Jump to content

നീലയമരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indigofera tinctoria
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
I. tinctoria
Binomial name
Indigofera tinctoria

പയർ വർഗ്ഗത്തിൽ പെടുന്ന ഒരു കുറ്റിച്ചെടിയാണ്‌ നീലയമരി. ഉഷ്ണകാലാവസ്ഥയുള്ള ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ കൂടുതൽ കാണപ്പെടുന്നതെങ്കിലും, ലോകത്തെമ്പാടും പഴയകാലങ്ങളിൽ ഇത്‌ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ ചെടിയിലടങ്ങിയിരിക്കുന്ന ഇൻഡിഗൊ നിറം, ജീൻസ്‌ തുടങ്ങിയ വസ്ത്രങ്ങളുടെ നിറക്കൂട്ടുകൾക്കും മുടി നിറം മാറ്റുന്നതിനും ഉപയോഗിച്ചു വരുന്നു. കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഈ ചെടിക്ക്‌ ആയുർവേദത്തിലും സ്ഥാനമുണ്ട്‌.

ഉപയോഗങ്ങൾ

[തിരുത്തുക]

സമൂലം ഔഷധമായി ഉപയോഗിക്കുന്നു. തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കേശതൈലങ്ങൾക്ക് പുറമെ ആസ്തമ, പ്രമേഹം, ത്വഗ്രോഗങ്ങൾ, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു. പാമ്പ്, തേൾ, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാൽ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാറുണ്ട്. നീലയമരി ചേർത്ത മരുന്നുകൾ അപസ്മാരത്തിന് ഉപയോഗിക്കുന്നുണ്ട്. ഞരമ്പുരോഗങ്ങൾക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിൻവേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു.

രസാദിഗുണങ്ങൾ

[തിരുത്തുക]
  • രസം : തിക്തം
  • ഗുണം: രൂക്ഷം, ലഘു
  • വീര്യം : ഉഷ്ണം

കൃഷിരീതി

[തിരുത്തുക]

വിത്ത് പാകിയാണ് ഇവ നടുന്നത്. സെപ്റ്റംബർ - ഒക്ടോബർ മാസമാണ് വിത്ത് വിതയ്ക്കുന്നതിന് യോജിച്ച സമയം. വളരെ ചെറിയ വിത്താണ് നീലയമരിയുടേത്. ഒരു സെന്റിന് ഏകദേശം 12 ഗ്രാം വിത്ത് വേണ്ടിവരും. തൊലി കട്ടിയുള്ളതുകൊണ്ട് മുളപ്പിക്കുന്നതിന് മുമ്പ് വിത്ത് മണലുമായി ചേർത്ത് പതുക്കെ ഉരസണം. അല്ലെങ്കിൽ തിളച്ച വെള്ളത്തിൽ ഒരു സെക്കന്റ് മുക്കണം. മൂന്നിരട്ടി മണൽ ചേർത്താണ് വിത്ത് വിതയ്ക്കേണ്ടത്. 40 കി.ഗ്രാം കാലിവളം അടിവളമായി നല്കാം. വിതച്ച് രണ്ടു മൂന്ന് മാസത്തിനകം ചെടികൾ പൂക്കാൻ തുടങ്ങും. പൂവിടുന്നതോടെ നിലത്ത് നിന്ന് 10 സെ. മി ഉയരത്തിൽ വച്ച് ചെടികൾ മുറിച്ചെടുക്കാം. വിളവെടുത്ത ശേഷം നനയ്ക്കണം. ഒന്നര രണ്ട് മാസം കഴിഞ്ഞാൽ അടുത്ത വിളവെടുപ്പ് നടത്താം. വളർച്ചയനുസരിച്ച് വർഷത്തിൽ 4-5 വിളവെടുപ്പ് നടത്താവുന്നതാണ്.[1]

അവലംബം

[തിരുത്തുക]
  1. നീലിയമരിയുടെ കൃഷിയും വിപണനവും - കേരള കർഷകൻ (സെപ്റ്റംബർ 2011)
"https://ml.wikipedia.org/w/index.php?title=നീലയമരി&oldid=3672391" എന്ന താളിൽനിന്ന് ശേഖരിച്ചത്