നഫീസ ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നഫീസ ജോസഫ്
Nafisa Joseph.jpg

നഫീസ ജോസഫ് (മാർച്ച് 28, 1978 - ജുലൈ 29, 2004) ഒരു മോഡലും എം.ടി.വി വീഡിയോ ജോക്കിയും ആയിരുന്നു. മിസ്സ് ഇന്ത്യ യൂണിവേർസ് ആയി 2007-ൽ തിരഞ്ഞെടുക്കപ്പെട്ട നഫീസ, അതേ വർഷം മിസ്സ് യൂണിവേർസ് മത്സരത്തിന്റെ സെമി-ഫെനലിലും കടന്നിരുന്നു.

ജീവചരിത്രം[തിരുത്തുക]

ബാംഗളൂരിലാണ് നഫീസ ജനിച്ചതും വളർന്നതും. മലയാളിയായ നിർമ്മൽ ജോസഫിനും ബംഗാളിയായ ഉഷാ ജോസഫിനും ഉണ്ടായ മൂന്ന് മക്കളിൽ ഇളയവളാണ് നഫീസ. നഫീസയുടെ അമ്മ ഉഷാ ജോസഫ് ടാഗോർ കുടുമ്പത്തിൽ പിറന്നവളും ഷർമ്മിള ടാഗോറിന്റെ ഒന്നാമത്തെ കസിനും ആണ്. ബിഷപ്പ് കോട്ടൻ സ്കൂളിലും സെയിന്റ് ജോസഫ്സ് കോളേജിലുമായിട്ടാണ് നഫീസ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നഫീസ ഒരു കത്തോലിക്ക് ക്രിസ്ത്യാനി ആയിരുന്നുവെങ്കിലും തന്റെ അച്ചന്റെ മുത്തശ്ശി മുസ്ലീം ആയതിനാൽ ഒരു മുസ്ലീം പേർ നൽകപ്പെടുകയായിരുന്നു.

കരിയർ[തിരുത്തുക]

പന്ത്രണ്ടാം വയസ്സിൽ നഫീസ മോഡലിങ്ങ് തുടങ്ങി. തന്റെ അയൽക്കാരൻ നൽകിയ വിയർഹൗസ് എന്ന ഒരു പരസ്യത്തിലായിരുന്നു നഫീസ ആദ്യം അഭിനയിച്ചത്. പ്രസാദ് ബിദാപയാണ് നഫീസയെ ഒരു മോഡൽ ആകാനുള്ള പരിശീലനം നൽകിയത്. 1997-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി ആയിരുന്നു നഫീസ. ഈ മത്സരത്തിൽ നഫീസ വിജയിക്കുകയും ചെയ്തു.

1999-ൽ എം.ടി.വി നടത്തിയ വി.ജെ. ഹണ്ട് എന്ന വീഡിയോ ജോക്കികളെ കണ്ടെത്താനുള്ള മത്സരത്തിലെ ജഡ്ജ് ആയിരുന്നു നഫീസ. ഒരാഴ്ചയ്ക്ക് ശേഷം എം.ടി.വി നഫീസയെ ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ ക്ഷണിച്ചു. എം.ടി.വി ഹൗസ് ഫുൾ എന്ന ആ പരിപാടി നഫീസ അഞ്ച് വർഷത്തോളം തുടർച്ചയായി അവതരിപ്പിച്ചു. സോണി എന്റർടെയിന്റ്മെന്റ് ടെലിവിഷനു വേണ്ടി ചാർലീസ് ഏഞ്ചൽസ് എന്ന പരിപാടിയുടെ ഇന്ത്യൻ രൂപഭേദമായ ക്യാറ്റ്സ് എന്ന പ്രോഗ്രാമിലും നഫീസ അഭിനയിച്ചിരുന്നു. 2004-ൽ സ്റ്റാർ വേൾഡിൽ സ്റ്റൈൽ എന്ന പ്രോഗ്രാമും നഫീസ അവതരിപ്പിക്കുകയുണ്ടായി. ഗൗതം ഖണ്ടുജ എന്ന തന്റെ പ്രതിശ്രുതവരന്റെ കൂടെ 2സ് കമ്പനി എന്ന ടെലിവിഷൻ പ്രോഗ്രാമിങ്ങ് യൂണിറ്റും നടത്തിയിരുന്നു നഫീസ. ഇടക്കാലത്ത് ഗേൾസ് (Gurlz) എന്ന മാഗസിന്റെ എഡിറ്ററായും നഫീസ ജോലി ചെയ്തിരുന്നു.

അറിയപ്പെടുന്ന ഒരു മൃഗസ്നേഹി കൂടി ആയിരുന്നു നഫീസ. വെൽഫെയർ ഓഫ് സ്റ്റ്റേ ഡോഗ്സ്(WSD) എന്ന സംഘടനയുടെ പ്രചാരണപരിപാടികളിൽ നഫീസ പങ്കെടുക്കാറുണ്ടായിരുന്നു. ഇതുകൂടാതെ പീപ്പിൾ ഫോർ ദ എതിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (PETA), പീപ്പിൾ ഫോർ ആനിമൽസ് (PFA) എന്നീ സംഘടനകളിലും നഫീസ സജീവമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ബാംഗ്ലൂർ എഡിഷനിൽ നഫീസ ഫോർ ആനിമൽസ് എന്നൊരു കോളവും ആഴ്ചയിൽ ഒരിക്കൽ എഴുതിയിരുന്നു നഫീസ.

മരണം[തിരുത്തുക]

2004 ജുലൈ 29-ന് തന്റെ മുംബൈയിൽ ഉള്ള ഫ്ലാറ്റിൽ നഫീസയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. വ്യവസായിയായ ഗൗതം ഖണ്ടുജയുമായുള്ള വിവാഹം ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കെയാണ് നഫീസ് ആത്മഹത്യ ചെയ്തത്. ഗൗതം ഈ വിവാഹത്തിൽ നിന്ന് പിൻവാങ്ങിയതുകൊണ്ടാണ് നഫീസ ഈ കടുംകൈ ചെയ്തതെന്ന് നഫീസയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. രണ്ടുവർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു എന്നു പറഞ്ഞ ഗൗതം ഇപ്പോഴും വിവാഹിതനാണ് എന്ന സത്യം നഫീസ അറിഞ്ഞതാണ് വിവാഹം മുടങ്ങാൻ കാരണം. ഇക്കാര്യങ്ങൾ നഫീസ ഗൗതമിനോട് ചോദിച്ചപ്പോൾ ഗൗതം മറുപടി നൽകുകയോ വിവാഹമോചനത്തിന്റെ തെളിവുകൾ നഫീസയെ കാണിക്കുകയോ ഉണ്ടായില്ലെന്ന് പറയപ്പെടുന്നു. ഇക്കാര്യങ്ങൾ ഗൗതമിന്റെ ഭാര്യയോട് ചോദിക്കുമെന്ന് നഫീസ പറയുകയും അതുകേട്ട ഗൗതം നഫീസയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അക്കാലത്ത് പത്രവാർത്തകൾ ഉണ്ടായിരുന്നു.[1]

നഫീസയുടെ മാതാപിതാക്കൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് പോലീസിൽ പരാതി നൽകി. ഗൗതം ഈ വിവാഹത്തിൽ നിന്ന് ഒഴിയാൻ വളരെക്കാലമായി ശ്രമിച്ചിരുന്നുവെന്നും അതുകൊണ്ട് ഗൗതമിനെ ചോദ്യം ചെയ്യണമെന്നുമായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. നവംബർ 2005-ൽ ഗൗതമിന്റെ വിചാരണ 2006 വരെ തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോർട്ടിന്റെ വിധി ഉണ്ടായി. പിന്നീട് കേസ് ഉടനേ അന്വേഷിക്കണമെന്ന് സുപ്രീം കോടതി വിധിക്കുകയുണ്ടായി. എങ്കിലും കേസിനു കാര്യമായ ഒരു പുരോഗതിയും പിന്നീട് ഉണ്ടായില്ല.

തനിക്കെതിരേ ഉള്ള ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് താൻ വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് നഫീസയുടെ മരണത്തിനു കാരണം എന്നതിനു തെളിവൊന്നും ഇല്ലെന്ന് ധനുജ അവകാശപ്പെട്ടു. നഫീസ ഇതിനുമുൻപ് സമീർ മൽഹോത്രയുമായും സമീർ സോണിയുമായും വിവാഹനിശ്ചയത്തിൽ ഏർപ്പെട്ടുവെന്നും അതും മുടങ്ങിപ്പോയിരുന്നുവെന്നും ധനുജ ചൂണ്ടിക്കാട്ടി.

നഫീസ മരിച്ച് ഒരു വർഷത്തിനു ശേഷം നഫീസയുടെ സുഹൃത്തും ക്യാറ്റ്സ് എന്ന സീരിയലിലെ സഹ‌അഭിനേത്രിയുമായ കുൽജീത് രണ്ടാവായും തന്റെ 20-ആം വയസ്സിൽ ആത്മഹത്യ ചെയ്യുകയുണ്ടായി.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "IndiaDaily - Nafisa Joseph - murder or suicide? The behind the scene real story". മൂലതാളിൽ നിന്നും 2006-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-31.


മുൻഗാമി
സന്ധ്യ ചിബ്
ഫെമിന മിസ്സ് ഇന്ത്യ
1997
പിൻഗാമി
ലിമറിയാന ഡിസൂസ
Crystal Clear app Login Manager.png

ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക.


"https://ml.wikipedia.org/w/index.php?title=നഫീസ_ജോസഫ്&oldid=3654797" എന്ന താളിൽനിന്ന് ശേഖരിച്ചത്