Jump to content

നാവികസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്. ശിവാലിക് എന്ന പടക്കപ്പൽ

ഒരു രാജ്യത്തിന്റെ സേനയിലെ മൂന്ന് പ്രധാന വിഭാഗങ്ങളിലൊന്ന്.വ്യോമസേനയും കരസേനയുമാണ് മറ്റു രണ്ട് ഘടകങ്ങൾ.യുദ്ധത്തിനുപയോഗിക്കുന്ന നൗകകൾ, അവയിൽ ജോലിചെയ്യുന്നവർ, അവർക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങൾ, ആയുധങ്ങളുടെയും കപ്പലുകളുടെയും നിർമ്മാണ യൂണിറ്റുകൾ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഒരു നാവികസേന.കപ്പൽപ്പട എന്നർഥമുള്ള 'നാവിഗിയം' എന്ന വാക്കിൽനിന്നാണ് നേവി' (നാവികസേന) എന്ന പദമുണ്ടായത്

ചരിത്രം

[തിരുത്തുക]

നദീതീരങ്ങളിലെ ഫലഭൂയിഷ്ഠമായ ഭൂമികൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിൽനിന്നാണ് പുരാതനകാലത്ത് നാവികസേനകൾ രൂപംകൊണ്ടത്. ചങ്ങാടങ്ങൾ ഉപയോഗിച്ചാണ് ആദ്യകാല നാവികയുദ്ധങ്ങൾ നടത്തിയിരുന്നത്. ഇപ്രകാരം മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ആദ്യമായി നാവികസേനകൾ നിലവിൽ വന്നു. മത്സ്യബന്ധനത്തിനും സമുദ്രയാത്രകൾക്കും ഉപയോഗിച്ചിരുന്ന നൌകകൾ തന്നെയായിരുന്നു അക്കാലത്ത് ജലയുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളിൽ ലോകമൊട്ടാകെ നിരവധി നാവികയുദ്ധങ്ങൾ നടന്നിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ പരിവർത്തനങ്ങൾക്കനുസരിച്ച് നാവികസൈന്യങ്ങളുടെ സംഘടനാരീതിയിലും സ്വഭാവത്തിലും യുദ്ധസമ്പ്രദായങ്ങളിലും ആയുധങ്ങളിലും മാറ്റങ്ങൾ വന്നു. സാമ്രാജ്യങ്ങൾ തകരാനും പുതിയവ ഉടലെടുക്കാനും നാവികയുദ്ധങ്ങൾ കാരണമായി.

പൗരാണിക കാലം

[തിരുത്തുക]

നാവികസൈന്യങ്ങളെക്കുറിച്ച് ലഭ്യമായ വിവരണങ്ങളിൽ ഏറ്റവും പഴക്കമുള്ളത് പുരാതന ഈജിപ്തിൽ നിന്നുള്ളതാണ്. ബി.സി. മൂവായിരത്തിനടുത്ത് നൈൽനദിയിൽ ചങ്ങാടങ്ങൾ ഉപയോഗിച്ചുള്ള നാവികയുദ്ധങ്ങൾ നടന്നിരുന്നു. ബി.സി. 2900-ൽ ഫിനീഷ്യൻ തീരത്തേക്ക് യുദ്ധനൗകകൾ നിർമ്മിക്കാനാവശ്യമായ മരത്തടികൾ വാങ്ങാൻ പോകുന്ന, 40 യുദ്ധനൗകകൾ അടങ്ങിയ ഒരു നാവികപ്പടയെക്കുറിച്ച് ഹെയ്റൊഗ്ലിഫിക്സ് ലിപികളിലുള്ള രേഖപ്പെടുത്തലുകളുണ്ട്. തുഴക്കാർ തുഴഞ്ഞായിരുന്നു ഈ നൗകകൾ സഞ്ചരിച്ചിരുന്നത്. ഗാലികൾ' എന്നു പേരുള്ള യുദ്ധനൗകകൾ ആദ്യമായി നിർമിച്ചത് ഈജിപ്തുകാരാണ്. തുഴക്കാരെ ആക്രമണങ്ങളിൽനിന്നു രക്ഷിക്കാൻ പലകകൾ ഉപയോഗിച്ചുള്ള കവചങ്ങൾ ഈ ഗാലികളിൽ ഉണ്ടായിരുന്നു (മിക്കപ്പോഴും അടിമകളായിരുന്നു തുഴക്കാർ). സു. ബി.സി. 2000-ത്തോടടുത്ത് കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ പ്രമുഖ നാവികശക്തി ക്രീറ്റുകാരായിരുന്നു. സുസംഘടിതമായ ക്രീറ്റ് നാവികസേന ഈജിപ്ഷ്യൻ നാവികസേനയുടെ സഹകരണത്തോടെ കടൽക്കൊള്ളക്കാരെ അമർച്ചചെയ്യാൻ നിരവധി നാവികയുദ്ധങ്ങൾ നടത്തി. യുദ്ധങ്ങൾക്കുമാത്രമായുള്ള ഗാലികൾ ക്രീറ്റ് നാവികസേനയിലും ഉണ്ടായിരുന്നു. ഗ്രീക്കുകാരുമായി ക്രീറ്റ് സൈന്യത്തിന് നിരവധിതവണ ഏറ്റുമുട്ടേണ്ടിവന്നു. ഗാലികൾ കൂടാതെ പായ്ക്കപ്പലുകളുടെ പുരാതന രൂപങ്ങളും ക്രീറ്റ് സൈന്യം ഉപയോഗിച്ചിരുന്നു. ഒറ്റവരി തുഴക്കാരുള്ള നൗകകളായിരുന്നു കപ്പൽപ്പടയിൽ കൂടുതലായും ഉണ്ടായിരുന്നത്. വീതി കുറഞ്ഞ്, നീണ്ട ഇവയ്ക്ക് അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു. ബി.സി. 1100-ൽ ഫിനീഷ്യർ മെഡിറ്ററേനിയൻ തീരങ്ങളിൽ മികച്ച നാവികസൈന്യത്തെ സംഘടിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന നൗകകൾതന്നെയായിരുന്നു യുദ്ധങ്ങളിലും ഫിനീഷ്യർ ഉപയോഗപ്പെടുത്തിയിരുന്നത്. തുഴക്കാരെ വിവിധ തട്ടുകളിൽ ക്രമീകരിച്ചിട്ടുള്ള കൂറ്റൻ ഗാലികൾ ആയിരുന്നു ഇവരുടെ സൈന്യത്തിൽ ഉണ്ടായിരുന്നത്. പുരാതന അസീറിയൻ ശില്പങ്ങളിൽ ഫിനീഷ്യൻ കപ്പൽപ്പടയുടെ ചിത്രീകരണങ്ങൾ കാണാം. പുരാതന ഗ്രീക്കു നാവികപ്പടയിൽ വലിയ ഒറ്റത്തടിവള്ളങ്ങളാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. 20 മീറ്ററോളം നീളമുള്ള ഇവയുടെ ഇരുവശങ്ങളിലും മരപ്പലകകൾകൊണ്ട് കവചങ്ങൾ നിർമിച്ചിരുന്നു. വാണിജ്യപരമായി പുരോഗതി കൈവരിച്ച ഗ്രീക്കു തീരപ്രദേശങ്ങളിൽ സുഗമമായ കപ്പൽ ഗതാഗതത്തെ സഹായിക്കുന്നതിനായി മികച്ച നാവികസൈന്യം പിന്നീട് നിലവിൽവന്നു. കൂറ്റൻ ഗാലികൾ നിറഞ്ഞ നാവിക സൈന്യമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. ഇത്തരം ഗാലികളെക്കുറിച്ചുള്ള വിവരണം ഹോമറിന്റെ ഇലിയഡിലും ഒഡീസിയിലും ഉണ്ട്. ബി.സി. 1800-കളിൽ മൂന്ന് നിര തുഴക്കാരുള്ള നൗകകൾ കൂടുതലായി ഉപയോഗിക്കപ്പെട്ടു. 24 മീറ്ററോളം നീളമുള്ളവയായിരുന്നു ഇവ. ചുരുട്ടിവയ്ക്കാവുന്ന, ചതുരാകൃതിയിലുള്ള കപ്പൽപ്പായ്കൾ ഇവയിൽ ഉപയോഗിച്ചിരുന്നു. അക്കാലത്തെ ഗ്രീക്ക് നാവികസൈന്യത്തിലെ തുഴക്കാർ സ്വതന്ത്രരായ തൊഴിലാളികളായിരുന്നു. സമൂഹത്തിലെ പ്രമുഖനും ധനികനുമായിരുന്നു ക്യാപ്റ്റൻ. കപ്പലിനെ യുദ്ധസജ്ജമാക്കാൻ ഒരുവർഷത്തേക്കുള്ള ഉത്തരവാദിത്തം ഈ ക്യാപ്റ്റനായിരുന്നു. ബൈറെം (Bireme), ട്രൈറെം (Trirem) എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രത്യേക യുദ്ധനൗകകൾ ആദ്യമായി ഉപയോഗിച്ചതും ഗ്രീക്കുകാരാണ്.

ബി.സി. 1500-1400 നൂറ്റാണ്ടുകളിൽ മാസിഡോണിയക്കാരും ഈജിപ്തുകാരും നാവികശക്തി വർധിപ്പിക്കുന്നതിൽ മത്സരിച്ചു. മാസിഡോണിയൻ സേന 18 നിര തുഴക്കാരുള്ളതും 1800-ഓളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ കൂറ്റൻ നൗകകൾ യുദ്ധരംഗത്ത് ഉപയോഗിച്ചു. ഈജിപ്ഷ്യൻ സേന നിർമിച്ചവയിൽ 20 മുതൽ 30 വരെ നിരയിൽ തുഴക്കാരെ അണിനിരത്താൻ കഴിഞ്ഞിരുന്നു. വടക്കൻ ആഫ്രിക്കൻ തീരങ്ങളിൽ ബി.സി. മുന്നൂറാമാണ്ടിൽ കാർത്തേജ് ആയിരുന്നു പ്രബല നാവികശക്തി. ഫിനീഷ്യരും ഗ്രീക്കുകാരും ഉപയോഗിച്ചതരം ഗാലികൾതന്നെയായിരുന്നു ഇവരുടെയും നാവികസേനയിൽ ഉണ്ടായിരുന്നത്. കടൽവഴിയുള്ള കാർത്തേജിന്റെ ശ്രമങ്ങളെ ചെറുക്കാനാണ് റോമാക്കാർ ആദ്യമായി നാവികസൈന്യം രൂപപ്പെടുത്തിയത്. ബി.സി. 264-ൽ ഒന്നാം പ്യൂണിക് യുദ്ധത്തിൽ റോമാക്കാരെ ശക്തരായ കാർത്തേജ് സൈന്യം പരാജയപ്പെടുത്തി. മികച്ച നാവികസൈന്യം സംഘടിപ്പിക്കാൻ ഇത് റോമിനെ നിർബന്ധിതമാക്കി. മികച്ച ഗാലികൾ നിർമ്മിക്കാൻ റോമൻ നൗകാനിർമ്മാണവിദഗ്ദ്ധർ നിയോഗിക്കപ്പെട്ടു. ഗാലികളുടെ നിർമ്മാണം പുരോഗമിക്കുന്ന സമയത്ത് തുഴക്കാർ കരയിൽ തോണികളുടെ മാതൃകകൾ ഉണ്ടാക്കി പരിശീലനം നടത്തി. പിന്നീടു നടന്ന മിയാലേ (Myalae) യുദ്ധത്തിൽ കാർത്തേജിന്റെ 44 കപ്പലുകളും പതിനായിരത്തോളം സൈനികരും അടങ്ങുന്ന സൈന്യത്തെ റോമൻ സൈന്യം കീഴടക്കി. തികച്ചും വ്യത്യസ്തമായ നാവികതന്ത്രങ്ങൾ റോമാക്കാർ പരീക്ഷിച്ചുവിജയിച്ചു. കപ്പലുകളെ ഇടിച്ചു നശിപ്പിക്കുന്നതിനായിരുന്നു ഗ്രീക്കുകാരും ഫിനീഷ്യരും പ്രാധാന്യം കൊടുത്തിരുന്നത്. എന്നാൽ, റോമാക്കാർ ശത്രുകപ്പലുകളുമായി തങ്ങളുടെ കപ്പലുകളെ കൊളുത്തിനിർത്തുകയും ശത്രുവിന്റെ കപ്പലിലേക്ക് സൈനികർ ഇരച്ചുകയറുകയും ചെയ്യുന്ന തന്ത്രമാണു പയറ്റിയിരുന്നത്. ശത്രുക്കപ്പലുകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന പടികൾ ഘടിപ്പിച്ച മരപ്പലകകൾ കപ്പലുകളിൽ ഉണ്ടായിരുന്നു. ബി.സി. 200 കാലത്ത് 17-നും 46-നും ഇടയ്ക്കു പ്രായമുള്ളവർക്ക് റോമിൽ സൈനികസേവനം നിർബന്ധമായിരുന്നു. നാവികസൈന്യം വിപുലപ്പെടുത്താൻ ഈ നിയമം റോമിനെ സഹായിച്ചു. ബി.സി. 218-ൽ കാർത്തേജുമായി വീണ്ടും യുദ്ധമുണ്ടായി. ബി.സി. 201-ലാണ് ഈ യുദ്ധം അവസാനിച്ചത്. അതോടുകൂടി റോമൻ നാവികസൈന്യം അനിഷേധ്യശക്തിയായി മാറി. ജൂലിയസ് സീസറുടെ കാലത്ത് ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കും കടൽക്കൊള്ളകളിൽനിന്നു രക്ഷനേടാനുംവേണ്ടി നാവികസൈന്യത്തെ കൂടുതൽ ശക്തമാക്കി. ജൂലിയസ് സീസറുടെ മരണശേഷം നടന്ന ആക്റ്റിയം (Actium) യുദ്ധത്തിൽ (ബി.സി. 31) മാർക് ആന്റണിയുടെ (ബി.സി. 83-30) റോമൻ സൈന്യത്തെ ഒക്ടോവിയക്കാർ പരാജയപ്പെടുത്തി. 'ലിബുർണിയൻ' (liburnian) എന്നറിയപ്പെടുന്ന, ഭാരം കുറഞ്ഞ യുദ്ധനൗകകൾ ഒക്ടോവിയൻ കമാൻഡറായ മാർകസ് വിപ്സാനിയസ് അഗ്രിപ്പ (Marcus Vipsanius Agrippa: ബി.സി. 65-12) ഈ യുദ്ധത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി. റോമൻ സാമ്രാജ്യത്തിന്റെ ശക്തിക്ഷയം സംഭവിച്ച കാലഘട്ടത്ത് ബൈസാന്തിയൻ ഭരണാധികാരികൾ നാവികസൈന്യങ്ങളെ മികച്ച രീതിയിൽ സംഘടിപ്പിച്ചു. ലിബുർണിയനുകളോടു സാമ്യമുള്ള ഡ്രമൻ (Dromon) എന്ന പേരിലുള്ള യുദ്ധനൗകകൾ ഇവരുടെ നാവികസേന ഉപയോഗിച്ചിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ നാവികസേനകളുടെ വളർച്ച സ്കാൻഡിനേവിയൻ പ്രദേശങ്ങളിൽ ആയിരുന്നു. എ.ഡി. 1000 കാലഘട്ടത്ത് ഈ പ്രദേശത്ത് നിരവധി സാമ്രാജ്യങ്ങൾ ഉദയംചെയ്തു. ഈ സാമ്രാജ്യങ്ങളെല്ലാംതന്നെ നാവികസൈന്യങ്ങളെയും സജ്ജീകരിച്ചിരുന്നു. 'വൈക്കിങ് വെസ്സലുകൾ' എന്നറിയപ്പെടുന്ന കൂറ്റൻ നൗകകളായിരുന്നു സ്കാൻഡിനേവിയൻ പ്രദേശങ്ങളിലെ യുദ്ധനൗകകൾ. 20 മുതൽ 30 വരെ നിരകളിൽ തുഴക്കാരെ ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇത്തരം നൗകകളെ അക്കാലത്ത് സമുദ്രപര്യവേക്ഷണങ്ങൾക്കുവേണ്ടിയും ഉപയോഗിച്ചിരുന്നു. എ.ഡി. 1200-ഓടുകൂടിയാണ് തുഴയുന്ന ഗാലികളുടെ ഉപയോഗം നാവികസേനകൾ ഒഴിവാക്കിയത്. ഡച്ചുകാർ തുടക്കംകുറിച്ച പായ്ക്കപ്പലുകളുടെ ലോകത്തേക്ക് നാവികസേനകളെല്ലാം ക്രമേണ മാറിത്തുടങ്ങി. ഗാലികൾ ഉപയോഗിച്ചുള്ള അവസാനത്തെ പ്രമുഖ യുദ്ധമാണ് എ.ഡി. 1571-ൽ സ്പെയിനിന്റെയും ഫിനീഷ്യയുടെയും സഖ്യസേന തുർക്കിയെ തോല്പിച്ച 'ലെപ്പാന്റോ' യുദ്ധം.

പൗരാണിക യുദ്ധതന്ത്രങ്ങൾ

[തിരുത്തുക]

ശത്രുസൈന്യത്തിന്റെ നൗകകളെ ഇടിച്ചുനശിപ്പിക്കുകയായിരുന്നു പൗരാണികകാലത്തെ പ്രധാന യുദ്ധതന്ത്രം. ഇതിനായി നൗകകളുടെ മുൻഭാഗത്ത് നീണ്ട ലോഹദണ്ഡുകൾ ഘടിപ്പിക്കുമായിരുന്നു. നൗകകളിൽ ഉയരത്തിൽ ഒരു തട്ട് സജ്ജീകരിച്ച് അതിൽ സൈനികരെ വിന്യസിക്കുകയാണു ചെയ്തിരുന്നത്. കൂട്ടിയിടിക്കുശേഷം ഈ സൈനികർ ശത്രുനൗകയിലേക്കു ചാടി തുഴക്കാർക്കും സൈനികർക്കും നേരെ ആക്രമണം നടത്തുകയായിരുന്നു പതിവ്. മികച്ച രീതിയിൽ അമ്പെയ്യാൻ കഴിയുന്നവർ നാവികസേനകളിൽ അക്കാലത്ത് ഉണ്ടായിരുന്നു. കൂറ്റൻ അമ്പുകൾ എയ്തുവിടാൻ കവണകൾ (Catapult) ചില സേനകൾ ഉപയോഗിച്ചു. ശത്രുവിന്റെ നൗകയിലേക്ക് തീപ്പന്തങ്ങൾ എറിയാൻ 'ബാലിസ്റ്റ', 'ഒനാജർ' എന്നീ യന്ത്രങ്ങൾ റോമാക്കാർ ഉപയോഗിച്ചിരുന്നു. നോ: ആയുധങ്ങൾ. റോമൻ കപ്പലുകളുടെ മുൻഭാഗത്ത് ശത്രുവിന്റെ കപ്പലുകളെ കൊളുത്തിനിർത്താൻ കഴിയുന്ന ഒരു ലോഹക്കൊളുത്ത് ഉണ്ടായിരുന്നു. ഇരുമ്പിന്റെയും ഈയത്തിന്റെയും കൂർത്ത ചീളുകൾ ഇരുമ്പുകുഴലുകളിലൂടെ തൊടുക്കുന്നത് മറ്റൊരു പൌരാണിക യുദ്ധരീതിയായിരുന്നു. ഭാരം കുറഞ്ഞതും നീളമുള്ളതുമായ നൌകകളും യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്നു. എളുപ്പത്തിൽ ഗതി തിരിക്കാനും വേഗത കൂട്ടാനും ഇവയ്ക്കു കഴിഞ്ഞിരുന്നു.

നാവികസേന-പൗരാണിക ഭാരതത്തിൽ

[തിരുത്തുക]

നാവികസൈന്യങ്ങളെക്കുറിച്ചും യുദ്ധനൗകകളെക്കുറിച്ചും പ്രാചീന ഭാരതീയ കൃതികളിൽ ധാരാളം വിവരണങ്ങൾ ഉണ്ട്. ഇത്, അതിപുരാതനകാലത്തുതന്നെ ഇന്ത്യൻ പ്രദേശങ്ങളിൽ നാവികസേനകൾ നിലനിന്നിരുന്നതായി കാണിക്കുന്നു. ഋഗ്വേദത്തിൽ നൂറോളം തുഴക്കാരുള്ള യുദ്ധനൗകയെക്കുറിച്ച് പരാമർശമുണ്ട്. മഹാഭാരതത്തിൽ കൊടുങ്കാറ്റിനെയും എല്ലാവിധ ആയുധങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന ആയുധസജ്ജമായ ഒരു നൗകയിലാണ് പാണ്ഡവർ ഗംഗാനദി മുറിച്ചുകടക്കുന്നതായി വർണിച്ചിട്ടുള്ളത് (ആദിപർവം). ശാന്തിപർവത്തിൽ സർവസൈന്യത്തിലെ ഒരു അംഗമാണ് നാവികസേന എന്നു പറയുന്നു. നിഷാദസൈന്യം ഭരതന്റെ സൈന്യത്തോട് ഒരു നാവികയുദ്ധത്തിന് തയ്യാറെടുക്കുന്നതിനെക്കുറിച്ച് രാമായണത്തിൽ വിവരിക്കുന്നുണ്ട് (അയോദ്ധ്യാകാണ്ഡം). മനുസ്മൃതിയിൽ കടലിലൂടെ വരുന്ന ശത്രുക്കളെ നേരിടാൻ തോണികൾ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും പരാമർശമുണ്ട്. ബി.സി. നാലാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്തമൗര്യനാണ് മികച്ച രീതിയിൽ ഒരു നാവികസൈന്യത്തെ ഇന്ത്യൻ തീരങ്ങളിൽ ആദ്യമായി സംഘടിപ്പിച്ചത്. ചന്ദ്രഗുപ്തന്റെ സൈന്യത്തെ ആറായി വിഭജിച്ചിരുന്നുവെന്നും ആദ്യത്തേത് ഒരു നാവികത്തലവന്റെ കീഴിലായിരുന്നുവെന്നും ചന്ദ്രഗുപ്ത രാജധാനിയിലെ ഗ്രീക്കു പ്രതിപുരുഷനായിരുന്ന മെഗസ്തനസ് (ബി.സി. 350-290) രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്ന കൌടില്യന്റെ അർഥശാസ്ത്രത്തിൽ 'നവദ്യക്ഷ' എന്ന സൈനികത്തലവന്റെ ചുമതലകളെപ്പറ്റി വിവരിക്കുന്നുണ്ട്. സമുദ്രയാത്രകൾ സുഗമമാക്കുക, കടൽക്കൊള്ളക്കാരെയും സമുദ്രാതിർത്തി ലംഘിക്കുന്ന ശത്രുരാജ്യത്തിലെ നൗകകളെയും നശിപ്പിക്കുക എന്നിവയാണ് ആ ചുമതലകൾ. മൗര്യചക്രവർത്തിയായ അശോകനും മികച്ച രീതിയിൽ നാവികസേന സജ്ജീകരിച്ചിരുന്നു. സിലോൺ, ഈജിപ്ത്, സിറിയ, മാസിഡോണിയ എന്നീ രാജ്യങ്ങളുമായി അശോകൻ മികച്ച നയതന്ത്രബന്ധങ്ങൾ ഉണ്ടാക്കിയത് നാവികസൈന്യത്തിന്റെ സഹായത്തോടെയായിരുന്നു.

ദക്ഷിണേന്ത്യയിൽ പല്ലവർക്ക് ഇക്കാലത്ത് സ്വന്തമായി ഒരു നാവികസൈന്യം ഉണ്ടായിരുന്നു. കോറമണ്ഡലം തീരമായിരുന്നു ഇവരുടെ നാവിക ആസ്ഥാനം. നരസിംഹവർമൻ എന്ന പല്ലവരാജാവ് ശ്രീലങ്ക പിടിച്ചടക്കിയത് വലിയൊരു നാവികസൈന്യത്തിന്റെ സഹായത്തോടെയായിരുന്നു. സംഘസാഹിത്യത്തിൽ കേരളതീരങ്ങളിലെ പൗരാണിക നാവികയുദ്ധങ്ങളെക്കുറിച്ചു പരാമർശമുണ്ട്. ചേരന്മാർക്ക് സുശക്തമായ നാവികസജ്ജീകരണങ്ങളുണ്ടായിരുന്നു. ചേരരാജാക്കന്മാരായ ഇമയവരമ്പൻ, ചെങ്കുട്ടുവൻ എന്നിവരുടെ നാവികയുദ്ധവിജയങ്ങളെക്കുറിച്ച് പതിറ്റുപ്പത്തിൽ വിശദീകരണങ്ങളുണ്ട്. വാണിജ്യസംബന്ധമായി ഉപയോഗപ്പെടുത്തിയിരുന്ന കപ്പലുകളെയാണ് നാവികയുദ്ധത്തിനുവേണ്ടിയും ഉപയോഗിച്ചിരുന്നത്.

മധ്യകാലഘട്ടം

[തിരുത്തുക]

പായ്ക്കപ്പലുകളുടെ കാലം

[തിരുത്തുക]

പായ്ക്കപ്പലുകളുടെ ആവിർഭാവം നാവികസേനകളിൽ വൻ മാറ്റങ്ങൾ വരുത്തി. 14-ാം നൂറ്റാണ്ടുമുതലാണ് ഇത്തരം കപ്പലുകൾ യുദ്ധങ്ങളിൽ ഉപയോഗിച്ചുതുടങ്ങിയത്. പോർച്ചുഗീസ്, ഡച്ച്, സ്പാനിഷ് പര്യവേക്ഷകരുടെ ആദ്യകാല സമുദ്രാന്തര പര്യവേക്ഷണങ്ങൾ നടന്നതും ഇക്കാലത്താണ്. ദീർഘമായ യാത്രകൾക്ക് കപ്പൽപ്പായ്കൾ ഘടിപ്പിച്ച കപ്പലുകൾ ഇവർ ഉപയോഗിച്ചു. തുഴക്കാർക്കു പകരം കാറ്റിന്റെ സഹായത്തോടെയായിരുന്നു കപ്പലിന്റെ സഞ്ചാരം. പായ്ക്കപ്പലുകൾ വ്യാപകമായ കാലത്തും പുരാതന ഗാലികളുടെ പുതിയ രൂപങ്ങൾ പല രാജ്യങ്ങളും നാവികസേനയിൽ ഉപയോഗിച്ചിരുന്നു. ഗലേസകൾ, ഗാലിയോണുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൂറ്റൻ ഗാലികൾ ഗ്രീസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഉപയോഗിച്ചു. നെപ്പോളിയന്റെയും ലൂയി 14-ാമന്റെയും നാവികസേനകൾ ഇത്തരം നൗകകൾ ഉപയോഗിച്ച് നിരവധി നാവികപോരാട്ടങ്ങൾ നടത്തി. റഷ്യ, സ്വീഡൻ എന്നീ രാജ്യങ്ങൾ 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെ ഈയിനം നൗകകൾ ഉപയോഗിച്ചിരുന്നു.

നാവികസേനകൾ പീരങ്കികളും വിവിധതരം തോക്കുകളും ഉപയോഗിച്ചുതുടങ്ങിയത് 14-ാം നൂറ്റാണ്ടുമുതലാണ്. അക്കാലത്തെ ചരക്കുകപ്പലുകളിലും തോക്കുകളും വിവിധതരം പീരങ്കികളും ഉപയോഗിച്ചിരുന്നു. ഇത്തരം ചരക്കുകപ്പലുകളെ കൂടുതൽ തോക്കുകൾ ഘടിപ്പിച്ച് കപ്പൽപ്പടയുടെ ഭാഗമായും ഉപയോഗിച്ചിരുന്നു. ഇക്കാലത്തെ മറ്റൊരു പ്രധാന കണ്ടുപിടിത്തമായിരുന്നു കരിമരുന്ന്. 14-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ നാവികശക്തികൾ തോക്കുകൾ ഉപയോഗിച്ചിരുന്നു. സൈനികർക്കുനേരെ നിറയൊഴിക്കാൻ കഴിയുന്ന ചെറിയതരം തോക്കുകളായിരുന്നു അവ. തുർക്കി, സ്പെയിൻ നാവികസേനകളാണ് ശത്രുവിന്റെ കപ്പലിനെത്തന്നെ തകർക്കാൻ ശേഷിയുള്ള വലിയ തോക്കുകൾ (പീരങ്കികൾ) പരീക്ഷിച്ചു വിജയിപ്പിച്ചത്. ഡെക്കിന്റെ ഇരുവശങ്ങളിലും ഒരേ വലിപ്പത്തിലുള്ള തോക്കുകളുടെ ശ്രേണികൾ നാവികക്കപ്പലുകളിൽ സജ്ജീകരിച്ചിരുന്നു. 1652-ൽ അക്കാലത്തെ പ്രബല നാവികശക്തിയായ ഡച്ചുകാരെ നേരിട്ട ബ്രിട്ടിഷ് സൈന്യത്തിൽ, കൂടുതലും തോക്കുകൾ ഘടിപ്പിച്ച ചരക്കുകപ്പലുകളാണ് ഉണ്ടായിരുന്നത്. കാപ്പിയം യുദ്ധങ്ങളിൽ ചൈനീസ് നാവികപ്പട പെഡലുകൾ ചവിട്ടി ചലിപ്പിക്കാൻ കഴിയുന്ന പായ്ക്കപ്പലുകൾ ഉപയോഗിച്ചിരുന്നു.16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സുഗമമായ വാണിജ്യത്തിനും കപ്പൽസഞ്ചാരത്തിനുംവേണ്ടി സമുദ്രാതിർത്തിയുള്ള രാജ്യങ്ങളെല്ലാം മികച്ച നാവികസേനകളെ സജ്ജീകരിച്ചു. ഇരുമ്പു സംസ്കരണവിദ്യയിലുണ്ടായ പുതിയ മുന്നേറ്റങ്ങളുടെ ഫലമായി ഓടിൽ നിർമിച്ച തോക്കുകൾക്കു പകരം ഇരുമ്പിൽ നിർമിച്ച തോക്കുകൾ നിലവിൽവന്നു. ഒരേ നിരയായി മുന്നേറുന്ന കപ്പലുകളിൽ ഓരോന്നും ശത്രുസേനയിലെ ഒരു കപ്പലിനെ തിരഞ്ഞെടുത്ത് അക്രമിക്കുന്നതായിരുന്നു ആക്രമണശൈലി. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കപ്പൽപ്പടയിൽ ചെറിയ കപ്പലുകൾ ഉപയോഗിക്കുന്നത് കുറഞ്ഞുവരികയും കൂറ്റൻ കപ്പലുകൾ കൂടുതൽ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. 1798-ൽ ബ്രിട്ടീഷ് പട ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയതും 1805-ൽ ബ്രിട്ടീഷ് സൈന്യം സ്പെയിൻ-ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തിയതും പായ്ക്കപ്പലുകളുടെ കാലത്തെ പ്രമുഖ യുദ്ധങ്ങളാണ്.

നാവികസേന-മധ്യകാല ഭാരതത്തിൽ

[തിരുത്തുക]

മധ്യകാല ഇന്ത്യയിലെ പ്രമുഖ നാവികശക്തികൾ ചോള നാവികസേനയായിരുന്നു. വിജയനഗര, കലിംഗ, മറാത്ത, മുഗൾ സാമ്രാജ്യങ്ങളെല്ലാം മികച്ച രീതിയിൽ നാവികസൈന്യങ്ങളെ സജ്ജീകരിച്ചിരുന്നു. 16-ാം നൂറ്റാണ്ടോടുകൂടി പോർച്ചുഗീസുകാർ ഇന്ത്യൻതീരങ്ങളിൽ പ്രബല നാവികശക്തിയായി മാറി. താന, ബറോഡ, കരിഞ്ച എന്നീ തീരങ്ങൾ പോർച്ചുഗീസ് നാവികശക്തിയുടെ കീഴിലായിരുന്നു. കോഴിക്കോട് സാമൂതിരിയാണ് പോർച്ചുഗീസുകാർക്കെതിരെ ആദ്യമായി ഒരു നാവികയുദ്ധം നടത്തിയ ഇന്ത്യൻ രാജാവ്. 1504-ൽ സാമൂതിരിയുടെ കൊച്ചി ആക്രമണമായിരുന്നു അത്. 280 കപ്പലുകളിലായി ഏകദേശം 4000 സൈനികർ സാമൂതിരിയുടെ നാവികസേനയിൽ ഉണ്ടായിരുന്നു. നാവികയുദ്ധതന്ത്രങ്ങളിലെ അജ്ഞതമൂലം സാമൂതിരിയുടെ സൈന്യം ദയനീയമായി പരാജയപ്പെട്ടു.

16-ഉം 17-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യയിലെ പ്രമുഖ നാവികസൈന്യങ്ങൾ മറാത്ത, കേരള തീരങ്ങളിലെ സൈന്യങ്ങളായിരുന്നു. മറാത്ത രാജാവായിരുന്ന ശിവജിക്ക് മികച്ച നാവികസൈന്യം ഉണ്ടായിരുന്നു. മറാത്തയിലെ കനോജി ആംഗ്രേ, സാമൂതിരിയുടെ കപ്പൽപ്പടയുടെ തലവന്മാരായിരുന്ന കുഞ്ഞാലിമരയ്ക്കാർമാർ എന്നിവർ അക്കാലത്തെ ഏറ്റവും മികച്ച ഇന്ത്യൻ നാവികത്തലവന്മാരായിരുന്നു. (നോ: കുഞ്ഞാലിമരക്കാർമാർ) പോർച്ചുഗീസുകാരുടെ കൂറ്റൻ കപ്പലുകളെ നേരിടാനായി കുഞ്ഞാലിമരയ്ക്കാർ അതിവേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ചെറിയ നൗകകൾ പൊന്നാനി, ബേപ്പൂർ എന്നീ തുറമുഖങ്ങളിൽനിന്ന് ഇറക്കിയിരുന്നു. മലബാറിലെ കടത്തനാട്, അറയ്ക്കൽ എന്നീ ചെറിയ രാജവംശങ്ങൾക്കുപോലും മികച്ച നാവികസേന ഉണ്ടായിരുന്നു.

ആധുനിക കാലഘട്ടം

[തിരുത്തുക]

ആവിക്കപ്പലുകളുടെ കാലം

[തിരുത്തുക]

വ്യവസായവിപ്ലവത്തിനുശേഷം 19-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ആവിയന്ത്രങ്ങളിലധിഷ്ഠിതമായ യുദ്ധക്കപ്പലുകൾ നാവികസേനകൾ ഉപയോഗിച്ചുതുടങ്ങി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ആവിക്കപ്പലുകൾ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. അമേരിക്കൻ നാവികസേന 1812-ൽ നിർമിച്ച 'ഡെമോലോഗസ്' (Demologos) ആണ് ആവിയന്ത്രം ഉപയോഗപ്പെടുത്തിയ ആദ്യത്തെ യുദ്ധക്കപ്പൽ. പെഡലുകൾ ഘടിപ്പിച്ച ചെറിയ കപ്പലുകളായിരുന്നു. ആദ്യകാല ആവിക്കപ്പലുകൾ. 1820-കളിൽ വെസ്റ്റ് ഇൻഡീസ് തീരങ്ങളിലെ കടൽക്കൊള്ളക്കാർക്കെതിരെ അമേരിക്കൻ നാവികസേന ഇത്തരം കപ്പലുകളുപയോഗിച്ച് നിരവധി നാവികയുദ്ധങ്ങൾ നടത്തി. തീർത്തും പ്രതികൂലമായ കാലാവസ്ഥകളിലും അമേരിക്കൻ നാവികസേന ആവിക്കപ്പലുകൾ ഉപയോഗിച്ച് വലിയ വിജയങ്ങൾ നേടി. 1840-കളിലെ മെക്സിക്കൻ യുദ്ധവും 1850-കളിലെ ത്രീമെൻ യുദ്ധവും ഉദാഹരണങ്ങളാണ്. നാവികരംഗത്ത് അമേരിക്ക പ്രബലശക്തിയായി വളർന്നതും ഇക്കാലത്താണ്. ലോഹസംസ്കരണവിദ്യയിലുണ്ടായ മാറ്റങ്ങൾ തോക്കുനിർമ്മാണത്തിലും പ്രതിഫലിച്ചു. ഭാരംകൂടിയ നീണ്ട തോക്കുകൾ കപ്പലുകളിൽ ഘടിപ്പിച്ചുതുടങ്ങി. വെടിയുണ്ടകൾക്കു പകരം തീക്കൽകഷണം (flint stone) ഉപയോഗിക്കുന്ന തോക്കുകളായിരുന്നു ഇവ. സ്ഫോടകശക്തിയുള്ള ഒരു രാസസംയുക്തം (mercuric fulminate) ഇതിനായി നാവികസേനകൾ ഉപയോഗിച്ചു. തട്ടിയാൽ ഉടൻ പൊട്ടിത്തെറിക്കുന്ന ഒരു ചൂർണപദാർഥം അടങ്ങിയിട്ടുള്ള ലോഹക്കൂട്ടും ഇക്കാലത്ത് മിക്ക സേനകളും ഉപയോഗിച്ചിരുന്നു. പുറകുവശത്തുനിന്ന് ഉണ്ടകൾ നിറയ്ക്കാവുന്ന പ്രത്യേകതരം തോക്കുകൾ ബ്രിട്ടീഷ് സൈന്യമാണ് ആദ്യമായി ഉപയോഗിച്ചത്. അമേരിക്കൻ ആഭ്യന്തരയുദ്ധങ്ങളിൽ നാവികസേനയുടെ മികച്ച ആയുധം കരിമരുന്ന് ഉപയോഗിച്ചുള്ളവയായിരുന്നു. പീരങ്കികൾക്കും തോക്കുകൾക്കും പിറകേ ചെറിയതരം ഷെല്ലുകൾ, ബോംബുകൾ തൊടുക്കാവുന്ന മോർട്ടാറുകൾ എന്നിവയും നാവികസേനകളിൽ സ്ഥാനംപിടിച്ചു. മികച്ച കൃത്യത ഇവയ്ക്കുണ്ടായിരുന്നു. 62മ്മ പൗണ്ട് ഭാരവും ശക്തിയോടെ തുളച്ചുകയറി പൊട്ടിത്തെറിക്കാൻ കഴിവുമുള്ള ഇത്തരം ഷെല്ലുകൾ ഫ്രഞ്ചുസേന വികസിപ്പിച്ചെടുത്തു. 1853-ൽ കരിങ്കടലിൽവച്ച് റഷ്യൻ സേന തുർക്കി സേനയെ തകർത്തത് ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു. ഷെൽ-തോക്കുകൾ (Shell-gun) വ്യാപകമാവാൻ ഈ സംഭവം കാരണമായി. ആവിയന്ത്രത്തിലോടുന്ന 'ഫ്രിഗേറ്റുകൾ' എന്ന കപ്പലുകൾ അമേരിക്കൻ-ബ്രിട്ടിഷ് സൈന്യങ്ങൾ യുദ്ധങ്ങളിൽ ഉപയോഗിച്ചു. പിന്നീട് ഇത്തരത്തിലുള്ള ഫ്രിഗേറ്റുകൾ ആയിരുന്നു യുദ്ധമുന്നണിയിലെ പ്രബല കപ്പലുകൾ. 1855-ൽ ഇത്തരത്തിലുള്ള ഒരു ബ്രിട്ടിഷ് കപ്പൽ റഷ്യൻ തീരത്തുള്ള ഒരു കോട്ട തകർത്തു. കനത്ത ഉരുക്കുപാളികൾകൊണ്ടു നിർമിതമായ ഇതിന് റഷ്യൻ പ്രത്യാക്രമണത്തിൽനിന്ന് കുറഞ്ഞ പരിക്കേ ഏല്ക്കേണ്ടിവന്നുള്ളു. മുങ്ങിക്കപ്പലുകളുടെയും ടോർപിഡോകളുടെയും ആദ്യകാല രൂപങ്ങൾ ഇക്കാലത്ത് ഉപയോഗിച്ചുതുടങ്ങി. 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തോടെ കവചിത ആക്രമണകാരി കപ്പലുകൾ അഥവാ കവചിത ക്രൂസെറുകൾ നാവിക സേനകളിൽ പ്രധാന ഘടകമായി. ചരക്കുഗതാഗതത്തിന് സംരക്ഷണം നല്കുവാനും പെട്ടെന്ന് ആക്രമണങ്ങൾ നടത്താനും യോജിച്ച രീതിയിൽ നിർമ്മിക്കപ്പെട്ട കപ്പലുകളായിരുന്നു ഇവ. മുങ്ങിക്കപ്പലുകളുടെ നിർമ്മാണത്തിലും കൂടുതൽ മുന്നേറ്റങ്ങൾ ഇക്കാലത്തുണ്ടായി.


ആധുനിക യുദ്ധക്കപ്പലുകൾ

[തിരുത്തുക]

ആധുനിക നാവികസേന ഉപയോഗിക്കുന്ന യുദ്ധക്കപ്പലുകളെ പ്രധാനമായും ഏഴ് ഇനങ്ങളായി തരംതിരിക്കാറുണ്ട്. വിമാനവാഹിനികൾ, മുങ്ങിക്കപ്പലുകൾ, ക്രൂസെറുകൾ, ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ, കോർവെറ്റുകൾ, ആംഫിബിയസ് അസോൾട്ട് ഷിപ്പുകൾ എന്നിവയാണ് അവ. ഡിസ്ട്രോയറുകളെയാണ് പൊതുവേ മികച്ച ആക്രമണകാരിയായി കൂടുതൽ സേനകളും ഉപയോഗപ്പെടുത്തുന്നത്. ഭൂരിഭാഗം യുദ്ധക്കപ്പലുകളിലും ആന്റി സർഫസ്, ആന്റി സബ്മറൈൻ, ആന്റി എയർക്രാഫ്റ്റ് എന്നീ വിഭാഗങ്ങളിലുള്ള ആയുധങ്ങൾ അടങ്ങിയിരിക്കും.

വിമാനവാഹിനികൾ

[തിരുത്തുക]

യുദ്ധവിമാനങ്ങളെ വഹിക്കാൻ കഴിവുള്ള കൂറ്റൻ കപ്പലുകളാണിവ. കപ്പലിന്റെ ഡെക്കിൽ കിടക്കുന്ന വിമാനങ്ങൾ ആവശ്യം വരുമ്പോൾ പറന്നുയർന്ന് ശത്രുവിനെ ആക്രമിച്ചശേഷം മടങ്ങിയെത്തുന്നു. ബോംബുകളും മിസൈലുകളും പ്രയോഗിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ഇതിൽ ഉണ്ടായിരിക്കുക. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടൺ നിർമിച്ച 'ആർഗസ്' ആണ് ലോകത്തിലെ ആദ്യത്തെ വിമാനവാഹിനി. ശത്രുരാജ്യത്തിന്റെ സമുദ്രാതിർത്തികൾക്കരികെ നിലയുറപ്പിച്ചുകൊണ്ട് തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ ആക്രമിക്കാനും സ്വന്തം സ്ഥാനങ്ങളെ ശത്രുവിന്റെ ആക്രമണത്തിൽനിന്നു രക്ഷിക്കാനും ചരക്കുകപ്പലുകൾക്ക് സംരക്ഷണം നല്കാനും വിമാനവാഹിനികൾ ഉപയോഗപ്പെടുത്തുന്നു. റഡാർ സംവിധാനങ്ങൾ, വാർത്താവിനിമയആന്റിനകൾ, മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, എയർക്രാഫ്റ്റ് ലിഫ്റ്റുകൾ എന്നിവയും വിവിധതരം തോക്കുകളും വിമാനവാഹിനികളിൽ അടങ്ങിയിരിക്കും. മുങ്ങിക്കപ്പലുകളെ തകർക്കാൻ ഉപയോഗപ്പെടുത്തുന്ന പ്രത്യേകതരം വിമാനവാഹിനികളും ഇന്ന് നാവികസേനകൾ ഉപയോഗിക്കുന്നു. ഹെലികോപ്റ്ററുകൾക്കും വിമാനങ്ങൾക്കും പുറമേ ഇവയിലെ മറ്റു പ്രധാന ആയുധങ്ങൾ ഡെപ്ത് ചാർജറുകളും ടോർപിഡോകളുമാണ്. ഹെലികോപ്റ്റർ കാരിയർ, എസ്കോർട്ട് കാരിയർ, ലൈറ്റ് എയർക്രാഫ്റ്റ് കാരിയർ എന്നിവ വിവിധ ഇനം വിമാനവാഹിനികളാണ്.

അന്തർവാഹിനി

[തിരുത്തുക]

വെള്ളത്തിനടിയിലൂടെ സഞ്ചരിച്ചുകൊണ്ട് ആക്രമണം നടത്താൻ കഴിവുള്ള അന്തർവാഹിനികൾ (മുങ്ങിക്കപ്പലുകൾ) ആധുനിക നാവികസേനകളിലെ ഏറ്റവും തന്ത്രപ്രധാനമായ ആയുധമാണ്. ജർമനിയാണ് ഇത്തരം ജലനൌകകൾ ആദ്യമായി യുദ്ധത്തിന് ഉപയോഗിച്ചത്. ശത്രുവിന്റെ കണ്ണിൽപ്പെടാതെ ദിവസങ്ങളോളം മുങ്ങിക്കിടക്കാനും വളരെ വേഗത്തിൽ ജലത്തിനടിയിലൂടെ സഞ്ചരിക്കാനും ഇവയ്ക്കു കഴിയും. മൈനുകൾ നിക്ഷേപിക്കാനും ടോർപിഡോകളെ വിക്ഷേപിക്കാനും ഇവയെ ഉപയോഗപ്പെടുത്താം. മുങ്ങിക്കപ്പലുകളിൽ നിന്ന് യുദ്ധവിമാനങ്ങൾക്കുനേരെ വിക്ഷേപിക്കാവുന്ന മിസൈലുകൾ ഇന്ന് മിക്ക സേനകൾക്കുമുണ്ട്. അവശ്യസമയങ്ങളിൽ ജലോപരിതലത്തിലെത്തി ശത്രുവിമാനങ്ങൾക്കുനേരെയും യുദ്ധക്കപ്പലുകൾക്കുനേരെയും ആക്രമണം നടത്താൻ മുങ്ങിക്കപ്പലുകൾക്കു കഴിയും. ആധുനിക മുങ്ങിക്കപ്പലുകളിൽ നല്ലൊരു പങ്ക് അണുശക്തികൊണ്ട് ഓടുന്നവയാണ്

ക്രൂസെർ

[തിരുത്തുക]

മികച്ച നിയന്ത്രണശേഷിയുള്ളയുദ്ധക്കപ്പലുകളാണിവ. സങ്കീർണമായ യുദ്ധോപകരണങ്ങളും സ്ഫോടകവസ്തുക്കളും ഇവ വഹിക്കുന്നു. വിവിധതരം മിസൈലുകളും തോക്കുകളും ഇവയിൽ ഘടിപ്പിച്ചിരിക്കും. അണുശക്തികൊണ്ട് സഞ്ചരിക്കുന്നവയാണ് മിക്ക ക്രൂസെറുകളും. പ്രൊട്ടക്റ്റഡ്, ആർമേഡ്, സ്കൗട്ട്, ബാറ്റിൽ എന്നിവ വിവിധ ക്രൂസെർ വിഭാഗങ്ങളാണ്. സമുദ്രഗതാഗതം സംരക്ഷിക്കാനും ആക്രമണങ്ങൾക്ക് പിൻബലം നല്കാനും ഇവയെ ഉപയോഗപ്പെടുത്തുന്നു.

ഡിസ്ട്രോയർ

[തിരുത്തുക]

മികച്ച വേഗതയുള്ള യുദ്ധക്കപ്പലുകളാണിവ. അന്തർവാഹിനികളെയും വിമാനങ്ങളെയും മിസൈലുകളുപയോഗിച്ചു തകർക്കാൻ ഇവയ്ക്കു കഴിയും. കനംകുറഞ്ഞ ഫൈബർ, അലുമിനിയം എന്നിവകൊണ്ട് നിർമിതമായ ഇത്തരം കപ്പലുകളിൽ സങ്കീർണമായ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉണ്ടായിരിക്കും. സെൻസറുകൾ, ഇലക്ട്രോണിക് ഗിയർ എന്നീ സംവിധാനങ്ങൾ ലക്ഷ്യങ്ങളെ കണ്ടെത്താൻ സഹായിക്കുന്നു. ക്രൂസെർ കപ്പലുകളെ മാറ്റംവരുത്തി ഡിസ്ട്രോയർ ആയി ഉപയോഗിക്കാറുണ്ട്. ഹെലികോപ്റ്ററുകളെ വഹിക്കാൻ ശേഷിയുള്ള ഡിസ്ട്രോയറുകളും നിലവിലുണ്ട്

ഫ്രിഗേറ്റ്

[തിരുത്തുക]

തോക്കുകളും മിസൈലുകളും ഘടിപ്പിച്ച അകമ്പടിക്കപ്പലുകളാണ് ഫ്രിഗേറ്റുകൾ. അന്തർവാഹിനികളെ തകർക്കാൻ ഇവയ്ക്കു കഴിയും. 'ജൂനിയർ ഡിസ്ട്രോയർ' എന്ന് ഇവയെ വിശേഷിപ്പിക്കാറുണ്ട്. ഡിസ്ട്രോയറുകളുടെ അത്രതന്നെ വേഗതയിൽ സഞ്ചരിക്കാൻ ഇവയ്ക്കു കഴിയും.

കോർവെറ്റ്

[തിരുത്തുക]

താരതമ്യേന ചെറുതും കുറഞ്ഞ അളവിൽ സ്ഫോടകവസ്തുക്കളെ വഹിക്കുന്നതുമായ യുദ്ധക്കപ്പലുകളാണ് കോർവെറ്റുകൾ. ഫ്രിഗേറ്റിനെക്കാൾ വലിപ്പം കുറഞ്ഞവയാണ് ഇവ. ഇന്ന് മിക്ക സേനകളും തീരങ്ങളിൽ പട്രോളിങ് നടത്താൻ കോർവെറ്റുകൾ ഉപയോഗിക്കുന്നു. അതിവേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇവയിൽ വിവിധതരം തോക്കുകൾ, മിസൈലുകൾ, സമുദ്രാന്തര യുദ്ധായുധങ്ങൾ എന്നിവ ഘടിപ്പിക്കാൻ കഴിയും.

ആംഫിബിയസ് അസോൾട്ട് ഷിപ്പ്

[തിരുത്തുക]

ഒരു ആംഫിബിയസ് ആക്രമണത്തിനു (കടലിലൂടെ വന്ന് കരയിലേക്കു കയറിയുള്ള ആക്രമണം) സഹായകമാകുന്ന രീതിയിൽ കരസേനാവ്യൂഹത്തെ ശത്രുവിന്റെ ഭൂമിയിൽ എത്തിക്കാൻ സഹായിക്കുന്നവയാണ് ഇവ. വിമാനവാഹിനികളോടു രൂപസാദൃശ്യമുള്ള ഇവ പ്രധാനമായും ഹെലികോപ്റ്ററുകളെ വഹിക്കുന്നു. എയർക്രാഫ്റ്റുകളെ വഹിക്കാൻ ശേഷിയുള്ള ഇത്തരം കപ്പലുകളും നിലവിലുണ്ട്.

ഇവ കൂടാതെ മൈൻവാരി കപ്പലുകൾ, വിവിധ പട്രോളിങ് കപ്പലുകൾ എന്നിവയും പരിശീലനങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക കപ്പലുകളും നാവികസേനകളിലുണ്ട്. കടലിൽവച്ച് അറ്റകുറ്റപ്പണികൾ നടത്താനും ഇന്ധനവും ഭക്ഷണസാധനങ്ങളും എത്തിക്കാനും പ്രത്യേകതരം കപ്പലുകൾ നിലവിലുണ്ട്. വാർത്താവിനിമയ ആന്റിനകളും മറ്റ് അനുബന്ധ സംവിധാനങ്ങളും വഹിക്കുന്ന സ്പേസ് അസോസിയേറ്റഡ് ഷിപ്പുകളും സൈനികരെ ചികിത്സിക്കാൻ ആശുപത്രി കപ്പലുകളും യുദ്ധമുഖത്തു പ്രവർത്തിക്കുന്നു.

ഒന്നാം ലോകയുദ്ധകാലം

[തിരുത്തുക]

മറ്റെല്ലാ സേനാസംവിധാനങ്ങളിലുമെന്നപോലെ നാവികസേനകളിലും നവീനമായ മാറ്റങ്ങൾ ഒന്നാം ലോകയുദ്ധകാലത്ത് ഉണ്ടായി. ജർമനി, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങൾ നാവികരംഗത്ത് നൂതന പരീക്ഷണങ്ങൾ നടത്തി.

നാവിക സേന പദവികൾ കമിഷന്ദ് ആഫീസർ പദവികൾ അട്മിരൽ ഓഫ് ദി ഫ്ലീറ്റ്, അട്മിരൽ, വൈസ് അട്മിരൽ, റിയർ ആദ്മിരൽ, കമ്മഡോർ, ക്യാപ്റ്റൻ., കമാണ്ടർ., ലഫ്ടനന്റ്റ് കമാണ്ടർ., ലഫ്ടനന്റ്റ്., സബ് ലഫ്ടനന്റ്റ്., മിട ശിപ്മൻ., {മിട ശിപ്മൻഎന്നൊരു 6 മാസ പരിശീലന കാല പദവിയും നാവിക സേന കംമിഷന്ദ് ആഫീസർ പദവിയിൽ ഉണ്ട്} ‍ --Travancorehistory 12:14, 23 ഫെബ്രുവരി 2013 (UTC)

ഒന്നാം ലോകയുദ്ധത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന കൂറ്റൻ പടക്കപ്പലുകൾ 'പ്രീ-ഡ്രെഡ്നോട്ടു'കൾ (Pre-Dreadnought) എന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്നു. 1890-കളിലാണ് ഇത്തരം കപ്പലുകൾ നാവികസേനകൾ ഉപയോഗിച്ചിരുന്നത്. 1906-ൽ ബ്രിട്ടീഷ് നേവി 'ഡ്രെഡ്നോട്ട്' (Dreadnought) എന്ന പേരിൽ ഒരു പടക്കപ്പൽ പുറത്തിറക്കി. 21 നോട്ടിക് മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഇതിൽ 12 ഇഞ്ച് തോക്കുകളായിരുന്നു പ്രധാന ആയുധം. പിന്നീട് നാവികസേനകളെല്ലാം ഇത്തരം കപ്പലുകൾ പുറത്തിറക്കി. ഒന്നാം ലോകയുദ്ധകാലത്ത് പ്രധാന കപ്പലുകളായിരുന്നു ഡ്രെഡ്നോട്ടുകളും പ്രീ ഡ്രെഡ്നോട്ടുകളും. 1900-1914 കാലത്ത് ജർമനി നാവികസേനയുടെ ശക്തി വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധനല്കി. ജർമനിയോടു മത്സരിച്ച് ബ്രിട്ടനും ശക്തിയേറിയ യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ തുടങ്ങി.

ക്രൂസെർ, ഡിസ്ട്രോയർ എന്നീ കപ്പലുകളുടെ പുതിയ രൂപങ്ങൾ നാവികസേനകൾ തയ്യാറാക്കി. വലിയ തോക്കുകൾ ഘടിപ്പിച്ച ക്രൂസെറുകൾ 'ബാറ്റിൽ ക്രൂസെറു'കൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിവേഗതയിൽ സഞ്ചരിക്കാൻ ഇവയ്ക്കു കഴിഞ്ഞിരുന്നു. 8ഃ13.5 ഇഞ്ച് തോക്കുകളാണ് ബാറ്റിൽ ക്രൂസെറുകളിൽ ഉണ്ടായിരുന്നത്. ഡിസ്ട്രോയർ യുദ്ധക്കപ്പലുകളും നാവികസേനകളുടെ ശക്തി വർധിപ്പിച്ചു. 1914-ൽ ബ്രിട്ടന്റെ സേനയിൽ 270 ഡിസ്ട്രോയറുകൾ ഉണ്ടായിരുന്നു. 4 ഇഞ്ച് തോക്കുകളും 21 ഇഞ്ച് ടോർപിഡോ ട്യൂബുകളും ഇവയിലുണ്ടായിരുന്നു. ജർമൻകാർ ഡിസ്ട്രോയറുകളെ ടോർപിഡോ ബോട്ടുകൾ എന്നാണ് വിളിച്ചിരുന്നത്. ജർമനിക്ക് 140 ഡിസ്ട്രോയറുകൾ ഉണ്ടായിരുന്നു. ഒന്നാം ലോകയുദ്ധരംഗത്തേക്ക് അല്പം വൈകി കടന്നുവന്ന അമേരിക്കയ്ക്ക് ശക്തിയേറിയ 247 ഡിസ്ട്രോയറുകൾ ഉണ്ടായിരുന്നു. ഇവയിലെല്ലാം ഹൈഡ്രോഫോണുകൾ, ഡെപ്ത്ത് ചാർജറുകൾ മുതലായ നൂതന ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. പ്രത്യേകതരം നാവിക യുദ്ധവിമാനങ്ങൾ ഇക്കാലത്ത് വികസിപ്പിക്കപ്പെട്ടു. ജർമനി 'സെപ്പിലിനുകൾ' (Zeppelines) എന്നു പേരുള്ള വലിയ വിമാനങ്ങൾ കപ്പലുകളെ ആക്രമിക്കാൻ ഉപയോഗിച്ചു. ഫ്ളോട്ട് പ്ലെയിനുകൾ, ഫ്ളൈയിങ് ബോട്ടുകൾ തുടങ്ങിയ വിമാനങ്ങൾ മറുഭാഗത്തുനിന്നും ഉപയോഗപ്പെടുത്തി. കൂറ്റൻ യുദ്ധക്കപ്പലുകളിൽ മാറ്റങ്ങൾ വരുത്തി യുദ്ധവിമാനങ്ങളെ വഹിക്കാൻ പാകത്തിലാക്കി. കുറച്ചു യുദ്ധവിമാനങ്ങളെ മാത്രമേ ഇത്തരം കപ്പലുകൾക്കു വഹിക്കാൻ കഴിഞ്ഞിരുന്നുള്ളു. ആധുനിക വിമാനവാഹിനികളുടെ ആദ്യകാലരൂപങ്ങളായിരുന്നു അവ. പൈലറ്റില്ലാത്തതും സ്ഫോടകവസ്തുക്കൾ വഹിക്കുന്നതുമായ ചെറിയ വിമാനങ്ങൾ അമേരിക്കൻ നേവി ഇക്കാലത്തു വികസിപ്പിച്ചെടുത്തു.

അന്തർവാഹിനികൾക്കുവേണ്ടിയുള്ള നിരവധി പരീക്ഷണങ്ങൾ ഇക്കാലത്തു നടന്നു. ഫ്രാൻസ്, ബ്രിട്ടൺ, അമേരിക്ക എന്നിവിടങ്ങളിൽ അന്തർവാഹിനികളുടെ ചെറിയ രൂപങ്ങൾ നിർമ്മിക്കപ്പെട്ടു. യുദ്ധരംഗത്ത് അന്തർവാഹിനി ആദ്യമായി ഉപയോഗിച്ചത് ജർമനി ആയിരുന്നു. 'യു-ബോട്ടുകൾ' എന്നാണ് ജർമനി ഇവയെ വിളിച്ചത്. 800-ഓളം യു-ബോട്ടുകൾ ജർമനിക്കും 250-ഓളം അന്തർവാഹിനികൾ ബ്രിട്ടണും ഒന്നാം ലോകയുദ്ധകാലത്ത് ഉണ്ടായിരുന്നു. ജർമനിയുടെ അന്തർവാഹിനികൾ, സഖ്യരാജ്യങ്ങളുടെ നിരവധി യാത്രാക്കപ്പലുകളെയും ചരക്കുകപ്പലുകളെയും ടോർപിഡോ പ്രയോഗത്തിലൂടെ നശിപ്പിച്ചു. 1917-ലെ ആദ്യ എട്ടു മാസങ്ങളിൽ നിരവധി ബ്രിട്ടീഷ് ജലനൌകകൾ ഇപ്രകാരം നശിപ്പിക്കപ്പെട്ടു. ഡിസ്ട്രോയർ കപ്പലുകളെ യാത്രാകപ്പലുകളുടെയും ചരക്കുകപ്പലുകളുടെയും അകമ്പടി കപ്പലുകളാക്കിക്കൊണ്ട് ബ്രിട്ടൺ ജർമനിയുടെ ആക്രമണത്തെ ചെറുത്തു. 'കോൺവോയ് സംവിധാനം' (Convoy system) എന്ന് ഇത്തരം സുരക്ഷാസംവിധാനം അറിയപ്പെട്ടു. ജർമൻ യു-ബോട്ടുകളെ നശിപ്പിക്കാൻ സഖ്യശക്തികൾ മൈനുകൾ ഉപയോഗിച്ചുതുടങ്ങി. ഉത്തരസമുദ്രത്തിൽ (North Sea) ആയിരക്കണക്കിന് മൈനുകൾ ഇപ്രകാരം നിക്ഷേപിക്കപ്പെട്ടു. ജർമൻ നാവികസേനകൾ മൈനുകളെ നീക്കം ചെയ്യാൻ മൈൻവാരി കപ്പലുകൾ ഉപയോഗിച്ചു. ഇത്തരം മൈൻവാരികൾക്ക് കോൺവോയ് സംവിധാനം ഏർപ്പെടുത്താൻ ജർമനി നിർബന്ധിതമായി. വീണ്ടും നാവികയുദ്ധവിമാനങ്ങളുടെ ആക്രമണം ഇക്കാലത്തു നടന്നു. നേവൽബേസുകളെയും കപ്പലുകളെയും നശിപ്പിക്കാൻ വിമാനവാഹിനികളിൽനിന്നു പറന്നുയരുന്ന യുദ്ധവിമാനങ്ങൾക്കു കഴിഞ്ഞു. ഹൈഡ്രോഫോണുകൾ, ഡെപ്ത്ത് ചാർജറുകൾ എന്നിവയുടെ കടന്നുവരവോടെ അന്തർവാഹിനികളെ നശിപ്പിക്കാനുമായി.

രണ്ടാം ലോകയുദ്ധകാലം

[തിരുത്തുക]

ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടൺ, ഫ്രാൻസ്, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ ശക്തിയുള്ള നാവിക യുദ്ധോപകരണങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. ജർമനിയുടെ കപ്പൽശാലകളിലും രഹസ്യമായി നിരവധി കപ്പലുൾ തയ്യാറാക്കിക്കൊണ്ടിരുന്നു. എയർക്രാഫ്റ്റുകൾ, മിസൈലുകൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ കണ്ടുപിടിക്കപ്പെട്ടത് ഇക്കാലത്താണ്. റഡാർ, ആന്റി-എയർക്രാഫ്റ്റ് ഗണ്ണറി, പ്രൊപ്പൽഷൻ പ്ളാന്റുകൾ എന്നിവയിൽ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടായി. രണ്ടാം ലോകയുദ്ധത്തിൽ നാവികക്കപ്പലുകളുടെ പ്രധാന ജോലി വിമാനവാഹിനി, ആന്റി-എയർക്രാഫ്റ്റ് നൗകകൾ എന്നിവയ്ക്ക് സംരക്ഷണം നല്കുക എന്നതായിരുന്നു. കൂടാതെ, ശത്രുവിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു. അപൂർവമായി, പരമ്പരാഗതരീതിയിൽ സമുദ്രോപരിതലത്തിൽ പരസ്പര ആക്രമണങ്ങൾ നടന്നു. അമേരിക്കയുടെ പടക്കപ്പലുകൾക്ക് ജപ്പാന്റെ ടോർപിഡോ ആക്രമണത്തെയും ചാവേർ വിമാനങ്ങളുടെ (Kamikaze) ആക്രമണത്തെയും ഫലപ്രദമായി അതിജീവിക്കാൻ കഴിഞ്ഞു. ബ്രിട്ടൺ, ജർമനി, ജപ്പാൻ എന്നിവയുടെ യുദ്ധക്കപ്പലുകളിൽ പലതും എയർക്രാഫ്റ്റുകളുടെ ആക്രമണത്തിൽ തകർന്നു. വിമാനങ്ങളിൽനിന്നു പ്രയോഗിക്കുന്ന ടോർപിഡോകൾ മുങ്ങിക്കപ്പലുകളെ തകർക്കാൻ ഉപയോഗിച്ചു.

വിമാനവാഹിനികളും മുങ്ങിക്കപ്പലുകളും തന്നെയായിരുന്നു രണ്ടാം ലോകയുദ്ധത്തിലെയും പ്രബല കപ്പലുകൾ. മുപ്പതോളം എയർക്രാഫ്റ്റുകളെ വഹിക്കാൻ കഴിവുള്ള വിമാനവാഹിനികൾ അമേരിക്ക, ജപ്പാൻ, ജർമനി എന്നിവയുടെ നേവികളിൽ ഉണ്ടായിരുന്നു. ഇവയുടെ ശരാശരി വേഗത 18-19 നോട്ടിക് മൈൽ ആയിരുന്നു. രണ്ടിഞ്ച്, അഞ്ചിഞ്ച് തോക്കുകളും നിരവധി പ്രത്യേക ആന്റി-എയർക്രാഫ്റ്റ് തോക്കുകളും ഇവയിൽ അടങ്ങിയിരുന്നു. തിരച്ചിൽ വിമാനങ്ങളുടെയും റഡാറുകളുടെയും കാര്യക്ഷമതയിൽ കാര്യമായ മാറ്റങ്ങൾ ഇക്കാലത്തുണ്ടായി. വിമാനങ്ങളിലും കപ്പലുകളിലും ഘടിപ്പിച്ച് റഡാർ സംവിധാനങ്ങളുടെ സഹായത്തോടെ രാത്രികാലങ്ങളിൽപ്പോലും ശത്രുക്കപ്പലുകളെ കണ്ടെത്താനും മുങ്ങിക്കപ്പലുകളുടെ സഞ്ചാരപഥം മനസ്സിലാക്കാനും കഴിഞ്ഞു. മുങ്ങിക്കപ്പലുകളുടെ എണ്ണത്തിലും കാര്യക്ഷമതയിലും വർധനവുണ്ടായി. യുദ്ധാരംഭകാലത്ത് 57 അന്തർവാഹിനികൾ (യു-ബോട്ടുകൾ) ജർമനിക്കുണ്ടായിരുന്നു. സോവിയറ്റ് യൂണിയനാകട്ടെ 235 മുങ്ങിക്കപ്പലുകളാണ് ഉണ്ടായിരുന്നത്. കൂടുതൽ ശക്തിയേറിയ ആയുധങ്ങൾ ഇവയിൽ ഘടിപ്പിച്ചിരുന്നു. ഹെഡ്ജ് ഹോഗ് (Hedge hog) എന്നു പേരുള്ള, 24 ഡെപ്ത്ത് ചാർജറുകൾ തൊടുക്കാൻ ശേഷിയുള്ള ഒരു ആയുധം ബ്രിട്ടീഷ് നാവികസേന വികസിപ്പിച്ചെടുത്തു. ജർമനിയുടെ യു-ബോട്ടുകളെ, ഉപരിതലത്തിലെത്തി ആക്രമണം നടത്താൻ അനുവദിക്കാതെ അകമ്പടി കപ്പലുകൾക്കുനേരെ പലപ്പോഴും അമേരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ജപ്പാന്റെ പല ചരക്കുകപ്പലുകളെയും അമേരിക്കൻ അന്തർവാഹിനികൾ നശിപ്പിച്ചു. രണ്ടുപേർക്കുമാത്രം സഞ്ചരിക്കാൻ കഴിവുള്ള പ്രത്യേക മുങ്ങിക്കപ്പലുകൾ തുറമുഖങ്ങളെ ആക്രമിക്കാൻ ജപ്പാൻ ഉപയോഗപ്പെടുത്തിയിരുന്നു.

ശക്തിയേറിയ ക്രൂയിസർ-ഡിസ്ട്രോയർ കപ്പലുകൾ 1930-കളിൽ മിക്ക നാവികസേനകൾക്കും ഉണ്ടായിരുന്നു. 'ഹെവി', 'ലൈറ്റ്' എന്നിങ്ങനെ രണ്ടുവിഭാഗം ക്രൂസെറുകൾ വ്യാപകമായി നിർമ്മിക്കപ്പെട്ടു. മൂന്നിഞ്ച് തോക്കുകളടങ്ങിയ ക്രൂസെറുകൾ ഹെവി ക്രൂസെറുകൾ എന്നും ആറിഞ്ച് തോക്കുകളടങ്ങിയവ ലൈറ്റ് ക്രൂസെറുകൾ എന്നുമാണ് അറിയപ്പെട്ടത്. അഞ്ചിഞ്ച് തോക്കുകളടങ്ങിയ ആന്റി-എയർക്രാഫ്റ്റ് ക്രൂസെറുകളും നാവികസേനകൾ ഉപയോഗിച്ചിരുന്നു. ഓട്ടോമാറ്റിക് ലോഡിങ് സംവിധാനങ്ങളുള്ള ഇത്തരം തോക്കുകൾ ഫയറിങ് നിരക്ക് ഗണ്യമായി വർധിപ്പിച്ചു. ഇരുട്ടിലും പുകമഞ്ഞിലും മികച്ച കൃത്യതയോടെ യുദ്ധവിമാനങ്ങൾക്കുനേരെ നിറയൊഴിക്കാൻ നൂതനമായ റഡാർ സംവിധാനം സഹായിച്ചു.

രണ്ടാം ലോകയുദ്ധകാലത്ത് നൂറോളം അത്യാധുനിക ഡിസ്ട്രോയറുകൾ ബ്രിട്ടന്റെ നിർമ്മാണശാലകളിൽ തയ്യാറായിക്കൊണ്ടിരുന്നു. ഡിസ്ട്രോയറുടേതിനെക്കാൾ ചെറുതും വേഗത കുറഞ്ഞതുമായ കോർവെറ്റുകൾ, സ്ലൂപ്പുകൾ തുടങ്ങിയ പ്രത്യേകതരം കപ്പലുകൾ ബ്രിട്ടന്റെ അകമ്പടിസേനയ്ക്കു ശക്തിപകർന്നു. 1939-നും 1945-നും ഇടയ്ക്ക് 400 അതിവേഗ ഡിസ്ട്രോയറുകൾ അമേരിക്ക നിർമിച്ചു. ജപ്പാനും ഡിസ്ട്രോയർ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി.

യുദ്ധക്കപ്പലുകൾക്ക് ആവശ്യമായ സ്പെയർപാർട്ടുകളുമായി നീങ്ങുന്ന കപ്പലുകൾ (മദർ കപ്പലുകൾ) നാവികസേനകളുടെ ഭാഗമായിരുന്നു. സമുദ്രോപരിതലത്തിൽ സ്ഥാപിക്കാവുന്ന താത്കാലിക ഫ്ളോട്ടിങ് ബേസുകൾ, ഫ്ളോട്ടിങ് ഡോക്കുകൾ, ഫ്ളോട്ടിങ് ക്രെയിനുകൾ എന്നിവ കപ്പലുകളെ തീരങ്ങളിൽ അണയാതെതന്നെ അറ്റകുറ്റപ്പണികൾ നടത്താനും ആയുധങ്ങൾ കൈമാറ്റം ചെയ്യാനും സഹായിച്ചു. 'അണ്ടർവെ റിപ്ലനിഷ്മെന്റ്' (Underway) സംവിധാനം ടാസ്ക്ഫോഴ്സുകൾക്ക് മാസങ്ങളോളം കടലിൽ നില്ക്കാനും തുറമുഖത്തണയാതെതന്നെ ഇന്ധനം നിറയ്ക്കാനും സഹായിച്ചു. ഭക്ഷണം, മരുന്ന് എന്നിവയെല്ലാം വിതരണം ചെയ്യുന്ന പ്രത്യേക കപ്പലുകളും യുദ്ധമുഖത്തു പ്രവർത്തിച്ചു. ജപ്പാനും അമേരിക്കയും 'ആംഫിബിയൻ ഓപ്പറേഷനുകൾ' നടത്താനുള്ള പരിശീലന പരിപാടികൾ ഒന്നാം ലോകയുദ്ധത്തിനുശേഷം ആരംഭിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങൾ കടലിൽക്കൂടി കരയിലെത്തി ആക്രമണങ്ങൾ നടത്തി. 1941-42 കാലത്ത് വേക്ക് ദ്വീപുകൾ (Wake Island), ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയവയ്ക്കെതിരെ ജപ്പാൻ ഇത്തരം ആക്രമണങ്ങൾ നടത്തി. 1945-ൽ ഒക്കിനാവയ്ക്കെതിരെ അമേരിക്ക ആംഫിബിയൻ ആക്രമണം നടത്തി. ചെറുതും വലുതുമായ 1500-ഓളം ജലനൗകകൾ ഇതിൽ പങ്കെടുത്തു.

മൈനുകൾ തന്ത്രപരമായി മികച്ച ആയുധമായിരുന്നു. ബ്രിട്ടൺ മെഡിറ്ററേനിയൻ സമുദ്രത്തിൽ ആയിരക്കണക്കിന് മൈനുകൾ വിതറി. അച്ചുതണ്ട് ശക്തികളുടെ മുന്നേറ്റത്തിനു വൻനാശം വരുത്താൻ ഇത് കാരണമായി. സഖ്യസേനയുടെ നിരവധി കപ്പലുകളും മൈനുകൾവഴി തകർക്കപ്പെട്ടു. പസിഫിക് സമുദ്രത്തിൽ അമേരിക്കൻ വിമാനങ്ങളും മുങ്ങിക്കപ്പലുകളും നിരവധി മൈനുകൾ നിക്ഷേപിച്ചു.

പ്രധാന നാവിക ആയുധങ്ങൾ

[തിരുത്തുക]

ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന മികച്ച ആയുധങ്ങൾ ഇന്ന് നാവികസേനകൾക്കുണ്ട്. തോക്കുകൾ, മിസൈലുകൾ, ടോർപിഡോകൾ, മൈനുകൾ, ഡെപ്ത്ത് ചാർജറുകൾ, ആന്റിസബ്മറൈൻ മോർട്ടാറുകൾ എന്നിവ നാവികസേന ഉപയോഗിക്കുന്ന വിവിധ ആയുധങ്ങളാണ്. ഓരോ ആയുധവും പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച സൈനികർ ഉണ്ടായിരിക്കും.

തോക്കുകൾ

[തിരുത്തുക]

പഴയകാല പീരങ്കികളുടെ പിൻഗാമികളാണ് ആധുനിക നാവിക തോക്കുകൾ. ടൺകണക്കിനു ഭാരമുള്ള ഷെല്ലുകൾ മൈലുകൾക്കപ്പുറത്തേക്കു പായിക്കാൻ ഇവയ്ക്കു കഴിയും. അത്തരത്തിലുള്ള വിവിധയിനം തോക്കുകൾ നിലവിലുണ്ട്. തോക്കിന്റെ വലിപ്പം നിർണയിക്കുന്നത് ഉപയോഗിക്കുന്ന ഷെല്ലിന്റെ വ്യാസത്തെ അടിസ്ഥാനമാക്കിയാണ്. ലൈറ്റ് ഗണ്ണുകൾ അഥവാ ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകൾ വിമാനങ്ങളെ വെടിവച്ചിടാൻ ഉപയോഗിക്കുന്നു. ഹെവി ഗണ്ണുകളാണ് കപ്പലുകൾക്കുനേരെ നിറയൊഴിക്കാൻ ഉപയോഗിക്കുന്നത്. മീഡിയം ഗണ്ണുകൾ വിമാനങ്ങൾക്കുനേരെയും കപ്പലുകൾക്കുനേരെയും വെടിയുതിർക്കാൻ ഉപയോഗിക്കുന്നു. ഇരുട്ടിലും പ്രതികൂല കാലാവസ്ഥയിൽപ്പോലും ഇത്തരം തോക്കുകൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയും. റഡാറും ഉപഗ്രഹസംവിധാനവും ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തിന്റെ യഥാർഥ സ്ഥാനവും ദൂരവും നിർണയിക്കുകയും കപ്പലുകളിലെ കംപ്യൂട്ടർ സംവിധാനങ്ങളുടെ സഹായത്തോടെ ഏതു തോക്ക് പ്രവർത്തിപ്പിക്കണമെന്ന് സൈനികർ തീരുമാനിക്കുകയും ചെയ്യുന്നു.

മിസൈലുകൾ

[തിരുത്തുക]

നാവികസേനയുടെ ഏറ്റവും പ്രബലമായ ആയുധമാണ് മിസൈലുകൾ. ഉപരിതല കപ്പലുകളിൽനിന്നും മുങ്ങിക്കപ്പലുകളിൽനിന്നും വിമാനങ്ങളിൽനിന്നും വിവിധതരം മിസൈലുകളെ വിക്ഷേപിക്കുവാൻ കഴിയും. വലിയ അളവിൽ സ്ഫോടക വസ്തുക്കളെ വഹിക്കുന്ന ഇവയുടെ സഞ്ചാരത്തെ വിദൂരസ്ഥലത്തിരുന്നു നിയന്ത്രിക്കാനാകും. എയർ-ടു-എയർ, എയർ-ടു-സർഫസ്, സർഫസ്-ടു-സർഫസ് എന്നിങ്ങനെ മിസൈലുകളെ പൊതുവിൽ വർഗീകരിക്കാൻ കഴിയും.

ടോർപിഡോകൾ

[തിരുത്തുക]

മുങ്ങിക്കപ്പലുകൾ, മറ്റ് ഉപരിതലക്കപ്പലുകൾ എന്നിവയെ നശിപ്പിക്കാൻ ഇവയ്ക്കു കഴിയും. എയർക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളും കപ്പലുകളും ടോർപിഡോകളെ വിക്ഷേപിക്കാൻ ഉപയോഗിക്കാം. മിസൈലുകളോടു സാമ്യമുള്ള ഇവയ്ക്കു ജലത്തിനടിയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ജലത്തിനടിയിൽവച്ച് ലക്ഷ്യവുമായി കൂട്ടിയിടിക്കുന്ന ഇത് ലക്ഷ്യത്തിൽ ഒരു ദ്വാരം വീഴ്ത്തുന്നു. ശത്രുവിന്റെ കപ്പൽ സൃഷ്ടിക്കുന്ന കാന്തമണ്ഡലം, ഒച്ച (noise), കമ്പനം എന്നിവയെയാണ് ഒരു ടോർപിഡോ അന്വേഷിക്കുന്നത്. സോണാർ സംവിധാനങ്ങൾ ടോർപിഡോകളുടെ സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്നു.

ഡെപ്ത്ത് ചാർജറുകളും ആന്റി സബ്മറൈൻ മോർട്ടാറുകളും

[തിരുത്തുക]

ജലത്തിനടിയിൽവച്ചു പൊട്ടിത്തെറിക്കുന്ന ബോംബുകളാണ് ഡെപ്ത്ത് ചാർജറുകൾ. ജലത്തിനടിയിലുള്ള ഒരു മുങ്ങിക്കപ്പലിനു മുകളിൽ ഇവയെ നിക്ഷേപിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഡെപ്ത്ത് ചാർജറുകൾ പ്രയോഗിക്കാൻ മുങ്ങിക്കപ്പലിന്റെ നേരെ മുകളിൽ എത്തേണ്ടതുണ്ട്. ഈ പ്രശ്നം ദൂരീകരിക്കുന്ന ബോംബുകളാണ് ആന്റി സബ്മറൈൻ മോർട്ടാറുകൾ. ഒരു പ്രത്യേക അകലത്തുനിന്ന് ഇവയെ പ്രയോഗിക്കാനാകും. സ്ക്വിഡുകൾ, ലിംബോസ് (Limbos) എന്നിവ വിവിധയിനം മോർട്ടാറുകളാണ്. മോർട്ടാറുകൾ പ്രയോഗിക്കാനുള്ള ബാരലുകൾ കപ്പലുകളുടെ അണിയത്തിനടുത്താണ് പൊതുവേ ഘടിപ്പിക്കാറുള്ളത്.

മൈനുകൾ

[തിരുത്തുക]

വിമാനങ്ങളിൽനിന്നോ കപ്പലുകളിൽനിന്നോ മുങ്ങിക്കപ്പലുകളിൽനിന്നോ കടലിൽ നിക്ഷേപിക്കാവുന്നവയാണ് നാവികമൈനുകൾ. 'മൈൻ ലെയിങ്' എന്നാണ് മൈനുകൾ നിക്ഷേപിക്കുന്ന പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. കടലിൽ അതിർത്തിയിലുടനീളം ഇവ വിതറുകയാണു പതിവ്. ഇതുവഴി ശത്രുക്കളുടെ കടന്നുവരവ് തടയാനാകുന്നു.

ജലനൗകകൾ സമ്പർക്കത്തിൽ വരുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ആദ്യകാല മൈനുകൾ. സമുദ്രോപരിതലത്തിൽനിന്ന് അല്പം താഴെ പൊങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്. ആധുനിക മൈനുകൾ സമുദ്രത്തിന്റെ അടിത്തട്ടിലാണ് സ്ഥാപിക്കുന്നത്. ശബ്ദതരംഗത്തിന്റെയോ കാന്തികമണ്ഡലത്തിന്റെയോ സാന്നിധ്യത്തിൽ ഇവ പൊട്ടിത്തെറിക്കുന്നു. നൌകകൾ കടന്നുപോകുമ്പോഴുണ്ടാകുന്ന ജലത്തിലെ മർദവ്യതിയാനത്തിന്റെ ഫലമായി പൊട്ടിത്തെറിക്കുന്ന മൈനുകളും പ്രചാരത്തിലുണ്ട്. മുങ്ങൽവിദഗ്ദ്ധർ ശത്രുവിന്റെ കപ്പലിൽ നിക്ഷേപിക്കുന്ന ലിംബെറ്റ് മൈനുകളും നിലവിലുണ്ട്. ഒരു നിർദിഷ്ട സമയത്തിനുശേഷമോ കപ്പൽ നിർദിഷ്ട ദൂരം പിന്നിട്ടശേഷമോ ഇവ പൊട്ടിത്തെറിക്കും. മൈനുകളെ നീക്കംചെയ്യാൻ പ്രത്യേകരീതിയിൽ നിർമ്മിക്കപ്പെട്ട മൈൻവാരിക്കപ്പലുകൾ ഉപയോഗിക്കുന്നു. കൂടാതെ മൈൻവാരി വിമാനങ്ങളും ഹെലികോപ്റ്ററുകളും നിലവിലുണ്ട്.

ഹ്യൂമൻ ടോർപിഡോ

[തിരുത്തുക]

രണ്ട് മുങ്ങൽവിദഗ്ദ്ധർക്കു സഞ്ചരിക്കാൻ കഴിയുന്ന ഒരു പ്രത്യേക സംവിധാനമാണിത്. രാത്രികാലങ്ങളിലാണ് ഇവ പ്രയോഗിക്കുന്നത്. യാത്രികർ ഈ ടോർപിഡോയെ ലക്ഷ്യസ്ഥാനത്തു നിക്ഷേപിച്ചശേഷം തിരിച്ചുപോരുകയും ഒരു നിർദിഷ്ട സമയത്തിനുശേഷം ഇത് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് ഇറ്റലിയാണ് ഇത് ആദ്യമായി നിർമിച്ചത്. ഇന്ന് മിക്ക സേനകളിലും ഇത്തരം ആയുധങ്ങളുണ്ട്. ജി.പി.എസ്. മോഡുലേറ്റഡ് അൾട്രാ സൗണ്ട് സംവിധാനങ്ങളുള്ളവയാണ് ആധുനിക ഹ്യൂമൻ ടോർപിഡോകൾ. ബ്രിട്ടിഷ് നാവികസേന 'ചാരിയട്ട്' (Chariot) എന്നാണ് ഇതിനെ വിളിക്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാവികസേന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാവികസേന&oldid=2749760" എന്ന താളിൽനിന്ന് ശേഖരിച്ചത്