ദാഗ്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാഗ്ദ ഒരു ചിത്രീകരികരണം

യുദ്ധവും ഇന്ദ്രജാലവുമായി ബന്ധിപ്പിച്ചു പരാമർശിക്കപ്പെടുന്ന ഒരു ഐറിഷ് ദേവനാണ് ദാഗ്ദ. ഐറിഷ് ഐതിഹ്യങ്ങളിൽ ഈ ദേവന് നാല് പേരുകൾ നൽകിക്കാണുന്നു:

  • ദാഗ്ദ അഥവാ നല്ല ദൈവം
  • യൊകൈദ് അഥവാ യു വൃക്ഷത്തിന്റെ തടികൊണ്ട് യുദ്ധം ചെയ്യുന്നവൻ
  • ഒല്ലാനീർ അഥവാ ശക്തനായ പിതാവ്
  • റൗദ് റൊഫ് ഹെസ്സ് അഥവാ ചുവപ്പുനിറവും അസാമാന്യജ്ഞാനവും ഉള്ളവൻ.

ഫ്രാൻസിൽ പുരാതനകാലത്ത് ആരാധിക്കപ്പെട്ടിരുന്ന ജൂപ്പിറ്റർ ദേവനുമായി ദാഗ്ദയ്ക്കു സാമ്യമുണ്ട്. ഒഗ്മ (Oghma) എന്ന ദേവൻ ദാഗ്ദയുടെ സഹോദരൻ ആണെന്നാണ് വിശ്വാസം. ഇവർ ഇരട്ടകളായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഋഗ്വേദത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മിത്ര-വരുണ സങ്കല്പവുമായി ഇതിനു സാമ്യമുണ്ട്. ദാഗ്ദയ്ക്ക് ബ്രിഗിദ് (Brighid) എന്ന പുത്രിയും ഓയ് ൻഗസ് (Oenghus) എന്ന പുത്രനും ഉണ്ടായിരുന്നതായിട്ടാണ് ഐതിഹ്യം. പഞ്ചഭൂതങ്ങളുടെയും അധിപനായ ദാഗ്ദ, സൗഹൃദത്തിന്റെയും ഉടമ്പടികളുടെയും സമയത്തിന്റെയുമെല്ലാം ദേവനായാണ് ക്രിസ്തുമതത്തിനുമുമ്പ് അറിയപ്പെട്ടിരുന്നത്. ഐറിഷ് ഐതിഹ്യം പകർത്തിയെഴുതിയ എഴുത്തുകാർ പിൽക്കാലത്ത് ദാഗ്ദയെ അയർലൻഡിന്റെ രാജാവായി ചിത്രീകരിക്കുകയുണ്ടായി. യൊകൈദ് എന്ന പേരാണ് ദാഗ്ദയ്ക്ക് ഇവർ കൂടുതലായും ഉപയോഗിച്ചുകാണുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദാഗ്ദ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദാഗ്ദ&oldid=3952609" എന്ന താളിൽനിന്ന് ശേഖരിച്ചത്