നോഹയുടെ പെട്ടകം
യഹോവയുടെ കല്പനപ്രകാരം മഹാപ്രളയത്തിൽനിന്നു രക്ഷപ്പെടാൻ 600-ആം വയസ്സിൽ നോഹ തയ്യാറാക്കിയ കപ്പലാണ് നോഹയുടെ പെട്ടകം. അസാന്മാർഗിക ജീവിതം കണ്ടു കുപിതനായ യഹോവ മഹാപ്രളയം സൃഷ്ടിച്ച് സകല ചരാചരങ്ങളെയും നശിപ്പിക്കാൻ തീരുമാനിച്ചു. നീതിമാനായ നോഹയെയും കുടുംബത്തെയും സകല ചരാചരങ്ങളുടെയും ഓരോ ഇണയോടെ രക്ഷപ്പെടുത്താനും യഹോവ ആഗ്രഹിച്ചു. അതിനായി ഗോഫർ മരംകൊണ്ട് ഒരു കപ്പൽ നിർമ്മിക്കാൻ ആജ്ഞാപിച്ചു. നോഹയും കുടുംബവും ജീവജാലങ്ങളുടെ ഓരോ ജോഡിയും കപ്പലിൽ സുരക്ഷിതരായിരുന്നു. ഏഴുദിനം കഴിഞ്ഞ് പേമാരി തുടങ്ങി. പർവതകൊടുമുടികൾവരെ വെള്ളത്തിനടിയിലായി. നോഹയുടെ കപ്പലും അതിലെ ജീവജാലങ്ങളും ഒഴികെ എല്ലാം നശിച്ചു. 150 ദിവസത്തിനു ശേഷം ക്രമേണ വെള്ളം കുറഞ്ഞു തുടങ്ങിയപ്പോൾ കപ്പൽ അരാരാത്ത് പർവതത്തിൽ ഉറച്ചു. തുടർന്ന് നോഹ ഒരു പ്രാവിനെ വിട്ടു. അത് ഒരു ഒലിവിലയുമായി മടങ്ങിയെത്തി. നോഹ കപ്പലിൽനിന്നിറങ്ങി സന്തോഷത്തോടെ യഹോവയ്ക്കു നന്ദി പറഞ്ഞുകൊണ്ട് യാഗം നടത്തി. യഹോവ സന്തുഷ്ടനായി. ഇനിയൊരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടി ചെയ്തു.