ദശാധ്യായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ജ്യോതിഷ വ്യാഖ്യാനഗ്രന്ഥമാണ് ദശാധ്യായി. തലക്കുളത്തു ഗോവിന്ദഭട്ടതിരിയാണ് രചയിതാവ്. വരാഹമിഹിരാചാര്യരുടെ ബൃഹജ്ജാതകം എന്ന ജ്യോതിഷ ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്. ജ്യോതിഷത്തിലെ ഫലഭാഗത്തിന് പ്രധാന്യമുള്ള ബൃഹജ്ജാതകത്തിന് ഇരുപത്തിയാറ് അധ്യായങ്ങളുണ്ട്. അതിന്റെ ആദ്യത്തെ പത്ത് അധ്യായങ്ങൾക്കാണ് ഭട്ടതിരി വ്യാഖ്യാനം രചിച്ചത്. അതിനാലാണ് ദശാധ്യായി എന്ന പേര് നൽകിയത്.

വരാഹമിഹിരന്റെ ഹോരാ ശാസ്ത്രത്തിന്റെ പ്രസക്തഭാഗം ശിഷ്യാവബോധാർഥം സംക്ഷേപിച്ചു പറയുന്നു എന്ന് ദശാധ്യായിയുടെ ആമുഖത്തിൽ ഭട്ടതിരി രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് അധ്യായങ്ങളുടെ വ്യാഖ്യാനത്തിൽ പിന്നീടുള്ള അധ്യായങ്ങളിലെ പ്രധാന വിഷയങ്ങളെല്ലാംതന്നെ പ്രതിപാദിച്ചുകഴിഞ്ഞതിനാലാണ് ബാക്കി അധ്യായങ്ങൾ വ്യാഖ്യാനിക്കാതിരുന്നത് എന്നു കരുതുന്നു. അത്രത്തോളം സമഗ്രവും വ്യക്തവുമാണ് വ്യാഖ്യാനം. ഗോവിന്ദഭട്ടതിരി മറ്റു ശാസ്ത്രങ്ങളിലും തികഞ്ഞ പണ്ഡിതനായിരുന്നു എന്ന് ഈ വ്യാഖ്യാനം വെളിപ്പെടുത്തുന്നു. മറ്റ് അനേകം ഗ്രന്ഥങ്ങളിൽനിന്ന് സന്ദർഭങ്ങളും പ്രമാണങ്ങളും ഇതിൽ ഉദ്ധൃതമായിട്ടുണ്ട്. പനയ്ക്കാട്ടു നമ്പൂതിരിയുടെ പ്രശ്നമാർഗ്ഗം എന്ന പ്രസിദ്ധ ജ്യോതിഷഗ്രന്ഥത്തിൽ ദശാധ്യായിയുടെ മഹത്ത്വത്തെ പ്രകീർത്തിക്കുന്നു:

അദൃഷ്ട്വാ യോ ദശാധ്യായീം
ഫലമാദേഷ്ടുമിച്ഛതി
സമിച്ഛതി സമുദ്രസ്യ
തരണം സ പ്ലവം വിനാ

(ദശാധ്യായി പഠിക്കാതെ ഫലഭാഗനിർണയത്തിനൊരുങ്ങുന്ന ജ്യോതിഷകാരൻ നൗക കൂടാതെ സമുദ്രം തരണം ചെയ്യാനാഗ്രഹിക്കുന്നതിനു സമാനമാണ്.) മുഹൂർത്തരത്നം തുടങ്ങിയ വേറെയും പ്രധാന ജ്യോതിഷഗ്രന്ഥങ്ങൾ ഭട്ടതിരി രചിച്ചതായി പ്രസ്താവമുണ്ട്. എന്നാൽ, മുഹൂർത്തരത്നത്തിന്റെയും ആര്യഭടീയ വ്യാഖ്യാനത്തിന്റെയും രചയിതാവ് ഗോവിന്ദസ്വാമി എന്നുകൂടി അറിയപ്പെട്ടിരുന്ന മറ്റൊരു ഗോവിന്ദനാണ് എന്നു മതഭേദമുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദശാധ്യായി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദശാധ്യായി&oldid=2850750" എന്ന താളിൽനിന്ന് ശേഖരിച്ചത്