Jump to content

ഭാരതീയ ദേശീയ ഗ്രന്ഥശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേശീയ ഗ്രന്ഥശാല

കൊൽക്കത്തയിൽ ബെൽ‌വഡീയർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറിയാണ് ഭാരതീയ ദേശീയ ഗ്രന്ഥശാ‍ല (National Library of India (Hindi: इन्डिया का राष्ट्रीय किताब ख़ाना India kā Rāshtrīya Kitāb Khāna)[1]. പൊതുവിവരങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ് ഇത്. [2][3][4]

ചരിത്രം

[തിരുത്തുക]

ഇന്നു കാണുന്ന ഇന്ത്യൻ നാഷണൽ ലൈബ്രറിയുടെ തുടക്കം 1835-ൽ സ്ഥാപിക്കപ്പെട്ട കൽക്കട്ട പബ്ലിക്ക് ലൈബ്രറിയാണ്. 1844-ൽ ഗവർണർ ജനറൽ മെറ്റ്കാഫിന്റെ ബഹുമാനാർത്ഥം നിർമ്മിക്കപ്പെട്ട വിശാലമായ മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ലോർഡ് കഴ്സൺ കൽക്കത്തയിൽ പ്രവർത്തിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി വക ലൈബ്രറിയും, ഡിപ്പാർട്ട്മെന്റൽ ലൈബ്രറികളും കൂട്ടി യോജിപ്പിച്ചുകൊണ്ട് 1903-ൽ ഇംപീരിയൽ ലൈബ്രറി ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു ലൈബ്രറിക്ക് രൂപം കൊടുത്തു. ഇന്ത്യ സ്വതന്ത്രയായ ശേഷം 1948-ൽ ഇതിനെ ഇന്ത്യയുടെ ദേശീയ ലൈബ്രറിയായി പ്രഖ്യാപിച്ചു. 1953 ഫിബ്രവരി ഒന്നിനാണ് നാഷണൽ ലൈബ്രറി എന്ന് നാമകരണം ചെയ്തത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലെ ലൈബ്രറിയിൽ വിദേശ ഭാഷകളിലെയും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലെയും പുസ്തകങ്ങളുണ്ട്.

ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിനു കീഴിലുള്ള ഒരു ഡിപ്പാർട്ട്മെന്റ് ആയാണ് പ്രവർത്തനം. ഡയറക്ടറും അദ്ദേഹത്തിനു താഴെ രണ്ടു പ്രൊഫഷണൽ ലൈബ്രേറിയൻമാരും അതിനു കീഴിൽ ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലുള്ളവരും പ്രവർത്തിക്കുന്നു. 43 പ്രൊഫഷണൽ ഡിവിഷനുകൾ പുസ്തക സംഭരണം,സാങ്കേതികജോലികൾ,പുസ്തക സംരക്ഷണം,ലൈബ്രറി സേവനങ്ങൾ എന്നിവ നിർവ്വഹിക്കുന്നു.

അംഗത്വം

[തിരുത്തുക]

1200 ജീവനക്കാരുള്ള മഹാഗ്രന്ഥാലയം റഫറൻസ് ലൈബ്രറിയാണ്. പാർലമെന്റംഗങ്ങളെ പോലെയുള്ളവർക്കേ അവിടെനിന്ന് പുസ്തകം പുറത്തേക്കു നൽകാറുള്ളൂ. അല്ലാത്തവർ അവിടെയിരുന്ന് വായിക്കുകയും കുറിച്ചെടുക്കുകയും വേണം.

പുസ്തകശേഖരം

[തിരുത്തുക]

2003-ലെ കണക്കനുസരിച്ച് ഇന്ത്യൻ നാഷണൽ ലൈബ്രറിയിൽ 23,25,089 പുസ്തകങ്ങളുണ്ട്. ഡെലിവറി ഓഫ് ബുക്ക്സ് & ന്യൂസ് പേപ്പേഴ്സ് ആക്ട് അനുസരിച്ച് ലഭിക്കുന്നവയും, വിലയ്ക്ക് വാങ്ങുന്നവയും, സംഭാവനയായി ലഭിക്കുന്നവയും, എക്സേഞ്ച് ആയി ലഭിക്കുന്നവയും, ഡെപ്പോസിറ്ററി അവകാശം അനുസരിച്ച് ലഭിക്കുന്നവയുമാണ് ഇവിടെ സംഭരിച്ചിരിക്കുന്ന പുസ്തകങ്ങൾ. ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളുണ്ട്.

വിലയ്ക്ക് വാങ്ങുന്ന പ്രധാന ഇനം പുസ്തകങ്ങൾ ഇവയാണ്.
  1. ഇന്ത്യയെ സംബന്ധിക്കുന്നതും ലോകത്തെവിടെയും ഏതു ഭാഷയിലും പ്രസിദ്ധപ്പെടുത്തുന്നതുമായ പുസ്തകങ്ങളും ആനുകാലികങ്ങളും.
  2. 1954-നു മുമ്പ് പ്രസിദ്ധപ്പെടുത്തിയവയും,ലൈബ്രറി ശേഖരത്തിൽ ഇല്ലാത്തവയുമായ ഇന്ത്യൻ പ്രസിദ്ധീകരണങ്ങൾ
  3. ഇന്ത്യൻ എഴുത്തുകാർ വിദേശങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങൾ
  4. നിലവാരമുള്ള റഫഫൻസ് പുസ്തകങ്ങൾ
ഇന്ത്യൻ നാഷണൽ ലൈബ്രറി യു.എൻ. പ്രസിദ്ധീകരണങ്ങളുടെ ഒരു ഡെപ്പോസിറ്ററിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സേവനങ്ങൾ

[തിരുത്തുക]
  1. ഇന്റർലൈബ്രറി ലോൺ അടക്കമുള്ള പുസ്തക വിതരണം
  2. ഗ്രന്ഥസൂചി നിർമ്മാണവും റഫറൻസ് സേവനവും
  3. റിപ്രോഗ്രാഫിക് സേവനം
  4. മോസ്കോയിലെ ലെനിൻ ലൈബ്രറി,ബ്രിട്ടീഷ് ലൈബ്രറി,ആസ്ട്രേലിയ,ഹംഗറി,ഡെൻമാർക്ക്,സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ ലൈബ്രറികൾ എന്നിവയുമായി സഹകരിക്കുന്നു.
  5. 1951-ൽ സ്ഥാപിച്ച ബിബ്ലിയോഗ്രാഫി ഡിവിഷൻ വായനക്കാരുടെ ആവശ്യം അനുസരിച്ച് പ്രത്യേക വിഷയങ്ങളിൽ ബിബ്ലിയോഗ്രാഫി തയ്യാറാക്കി സൗജന്യമായി നൽകുന്നു.
  6. ഇന്ത്യൻ പുസ്തകങ്ങളുടെ പ്രതിമാസ പട്ടികയായ 'ഇന്ത്യൻ നാഷണൽ ബിബ്ലിയോഗ്രാഫി'പ്രസിദ്ധീകരിക്കുന്നു.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
  • ആകെ പുസ്തകങ്ങൾ - 23,25,089
  • ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ - 5,75,229
  • ഭൂപടങ്ങൾ -87355
  • കൈയെഴുത്തു പ്രതികൾ - 3227
  • ആനുകാലികങ്ങൾ - 17667
  • ബൈൻഡു ചെയ്തിട്ടുള്ള ആനുകാലികങ്ങൾ -118,613
  • ന്യൂസ് പേപ്പർ 905
  • ഔദ്യോഗിക രേഖകൾ -4,91,092
  • മൈക്രോഫിലിം -5208
  • മൈക്രോഫിഷ് - 95655

അവലംബം

[തിരുത്തുക]
  1. "Useful Information". National Library.
  2. http://www.thecolorsofindia.com/interesting-facts/miscellaneous/largest-library-in-india.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-26. Retrieved 2016-02-05.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-07. Retrieved 2016-02-05.
"https://ml.wikipedia.org/w/index.php?title=ഭാരതീയ_ദേശീയ_ഗ്രന്ഥശാല&oldid=3788365" എന്ന താളിൽനിന്ന് ശേഖരിച്ചത്