Jump to content

പങ്കാളിത്ത പെൻഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സർക്കാർ വിഹിതവും ചേർത്ത് രൂപവത്കരിക്കുന്ന ഫണ്ടിൽ നിന്ന് പെൻഷൻ നൽകുന്ന രീതിയാണ് പങ്കാളിത്ത പെൻഷൻ.[1] ഇന്ത്യയിൽ പശ്ചിമ ബംഗാൾ ഒഴിക എല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

ലോക രാജ്യങ്ങളിൽ

[തിരുത്തുക]

അമേരിക്കയിൽ

[തിരുത്തുക]

യു.എസ്സിൽ ധാരാളം പെൻഷൻ ഫണ്ടുകൾ തകരുകയും പാപ്പർ നിയമത്തിൻ കീഴിൽ സംരക്ഷണമാവശ്യപ്പെടുകയും ചെയ്യുന്നു.

ബ്രിട്ടനിൽ

[തിരുത്തുക]

2008-നും 2012-നും ഇടയിൽ ബ്രിട്ടനിലെ പെൻഷൻകാർക്ക് അവരുടെ വരുമാനത്തിൽ 20 ശതമാനത്തിന്റെ ഇടിവാണ് പങ്കാളിത്ത പെൻഷൻ സമ്പ്രദായം മൂലം ഉണ്ടായത്. ഇംഗ്ലണ്ടിൽ പെൻഷൻ ഫണ്ടുകളുടെ മോശം പ്രകടനം കാരണം പെൻഷൻ ഫണ്ട് സംരക്ഷണ ആക്ട് കൊണ്ടു വന്നിട്ടുണ്ട്.[2][3]

തെക്കേ അമേരിക്കയിൽ

[തിരുത്തുക]

ഫണ്ട് മാനേജർമാർ പൊതുവിൽ ഹ്രസ്വകാല നേട്ടം പെരുപ്പിച്ചുകാട്ടി ഫണ്ടുകളാകർഷിക്കുകയും ദീർഘകാല സുസ്ഥിരത പണയപ്പെടുത്തുകയും ചെയ്തപ്പോൾ,. കറൻസി ഇടിയുകയും കച്ചവടക്കമ്മി (Trade Deficit) വർധിക്കുകയും ചെയ്തതിനെ തുടർന്ന് പെൻഷൻഫണ്ടുകളുടെ മൂല്യം ശരാശരി 20 ശതമാനം ഇടിഞ്ഞ സ്ഥിതിയിലാണ്.[4]

ഇന്ത്യയിൽ

[തിരുത്തുക]

2004 ലാണ് കേന്ദ്രം പുതിയ പങ്കാളിത്ത പെൻഷൻ സമ്പ്രദായം കൊണ്ടുവന്നത്. 2004 മുതൽ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങൾക്ക് ഇത് ബാധകമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ നിർബന്ധിക്കുകയും ചെയ്തു. കേന്ദ്ര പങ്കാളിത്ത പെൻഷനിൽ വരുന്നവർക്ക് ജനറൽ പ്രോവിഡൻറ് ഫണ്ടും ബാധകമല്ല. ഈ സമ്പ്രദായത്തിന് നിയമപ്രാബല്യം നൽകാൻ 2011ൽ രൂപം നൽകിയ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റിയുടെ അഭിപ്രായത്തിന് വിട്ടു. സ്റ്റാൻഡിങ് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാനോ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനോ കഴിഞ്ഞിട്ടില്ല. ജൂണിൽ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനിരുന്നെങ്കിലും സഖ്യകക്ഷികളുടെ എതിർപ്പുകാരണം മാറ്റിവെച്ചു. തൃണമൂൽകോൺഗ്രസ് നേതാവ് മമതാ ബാനർജിയാണ് ഇതിനെ ശക്തിയായി എതിർത്തത്.

രണ്ട് തരം പദ്ധതികളാണ് കേന്ദ്ര പദ്ധതിയിലുള്ളത്. ടയർ ഒന്നും രണ്ടും. പദ്ധതി നടത്താൻ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയുണ്ടാകും ( സി.ആർ.എ). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയും വരും.

ടയർ ഒന്ന്

[തിരുത്തുക]

ടയർ ഒന്നിൽ (പെൻഷൻ അക്കൗണ്ട്) ചേരൽ നിർബന്ധമാണ്. എന്നാൽ ടയർ രണ്ട് (സേവിങ്സ് അക്കൗണ്ട്) നിർബന്ധമല്ല. പെൻഷൻ അക്കൗണ്ടിലേക്ക് എല്ലാ മാസവും അടിസ്ഥാനശമ്പളവും ക്ഷാമബത്തയുമടങ്ങുന്ന തുകയുടെ പത്ത് ശതമാനമാണ് നൽകേണ്ടത്. ഇതിന് തുല്യമായ തുക സർക്കാറും ജീവനക്കാരനുവേണ്ടി നിക്ഷേപിക്കും. ഈ തുക പിൻവലിക്കാനാവില്ല. 60-ആം വയസ്സിലാണ് പദ്ധതിയിൽനിന്ന് മാറാനാവുക. (കേന്ദ്രത്തിൽ പെൻഷൻ പ്രായം 60 വയസ്സാണ്). പദ്ധതിയിൽനിന്ന് വിടുതൽ വരുമ്പോൾ ആകെ തുകയുടെ 40 ശതമാനം തുകയ്ക്ക് ഇൻഷുറൻസ് കമ്പനിയിൽനിന്ന് ആന്വിറ്റി വാങ്ങണം. ഇതുപയോഗിച്ചാണ് വിരമിക്കുന്ന ആൾക്ക് പെൻഷൻ നൽകുന്നത്. ജീവനക്കാരന് എന്തെങ്കിലും സംഭവിച്ചാൽ മാതാപിതാക്കൾക്കോ ഭാര്യക്കോ പെൻഷൻ കിട്ടും. 60 വയസ്സിൽ വിടുതൽ വാങ്ങുമ്പോൾ വിഹിതത്തിന്റെ 60 ശതമാനം തുക ലഭിക്കും. എന്നാൽ 60 വയസ്സ് തികയുംമുമ്പ് പെൻഷൻ പദ്ധതിയിൽനിന്ന് വിടുതൽ വാങ്ങിയാൽ പെൻഷൻ മൂല്യത്തിന്റെ 80 ശതമാനം ആന്വിറ്റിയായി മാറ്റേണ്ടിവരും[5].

ടയർ രണ്ട്

[തിരുത്തുക]

ടയർ രണ്ടിലെ നിക്ഷേപം പെൻഷൻ അക്കൗണ്ടിന് പുറമെ നടത്തുന്ന നിക്ഷേപമായിരിക്കും. ഇതിലേക്ക് നൽകുന്ന വിഹിതം പ്രത്യേക അക്കൗണ്ടിലേക്ക് പോകും. ജീവനക്കാരൻ ഉദ്ദേശിക്കുമ്പോൾ ഇത് പിൻവലിക്കാം. ഇതിലേക്ക് സർക്കാർ വിഹിതം നൽകില്ല. പണം പിൻവലിക്കാൻ തവണയുടെ നിയന്ത്രണവുമില്ല. ടയർ രണ്ടിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ടയർ ഒന്നിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമില്ല. പെൻഷൻ അക്കൗണ്ട് തുറക്കാൻ മിനിമം 1000 രൂപ വേണം. ചുരുങ്ങിയ വിഹിതം 250 രൂപയായിരിക്കും. മിനിമം വിഹിതം അടച്ചില്ലെങ്കിൽ 100 രൂപ പിഴ നൽകണം. പെൻഷൻ ഫണ്ടിലെ എല്ലാ ഇടപാടുകൾക്കും സർവീസ് ചാർജും നൽകണം. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലയിലും ജോലിചെയ്യുന്നവർക്കും ചേരാം.

കേരളത്തിൽ

[തിരുത്തുക]

പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകമാക്കുക. നിലവിലെ ജീവനക്കാർക്ക്, ഇപ്പോഴുള്ള പെൻഷൻ സമ്പ്രദായം തുടരും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 'ന്യൂ പെൻഷൻ സ്‌കീം' (എൻ.പി.എസ്) മാതൃകയിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത്.[6]

പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയാൽ, അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ പത്തുശതമാനം ഓരോ ജീവനക്കാരിൽ നിന്നും അതത് മാസം സർക്കാർ പിടിക്കും. ഈ തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതമായി നൽകും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യാൻ പ്രത്യേക അതോറിറ്റി രൂപവത്കരിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേർന്ന സംഖ്യ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷനായി നൽകും.[7] 2013 ഏപ്രിൽ 1 ന് ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും വിഹിതം പിടിക്കുകയോ സർക്കാർ വിഹിതം അടക്കുകയോ ചെയ്തില്ല.[അവലംബം ആവശ്യമാണ്]

തമിഴ്‌നാടും കർണാടകയും ആന്ധ്രാപ്രദേശും കേന്ദ്രം നിർദ്ദേശിച്ച മാതൃകയിലാണ് ഇത് നടപ്പാക്കിയത്. എന്നാൽ പെൻഷൻ പ്രായം അതത് സർക്കാരുകളാണ് തീരുമാനിച്ചത്. രണ്ടാം തട്ടിലുള്ള സമ്പാദ്യ പദ്ധതി തുടങ്ങിയിട്ടില്ല. കേന്ദ്രനിയമം നടപ്പാക്കാത്തതുകൊണ്ടാണിത്.

ഫണ്ടിന്റെ വിനിയോഗം

[തിരുത്തുക]
 • PFRDA യിൽ ജീവനക്കാരും സംസ്ഥാന സർക്കാരും അടയ്ക്കുന്ന തുക ജി, സി, എന്നീ 3 ക്ലാസുകളിലാണ് വിനിയോഗിക്കുന്നത്.
 • ജി ക്ലാസിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ബോണ്ടുകളും
 • സി ക്ലാസിൽ വാണിജ്യ ബാങ്കുൾപ്പെടെയുള്ളവരുടെ ബോണ്ടുകളുമാണുള്ളത്.
 • ഈ രണ്ട് ക്ലാസുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് റിസ്ക് ഇല്ല.[അവലംബം ആവശ്യമാണ്]
 • എന്നാൽ, ക്ലാസിൽ ഓഹരി നിക്ഷേപങ്ങളാണുള്ളത്.
 • പക്ഷെ ഏതു ക്ലാസിൽ പണം നിക്ഷേപിക്കണം എന്ന് ജീവനക്കാരന് തീരുമാനിക്കാം.[അവലംബം ആവശ്യമാണ്]

ആവശ്യകത

[തിരുത്തുക]

പങ്കാളിത്ത പെൻഷൻ കേരളത്തിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യുഡി​എഫ് സർക്കാരിന്റെ നിലപാട്

 • 2012 മാർച്ചിൽ കേരളത്തിന്റെ പൊതുകടം 88,746 കോടി രൂപയായിരുന്നു,
 • 2001-02 ൽ 1,838 കോടിയായിരുന്ന പെൻഷൻ തുക , 2011-12ൽ 8,700 കോടിയായി,
 • ഇങ്ങനെ പോയാൽ ഇത് 2021-22ൽ 41,180 കോടിയും 2031-32ൽ 1,95,000 കോടിയുമാകും,
 • പക്ഷെ ഇതിലോടൊപ്പം റവന്യൂ വരുമാനത്തിൽ വളർച്ചയുണ്ടാകുന്നില്ല,
 • അങ്ങനെയെങ്കിൽ ഇപ്പൊഴത്തെ പെൻഷൻ സമ്പ്രദായമനുസരിച്ച് ഭാവിയിൽ പെൻഷൻ നൽകാൻ കഴിയില്ല.

പ്രതിപക്ഷത്തിന്റെ നിലപാട്

[തിരുത്തുക]
 • കൃത്യമായ പെൻഷൻ ഉറപ്പാക്കാൻ പദ്ധതിക്കാകില്ല.
 • അവകാശം, സാമൂഹ്യസുരക്ഷാ സംവിധാനം എന്നീ നിലകളിൽ നിന്ന് പെൻഷൻ മാറുകയും അത് ജീവനക്കാരന്റെ ബാദ്ധ്യതയായി തീരുകയും ചെയ്യുന്നു.
 • ഇരുപത്തഞ്ചോ മുപ്പതോ വർഷത്തിനുശേഷം സർവീസിൽനിന്ന് വിരമിക്കുമ്പോൾ നിശ്ചിത തുക പ്രതിമാസം പെൻഷൻ ലഭിക്കുമെന്നതിന് ഈ പദ്ധതിയിൽ ഉറപ്പില്ല.
 • ഈ പെൻഷൻഫണ്ട് ഓഹരിക്കമ്പോളത്തിൽ നിക്ഷേപിക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിൽ ലഭിക്കാവുന്ന ലാഭവും നഷ്ടവും അടിസ്ഥാനപ്പെടുത്തിയായിരിക്കും പെൻഷൻതുക നിർണയം.
 • പെൻഷൻ ഫണ്ടിലേക്ക് ഓരോ ജീവനക്കാരനും തന്റെ ശമ്പളത്തിന്റെ പത്തുശതമാനം നിക്ഷേപിക്കണം എന്ന വ്യവസ്ഥ ജീവനക്കാരുടെ നിലവിലുള്ള വേതനം വെട്ടിക്കുറയ്കുന്നതിന് തുല്യമാണ്.
 • നിലവിലുള്ള ഓരോ ജീവനക്കാരന്റെയും പെൻഷൻ ഫണ്ടിലേക്ക് സർക്കാർ വിഹിതമായും പത്തുശതമാനം തുക നിക്ഷേപിക്കണം. മുൻപ്, വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ മാത്രം സർക്കാർ ബാദ്ധ്യതയായിരുന്നെങ്കിൽ ഇപ്പോൾ, വിരമിക്കാനിരിക്കുന്ന ജീവനക്കാരുടെ ബാദ്ധ്യതയും സർക്കാർ ഏറ്റെടുക്കേണ്ടിവരുന്നു. വിരമിക്കുന്നവരുടെ എണ്ണത്തിന്റെ എത്രയോ ഇരട്ടിയാണ് നിലവിലുള്ള ജീവനക്കാരുടെ എണ്ണം. ഫലത്തിൽ സർക്കാരിന് പറയത്തക്ക സാമ്പത്തിക നേട്ടമുണ്ടാകുന്നില്ല.
 • ഇതുവഴി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഓഹരിക്കമ്പോളത്തിൽ ചൂതാട്ടത്തിനായി പണം ലഭ്യമാക്കാമെന്നല്ലാതെ മറ്റ് നേട്ടങ്ങളൊന്നുമില്ല.
 • പെൻഷൻ ഇല്ലാതാകുന്നതോടെ സിവിൽ സർവ്വീസ് ആകർഷകമല്ലാതാകും. കാര്യശേഷിയുള്ളവരുടെ ലഭ്യത കുറയും.
 • ഭാവിയിൽ പെൻഷന് ബുദ്ധിമുട്ട് നേരിട്ടേക്കാം എന്ന ഭയമായിരുന്നു പല ജീവനക്കാരെയും അഴിമതി തുടങ്ങിയ ദുഷ്‌പ്രവണതകളിൽ നിന്നും അകറ്റിയിരുന്നത്. പെൻഷൻ ഓരോരുത്തരുടെയും ബാദ്ധ്യതയായി മാറുമ്പോഴും, അത് തുച്ഛമായ തുകയായി മാറുമ്പോഴും സർവ്വീസിലിരിക്കുമ്പോൾ അഴിമതി നടത്തി പണമുണ്ടാക്കുവാനുള്ള വ്യഗ്രത വർദ്ധിക്കാം.
 • പങ്കാളിത്ത പെൻഷൻ പദ്ധതി 2013 ഏപ്രിൽമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്കേ ബാധകമാകൂ എന്നാണ് ഇപ്പോൾ പറയുന്നതെങ്കിലും നിലവിലുള്ള ജീവനക്കാരെയും ഈ പദ്ധതിയിൽ ഭാവിയിൽ ചേർക്കപ്പെട്ടേക്കാം.[8] [9] [10]

പ്രതിഷേധം

[തിരുത്തുക]
കെ.എസ്.ടി.എ., അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ പങ്കാളിത്ത പെൻഷനെതിരെ സ്കൂളുകളിൽ നടന്ന ധർണാ സമരം, 2021
 • പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 2012 ആഗസ്റ്റ് 21ന് സംസ്ഥാന ജീവനക്കാരിലേയും അദ്ധ്യാപകരിലേയും ഒരു വിഭാഗം പണിമുടക്ക് നടത്തി.കേരള എൻ.ജി.ഒ യൂണിയൻ, കെ.എസ്.ടി.എ, കെ.ജി.ഒ.എ എന്നീ സംഘടനകളടങ്ങുന്ന എഫ്.എസ്.ഇ.ടി.ഒ, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി നേതൃത്യം നൽകുന്ന ജോയിന്റ് കൗൺസിൽ, എ.കെ.എസ്.ടി.യു, കെ.ജി.ഒ.എഫ് നേതൃത്വത്തിലാണ് പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.
 • പണിമുടക്കിന് സിഐടിയു, എഐടിയുസി, യുടിയുസി, കെപിടിഎ, എൻ.ജി.ഒ. സംഘ്, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജീവനക്കാർ പണിമുടക്കിയത്. കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി, കെ.എസ്.എസ്.പി.യു (കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ) എന്നീ സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.[8] [11]
 • പി.എഫ്. ആനുകൂല്യത്തിന് ആധാർ ഏർപ്പെടുത്തിയതിൽ തൊഴിലാളി സംഘടനകൾ എതിർപ്പുയർത്തിയിരുന്നു.[12]

2013 ലെ അനിശ്ചിതകാല പണിമുടക്ക്

[തിരുത്തുക]
 • പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2013 ജനവരി എട്ടുമുതൽ സംസ്ഥാന ജീവനക്കാരിലെ ഒരു വിഭാഗം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.[13] സമരത്തെ നേരിടാൻ യു.ഡി.എഫ് സർക്കാർ ഡയസ് നോൺ[14] പ്രഖ്യാപിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും മുന്നണികളുമാണ് സമരത്തിൽ പങ്കാളികളായത്.[15]പലയിടത്തും സമരാനുകൂലികൾ ആക്രമം നടത്തി.[16] ഓരോ ദിവസം കഴിയുന്തോറും സർക്കാർ ഓഫീസുകളിൽ ഹാജർനില കൂടിവരുന്നതായി സർക്കാർ അവകാശപ്പെട്ടു.[17][18] ആറു ദിവസം നീണ്ട പണിമുടക്ക് സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.[19]പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് വിശദമായ മാർഗരേഖ ധനവകുപ്പ് തയ്യാറാക്കി. മിനിമം പെൻഷൻ ഉറപ്പാക്കുമെന്ന ഏകദേശ ഉറപ്പ് ഇതിലുണ്ട്.[20] അഞ്ച്‌ കാര്യങ്ങളിൽ ധാരണയായതിനെ തുടർന്നാണ്‌ സമരം പിൻവലിച്ചത്.[21] പങ്കാളിത്ത പെൻഷൻ നടപ്പാക്കുമെങ്കിലും കുറഞ്ഞ പെൻഷൻ കാര്യം ഉറപ്പാക്കുമെന്നും ഇതിനായി പെൻഷൻ വിഹിതം ട്രഷറിയിൽ നിക്ഷേപിക്കാൻ കേന്ദ്രത്തോട്‌ അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി[22]. പങ്കാളിത്ത പെൻഷൻ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്‌.എന്നാൽ സംഘടനകളുമായി ഉണ്ടാക്കിയ ധാരണകൾ ഒന്നും തന്നെ ഉമ്മൻചാണ്ടി സർക്കാർ പാലിക്കുകയുണ്ടായില്ല.

കെ.എസ്.ആർ ഭാഗം മൂന്നിൽ ഉൾപെട്ടിട്ടുള്ള മുഴുവൻ ജീവനക്കാരെയും ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ പദ്ധതിയുടെ ഭാഗമാക്കാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [അവലംബം ആവശ്യമാണ്]

തമിഴ്‌നാട്ടിൽ

[തിരുത്തുക]

തമിഴ്‌നാട്ടിൽ 2003 ജനവരി ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്.

ആന്ധ്രയിൽ

[തിരുത്തുക]

ആന്ധ്രാപ്രദേശിൽ 2004 സപ്തംബർ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്.

കർണ്ണാടകയിൽ

[തിരുത്തുക]

കർണാടകത്തിൽ 2006 ഏപ്രിൽ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്. പുതിയ പെൻഷൻ പദ്ധതിയിൽ അംഗമാകുന്ന പതിനന്നാലാമത്തെ സംസ്ഥാനമാണ് കർണ്ണാടകം.[23] ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എ. യുടെയും പത്തു ശതമാനമാണ് പെൻഷൻ ഫണ്ടിലേക്കു നൽകേണ്ടത്. ജീവനക്കാരുടെ വിഹിതത്തിന് തുല്യമായ തുക സർക്കാറും നൽകും. സർക്കാർ സഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകി വന്നിരുന്ന പെൻഷൻ 2006 ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് ലഭിക്കില്ല. ജീവനക്കാർക്ക് കോൺട്രിബ്യൂട്ടറി പെൻഷൻ നൽകുന്നത് സംബന്ധിച്ച് സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും തീരുമാനിക്കാം. എന്നാൽ പെൻഷൻ ഫണ്ടിലേക്ക് സർക്കാർ വിഹിതം നൽകില്ല.[24]

മഹാരാഷ്ട്രയിൽ

[തിരുത്തുക]

സംസ്ഥാന സർക്കാറും ജീവനക്കാരും എൽ.ഐ.സിയും ചേർന്ന് സംയുക്തമായി നടപ്പാക്കുന്ന പെൻഷൻ പദ്ധതി 2005 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായി. ഇതോടെ ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യവും സർക്കാർ ഉറപ്പ് നൽകുന്ന പെൻഷൻ ആനുകൂല്യവും ഇല്ലാതായി.[25]

എതിർപ്പുകൾ

[തിരുത്തുക]

സർവീസ് സംഘടനകൾ പങ്കാളിത്ത പെൻഷനെ എതിർക്കുന്നു. കേന്ദ്രസർക്കാർ രൂപവത്കരിച്ചിട്ടുള്ള 'പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ.)'യാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്. പി.എഫ്.ആർ.ഡി.എ.യുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഇൻഷുറൻസ് ഏജൻസിയാണെന്ന ആശങ്കയും സർവീസ് സംഘടനകൾ പങ്കുവെക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
 1. പങ്കാളിത്ത പെൻഷൻ നിർവചനംഫ്രീഡിക്ഷണറി.കോം
 2. http://www.pensionprotectionfund.org.uk/Pages/homepage.aspx
 3. "http://www.mathrubhumi.com/article.php". മാതൃഭൂമി. 26 ജനുവരി 2013. Archived from the original on 2014-04-18. Retrieved 26 ജനുവരി 2013. {{cite news}}: |first= missing |last= (help); External link in |title= (help)
 4. www.oecd.org/finance/privatepensions/1816223.doc
 5. http://www.madhyamam.com/news/184869/120812[പ്രവർത്തിക്കാത്ത കണ്ണി]
 6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-03. Retrieved 2013-01-03.
 7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-13. Retrieved 2012-08-13.
 8. 8.0 8.1 21ലെ പണിമുടക്ക് വിജയിപ്പിക്കുക: സിഐടിയു, എഐടിയുസി, യുടിയുസി, ദേശാഭിമാനി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
 9. പണിമുടക്ക് തുടങ്ങി
 10. "പണിമുടക്ക് :മാതൃഭൂമി". Archived from the original on 2013-01-03. Retrieved 2013-01-08.
 11. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-20. Retrieved 2013-01-08.
 12. "പി.എഫ്. ആനുകൂല്യത്തിന് ആധാർ; എതിർപ്പുമായി തൊഴിലാളി സംഘടനകൾ". മാതൃഭൂമി. 26 ജനുവരി 2013. Archived from the original on 2013-01-26. Retrieved 26 ജനുവരി 2013.
 13. http://www.deshabhimani.com/newscontent.php?id=248343
 14. വേല ചെയ്യാത്തവർക്ക് കൂലിയില്ല എന്ന തത്ത്വത്തിനടിസ്ഥാനമാക്കി സമരത്തിൽ പങ്കെടുക്കുന്ന ദിവസങ്ങളിലെ ശമ്പളം പിടിച്ചുവെക്കുന്ന രീതി
 15. "പണിമുടക്ക് തുടങ്ങി; ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിക്കും". ദേശാഭിമാനി. Retrieved 8 ജനുവരി 2013.
 16. മാതൃഭൂമി ദിനപത്രം-ജനുവരി 9
 17. മാതൃഭൂമി ദിനപത്രം-ജനുവരി 10
 18. മാതൃഭൂമി ദിനപത്രം-ജനുവരി 11
 19. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-14. Retrieved 2013-01-14.
 20. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-17. Retrieved 2013-01-14.
 21. http://beta.mangalam.com/latest-news/24963[പ്രവർത്തിക്കാത്ത കണ്ണി]
 22. http://beta.mangalam.com/latest-news/24963[പ്രവർത്തിക്കാത്ത കണ്ണി]
 23. http://www.daijiworld.com/news/news_disp.asp?n_id=71103[പ്രവർത്തിക്കാത്ത കണ്ണി]
 24. "മഹാരാഷ്ട്രയിൽ എൽ.ഐ.സി സഹകരണത്തോടെ". മാതൃഭൂമി ദിനപത്രം. 12 ജനുവരി 2013. {{cite news}}: |access-date= requires |url= (help)
 25. "മഹാരാഷ്ട്രയിൽ എൽ.ഐ.സി സഹകരണത്തോടെ". മാതൃഭൂമി ദിനപത്രം. 12 ജനുവരി 2013. {{cite news}}: |access-date= requires |url= (help)

അധിക വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പങ്കാളിത്ത_പെൻഷൻ&oldid=3909321" എന്ന താളിൽനിന്ന് ശേഖരിച്ചത്