നങ്കൂരം
ജല നൗകകളെ ജലാശയത്തിൽ എവിടെയെങ്കിലും താത്കാലികമായി ഉറപ്പിച്ചുനിർത്താൻ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് നങ്കൂരം. നൗകയുടെ ഭാരം, ജലത്തിന്റെ ഗതിക സവിശേഷതകൾ, അടിത്തട്ടിലെ മണ്ണിന്റെ സ്വഭാവഘടന, നൗകയുടെ പരിസരങ്ങളിൽ അനുഭവപ്പെടുന്ന അന്തരീക്ഷാവസ്ഥകൾ (കാലാവസ്ഥ, കാറ്റിന്റെ ദിശ മുതലായവ) എന്നിവയെ അടിസ്ഥാനമാക്കി നങ്കൂരത്തിന്റെ ഘടന നിശ്ചയിക്കാറാണു പതിവ്.
അടിത്തട്ടിലെ മണ്ണിൽ ആഴ്ന്നിറങ്ങുക, ഭാരത്താൽ താഴ്ന്നു കിടക്കുക, കപ്പലിന്റെ ഗുരുത്വകേന്ദ്രവും (centre of gravity) നങ്കൂരസ്ഥാനവും തമ്മിലുള്ള വലിയ അകലംമൂലം ഉയർന്ന ജഡത്വാഘൂർണം (moment of inertia) സൃഷ്ടിച്ച് കപ്പലിന് സുസ്ഥിരത നല്കുക തുടങ്ങി പലതരത്തിലും നങ്കൂരങ്ങൾ പ്രവർത്തിക്കാറുണ്ട്. കപ്പലുമായി നങ്കൂരത്തിന് കേബിൾ വഴി ബന്ധവുമുണ്ടായിരിക്കും.
ഭാരമുള്ള കല്ലുകൾ നിറച്ച പെട്ടികൾ, ഈയക്കട്ട ഉറപ്പിച്ച തടിക്കഷണം, പരസ്പരം കൂട്ടിക്കെട്ടിയ മരപ്പലകകൾ മുതലായവയായിരുന്നു ആദ്യകാല നങ്കൂരങ്ങൾ. കല്ല് തൂക്കിയ പിരിയുള്ളതോ അല്ലെങ്കിൽ തുളയുള്ള കല്ലുകളോ നങ്കൂരങ്ങളായി ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകകൾ ജപ്പാനിലെ ശവകുടീരങ്ങളിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഇവയിൽ ചിലതിന് 'T' ആകൃതിയാണുള്ളത്. ഇരുമ്പ് വിളക്കിച്ചേർത്തു നിർമ്മിക്കുന്ന ഇന്നത്തെ നങ്കൂരങ്ങൾ അഞ്ചാം ശതകത്തോടെ ഇംഗ്ളണ്ടിൽ പ്രചാരത്തിൽ വന്നു. പതിനാറാം ശതകത്തോടെ ഇവ വ്യാപകമായി. 1852-ൽ അഡ്മിറാൽറ്റി ഇനത്തിലുള്ള നങ്കൂരങ്ങൾ ബ്രിട്ടിഷ് നാവികസേനയിൽ ഉപയോഗത്തിൽ വന്നു. ഈയിനം നങ്കൂരങ്ങൾ ബോട്ടുപോലുള്ള ചെറിയ ജലയാനങ്ങളിൽ ഇന്നും ഉപയോഗത്തിലുണ്ട്. പില്ക്കാലത്ത് വേറെയും വിവിധ ഇനം നങ്കൂരങ്ങൾ നിർമ്മിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- നങ്കൂരം Archived 2011-01-16 at the Wayback Machine
- നങ്കൂരം ഉറപ്പിക്കുന്ന വിധം Archived 2010-01-15 at the Wayback Machine
- നങ്കൂരം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നങ്കൂരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |