നച്ചിനാർക്കിനിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു തമിഴ്പണ്ഡിതനും വ്യാഖ്യാതാവുമായിരുന്നു നച്ചിനാർക്കിനിയർ. മധുരയിൽ ബ്രാഹ്മണകുലത്തിൽ ഭരദ്വാജ വംശത്തിൽ ജനിച്ചു. ശിവന്റെ പേര് സ്വന്തം പേരായി സ്വീകരിച്ചതിനാലും തിരുവാചകം, തിരുച്ചിറ്റംബല കോലയാർ എന്നീ ഗ്രന്ഥങ്ങൾ വ്യാഖ്യാനത്തിൽ ഉപോദ്ബലക ഗ്രന്ഥങ്ങളായി സ്വീകരിച്ചതിനാലും ഇദ്ദേഹം ശിവഭക്തനായിരുന്നു എന്ന് അനുമാനിക്കാം.

വ്യാഖ്യാനങ്ങൾ[തിരുത്തുക]

തൊല്കാപ്പിയം, പത്തുപ്പാട്ട്, കലിത്തൊകൈ, കുറുന്തൊകൈയിലെ അവസാനത്തെ ഇരുപതു പാട്ടുകൾ, ജീവകചിന്താമണി എന്നിവയ്ക്കു രചിച്ച വിശദമായ വ്യാഖ്യാനങ്ങളാണ് പ്രധാന സാഹിത്യ സംഭാവനകൾ. ഇവയിൽ തൊല്കാപ്പിയമാണ് ആദ്യം വ്യാഖ്യാനം രചിച്ച കൃതി. തൊല്കാപ്പിയത്തിനു പൂർണമായും വ്യാഖ്യാനം രചിച്ചിട്ടുണ്ടെങ്കിലും പൊരുളതികാരത്തിനുശേഷമുള്ള മെയ്പാട്ടിയൽ, ഉവമവിയൽ, മരപിയൽ എന്നിവയുടെ വ്യാഖ്യാനം ലഭിച്ചിട്ടില്ല. തൊല്കാപ്പിയ വ്യാഖ്യാനത്തിൽ വേദം, ആഗമങ്ങൾ എന്നിവയുടെ സ്വാധീനം കാണുന്നതിനാൽ സംസ്കൃതത്തിലും ഇദ്ദേഹത്തിനു നല്ല പാണ്ഡിത്യ മുണ്ടായിരുന്നു എന്നു മനസ്സിലാക്കാം.

സാധാരണ ജനങ്ങൾക്കു മനസ്സിലാക്കാൻ വളരെ പ്രയാസമുള്ള പത്തുപ്പാട്ട്, കലിത്തൊകൈ തുടങ്ങിയ കൃതികൾക്കു പ്രചാരം നേടിക്കൊടുത്തത് നച്ചിനാർക്കിനിയരുടെ വ്യാഖ്യാനങ്ങളാണ്. കവിഹൃദയത്തിൽ ആഴ്ന്നിറങ്ങാനുള്ള ഇദ്ദേഹത്തിന്റെ വൈഭവം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിലപ്പോഴെങ്കിലും സ്വന്തം ആശയങ്ങളും വ്യാഖ്യാനത്തിലുൾപ്പെടുത്തിയിരുന്നു. ശൈവമതക്കാരനായ നച്ചിനാർക്കിനിയർ ഒരു ജൈനവിശ്വാസി എന്നു തോന്നിപ്പിക്കുന്ന വിധമാണ് ജീവകചിന്താമണിക്ക് വ്യാഖ്യാനം രചിച്ചിരിക്കുന്നത്. ഇതിൽനിന്ന് ഇദ്ദേഹത്തിന് മറ്റു മതങ്ങളോടുണ്ടായിരുന്ന ബഹുമാനം വ്യക്തമാകുന്നു.

കാലഗണന[തിരുത്തുക]

തിരുമുരുകാറ്റുപ്പടയുടെ വ്യാഖ്യാനത്തിൽ പരിമേലഴകരുടെ വ്യാഖ്യാനത്തെ ഖണ്ഡിക്കുന്നതിനാൽ പരിമേലഴകർക്കു (13-ആം നൂറ്റാണ്ടിനു) ശേഷമാണ് ഇദ്ദേഹത്തിന്റെ കാലമെന്നു കരുതുന്നു. ഇളംപൂരണർ, പേരാശിരിയർ, സേനാവരൈയർ, ആളവന്തപിള്ളൈ, ആസിരിയർ മുതലായവരുടെ വ്യാഖ്യാനങ്ങളെ സ്വന്തം കൃതികളിൽ പരാമർശിച്ചിരിക്കുന്നതിൽനിന്ന് അവർക്കുശേഷമാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നത് വ്യക്തമാണ്.

തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കായി വളരെയേറെ പ്രയത്നിച്ച ആളായിരുന്നു നച്ചിനാർക്കിനിയർ. തമിഴിലെ പ്രധാന കൃതികളിൽ പലതിനും വ്യാഖ്യാനങ്ങൾ രചിച്ച വ്യക്തി എന്ന നിലയിൽ ഇദ്ദേഹത്തെ ഉച്ചിമേർ പുലവർകൊൾ നച്ചിനാർക്കിനിയർ എന്നാണ് പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്. പ്രശസ്ത കൃതികൾക്കു വ്യാഖ്യാനം രചിച്ച മഹാൻ എന്ന നിലയിൽ തമിഴ് മല്ലിനാഥസൂരി എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നച്ചിനാർക്കിനിയർ (14-ാം ശ.) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നച്ചിനാർക്കിനിയർ&oldid=1127660" എന്ന താളിൽനിന്ന് ശേഖരിച്ചത്