ബനാന റിപ്പബ്ലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1901-ൽ അമേരിക്കൻ കഥാകൃത്ത് ഒ.ഹെൻറിയാണ് ആദ്യമായി ബനാന റിപ്പബ്ലിക് എന്ന വാക്ക് ഉപയോഗിച്ചത്. (aka William Sydney Porter), 1862–1910.

വളരെ പരിമിതമായ കയറ്റുമതി വിഭവങ്ങളെ (വാഴപ്പഴം, മിനറലുകൾ പോലുള്ളവ) മാത്രം ആശ്രയിച്ച് മുന്നോട്ട് നീങ്ങുന്ന സാമ്പത്തിക സ്ഥിതിവഴി അസ്ഥിരമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളെ സൂചിപ്പിക്കാൻ രാഷ്ട്രമീമാംസയിൽ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ബനാന റിപ്പബ്ലിക് അല്ലങ്കിൽ വാഴപ്പഴ റിപ്പബ്ലിക് എന്നത്. 1901-ൽ അമേരിക്കൻ കഥാകൃത്ത് ഒ.ഹെൻറിയാണ് ആദ്യമായി തന്റെ കാബേജ്‌സ് ആൻഡ് കിങ്‌സ് എന്ന കഥാസമാഹാരത്തിൽ ഈ വാക്ക് ഉപയോഗിച്ചത്. ഹോൺടൂറാസും അയൽ രാജ്യങ്ങളും അമേരിക്കൻ കോർപ്പറേറ്റ് കമ്പനികളുടെ സാമ്പത്തിക ചൂഷണത്തിന് വിധേയമാവുന്നതിനെ വിവരിക്കാനാണ് ഹെൻട്രി ഈ വാക്ക് ഉപയോഗിക്കുന്നത്[1]. സാമ്പത്തികമായി ചൂഷണത്തിന് വിധേയരാകുന്ന അടിസ്ഥാന അദ്ധ്വാന വർഗ്ഗങ്ങളും സമൂഹത്തിലെ ഉന്നതിയിൽ നിൽക്കുന്ന രാഷ്ട്രീയ സാമ്പത്തിക ഭരണവർഗ്ഗങ്ങളും ചേർന്നതായിരിക്കും ബനാന റിപ്പബ്ലിക്കിലെ സമൂഹം[2]. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലൂടെ രാജ്യത്തെ പ്രാഥമിക സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് അവിടുത്തെ ഭരണവർഗ്ഗമായിരിക്കും[3].വാഴപ്പഴ കൃഷി പോലുള്ള വൻകിട തോട്ടംകൃഷി മേഖലയിൽ ഏകാധിപത്യത്തോടെയുള്ള ഭരണവർഗ്ഗത്തിന്റെ ഇടപെടലുകളിലൂടെ അവയെ ചൂഷണത്തിന് വിധേയമാക്കുന്നുതിനെ പരിഹാസപൂർവ്വം വിളിക്കുന്ന ഒരു പേരാണ് ബനാന റിപ്പബ്ലിക്.[3]

ഭരണകൂട മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുള്ള ഒരു രാജ്യമാണ് ബനാന റിപ്പബ്ലിക്. അതിലൂടെ ഭരണവർഗത്തിന്റെ പ്രത്യേക ലാഭത്തിനായി രാജ്യം ഒരു സ്വകാര്യ വാണിജ്യ സംരംഭമായി പ്രവർത്തിക്കുന്നു. പൊതുഭൂമികളെ സ്വകാര്യ മുതലാളിമാർ ചൂഷണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ലാഭം സ്വകാര്യ സ്വത്തായും എന്നാൽ അതുവഴി ഉണ്ടാകുന്ന കടങ്ങൾ പൊതു ട്രഷറിയുടെ സാമ്പത്തിക ഉത്തരവാദിത്തമായും പരിഗണിക്കപ്പെടുന്നു. ഭരണകൂടവും അവരെ താങ്ങിനിർത്തുന്ന സാമ്പത്തിക കുത്തകകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്തരം ചൂഷണം സാധ്യമാക്കുന്നത്. ഇത്തരം അസന്തുലിതമായ സമ്പദ്‌വ്യവസ്ഥയുടെ പരിമിതി,നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള നീതിപൂർവ്വമല്ലാത്ത സാമ്പത്തിക വിതരണത്തിന് വിധേയമാക്കപ്പെടുന്നു എന്നതാണ്. മാത്രമല്ല സാധാരണയായി ദേശീയ കറൻസി മൂല്യമിടിഞ്ഞ് വെറും നോട്ടുകളായി(പേപ്പർ മണി) പരിണമിക്കുകയും അതുവഴി അന്താരാഷ്ട്ര വികസന വായ്പ ലഭിക്കാൻ പോലും യോഗ്യമല്ലാത്ത രാജ്യമാവുകയും ചെയ്യുന്നു.[4]

പദോല്പത്തി[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാരൻ ഒ. ഹെൻ‌റി(വില്യം സിഡ്നി പോർട്ടർ, 1862-1910) കാബേജസ് ആൻഡ് കിംഗ്സ് (1904) എന്ന പുസ്തകത്തിൽ റിപ്പബ്ലിക് ഓഫ് ആഞ്ചൂറിയ എന്ന സാങ്കൽപ്പികമായ റിപ്പബ്ലിക്കിനെ വിവരിക്കാനാണ് ബനാന റിപ്പബ്ലിക് എന്ന പദം ഉപയോഗിച്ചത്. ഒരു ബാങ്ക് തട്ടിപ്പ് കേസിൽ അമേരിക്കൻ ഭരണകൂടം പിടികൂടുതുന്നത് ഭയന്ന് ഹോണ്ടൂറാസിലെ ഒരു ഹോട്ടലിൽ ഒളിച്ചു താമസിച്ച ആറുമാസ കാലയളവിലെ ഓർമ്മകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ കഥകൾ.

അവലംബം[തിരുത്തുക]

  1. O. Henry (1904). Cabbages and Kings. New York City: Doubleday, Page & Company. പുറങ്ങൾ. 132, 296.
  2. Richard Alan White (1984). The Morass. United States Intervention in Central America. New York: Harper & Row. ISBN 978-0-06091145-4. ശേഖരിച്ചത് 2016-05-14.
  3. 3.0 3.1 "Big-business Greed Killing the Banana (p. A19)". The Independent. 24 May 2008. മൂലതാളിൽ നിന്നും 17 January 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 June 2012 – via The New Zealand Herald.
  4. Christopher Hitchens (9 ഒക്ടോബർ 2008). "America the Banana Republic". Vanity Fair. മൂലതാളിൽ നിന്നും 17 ജൂൺ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജൂൺ 2012.
"https://ml.wikipedia.org/w/index.php?title=ബനാന_റിപ്പബ്ലിക്&oldid=3763319" എന്ന താളിൽനിന്ന് ശേഖരിച്ചത്