്രം, പാലി
അടിസ്ഥാന വിവരങ്ങൾ
സ്ഥലംപാലി
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിഗണപതി
ജില്ലറായ്ഗഡ് ജില്ല
സംസ്ഥാനംമഹാരാഷ്ട്ര
രാജ്യംഇന്ത്യ
ക്ഷേത്രകവാടത്തിൽ ചിമാജി അപ്പ സ്ഥാപിച്ച പോർച്ചുഗീസ് പള്ളിമണി

മഹാരാഷ്ട്രയിലെ അഷ്ടവിനായക് എന്നറിയപ്പെടുന്ന എട്ട് ഗണപതിക്ഷേത്രങ്ങളിൽ ഒന്നാണ് ബല്ലാലേശ്വർ പാലി. [1] ഈ ഗണപതി ക്ഷേത്രങ്ങളിൽ ഒരു ഭക്തന്റെ പേരിൽ അറിയപ്പെടുന്ന ഒരേയൊരു ക്ഷേത്രമാണ് ബല്ലാലേശ്വർ. റായ്ഗഡ് ജില്ലയിൽ രോഹയിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള പാലി ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാരസ്ഗഡ് കോട്ടയ്ക്കും അംബാ നദിക്കും ഇടയിലാണ് ഇതിന്റെ സ്ഥാനം.

മൂർത്തി[തിരുത്തുക]

വിനായകമൂർത്തി ഒരു കൽ സിംഹാസനത്തിൽ ഇരിക്കുന്ന രീതിയിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. തുമ്പിക്കൈ ഇടത്തോട്ട് തിരിഞ്ഞാണുള്ളത്. പശ്ചാത്തലത്തിൽ വെള്ളിയിൽ തീർത്ത ഋദ്ധിയും സിദ്ധിയും ചാമരങ്ങൾ വീശി നിലകൊള്ളുന്നു. ഗണപതി വിഗ്രഹത്തിന്റെ കണ്ണുകളിലും നാഭിയിലും വജ്രങ്ങളുണ്ട്.

ഐതിഹ്യം[തിരുത്തുക]

പാലി ഗ്രാമത്തിൽ കല്ല്യാൺ എന്ന ധനികനായ ഒരു വ്യാപാരി തന്റെ ഭാര്യ ഇന്ദുമതിക്കൊപ്പം താമസിച്ചിരുന്നു. അവരുടെ മകൻ ബല്ലാലും ഗ്രാമത്തിലെ മറ്റ് കുട്ടികളും മൂർത്തികൾക്ക് പകരം കല്ലുകൾ ഉപയോഗിച്ച് കളിയായി ദൈവപൂജ ചെയ്തിരുന്നു. ഒരിക്കൽ, കുട്ടികൾ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തേക്ക് പോകുമ്പോൾ വളരെ വലിയ ഒരു കല്ല് കണ്ടു. ബല്ലാലിന്റെ നിർബന്ധത്തിനു വഴങ്ങി കുട്ടികൾ ആ വലിയ കല്ലിനെ ഗണപതിയായി ആരാധിച്ചു. ബല്ലാലിന്റെ നേതൃത്വത്തിൽ കുട്ടികൾ വിശപ്പും ദാഹവും മറന്ന് പകലും രാത്രിയും ആരാധനയിൽ മുഴുകി.

അതേസമയം, ഗ്രാമത്തിലെ മാതാപിതാക്കൾ എല്ലാവരും തങ്ങളുടെ കുട്ടികൾ വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് കല്ല്യാണിന്റെ വീട്ടിലെത്തി അയാളുടെ മകൻ ബല്ലാലിനെ കുറിച്ച് പരാതിപ്പെട്ടു. രോഷാകുലനായ കല്ല്യാൺ ഒരു വടി എടുത്ത് കുട്ടികളെ തേടി പോയി. ഒടുവിൽ അയാൾ ഗണേശപുരാണം കേൾക്കുന്ന കുട്ടികളെ കണ്ടെത്തി. കോപാകുലനായ കല്ല്യാൺ, കുട്ടികൾ നിർമ്മിച്ച ചെറിയ ക്ഷേത്രങ്ങൾ തകർത്തു. ഇതുകണ്ട് മറ്റു കുട്ടികൾ ഭയന്ന് ബല്ലാലിനെ തനിച്ചാക്കി ഓടിപ്പോയി. ഗണപതിയോടുള്ള ഭക്തിയിൽ പൂർണമായി മുങ്ങിപ്പോയ ബല്ലാലിനെ പിതാവ് പിടികൂടി അവന്റെ വസ്ത്രം ചോരയിൽ കുതിരുന്നതുവരെ അടിച്ചു. കല്ല്യാൺ തന്റെ മകനെ മരത്തിൽ കെട്ടിയിട്ട് കുട്ടികൾ ശേഖരിച്ച പൂജാസാധനങ്ങളെല്ലാം ചവിട്ടിമെതിച്ചു. കുട്ടികൾ ഗണപതിയായി കരുതിയിരുന്ന വലിയ കല്ല് ഉയർത്തി അയാൾ നിലത്തേക്ക് എറിഞ്ഞ് കഷ്ണങ്ങളാക്കി. അതിനുശേഷം അയാൾ ബല്ലാലിനെ പരിഹസിച്ചു, "ഇനി ഏത് ദൈവമാണ് നിങ്ങളെ സംരക്ഷിക്കുന്നതെന്ന് ഞങ്ങൾ നോക്കാം!" സ്വന്തം മകനെ മരത്തിൽ കെട്ടിയിട്ട് മരിക്കാൻ വിട്ട ശേഷം കല്ല്യാൺ തിരികെ തന്റെ വീട്ടിലെത്തി.

മരത്തിൽ ബന്ധിക്കപ്പെട്ട നിലയിലും ഗണപതിയെ അപമാനിച്ചതിന് തന്റെ പിതാവിനെ ബല്ലാൽ ശപിച്ചു: "പാർവ്വതിയുടെ പുത്രനോടുള്ള അനാദരവിന്റെ പേരിൽ അയാൾ അന്ധനും ബധിരനും മൂകനും കൂനനും ആയിത്തീരട്ടെ!" വേദനയും വിശപ്പും ദാഹവും മൂലം ക്ഷീണിതനായി ബോധംകെട്ടു വീഴുന്നതുവരെ ബല്ലാൽ ഗണേശനാമം ജപിച്ചുകൊണ്ടിരുന്നു.

ബോധം വന്നപ്പോൾ ബല്ലാൽ ഗണപതിയോട് തന്റെ സഹായത്തിന് വരാൻ അപേക്ഷിച്ചു. കുട്ടിയുടെ ഭക്തിയിൽ മനമലിഞ്ഞ ഗണേശൻ ഒരു സന്ന്യാസിയുടെ രൂപത്തിൽ ബല്ലാലിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് അവനെ മരത്തിൽ നിന്ന് അഴിച്ചുമാറ്റി. സന്ന്യാസിയെ കണ്ടപ്പോൾ അത് ഗണപതി ആണെന്ന് തിരിച്ചറിഞ്ഞ ബല്ലാലിന്റെ ദാഹവും വിശപ്പും മാറി. അവന്റെ മുറിവുകൾ ഭേദമായി, അവൻ പൂർണ്ണമായും ഉന്മേഷം പ്രാപിച്ചു. അവൻ സന്ന്യാസിയുടെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ബല്ലാലിന്റെ ഭക്തിക്ക് പ്രതിഫലമായി അവൻ ആവശ്യപ്പെടുന്നതെന്തും നൽകി അനുഗ്രഹിക്കുമെന്ന് ഗണപതി ബല്ലാലിനോട് പറഞ്ഞു. "ഞാൻ അങ്ങയുടെ അചഞ്ചലനായ ഭക്തനായിരിക്കട്ടെ. അങ്ങ് എപ്പോഴും ഈ സ്ഥലത്ത് താമസിച്ച് അങ്ങയെ ശരണം പ്രാപിക്കുന്ന ജനങ്ങളുടെ ദുരിതങ്ങൾ അകറ്റേണമേ" എന്ന് ബല്ലാൾ അപേക്ഷിച്ചു. ഗണപതി പറഞ്ഞു, "ഞാൻ എന്നെങ്കിലും ഇവിടെ നിൽക്കും, ബല്ലാലിന്റെ ഈശ്വരൻ (ബല്ലാലേശ്വർ) ആയി ആരാധിക്കപ്പെടുന്ന ഞാൻ നിന്റെ പേര് എന്റെ പേരിനൊപ്പം സ്വീകരിക്കും." ഗണപതി ബല്ലാലിനെ ആലിംഗനം ചെയ്‌ത് അടുത്തുള്ള കല്ലിൽ മറഞ്ഞു. പൊട്ടിയ കല്ലിന്റെ വിള്ളലുകൾ അപ്രത്യക്ഷമാവുകയും വീണ്ടും പൂർണ്ണമാവുകയും ചെയ്തു. ആ ശിലാപ്രതിമയെ ബല്ലാലേശ്വർ എന്നാണ് വിളിക്കുന്നത്. കല്ല്യാൺ നിലത്തിട്ട ശിലാവിഗ്രഹം ധുന്ദി വിനായക് എന്നും അറിയപ്പെടുന്നു. ഇതൊരു സ്വയംഭൂ മൂർത്തിയാണ്, ബല്ലാലേശ്വറിനെ ആരാധിക്കുന്നതിന് മുമ്പ് ഭക്തർ ധുന്ദി വിനായകനെ ആരാധിക്കുന്നു.[2]

ചരിത്രം[തിരുത്തുക]

ഛത്രപതി ശിവജിയുടെ കാലത്തെ നിർമ്മാണപ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളായിരുന്ന മോറേശ്വർ വിഠൽ സിന്ദ്കർ 1640-ൽ ഈ ക്ഷേത്രം പണികഴിപ്പിച്ചു. ഒരു ഗണപതി ഭക്തനും ആയിരുന്ന അദ്ദേഹം ഈ ക്ഷേത്രത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയിരുന്നു. തടിയിൽ നിർമ്മിച്ചിരുന്ന യഥാർത്ഥ ക്ഷേത്രം ഒരു പുതിയ ശിലാക്ഷേത്രത്തിന് വഴിയൊരുക്കുന്നതിനായി 1760-ൽ ശ്രീ ഫഡ്‌നിസ് രൂപകൽപ്പന ചെയ്ത് നവീകരിച്ചു. ശ്രീ എന്ന അക്ഷരത്തിന്റെ ആകൃതിയിൽ നിർമ്മിച്ച ഇത് നിർമ്മാണ സമയത്ത് സിമന്റിൽ കറുത്തീയം കലർത്തി നിർമ്മിച്ചതാണ്. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രം, സൂര്യൻ ഉദിക്കുമ്പോൾ, പൂജാവേളയിൽ സൂര്യരശ്മികൾ മൂർത്തിയിൽ നേരിട്ട് പതിക്കുന്ന തരത്തിൽ നിർമ്മിക്കപ്പെട്ടു. വസായിലും ശാസ്‌തിയിലും നടന്ന പോരാട്ടങ്ങളിൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ശേഷം ചിമാജി അപ്പ കൊണ്ടുവന്ന് സ്ഥാപിച്ച ഒരു പോർച്ചുഗീസ് പള്ളിമണി ഈ ക്ഷേത്രത്തിൽ കാണാം.

ഉത്സവങ്ങൾ[തിരുത്തുക]

എല്ലാ വർഷവും മാഘമാസത്തിലും ഭാദ്രപദമാസത്തിലുമായി രണ്ട് ഉത്സവങ്ങളാണ് പ്രധാനമായും ഈ ക്ഷേത്രത്തിൽ നടക്കാറുള്ളത്. ഗണപതി തന്റെ വിശപ്പകറ്റുന്നത് ഈ രണ്ട് വേളകളിലാണെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "A glance at the significance of Ashtavinayak pilgrimage". punemirror.com (in Indian English). 2022-09-04. Retrieved 2022-12-04.
  2. "तीसरे अष्टविनायक बल्लालेश्वर मंदिर में आम आदमी की तरह विराजित हैं गणपति". Dainik Jagran (in ഹിന്ദി). Retrieved 2022-12-04.
  3. https://www.google.co.in/books/edition/Offbeat_Tracks_in_Maharashtra/KHA9SzLMj3EC?hl=en&gbpv=1&dq=ballaleshwar+pali&pg=PA103&printsec=frontcover
"https://ml.wikipedia.org/w/index.php?title=ബല്ലാലേശ്വർ_പാലി&oldid=4073748" എന്ന താളിൽനിന്ന് ശേഖരിച്ചത്