Jump to content

ദേശീയ ഗ്രന്ഥ സൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളുടെ ഗ്രന്ഥസൂചി. ഇവ ഇംഗ്ലീഷിലും ഭാരതത്തിലെ അംഗീകൃതമായ 14 പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള, കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന നാഷണൽ ലൈബ്രറിയുടെ പരിധിയിൽ വരുന്ന സെൻട്രൽ റഫറൻസ് ലൈബ്രറിയാണ് 1957 മുതൽ നാഷണൽ ബിബ്ലിയോഗ്രഫി പ്രസിദ്ധീകരിച്ചുവരുന്നത്.

1954-ൽ പാസ്സാക്കിയ 'ഡെലിവറി ഓഫ് ബുക്സ് (പബ്ലിക് ലൈബ്രറീസ്)' നിയമം അനുസരിച്ച് ഇന്ത്യയിൽ പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും ഓരോ കോപ്പി നാഷണൽ ലൈബ്രറി ഉൾ പ്പെടെയുള്ള നാല് ലൈബ്രറികൾക്ക് അയച്ചുകൊടുക്കണം. വർത്തമാനപത്രങ്ങളെയും ആദ്യ ലക്കമൊഴിച്ചുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളെയും ഈ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന ഗ്രന്ഥങ്ങളുടെ വിവരണമാണ് ദേശീയ ഗ്രന്ഥസൂചിയിൽ ഉൾപ്പെടുത്തുന്നത്.

പ്രസിദ്ധീകരണം

[തിരുത്തുക]

ആദ്യം മൂന്നുമാസത്തിലൊരിക്കൽ (ത്രൈമാസികം) പ്രസിദ്ധീകരിച്ചു തുടങ്ങിയ ഗ്രന്ഥസൂചി 1963 മുതൽ മാസികയായി ഇറങ്ങിത്തുടങ്ങി. ഈ മാസികകളുടെ ഓരോ വർഷത്തെയും സൂചികകൾ ഒരുമിച്ചുചേർത്ത് വാർഷിക വാല്യങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു. 1977-ൽ മുടങ്ങിയ പ്രസിദ്ധീകരണം 1984-ൽ പുനരാരംഭിച്ചു. 1984-87, 1989-90 വർഷങ്ങളിൽ കൃത്യമായി പ്രസിദ്ധീകരിച്ച മാസികകളുടെ സഞ്ചിത വാർഷിക വാല്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അഞ്ചുവർഷത്തിലൊരിക്കൽ പഞ്ചവത്സര ഇൻഡെക്സുകളുടെ പ്രകാശനവും വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും 1958 മുതൽ 1962 വരെയുള്ള സഞ്ചിത വാല്യം മാത്രമേ പ്രകാശിതമായിട്ടുള്ളൂ.

1972-വരെ ദേശീയ ഗ്രന്ഥസൂചിക്ക് രണ്ട് ഭാഗങ്ങളുണ്ടായിരുന്നു. ഡ്യൂയി ഡെസിമൽ ക്ളാസിഫിക്കേഷൻ നമ്പർ അനുസരിച്ച് ഒരു പട്ടികയായി എല്ലാ ഭാഷകളുടെയും ഗ്രന്ഥവിവരങ്ങൾ സൂചികയിൽ ചേർക്കുന്നു. റോമൻ ലിപിയിലാണ് ഗ്രന്ഥങ്ങളുടെ സൂചിക അച്ചടിക്കുന്നത്. കോളൻ ക്ലാസിഫിക്കേഷൻ അനുസരിച്ചുള്ള നമ്പറും നല്കിവരുന്നു. ഗ്രന്ഥകർത്താവ്, ഗ്രന്ഥനാമം, പ്രസിദ്ധീകരണ വർഷം, സ്ഥലം, പ്രസാധകർ, മുദ്രണാലയത്തിന്റെ പേര്, വില, ബയന്റിങ് രീതി, വലിപ്പം, ചിത്രങ്ങളുടെ വിവരണം എന്നിവ നല്കിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ ഭാഷയും വിലയും ഉചിതമായ സ്ഥാനത്ത് നല്കുന്നുണ്ട്. ഗ്രന്ഥനാമം, ഗ്രന്ഥവിഷയം, ഗ്രന്ഥകർത്താവ് എന്നിവയുടെ ഇൻഡെക്സും ഉൾ പ്പെടുത്തിവരുന്നു.

ഇവ കൂടാതെ ഓരോ ഭാഷയിലും പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളുടെ സൂചിക അതതു ഭാഷകളിൽത്തന്നെ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ പ്രസിദ്ധീകരണച്ചുമതല സംസ്ഥാന ഗവണ്മെന്റുകൾക്കാണ്.

ഒന്നാം ഭാഗം അനൗദ്യോഗിക പ്രസിദ്ധീകരണങ്ങളുടെ പട്ടികയും രണ്ടാം ഭാഗം സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളുടെ പട്ടികയുമാണ്. 1973 മുതൽ രണ്ടുഭാഗങ്ങളും സംയോജിപ്പിച്ച് ഒന്നായി പ്രസിദ്ധീകരിച്ചുവരുന്നു. എല്ലാ ഭാഷകളിലെയും പുസ്തകങ്ങൾ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ച് 'ഡ്യൂയി ഡെസിമൽ ക്ലാസിഫിക്കേഷൻ' നമ്പർ അനുസരിച്ച് ഒറ്റ പട്ടികയായി ക്രമപ്പെടുത്തിയിരിക്കുകയാണ്. ഇത് ഗ്രന്ഥങ്ങളുടെ ഭാഷാഭേദം പരിഗണിക്കാതെ ഒരേ ക്രമത്തിൽ റോമൻ ലിപിയിൽ നല്കിയിരിക്കുന്നു. ഓരോ പുസ്തക വിവരണം കഴിഞ്ഞും കോളൻ ക്ലാസിഫിക്കേഷൻ അനുസരിച്ചുള്ള നമ്പർ നല്കിയിട്ടുണ്ട്. കോളൻ പദ്ധതി സ്വീകരിച്ചിട്ടുള്ള ഗ്രന്ഥശാലകളുടെ സൗകര്യം മുൻനിർത്തിയാണ് ഇത്തരം ക്രമീകരണം ചെയ്തിട്ടുള്ളത്.

എല്ലാ ഭാഷകളിലെയും ഗ്രന്ഥങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളതും റോമൻ ലിപിയിൽ തയ്യാറാക്കിവരുന്നതുമായ സാധാരണ ലക്കങ്ങൾക്കു പുറമേ, ഓരോ ഭാഷയിലെയും പുസ്തകപ്പട്ടികകൾ അതതു ഭാഷകളിൽത്തന്നെ വാർഷിക വാല്യങ്ങളായി പ്രസിദ്ധീകരിക്കാനും 1958-ൽ ആരംഭമിട്ടു. ഭാരതീയ ഭാഷകളിലെ പ്രഥമ ശാസ്ത്രീയ ഗ്രന്ഥസൂചികൾ എന്ന ബഹുമതി ഈ വാർഷിക ലക്കങ്ങൾക്കാണ് ലഭിച്ചത്. മലയാളത്തെ സംബന്ധിച്ചിടത്തോളം ആദ്യമായി അച്ചടിച്ച മലയാളം കാറ്റലോഗോടുകൂടിയാണ് വാർഷിക വാല്യങ്ങൾ പ്രസിദ്ധീകരിച്ചത്. സെൻട്രൽ റഫറൻസ് ലൈബ്രറിയാണ് വിവിധ ഭാഷാവാല്യങ്ങൾ തയ്യാറാക്കുന്നതെങ്കിലും അവയുടെ വിതരണച്ചുമതല ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുകൾക്കാണ്.

ദേശീയ ഗ്രന്ഥസൂചിയുടെ മലയാള വാല്യത്തിന്റെ 1000 കോപ്പികൾ പ്രധാന ഗ്രന്ഥശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സൗജന്യമായി വിതരണം ചെയ്തുവരുന്നു. തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയുടെ ലൈബ്രേറിയനാണ് ഈ വിതരണത്തിന്റെ ചുമതല വഹിക്കുന്നത്.

ഭാരതീയ ഗ്രന്ഥങ്ങളുടെ പട്ടിക എന്ന നിലയിലും അതതു ഘട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങൾ ലൈബ്രറികളുടെയും പൊതുജനങ്ങളുടെയും സത്വര ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള മാധ്യമമെന്ന നിലയിലും ദേശീയ ഗ്രന്ഥസൂചി പ്രാധാന്യമുള്ള ഒരു പ്രസിദ്ധീകരണമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേശീയ ഗ്രന്ഥ സൂചി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദേശീയ_ഗ്രന്ഥ_സൂചി&oldid=3921563" എന്ന താളിൽനിന്ന് ശേഖരിച്ചത്