നോർമൻ ഡെല്ലോ ജോയ്യോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Norman Dello Joio
ജനനം (1913-01-24) ജനുവരി 24, 1913  (111 വയസ്സ്)
തൊഴിൽComposer

ഒരു അമേരിക്കൻ സംഗീതജ്ഞനായിരുന്നു നോർമൻ ഡെല്ലോ ജോയ്യോ. 1913 ജനുവരി 24-ന് ന്യൂയോർക്ക് നഗരത്തിൽ ജനിച്ചു. നോർമൻ ഡെല്ലോ ജോയ്യോ എന്നാണ് മുഴുവൻ പേര്. ജർമൻ സംഗീതജ്ഞനായ പോൾ ഹിൻഡെമിത്തിനോടൊപ്പമായിരുന്നു സംഗീതാഭ്യസനം നടത്തിയത്. 1942-ൽ മാഗ്നിഫിക്കറ്റ് എന്ന സംഗീതശില്പത്തിലൂടെ കലാലോകത്ത് ശ്രദ്ധേയനായി. അതിന് ന്യൂയോർക്കിലെ ടൌൺഹാൾ കോംപോസിഷൻ അവാർഡ് ലഭിച്ചു. 1944 മുതൽ 1950 വരെ സാറാ ലാറൻസ് കോളജിൽ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. 1942-ലെ ചേംബർ ഓർക്കസ്ട്ര, ഹാർമോണിക്ക എന്നിവയും 1952-ലെ സോങ് ഒഫ് അഫർമേഷനും ഇദ്ദേഹത്തിന്റെ പ്രശസ്ത രചനകളായി അംഗീകരിക്കപ്പെട്ടു. സ്റ്റീഫൻ വിൻസെന്റ് ബെനറ്റിന്റെ വെസ്റ്റേൺ സ്റ്റാർ എന്ന കവിതയെ ആധാരമാക്കിയുള്ള രചനയാണ് സോങ് ഒഫ് അഫർമേഷൻ. 1956-ൽ തന്ത്രിവാദ്യമേളത്തിനായി മെഡിറ്റേഷൻസ് ഓൺ എക്ളെഡിയാസ്റ്റെസ് എന്ന രചന തയ്യാറാക്കി. ഇതിന് 1957-ൽ സംഗീതത്തിനുള്ള പുലിറ്റ്സർ സമ്മാനം ലഭിച്ചു. ഇദ്ദേഹത്തിന് രണ്ടു തവണ ന്യൂയോർക്ക് മ്യൂസിക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് ലഭിച്ചിട്ടുണ്ട്. 1949-ൽ വേരിയേഷൻസ് എന്ന ഓർക്കസ്ട്രയ്ക്കും 1951-ൽ ദ് ട്രയംഫ് ഒഫ് സെയ്ന്റ് ജോൺ എന്ന ഓപ്പറയ്ക്കുമായിരുന്നു പുരസ്കാരം ലഭിച്ചത്. പില്ക്കാല രചനകളിൽ പ്രധാനപ്പെട്ടവ ബ്ളഡ് മൂൺ (1961), ഇവോക്കേഷൻസ് (1970) എന്നിവയാണ്. ഇവയ്ക്കു പുറമേ ഡൈവേർഷൻസ് (1975) പോലുള്ള നിരവധി പിയാനോ സംഗീത ശില്പങ്ങളും ലഘു ഗാനങ്ങളും കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ട്. 20-ാം ശ.-ത്തിന്റെ താളാത്മകതയിൽ 17-ാം ശ.-ത്തിന്റെ രൂപവടിവ് ഒത്തിണങ്ങിയ ഇദ്ദേഹത്തിന്റെ ശൈലി നിയോക്ളാസിക് പ്രവണതകളുടെ മനോഹരമായ പുനർജനിയായിരുന്നു എന്നാണ് നിരൂപകമതം.

"https://ml.wikipedia.org/w/index.php?title=നോർമൻ_ഡെല്ലോ_ജോയ്യോ&oldid=2787428" എന്ന താളിൽനിന്ന് ശേഖരിച്ചത്