Jump to content

ദ പ്രിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ പ്രിൻസ്
"ദ പ്രിൻസ്"-ന്റെ പുറംചട്ട
കർത്താവ്നിക്കോളോ മാക്കിയവെല്ലി
യഥാർത്ഥ പേര്ഡെ പ്രിൻസിപ്പാറ്റിബസ് / ഇൽ പ്രിൻസിപെ
രാജ്യംഫ്ലോറൻസ്, ഇറ്റലി
ഭാഷഇറ്റാലിയൻ
വിഷയംരാജനീതി
സാഹിത്യവിഭാഗംകഥേതര കൃതി
പ്രസാധകർഅന്തോണിയോ ബ്ലാഡോ ഡി-അസോള
പ്രസിദ്ധീകരിച്ച തിയതി
1532
ശേഷമുള്ള പുസ്തകംആന്ദ്രിയ

നവോത്ഥാനയുഗത്തിലെ ഇറ്റാലിയൻ നയതന്ത്രജ്ഞനും ചരിത്രകാരനും, രാഷ്ട്രമീമാംസകനുമായ നിക്കോളോ മാക്കിയവെല്ലിയുടെ വിഖ്യാതരചനയാണ് ദ പ്രിൻസ് (ഇറ്റാലിയൻ: ഇൽ പ്രിൻസിപെ). മാക്കിയവെല്ലിയുടെ കത്തുകളിലെ സൂചന വച്ചു നോക്കിയാൽ, ഇതിന്റെ ഒരു ഭാഷ്യം 1513-ൽ, "നാട്ടുരാജ്യങ്ങളെക്കുറിച്ച്" എന്ന പേരിൽ വിതരണം ചെയ്യപ്പെട്ടു എന്നു കരുതാം. എങ്കിലും ഇതിന്റെ അച്ചടിച്ച പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് ഗ്രന്ഥകാരന്റെ മരണത്തിന് 5 വർഷത്തിനു ശേഷം 1532-ൽ ആണ്. മെഡിസി കുടുംബക്കാരനായ ക്ലെമന്റ് ഏഴാമൻ മാർപ്പാപ്പായുടെ അനുമതിയോടെയാണ് അച്ചടിപ്പതിപ്പ് വെളിച്ചം കണ്ടത്. കൈയെഴുത്തുപ്രതി പ്രചരിച്ചപ്പോൾ തന്നെ ഈ കൃതി വിവാദം സൃഷ്ടിച്ചിരുന്നു.

അക്കാലത്ത് പതിവുണ്ടായിരുന്ന പരമ്പരാഗതമായ 'രാജദർപ്പണ'-ശൈലി (Mirror of Princes Style) പിന്തുടർന്നപ്പോഴും, ഈ കൃതി സവിശേഷമായ വ്യതിരിക്തത പുലർത്തിയെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലത്തീൻ ഭാഷക്കു പകരം ദാന്തേയുടെ ഡിവൈൻ കോമഡിയും, നവോത്ഥാനയുഗത്തിലെ ഇറ്റാലിയൻ സാഹിത്യകാരന്മാരും മാന്യമാക്കിയ ഇറ്റാലിയൻ നാട്ടുഭാഷയിൽ എഴുതപ്പെട്ടുവെന്നത് ഇതിനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്.

വസ്തുസ്ഥിതിയുടെ മൂർത്താവസ്ഥയ്ക്ക് അമൂർത്തമായ ഏതെങ്കിലും ആശയമാതൃകയേക്കൾ പ്രാധാന്യം കല്പിക്കുന്ന മാക്കിയവെല്ലിയുടെ ഗ്രന്ഥം, ആധുനികദർശനത്തിലെ, വിശേഷിച്ച് രാഷ്ട്രീയദർശനത്തിലെ ആദ്യരചനയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. "ചെയ്യാവുന്നതിനെ അവഗണിച്ച് ചെയ്യേണ്ടതിൽ ശ്രദ്ധ വെക്കുന്നവൻ സ്വന്തം നിലനില്പിനു പകരം നാശം ഉറപ്പാക്കുന്നു" എന്നു വാദിച്ച മാക്കിയവെല്ലി രാജനീതിയേയും സാദാചാരത്തേയും സംബന്ധിച്ച് അക്കാലത്ത് നിലവിലിരുന്ന കത്തോലിക്കാ-സ്കൊളാസ്റ്റിക് നിലപാടുകളുടെ വിപരീതധ്രുവത്തിലാണ് നിലയുറപ്പിച്ചത്.

താരതമ്യേന വലിപ്പം കുറഞ്ഞതെങ്കിലും, മാക്കിയവെല്ലിയുടെ കൃതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, "മാക്കിയവെല്ലിയൻ" എന്ന ശകാരപദത്തിന്റെ ഉല്പത്തിക്കു കാരണമായതും ഈ കൃതിയാണ്. ഈ കൃതി ഗ്രന്ഥകാരനു നൽകിയ കുപ്രസിദ്ധി മൂലം ഇംഗ്ലീഷിൽ നിക്കോളോ മാക്കിയവെല്ലിയുടെ പേരുതന്നെ, "ഓൾഡ് നിക്" (Old Nick) എന്ന വക്രീകൃതരൂപത്തിൽ ചെകുത്താന്റെ പര്യായമായി. 'രാജനീതി', 'രാഷ്ട്രീയക്കാരൻ' എന്നീ പദങ്ങൾ ഉണർത്തുന്ന പ്രതികൂലഭാവത്തിന്റേയും പിന്നിൽ ഈ ലഘുരചന തന്നെ. ഇതിലെ പ്രതിപാദ്യവിഷയം മാക്കിയെവെല്ലിയുടെ ദൈർഘ്യം കൂടിയ "ലിവിയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ" എന്ന പിൽക്കാലരചനയിലും പരിഗണിക്കപ്പെടുന്നു. രാജനീതിയുടെ മറവിൽ കുറ്റകൃത്യങ്ങൾ ചെയ്തവരുടെ മാതൃകകളായി ഇറ്റലിയിലെ തന്റെ സമകാലീനരെ എടുത്തുകാട്ടുന്ന ഈ കൃതിയിലെ രീതി, അത്രയൊന്നും അറിയപ്പെടാത്ത മറ്റൊരു കൃതിയായ "കസ്ട്രൂച്ചിയോ കസ്ട്രക്കാനിയുടെ ജീവിതം" എന്ന പുസ്തകത്തിലും മാക്കിയവെല്ലി പിന്തുടരുന്നുണ്ട്.

യശപ്രാപ്തിക്കും നിലനിൽപ്പിനും ആവശ്യമെന്നു വരുമ്പോൾ ഭരണാധികാരികൾ അധാർമ്മിക മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനെ നീതീകരിക്കുകയാണ് ഈ കൃതിയിൽ മാക്കിയവെല്ലി പ്രധാനമായും ചെയ്തത്.[1]


അവലംബം[തിരുത്തുക]

  1. മാക്കിയവെല്ലിയുടെ പ്രിൻസ്, പീറ്റർ ബോൻഡാനെല്ലായുടെ ഇംഗ്ലീഷ് പരിഭാഷ, ഓക്സ്ഫോർഡ് വേൾഡ് ക്ലാസ്സിക്സ്
"https://ml.wikipedia.org/w/index.php?title=ദ_പ്രിൻസ്&oldid=3088985" എന്ന താളിൽനിന്ന് ശേഖരിച്ചത്