പ്രകരണഗ്രന്ഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വേദാംഗാദി ശാസ്ത്രഗ്രന്ഥങ്ങളിലെ വിഷയങ്ങളെ പ്രത്യേകം എടുത്ത് വിചിന്തനം ചെയ്യുന്ന ഉപന്യാസങ്ങളാണ് പ്രകരണഗ്രന്ഥങ്ങൾ. ‘ശാസ്ത്രൈകദേശസംബദ്ധം ശാസ്ത്രകാര്യാന്തരേ സ്ഥിതം ആഹുഃ പ്രകരണം നാമ ഗ്രന്ഥഭേദം വിപസ്തിതഃ’ എന്നാണ് വിഷ്ണുധർമ്മോത്തരപുരാണം പ്രകരണത്തിനു നൽകുന്ന നിർവ്വചനം. ശാസ്ത്രത്തോട് ഒരംശത്തിൽ ബന്ധപ്പെട്ടതും ശാസ്ത്രത്തിലുപരി കാര്യമുള്ളതുമായ ഗ്രന്ഥങ്ങളാണിവ. ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ സ്പഷ്ടീകരണം, വിശദീകരണം എന്നിവയാണ് പ്രകരണഗ്രന്ഥങ്ങൾ നിർവ്വഹിക്കുന്നത്[1].

വേദാന്തഗ്രന്ഥങ്ങളെയാണ് പൊതുവേ പ്രകരണം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ബ്രഹ്മജ്ഞാനത്തെ സംബന്ധിച്ച വീക്ഷണങ്ങളാണ് അവയിലെ പ്രതിപാദ്യം. ദാർശനികസംജ്ഞകൾക്കുള്ള വ്യാഖ്യാനങ്ങളാണ് മിക്ക പ്രകരണങ്ങളുടെയും ഉള്ളടക്കം. പ്രകരണങ്ങൾ പദ്യത്തിലും ഗദ്യത്തിലും ഉണ്ട്. ചില പ്രകരണങ്ങൾ സ്തോത്രരൂപത്തിലുള്ളവയാണ്. ശങ്കരാചാര്യരുടെ പ്രകരണങ്ങളാണ് പ്രകരണഗ്രന്ഥങ്ങളിൽ മുഖ്യം. വിവേകചൂഡാമണി, ഉപദേശസാഹസ്രി, മനീഷാപഞ്ചകം, ആത്മബോധ, ദശശ്ലോകി, ശതശ്ലോകി, വാക്യവൃത്തി, തത്ത്വബോധ തുടങ്ങി നിരവധി പ്രകരണങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മാധ്വന്റെ ദശപ്രകരണങ്ങളും പ്രസിദ്ധമാണ്. വാല്മീകി രചിച്ച പ്രകരണഗ്രന്ഥമാണ് ബൃഹദ്യോഗവാസിഷ്ഠം[2].

പ്രകരണഗ്രന്ഥം നാലു ഘടകങ്ങളാൽ സംശോധിക്കപ്പെട്ടിരിക്കണം. അനുബന്ധചതുഷ്ടയം എന്ന് ഇവ അറിയപ്പെടുന്നു.

അധികാരി: പഠനത്തിന് യോഗ്യനായ വ്യക്തിയാണ് അധികാരി. അധികാരിയാരെന്ന് നിർണ്ണയിക്കപ്പെട്ടിരിക്കണം. ഗ്രന്ഥാരംഭത്തിൽ ആരെയൊക്കെ ഉദ്ദേശിച്ചാണ് ഗ്രന്ഥം രചിച്ചിട്ടുള്ളതെന്ന് പ്രകരണഗ്രന്ഥങ്ങളിൽ സൂചന ഉണ്ടായിരിക്കും.
വിഷയം: പ്രതിപാദ്യമെന്താണെന്നുള്ള നിശ്ചയം ഉണ്ടായിരിക്കണം.
സംബന്ധം: പ്രതിപാദ്യവും പ്രകരണവും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കണം.
പ്രയോജനം: പ്രകരണംകൊണ്ടുള്ള പ്രയോജനത്തെ ആലോചിച്ചിരിക്കണം.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വർഗ്ഗം:ശങ്കരാചാര്യരുടെ കൃതികൾ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=പ്രകരണഗ്രന്ഥം&oldid=2284373" എന്ന താളിൽനിന്ന് ശേഖരിച്ചത്