Jump to content

പക്ഷിനിരീക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിൻലാന്റിലെ പക്ഷിനിരീക്ഷണത്തിനായുള്ള ടവർ.

പക്ഷിനിരീക്ഷണം അഥവാ Birdwatching / Birding[1] എന്നാൽ നഗ്നനേത്രങ്ങളുപയോഗിച്ചോ ബൈനോക്കുലറോ ദൂരദർശിനിയോ ഉപയോഗിച്ചോ വിവിധതരം പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ്. ഇതിൽ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ തിരിച്ചറിയലും ഉൾപ്പെടുന്നു. ആഹ്ലാദകരവും വിജ്ഞാനപ്രദവുമായ ഒരു ഹോബി എന്നതിലുപരി പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാനും പക്ഷിനിരീക്ഷണം സഹായിക്കുന്നു.

ബൈനോക്കുലറുപയോഗിച്ചുള്ള പക്ഷിനിരീക്ഷണം

പ്രാരംഭം

[തിരുത്തുക]

ഏതൊരാൾക്കും ഏതു വയസ്സിലും എവിടെ എങ്ങനെ ജീവിച്ചാലും കൊണ്ടുനടക്കാൻ സാധിക്കുന്ന വിനോദമാണ് പക്ഷി നിരീക്ഷണം. നമ്മുടെ ചുറ്റുപാടും നിത്യവും നാം ധാരാളം പക്ഷികളെ കാണാറുണ്ട്. ഇവയുടെ പേരുകൾ പഠിക്കുക എന്നതാണ് പക്ഷി നിരീക്ഷണത്തിന്റെ തുടക്കം. കാലക്രമേണ അറുപതോ എഴുപതോ ജാതി പക്ഷികളെ തെറ്റാതെ തിരിച്ചറിയാൻ പഠിക്കുന്നതോടൊപ്പം തന്നെ അവയുടെ സവിശേഷതകളിലും നിങ്ങളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങും. പക്ഷികളുടെ പേരുകൾ പഠിക്കുമ്പോൾ ഇംഗ്ളീഷ് പേരു കൂടി പഠിക്കാൻ ശ്രമിക്കണം. പക്ഷികളെപ്പറ്റിയുള്ള നിരവധി ഇംഗ്ളീഷ് പുസ്തകങ്ങൾ രസിച്ചുവായിക്കാൻ കഴിയുമെന്നതാണ് ഇതിൻെറ ഗുണം.

മുന്നൊരുക്കങ്ങൾ

[തിരുത്തുക]
  • രാവിലെ ആറിനും ഒമ്പതിനും ഇടക്കും വൈകുന്നേരം നാലിനും ഏഴിനും ഇടയിലുമാണ് നിരീക്ഷണത്തിന് അനുയോജ്യമായ സമയം.
  • പോക്കറ്റിൽ വെക്കാൻ പറ്റിയ 4x3 ഇഞ്ച് വലിപ്പമുള്ള നോട്ടുപുസ്തകം, പേന എന്നിവ കൈയിൽ കരുതണം.
  • വെള്ള, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക (ഈ നിറങ്ങൾ പക്ഷികളെ ഭയപ്പെടുത്താൻ സാധ്യതയുണ്ട്)
  • പതുക്കെ നടന്ന് ചുറ്റുമുള്ള പക്ഷികളെ ശ്രദ്ധിക്കണം. കഴിയുമെങ്കിൽ നിരീക്ഷകൻ സൂര്യനും പക്ഷിക്കും ഇടയിലായിരിക്കണം.
  • പക്ഷികളുടെ നേരെ വിരൽ, വടി, കുട എന്നിവയൊന്നും ചൂണ്ടരുത്, പക്ഷികളുടെ പിറകെ ഓടരുത്. ഇങ്ങനെ ചെയ്യുന്നത് പക്ഷികളെ ഭയപ്പെടുത്തും.
  • കൂടുകൾ കണ്ടെത്തിയാൽ, അതിനടുത്ത് ചുരുങ്ങിയ സമയം മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ. ദൂരെ അനങ്ങാതെയിരുന്ന് കൂടിൻെറ ഉടമസ്ഥരുടെ ഗമനാഗമനങ്ങൾ ശ്രദ്ധിക്കാം.

രേഖപ്പെടുത്തൽ

[തിരുത്തുക]

നോട്ടുപുസ്തകത്തിൽ കുറിച്ചെടുക്കേണ്ട കാര്യങ്ങൾ

  • സ്ഥലത്തിന്റെ പേര്, സ്വഭാവം (കാട്, കുറ്റിക്കാട്, വയൽ എന്നിങ്ങനെ) തീയതി, സമയം, കാലാവസ്ഥ.
  • കാണുന്ന പക്ഷികളുടെ പേരുകൾ
  • ശ്രദ്ധേയമായി കാണുന്ന ചലനങ്ങൾ
  • പരിചയമില്ലാത്ത പക്ഷിയെയാണ് കാണുന്നതെങ്കിൽ പക്ഷിയുടെ വലിപ്പം, അറിയാവുന്ന പക്ഷിയുമായി താരതമ്യപ്പെടുത്തി (കാക്കയോളം വലിപ്പം, മൈനയേക്കാൾ ചെറുത് എന്നിങ്ങനെ)എഴുതണം.
  • ആകൃതി, നിറങ്ങൾ, ശബ്ദം. (പക്ഷിയുടെ ശബ്ദം വിവരിക്കുക പ്രയാസമാണ് എങ്കിലും ചിക്ക്, ചിക്ക്, സ്വീ എന്നൊക്കെ കുറിച്ചെടുക്കണം)

ശബ്ദം കേട്ടുമാത്രം പക്ഷികളെ തിരിച്ചറിയുന്നത് ശരിയാവണമെന്നില്ല. മണ്ണാത്തിപ്പുള്ളും ആനറാഞ്ചിയുമെല്ലാം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുക പതിവാണ്. കുറിച്ചെടുക്കുന്ന വിവരങ്ങൾ കൃത്യമായാൽ നല്ളൊരു പക്ഷിപ്പുസ്തകത്തിൻെറ സഹായത്തോടെ പക്ഷികളെ എളുപ്പത്തിൽ കണ്ടെത്താം.

പക്ഷികളെ ആകർഷിക്കാൻ

[തിരുത്തുക]

കുടിക്കാനും കുളിക്കാനുമെല്ലാം വെള്ളം നിറച്ചുവെച്ച് നമ്മുടെ വീട്ടുവളപ്പിലേക്കും പക്ഷികളെ ആകർഷിക്കാം. മരച്ചില്ലകളിലോ മരക്കുറ്റികൾക്ക് മുകളിലോ ഒക്കെ വെള്ളം നിറച്ചുവെക്കാം. ചിരട്ടകളോ മൺപാത്രങ്ങളോ ഇതിനായി ഉപയോഗിക്കാം. ശല്യപ്പെടുത്തലുകളില്ലാതിരുന്നാൽ ‘ഈ ജലപാത്രങ്ങൾ’ തേടി പക്ഷികൾ എത്തിത്തുടങ്ങും. വേനൽക്കാലമായാൽ പക്ഷികളുടെ എണ്ണത്തിൽ വർധനയുണ്ടാകും. ഈ സമയത്ത് ദിവസവും രണ്ടു നേരമെങ്കിലും വെള്ളം നിറക്കേണ്ടിവരും. പാത്രങ്ങളിലെ അഴുക്കുവെള്ളം കളഞ്ഞ് ശുചിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മയിലും മലമുഴക്കി വേഴാമ്പലും

[തിരുത്തുക]

ഇന്ത്യയുടെ ദേശീയപക്ഷിയാണ് മയിൽ, നമ്മുടെ സംസ്ഥാനത്തിൻെറ ഒൗദ്യോഗിക പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ. ഇന്ത്യയിലെ പക്ഷികളിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ മയിൽ തന്നെയാണ് മുന്നിൽ. മയിലുകളുടെ പീലിവിടർത്തിയാട്ടം ആരുടെയും മനം കവരും. ആൺമയിലുകളും പെൺമയിലുകളും തമ്മിൽ രൂപത്തിൽ പ്രകടമായ വ്യത്യാസങ്ങൾ കാണാം. ആൺമയിലുകൾക്ക് തലയിൽ ഉച്ചിപ്പൂവും കഴുത്തിന് നീലനിറവുമുണ്ടാകും. പെൺമയിലുകളെ പച്ച, തവിട്ട്, ചാരം നിറങ്ങളിലാണ് കാണുന്നത്. ഉയർന്ന മരങ്ങളും പൊന്തകളും ഇടതൂർന്നു നിൽക്കുന്ന വനങ്ങളുമാണ് മയിലുകളുടെ വാസസ്ഥലം. വൃക്ഷങ്ങളില്ലാത്ത വിശാലമായ പുൽപ്രദേശങ്ങളിലും നദീതീരങ്ങളിലും ഇവയെ കാണാം. സസ്യഭാഗങ്ങൾ, വിത്തുകൾ, ചെറുപ്രാണികൾ, ചിലന്തികൾ എന്നിവയെല്ലാമാണ് മയിലുകളുടെ ഭക്ഷണം. പീകോക് എന്നാണ് വിളിക്കാറെങ്കിലും, കോഴി വർഗത്തിൽപെട്ട ഇവയെ പീഫൗൾ (Peafowl) എന്നു വിളിക്കുന്നതാണ് ശരിയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പറക്കുമ്പോഴുണ്ടാകുന്ന ചിറകടിയുടെ മുഴക്കംകൊണ്ടാണ് കേരളത്തിൻെറ ഒൗദ്യോഗിക പക്ഷിക്ക് ‘മലമുഴക്കി’ (Great Indian Hornbill) എന്ന പേരുകിട്ടിയത്. കറുപ്പും വെളുപ്പും മഞ്ഞയും ചേർന്ന വർണശബളമായ നിറമാണ് ഈ പക്ഷിക്ക്. വലിപ്പമാകട്ടെ ഒരു കഴുകനോളം വരും. സമുദ്ര നിരപ്പിൽനിന്ന് ഏതാണ്ട് 5000 അടി ഉയരത്തിലുള്ള കാടുകളിലാണ് മലമുഴക്കികളുടെ താമസം. കണ്ണുകൾ നോക്കിയാൽ ആൺപക്ഷിയെയും പെൺപക്ഷിയെയും തിരിച്ചറിയാം. ആൺപക്ഷികളുടെ കണ്ണുകൾ ചുവന്നിരിക്കും. പിടയുടേത് നീലയോ വെളുപ്പോ ആയിരിക്കും. കായ്കളും പഴങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. ഏതാണ്ട് അമ്പത് വർഷം ഇത്തരം വേഴാമ്പലുകൾ ജീവിക്കാറുണ്ട്.

പക്ഷിനീരീക്ഷകർ

[തിരുത്തുക]

ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്നു ഡോ. സാലിം അലിയും ഇന്ദുചൂഡനും .

ദൂരദർശിനി ഉപയോഗിച്ചു കൊണ്ടുള്ള പക്ഷിനിരീക്ഷണം

ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പിറന്നാൾദിനമാണ് ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നത്. 1896ൽ മുംബൈയിലായിരുന്നു ഇദ്ദേഹത്തിൻെറ ജനനം. ചെറുപ്പം മുതൽ തന്നെ പക്ഷികളെ സ്നേഹിച്ചു തുടങ്ങിയ സാലിം അലി, പക്ഷികളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ഫാൾ ഓഫ് എ സ്പാരോ’യാണ് (ഒരു കുരുവിയുടെ പതനം) ആത്മകഥ. ദ ബുക് ഓഫ് ഇന്ത്യൻ ബേഡ്സ്, ബേസ്ഡ് ഓഫ് കേരള, ഹാൻഡ്ബുക് ഓഫ് ദ ബേഡ്സ് ഓഫ് ഇന്ത്യ ആൻഡ് പാകിസ്താൻ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ. പത്മശ്രീ, പത്മവിഭൂഷൺ തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. 1987 ജൂലൈ 27ന് സാലിം അലി ഈ ലോകത്തോട് വിടപറഞ്ഞു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

http://www.kolkatabirds.com/ Archived 2014-01-12 at the Wayback Machine. | ഇന്ത്യയിലെ പക്ഷികളെ പറ്റികളെ മുഴുവൻ വിവരങ്ങളും http://www.birding.in/

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പക്ഷിനിരീക്ഷണം&oldid=3798259" എന്ന താളിൽനിന്ന് ശേഖരിച്ചത്