പരമീസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാരമീസിയം
Paramecium.jpg
പരമീസിയം ഔറേലിയ
Scientific classification
Domain:
യൂക്യാരിയോട്ട
Kingdom:
പ്രോട്ടിസ്റ്റ
Phylum:
സീലിയോഫോറ
Class:
സീലിയേറ്റാ
Order:
പെനിക്യൂലിഡ
Family:
പരമീസിഡേ
Genus:
പരമീസിയം

മുള്ളർ, 1773
Species

പരമീസിയം ഔറേലിയ
പർമീസിയം ബർസേറിയ
പരമീസിയം കൗഡേറ്റം
പരമീസിയം ടെട്രൗലിയ

പീലികളാൽ (Cilia) ആവൃതമായ കോശഭിത്തിയോടുകൂടിയ ഏകകോശികൾക്ക് മാതൃകയായി സാധാരണ പഠിക്കാറുള്ള[1] ഒരു കൂട്ടം ജീവികളാണ് പരമീസിയം. ഇവയ്ക്ക് 50 മുതൽ 350 വരെ മൈക്രോമീറ്റർ നീളമുണ്ടാകും. ജലത്തിൽ ജീവിക്കുന്ന ഇവ, ശരീരത്തെ ആവരണം ചെയ്തിരിക്കുന്ന ലോലമായ പീലികളുടെ സഹായത്തോടെ, പുഴുക്കളുടെ മട്ടിൽ താളത്തിലുള്ള ചലനങ്ങളോടെ സഞ്ചരിക്കുന്നു. ആഴമുള്ള ഒരു വദനച്ചാൽ(oral groove) ഇവയുടെ ദഹനവ്യവസ്ഥയുടെ പ്രധാനഭാഗമാണ്. വദനച്ചാലിന്റെ ഉൾഭാഗവും പീലികളാൾ മൂടപ്പെട്ടിരിക്കുന്നു. ശരീരത്തിന് പുറത്തുള്ള പീലികളേക്കാൾ സങ്കീർണ്ണമാണ് ഈ പീലികൾ. ഭഷണത്തെ ദഹനവ്യവസ്ഥയിലേയ്ക്ക് വലിച്ചെടുക്കാൻ ‍ഇവ സഹായിക്കുന്നു. ബാക്ടീരിയങ്ങളും ഇതരലഘുകോശങ്ങളുമാണ് ഇവയുടെ മുഖ്യഭക്ഷണം. ദ്രവവ്യാപനനിയന്ത്രണത്തിനായി(osmo regulation) ഇവയുടെ കോശത്തിൽ ഒരു ജോഡി സങ്കോചരിക്തികൾ(contractile vacuoles) ഉണ്ട്. ചുറ്റുപാടുകളിൽ നിന്ന് ദ്രവവ്യാപനം വഴി കോശത്തിൽ പ്രവേശിക്കുന്ന ജലത്തെ ശേഖരിച്ച് ബഹിഷ്കരിക്കുകയാണ് ഈ രിക്തികകളുടെ ധർമ്മം.

ഉപ്പില്ലാത്ത ജലാശയങ്ങളിൽ, പ്രത്യേകിച്ച് ചളിക്കുണ്ടുകളിലാണ് ഇവ കാണപ്പെടുന്നത്. എന്നാൽ അടുത്ത കാലത്ത്, സമുദ്രത്തിൽ ജീവിക്കുന്ന ചിലയിനങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്.

ഘടന[തിരുത്തുക]

ദീർഘഗോളത്തോട് ഏതാണ്ട് അടുത്തുവരുന്ന [2] ആകൃതിയിൽ മുന്നറ്റം ഉരുണ്ടും പിൻഭാഗം കൂർത്തുമുള്ള ഘടനയാണ് പരമീസിയത്തിന്. ഉറപ്പും വഴക്കവും ചേർന്ന കോശകവചം (Pellicle) ഈ ജീവിയ്ക്ക് കൃത്യമായ ആകൃതി നൽകുന്നു. ചെരുപ്പിനെ അനുസ്മരിപ്പിക്കുന്ന ആകൃതി മൂലം പരമീസിയം "സ്ലിപ്പർ സൂക്ഷ്മജന്തു" (slipper animalcule) എന്നും അറിയപ്പെടുന്നു. കോശത്തിന്റെ പരിധികളിൽ, ഫ്ലജല്ലാകൾ എന്ന പേരിൽ, ചാട്ടവാർ പോലുള്ള തന്തുക്കൾ കാണാം. പാർശ്വഭാഗത്ത്, മുന്നറ്റത്തിനടുത്തു തുടങ്ങുന്ന വദനച്ചാൽ‍, മദ്ധ്യത്തിലുള്ള കോശവദനത്തിൽ എത്തിനിൽക്കുന്നു. പുറകിലത്തെ അറ്റത്തിനടുത്ത് വിസർജ്ജനസുഷിരം(anal pore) കാണപ്പെടുന്നു.

ആഹാരം[തിരുത്തുക]

ബാക്റ്റീരിയയെ ഭക്ഷിക്കുന്ന പാരമീസിയം

ബാക്ടീരിയ, ആൽജി, യീസ്റ്റ് തുടങ്ങിയ സൂക്ഷ്മജീവികളാണ് പരമീസിയത്തിന്റെ ആഹാരം. വദനച്ചാലിൽ വന്നുചേരുന്ന ഭക്ഷണത്തെ പീലികൾ കുറേ വെള്ളത്തോടൊപ്പം കോശവദനത്തിലേയ്ക്ക് തള്ളിനീക്കുന്നു. കോശവദം കടന്നുപോകുന്ന ആഹാരം അന്നഗതിയിലെത്തുന്നു. അന്നഗതിയുടെ ചുവട്ടിൽ മതിയായ അളവ് ആഹാരം ശേഖരിക്കപ്പെടുമ്പോൾ ഒരു അന്നരിക്തിക(food vacuole) രൂപപ്പെടുന്നു. ഈ രിക്തിക കോശദ്രവത്തിലൂടെ ശരീരത്തിന്റെ പിൻഭാഗത്തോളം സഞ്ചരിക്കുന്നു. അതിനിടെ ഭക്ഷണത്തിന്മേൽ ദഹനരസങ്ങൾ പ്രവർത്തിക്കുകയും ദഹിച്ച ആഹാരത്തെ കോശദ്രവം ആഗിരണം ചെയ്യുകയും ചെയ്യുന്നതനുസരിച്ച് അന്നരിക്തിക സങ്കോചിക്കുന്നു. ഒടുവിൽ വിസർജ്ജന സുഷിരത്തിനടുത്തെത്തി രിക്തിക പൊട്ടി ദഹിക്കാത്ത ആഹാരംശങ്ങൾ ബഹിഷ്കരിക്കപ്പെടുന്നു.

സഹജീവനം[തിരുത്തുക]

പരമീസിയം ഔറേലിയ, ആന്തരിക സഹജീവികളായ(endosymbionts) ചിലയിനം ബാക്ടീരിയങ്ങളുമായി രസകരമായ ഒരുതരം സഹജീവനബന്ധം പുലർത്തുന്നു. പരമീസിയം ബർസേറിയ എന്നയിനം, സൂക്ലോറെല്ലാ എന്ന ഹരിത ആൽഗയുമായി പാരസ്പര്യസഹജീവനത്തിൽ(mutualistic symbiosis) ഏർപ്പെടുന്നു. പരമീസിയത്തിന്റെ കോശദ്രവത്തിൽ ജീവിക്കുന്ന സൂക്ലോറെല്ലാ, പരമീസിയത്തിന് ആവശ്യമായ പോഷണം നൽകുന്നു. പരമീസിയമാകട്ടെ സൂക്ലോറെല്ലായെ ചലനക്ഷമമാക്കുകയും അതിന് സം‌രക്ഷണം നൽകുകയും ചെയ്യുന്നു.

'വകതിരിവ്'[തിരുത്തുക]

പരമീസിയങ്ങൾക്ക് പഠനക്ഷമതയുണ്ടോ എന്ന ചോദ്യം ഏറെ കൗതുകമുണർത്തുകയും ഒട്ടേറെ പരീക്ഷണങ്ങൾക്ക് വിഷയമാവുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിലെ പഠനങ്ങളൊന്നും കണിശമായ കണ്ടെത്തലുകളിൽ എത്തിച്ചേർന്നില്ല. വ്യത്യസ്ത വിദ്യുത്-വോൾട്ടേജുകളെ അടിസ്ഥാനമാക്കി അടുത്ത കാലത്തുനടന്ന ഒരു പഠനത്തിൽ, വിവിധങ്ങളായ പ്രകാശതീക്ഷ്ണതകളെ തിരിച്ചറിയാൻ പരമീസിയങ്ങൾക്ക് പരിശീലിക്കാനാകുമെന്ന് [3], കണ്ടെത്തിയതായി അവകാശവാദമുണ്ട്.

അവലംബം[തിരുത്തുക]

  1. Experimental Biosciences - Studies on Paramecium [1]
  2. "O. F. Muller". മൂലതാളിൽ നിന്നും 2012-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-06.
  3. Armus, H.L., Montgomery, A.R., Jellison, J.L. (2006) "Discrimination Learning in Paramecia (P. caudatum)" , The Psychological Record, 56,489-498[2]
"https://ml.wikipedia.org/w/index.php?title=പരമീസിയം&oldid=3636218" എന്ന താളിൽനിന്ന് ശേഖരിച്ചത്