ഫിലിപ്പുനേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ ഫിലിപ്പുനേരി
Saint Philip Neri
ജനനം 1515 ജൂലൈ 22(1515-07-22)
ഫ്ലോറൻസ്
മരണം 1595 മേയ് 27(1595-05-27) (പ്രായം 79)
ബഹുമാനിക്കപ്പെടുന്നത് റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് മേയ് 11, 1615നു പോൾ അഞ്ചാമൻ മാർപ്പാപ്പ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് മാർച്ച് 12, 1622നു ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പ
ഓർമ്മത്തിരുന്നാൾ മേയ് 26
മധ്യസ്ഥത റോം, യു.എസ്. സ്പെഷ്യൽ ഫോഴ്സ്, ഐ.സി.ആർ.എസ്.എസ്.

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ഫിലിപ്പുനേരി (ജൂലൈ 22, 1515 – മേയ് 25, 1595)

ജീവിതരേഖ[തിരുത്തുക]

1515 ജൂലൈ 22-ന് ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിൽ ഫിലിപ്പുനേരി ജനിച്ചു. ഫിലിപ്പിന്റെ പിതാവ് ഒരു അഭിഭാഷകനായിരുന്നു. മാതാവ് ലുക്രേഷിയ ഒരു ഉന്നതകുലജാതയായിരുന്നു. ചെറുപ്പം മുതൽ ദൈവികകാര്യങ്ങളിൽ താത്പര്യം കാണിച്ചിരുന്ന ഫിലിപ്പ് ഒരു സൗമ്യസ്വഭാവക്കാരനായിരുന്നു. ലുക്രേഷിയയുടെ മരണം മൂലം പിതാവ് വീണ്ടും വിവാഹം കഴിച്ചു. അവരോടും ഫിലിപ്പ് സൗമ്യമായായിരുന്നു പെരുമാറിയിരുന്നത്. ശാന്തസ്വഭാവക്കാരനും സൗമ്യനുമായ ഫിലിപ്പിന്റെ സൽഗുണസ്വഭാവങ്ങളാൽ എല്ലാവരും അവനെ നല്ലവനായ പിപ്പൊ (Good Pippo) എന്നു വിളിച്ചിരുന്നു. ഒരു വൈദികനാകണമെന്ന് ഫിലിപ്പ് ചെറുപ്രായത്തിൽ തന്നെ ആഗ്രഹിച്ചിരുന്നു.

ഫിലിപ്പിനു പതിനാറു വയസുള്ളപ്പോൾ പിതാവ് അവനെ ഒരു ബന്ധുവായ റൊമോളൊ എന്ന വ്യക്തിയുടെ അടുക്കലേക്ക് അയച്ചു. സന്താനരഹിതനായിരുന്ന അയാളുടെ സ്വത്തുക്കൾ മോഹിച്ചാണ് പിതാവ് അവനെ അവിടേക്കയച്ചത്. റൊമോളൊയും ഫിലിപ്പിന്റെ സ്വഭാവസവിശേഷതകളാൽ അവനെ തന്റെ അവകാശിയാക്കുവാൻ തീരുമാനിച്ചു. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഫിലിപ്പ് പിതാവിനെപ്പോലും അറിയിക്കാതെ അവിടെ നിന്നും എല്ലാ വാണിജ്യബന്ധങ്ങളും ഉപേക്ഷിച്ച് റോമിലേക്ക് യാത്ര തിരിച്ചു. പരിപാവനമായ തന്റെ ദൈവവിളിക്കും ആഗ്രഹങ്ങൾക്കും തടസമാകുവാതിരിക്കാനാണ് അവൻ അപ്രകാരം ചെയ്തത്. വെറും കൈയ്യോടെ പുറപ്പെട്ട ഫിലിപ്പ് റോമിൽ എത്തപ്പെട്ടപ്പോൾ ഫ്ലോറൻസുകാരനായ ഒരു വ്യക്തിയെ പരിചയെപ്പെടുകയും ഫിലിപ്പിന്റെ മാന്യത കണ്ട് അവനു താമസിക്കുവാനായി ഒരു മുറി നൽകുകയും ചെയ്തു. കുറച്ചു ധാന്യവും അയാൾ ഫിലിപ്പിനു നൽകി. ഈ ധാന്യം അപ്പക്കച്ചവടക്കാരനെ ഏൽപ്പിച്ചാണ് പകരം ഭക്ഷണം വാങ്ങി ഫിലിപ്പ് ഭക്ഷിച്ചത്. അതിനു പകരമായി ഫ്ലോറൻസുകാരന്റെ രണ്ടു മക്കളെ പഠിപ്പിക്കുവാനും ഫിലിപ്പ് തയ്യാറായി.

ഫ്ലോറൻസുകാരന്റെ ആഥിത്യം സ്വീകരിച്ച് വളരെക്കാലം ഫിലിപ്പ് അവിടെ വസിച്ചു. ഏകാന്തത ഇഷ്ടപ്പെട്ട് കർക്കശമായ ജീവിതമാണ് ഫിലിപ്പ് നയിച്ചത്. ഭക്ഷണപദാർഥങ്ങളിലുള്ള ഉത്കണ്ഠ വെടിഞ്ഞ് ഫിലിപ്പ് ഒരു മിതാഹാരിയായിത്തീർന്നു. തുടക്കത്തിൽ ഫ്ലോറൻസുകാരന്റെ കുടുംബം അവരുടെ ഭക്ഷണത്തിൽ നിന്നും ഒരു ഓഹരി ഫിലിപ്പിനു നൽകിയിരുന്നു. എന്നാൽ അവൻ അതു സ്വീകരിക്കാതെ കിണർ വെള്ളം കുടിച്ചും അപ്പം ഭക്ഷിച്ചും കഴിഞ്ഞു. ചിലപ്പോൾ പച്ചയിലകളും ആഹാരത്തിൽ ചേർത്തു കഴിച്ചിരുന്നു. ദിവസം ഒരിക്കൽ മാത്രമാണ് ഭക്ഷിച്ചിരുന്നത്. ചിലപ്പോൾ ദിവസങ്ങൾ പട്ടിണി കിടന്നിരുന്നു. രണ്ടു വർഷക്കാലത്തെ ഈ ജീവിതത്തിനു ശേഷം ഫിലിപ്പ് തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. തത്ത്വശാസ്ത്രത്തിൽ ആഴമായി പഠിച്ച ഫിലിപ്പ് അക്കാലത്തെ അറിയപ്പെട്ടിരുന്ന പണ്ഡിതരിൽ ഒരാളായി മറി. ദൈവശാസ്ത്ര വിഷയങ്ങൾ ഫിലിപ്പ് അഗസ്റ്റീനിയൻ സന്യാസിമാരുടെ വിദ്യാലയങ്ങളിലാണ് അഭ്യസിച്ചിരുന്നത്. പരിശുദ്ധ ത്രിത്വം, മാലാഖമാർ, മനുഷ്യാവതാരം തുടങ്ങിയ വിഷയങ്ങളിൽ ഫിലിപ്പ് ആഴമായ പഠനങ്ങൾ നടത്തി.

അറിവുകൾ വർദ്ധിച്ചപ്പോൾ ഫിലിപ്പ് പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ ഓർത്തു:- ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്, മറിച്ച് ദൈവം ഒരോരുത്തർക്കും നൽകിയിരിക്കുന്ന വിശ്വസത്തിന്റെ അളവനുസരിച്ച് വിവേകപൂർവ്വം ചിന്തിക്കുവിൻ (റോമ 12:3). അതിനാൽ ഫിലിപ്പ് പഠനങ്ങൾ അവസാനിപ്പിച്ച് ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിലേക്കു തിരിയുകയും പൂർണ്ണമായും പ്രാർഥനയിൽ ലയിക്കുകയും ചെയ്തു.

വാഴ്ത്തപ്പെടലും വിശുദ്ധപദവിയും[തിരുത്തുക]

1615 മേയ് 15-ന് പോൾ അഞ്ചാമൻ മാർപ്പാപ്പ ഫിലിപ്പുനേരിയെ വാഴ്ത്തപ്പെട്ടവനായും 1622 മാർച്ച് 12-ന് ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. മേയ് 26-നാണ് സഭ ഇദ്ദേഹത്തിന്റെ ഓർമ്മ ആചരിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിലിപ്പുനേരി&oldid=1765940" എന്ന താളിൽനിന്നു ശേഖരിച്ചത്