തോഷികോ യുവാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജപ്പാൻ സ്വദേശിയായ ആദ്യ അണുകേന്ദ്രഭൗതികശാസ്ത്രജ്‍ഞയാണ് തോഷികോ യുവാസ (湯浅年子, 11 ഡിസംബർ 1909 – 1 ഫെബ്രുവരി 1980).[1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1909-ൽ ടോക്കിയോയിലെ ടൈറ്റോ വാർഡിൽ ജനിച്ചു.[2]യുവാസയുടെ പിതാവ് ജപ്പാൻ പേറ്റന്റ് ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരു എൻജിനീയറായിരുന്നു. അമ്മ ഒരു പരമ്പരാഗത സാഹിത്യ കുടുംബത്തിൽ നിന്നായിരുന്നു. ഏഴ് കുട്ടികളിൽ ഏറ്റവും ഇളയവളായിരുന്നു തോഷികോ. 1927 മുതൽ 1931 വരെ ടോക്കിയോ വിമൻസ് ഹയർ നോർമൽ സ്കൂൾ (ഇപ്പോൾ ഓച്ചനോമിസ് യൂണിവേഴ്സിറ്റി) യിൽ സയൻസ് ഡിവിഷനിലായിരുന്നു പഠനം. 1927ൽ ടോക്കിയോ ബുൺറികാ യൂണിവേഴ്സിറ്റിയിൽ (ഇപ്പോൾ സുകുബ സർവ്വകലാശാല) ഭൗതികശാസ്ത്രത്തിന് ചേർന്ന ജപ്പാനിലെ ആദ്യ വനിതയായി. ജപ്പാനിൽ ഭൗതികശാസ്ത്രം പഠിക്കാൻ. 1934ൽ ബിരുദം നേടി.

ഔദ്യോകിക ജീവിതം[തിരുത്തുക]

1934ൽ ബിരുദം നേടിയ ശേഷം ടോക്കിയാ ബുൺറികാ സർവകലാശാലയിൽ ഭാഗിക-സമയം അസിസ്റ്റന്റായി പഠിപ്പിച്ചു. അവിടെ തന്നെ മോളിക്യൂളാർ സ്പെക്ട്രോസ്കോപ്പി എന്ന വിഷയത്തിൽ ഗവേഷണം തുടങ്ങി. 1935ൽ ടോക്കിയോ വിമൻസ് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപികയായി 1937 വരെ അവിടെ തുടർന്നു. തൊട്ടടുത്ത വർഷം ടോക്കിയോ വിമൻസ് ഹയർ നോർമൽ സ്കൂളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കപ്പെട്ടു.

പാരിസിലെ റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിലെ ഐറീൻ, ഫ്രെഡറിക് ജോല്യോട്ട്-ക്യൂറി എന്നിവർ കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് യൂസയെ പ്രചോദനമായിരുന്നു. യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചെങ്കിലും, ടോക്കിയോയിലെ പ്രതികൂല ഗവേഷണ പരിതഃസ്ഥിതി മൂലം യുവാസ 1940 ൽ പാരിസിലേക്ക് മാറി. കോളേജ് ഡി ഫ്രാൻസിലെ ഫ്രെഡറിക് ജോല്യോട്ട്-ക്യൂറിയുടെ കീഴിൽ അവർ പ്രവർത്തിച്ചു. അവിടെ ആൽഫാകണികകളും ബീറ്റാകണികകളും പുറപ്പെടുവിക്കുന്ന കൃത്രിമ റേഡിയോആക്ടീവ് ന്യൂക്ലിയയ്യെ പറ്റിയും ബീറ്റാകണികകളുടെ ഊർജ്ജ വർണ്ണരാജിയെ പറ്റിയും ഗവേഷണം നടത്തി. 1943 ൽ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.

1944 ഓഗസ്റ്റിൽ പാരിസിൽ നിന്ന് ബെർലിനിലേക്ക് മാറാൻ നിർബന്ധിതയായി. ബെർലിൻ യൂണിവേഴ്സിറ്റിയിലെ ലബോറട്ടറിയിൽ ഗവേഷണം തുടർന്നുകൊണ്ട് സ്വന്തമായി ബീറ്റാ റേ സ്പെക്ട്രോമീറ്റർ വികസിപ്പിച്ചെടുത്തു. 1945-ൽ സോവിയറ്റ് അധികാരികൾ യുവാസയെ ജപ്പാനിലേക്ക് തിരിച്ചുപോകാൻ ഉത്തരവിടുകയുണ്ടായി. തിരിച്ചുപോകുമ്പോൾ താൻ വികസിപ്പിച്ചെടുത്ത സ്പെക്ട്രോമീറ്ററും യുവാസ കൂടെ കൊണ്ടുപോയി. ടോക്കിയോയിൽ തിരിച്ചെത്തിയ ശേഷം ടോക്കിയോ വിമൻസ് ഹയർ നോർമൽ സ്കൂളിൽ വീണ്ടു പ്രൊഫസർ ആയി തിരിച്ചെത്തി. ജപ്പാനിലെ ആണവ ഗവേഷണം അമേരിക്ക നിരോധിച്ചതോടെ യുവാസക്ക് തന്റെ മുമ്പത്തെ ഗവേഷണം തുടരാനായില്ല. 1946 മുതൽ 1949 വരെ റിക്കൻ നിഷിന സെന്റർ ഫോർ ആക്സിലറേറ്റർ ബേസ്ഡ് സയൻസിൽ പ്രവർത്തിച്ചു. 1948-1949 കാലയളവിൽ ക്യോട്ടോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലി ചെയ്തു.

1949 മെയ് മാസത്തിൽ ഫ്രാൻസിൽ തിരിച്ചെത്തിയ യുവാസ ഒക്കാനോമിസു സർവ്വകലാശാലയിലെ പ്രൊഫസർ ആയിരിക്കെ തന്നെ കേംബ്രിഡ്ജിലെ ഡിയ ലാ റെച്ചർച്ചെ സയന്റിഫികിൽ (സി.എൻ.ആർ.എസ്) ഗവേഷകയായി പ്രവർത്തനം ആരംഭിച്ചു. 1955ൽ ഒക്കാനോമിസു സർവ്വകലാശാലയിൽ നിന്ന് വിരമിച്ച ശേഷം ഫ്രാൻസിൽ തന്നെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. പിന്നീ‍ട് സി.എൻ.ആർ.എസിൽ വിൽസൺ ചേമ്പർ ഉപയോഗിച്ച് ബീറ്റാ ശോഷണത്തിൽ ഗവേഷണം തുടങ്ങിയ യുവാസ ബിക്കിനി അറ്റോളിൽ ഹൈഡ്രജൻ-ബോംബ് പരീക്ഷണത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 ലെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. 1957 ൽ സി.എൻ.ആർ.എസിൽ മുഖ്യ ഗവേഷകയായി സ്ഥാനക്കയറ്റം ലഭിച്ചു. 1960കളിൽ സിൻക്രോസൈക്ലോട്രോൺസ് ആണവപ്രവർത്തനങ്ങളെ പറ്റിയുള്ള ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 1962ൽ ക്യോട്ടോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു.

മരണം[തിരുത്തുക]

1980 ജനുവരിയിൽ രോഗബാധിതയായതിനെ തുടർന്ന് റൌണിലെ സെന്റർ ഹെൻ‍റി-ബെക്വറെൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1980 ഫെബ്രുവരി 1-ാം തിയതി, 70-ാം വയസ്സിൽ അർബുദബാധയെ തുടർന്ന് മരണമടഞ്ഞു.


അവലംബം[തിരുത്തുക]

  1. Yagi, Eri; Matsuda, Hisako (August 2007). "Toshiko Yuasa (1909-80): the First Japanese Woman Physicist and Her Followers in Japan" (PDF). AAPPS Bulletin. 17 (4): 15–17. മൂലതാളിൽ (PDF) നിന്നും 2015-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 November 2015.
  2. "Toshiko Yuasa (1909~1980)". Ochanomizu University. മൂലതാളിൽ നിന്നും 2018-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 November 2015.
"https://ml.wikipedia.org/w/index.php?title=തോഷികോ_യുവാസ&oldid=3634310" എന്ന താളിൽനിന്ന് ശേഖരിച്ചത്