നിലാവഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തായമ്പക, മേളം തുടങ്ങി ചെണ്ട ഉപയോഗിച്ചുള്ള വാദനകലകളിൽ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനു് ശീലിച്ചുവരുന്ന ഒരു സാധകരീതിയാണു് നിലാവഭ്യാസം അഥവാ നിലാവു് സാധകം. സാധാരണയായി, മിഥുനമാസത്തിലെ കറുത്ത വാവിന്റെ പിറ്റേദിവസം മുതൽ തുടങ്ങുന്ന നിലാസാധകം അടുത്ത കറുത്ത വാവിനു് പൂർത്തിയാകുന്നു. ഓരോ ദിവസവും നിലാവ് ഉള്ള സമയത്തു് (ചന്ദ്രൻ ആകാശത്തു പ്രത്യക്ഷമാവാൻ സാദ്ധ്യതയുള്ള രാത്രി സമയത്തു്) മാത്രം നടക്കുന്നു എന്നതുകൊണ്ടാണു് ഇതിനു് നിലാവ് അഭ്യാസം എന്നു പേർ വന്നതു്.

മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്. വെളുത്ത പക്ഷത്തെ കറുത്ത വാവ് കഴിഞ്ഞതിന്റെ പിറ്റേദിവസം ചന്ദ്രൻ ഉദിക്കുന്ന സമയം മുതൽ ആണ് സാധകം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ ദിവസവും ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് സാധകത്തിന്റെ സമയവും ദീർഘിക്കുന്നു. അങ്ങനെ വെളുത്ത വാവ് ദിവസം ഒരു മുഴുവൻ രാത്രിയും സാധകം ചെയ്യും. കറുത്ത പക്ഷത്തെ കറുത്തവാവിന് സാധകം തീരും. കൂട്ടത്തിൽ പകൽ വേണ്ടത്ര ഔഷധങ്ങൾ സേവിക്കുകയും ഉഴിച്ചിൽ മുതലായവയും ഉണ്ടാവണം. പകൽ ഉറക്കം നിഷിദ്ധമാണ്. പഥ്യമായ ആഹാരക്രമങ്ങളും ഇതിന്റെ ഭാഗമാണ്. സാധകം ചെയ്യുന്നത് അഭ്യാസം തുടങ്ങിയ വിദ്യാർത്ഥികൾ മുതൽ മുതിർന്ന കലാകാരന്മാർ വരെ ഉൾപ്പെട്ടതാണ്. ഇതൊരു അനുഷ്ഠാനമായല്ല, മറിച്ച് വൈദഗ്ദ്ധ്യത്തിനു വേണ്ടി ചെയ്യുന്ന അഭ്യാസപരിപാടിയായാണു് കണക്കാക്കപ്പെടുന്നതു്. സാധാരണ വലന്തലയിൽ (ചെണ്ടയുടെ വലത്തേ വശത്തു്) ആണു് സാധകം ചെയ്യുക. പുതുതായി പഠനം തുടങ്ങിവെക്കുന്നവർ കല്ലിൽ മുട്ടി ഉപയോഗിച്ച് സാധകം ചെയ്യും.[1]

നിലാസാധകം തുടങ്ങുന്നത് വൈകിട്ട് ഏകദേശം ആറു മുപ്പതിനായിരിക്കും. ആദ്യത്തെ പതിനഞ്ചുദിവസവും (ശുക്ലപക്ഷം അഥവാ അനുലോമം‌) അഭ്യാസം ഇതേ സമയത്തുതന്നെ തുടങ്ങും. എന്നാൽ ഓരോ ദിവസവും ക്രമത്തിൽ അഭ്യാസത്തിന്റെ ദൈർഘ്യം കൂടിക്കൊണ്ടിരിക്കും. ഇങ്ങനെ പൌർണമിയോടെ, ഈ അഭ്യാസവേള വൈകിട്ട് ആറര മുതൽ കാലത്ത് ആറര വരെ പന്ത്രണ്ടു മണിക്കൂർ ആയി മാറുന്നു. എന്നാൽ അതിനുശേഷം കൃഷ്ണപക്ഷത്തിൽ (പ്രതിലോമം) ആരംഭിക്കുന്ന സമയം ക്രമത്തിൽ വൈകിക്കൊണ്ടിരിക്കുകയും അവസാനിക്കുന്ന സമയം (രാവിലെ ആറര മണി) നിശ്ചിതമായിരിക്കുകയും ചെയ്യും. അതായതു് വെളുത്ത വാവിന്റെ പിറ്റേന്നു് വൈകിട്ട് ഏഴിന് തുടങ്ങി കാലത്ത് ആറര വരെ, പിറ്റേ ദിവസം എട്ടിന് തുടങ്ങി ആറര വരെ എന്നീ ക്രമത്തിൽ. അവസാനദിവസം കാലത്ത് അഞ്ചു മണി മുതൽ ആറര വരെ മാത്രമായിരിക്കും സാധകം.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-27. Retrieved 2013-01-29.
"https://ml.wikipedia.org/w/index.php?title=നിലാവഭ്യാസം&oldid=3805635" എന്ന താളിൽനിന്ന് ശേഖരിച്ചത്