തെവോദോസിയോസ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിയോഡോഷ്യസ് ഒന്നാമൻ
റോമാ ചക്രവർത്തി
അഫ്രോദിയാസിസിൽ (ആധുനിക അയ്ദിൻ, തുർക്കി) നിന്ന് കണ്ടെടുത്ത, തിയോഡോഷ്യസ് ഒന്നാമന്റേത് എന്ന് അനുമാനിക്കപ്പെടുന്ന, അർദ്ധകായ പ്രതിമ[1][i]
ഭരണകാലം379 ജനുവരി 19– 395 ജനുവരി 17[ii]
ജനനം347 ജനുവരി 11
ജന്മസ്ഥലംകൗകാ, ഹിസ്പാനിയ, റോമാ സാമ്രാജ്യം[6] അല്ലെങ്കിൽ ഇറ്റാലിക്ക, ഹിസ്പാനിയ, റോമാ സാമ്രാജ്യം[7]
മരണം395 ജനുവരി 17 (48ാ വയസ്സിൽ)
മരണസ്ഥലംമെദിയൊലാനം, റോമാ സാമ്രാജ്യം
അടക്കം ചെയ്തത്വിശുദ്ധ അപ്പസ്തോലന്മാരുടെ പള്ളി, കോൺസ്റ്റാന്റിനോപ്പിൾ
മുൻ‌ഗാമി
പിൻ‌ഗാമി
ജീവിതപങ്കാളി
അനന്തരവകാശികൾ
രാജവംശംതിയോഡോഷ്യൻ
പിതാവ്തിയോഡോഷ്യസ് പ്രഭു
മാതാവ്ഥെർമാന്തിയാ
മതവിശ്വാസംനിഖ്യൻ ക്രിസ്തീയത
രാജകീയ ശീർഷകംഇംപെറാത്തൂർ കെയ്സർ (സീസർ) ഫ്ലാവിയുസ് തിയോഡോഷ്യസ് അഗസ്റ്റസ്[iii]

ക്രി. വ. 379 മുതൽ 395 വരെ ഭരിച്ച റോമാ ചക്രവർത്തി ആയിരുന്നു തെവോദോസിയോസ് ഒന്നാമൻ അഥവാ തിയോഡോഷ്യസ് ഒന്നാമൻ (ഗ്രീക്ക്: Θεοδόσιος തെഒദോസിയോസ്; 347 ജനുവരി 11 – 395 ജനുവരി 17). മഹാനായ തിയോഡോഷ്യസ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ഭരണപരമായി കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ രണ്ട് മേഖലകളായുള്ള വിഭജനം സ്ഥിരമാക്കപ്പെടുന്നതിന് മുമ്പ് റോമാ സാമ്രാജ്യം പുനരേകീകരിച്ച് സമ്പൂർണ്ണമായി ഭരിച്ച അവസാന ചക്രവർത്തി ഇദ്ദേഹമാണ്. ഗോഥിക് യുദ്ധവും രണ്ട് ആഭ്യന്തര യുദ്ധങ്ങളും വിജയകരമായി നേരിട്ട ഇദ്ദേഹത്തിന്റെ ഭരണകാലം ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെടുന്നതിനും നിഖ്യൻ ക്രിസ്തീയത അതിന്റെ അംഗീകൃത രൂപമായി സ്ഥിരീകരിക്കപ്പെടുന്നതിനും സാക്ഷിയായി.

റോമാ സാമ്രാജ്യത്തിലെ ഉന്നത സൈനിക നേതാവായിരുന്ന തിയോഡോഷ്യസ് പ്രഭുവിന്റെ മകനായി ഹിസ്പാനിയയിൽ ജനിച്ച തിയോഡോഷ്യസ് അദ്ദേഹത്തിന്റെ കീഴിൽ റോമൻ സൈന്യത്തിലെ ഉന്നത ശ്രേണിയിൽ എത്തി. മൊവേഷ്യയിൽ ഒരു സ്വതന്ത്ര സൈനികവിഭാഗത്തിന്റെ അധികാരിയായി മാറിയ തിയോഡോഷ്യസ് 374ൽ സർമാതിയൻ അധിനിവേശക്കാരുടെ ഒരു പരിധിവരെ പരാജയപ്പെടുത്തി. എന്നാൽ ഇതിനുശേഷം അധികം വൈകാതെ അദ്ദേഹം നിർബന്ധിത വിരമിക്കലിന് വിധേയനാവുകയും ദുരൂഹമായ കാരണങ്ങളാൽ അദ്ദേഹത്തിന്റെ പിതാവ് വധശിക്ഷയ്ക്ക് ഇരയാവുകയും ചെയ്തു. ഗ്രാസിയാൻ ചക്രവർത്തിയുടെ സദസ്സിൽ അരങ്ങേറിയ നിരവധി വധശിക്ഷ നടപ്പാക്കലുകൾക്കും ചരടുവലികൾക്കും ശേഷം അധികം താമസിയാതെ തിയോഡോഷ്യസ് തന്റെ നഷ്ടപ്പെട്ട പദവി തിരികെപ്പിടിച്ചു. ഗോഥുകൾക്ക് എതിരായി നടന്ന അദ്രിയാനോപ്പിൾ യുദ്ധത്തിൽ കിഴക്കൻ റോമാ ചക്രവർത്തി വാലെൻസ് പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തതിനെത്തുടർന്ന് 379ൽ ഗ്രാസിയാൻ തിയോഡോഷ്യസിനെ പിൻഗാമിയായി പ്രഖ്യാപിക്കുകയും അപ്പോഴേക്കും വ്യാപകമായിത്തീർന്നിരുന്ന സൈനിക അടിയന്തരാവസ്ഥ നേരിടാൻ ആദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ പുതിയ ചക്രവർത്തിയുടെ ശോഷിച്ച ഖജനാവും ദുർബ്ബലമായ സൈന്യവും അധിനിവേശക്കാരെ പുറന്തള്ളാൻ പര്യാപ്തമായിരുന്നില്ല. അതിനാൽ 382ൽ ഗോഥുകളെ സാമ്രാജ്യത്തിന്റെ സ്വയംഭരണാധികാരമുള്ള സഖ്യകക്ഷികളായി ഡാന്യൂബിന് തെക്കുഭാഗത്ത് അധിവസിക്കാൻ തിയോഡോഷ്യസ് അനുവദിച്ചു. 386ൽ സസ്സാനിയൻ സാമ്രാജ്യവുമായി സന്ധിയിൽ ഒപ്പുവെച്ച അദ്ദേഹം ദീർഘനാളുകളായി തർക്കവിഷയമായിരുന്ന അർമേനിയാ രാജ്യം രണ്ടായി വിഭജിച്ചുകൊണ്ട് ഇരു സാമ്രാജ്യങ്ങൾക്കും ഇടയിൽ ശാശ്വതമായ സമാധാനത്തിന് നടപടി സ്വീകരിക്കുകയും ചെയ്തു.[9]

തൻ്റെ ഭരണത്തിന്റെ ആദ്യകാലത്ത് സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളുടെ അധികാരമാണ് തെവോദോസിയോസിന് ഉണ്ടായിരുന്നത്. അക്കാലത്ത് പടിഞ്ഞാറൻ മേഖലയുടെ ഭരണം കയ്യാളിയിരുന്നത് ചക്രവർത്തിമാരായ ഗ്രാസിയാനും അദ്ദേഹത്തിൻറെ പിൻഗാമിയായ വാലന്റീനിയൻ 2ാമനും ആയിരുന്നു. വാലന്റീനിയന്റെ സഹോദരിയായ ഗല്ലായെ തെവോദോസിയോസ് വിവാഹം കഴിക്കുകയും ചെയ്തു. തൻറെ ഭരണസിരാകേന്ദ്രമായ കോൺസ്റ്റാന്റിനോപ്പിളിനെ വികസിപ്പിക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനും ഇദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. പുരാതനകാലത്ത് ഏറ്റവും വിസ്തൃതമായ പൊതു ചത്വരം ആയി അറിയപ്പെടുന്ന ഫോറം തൗറി വിപുലപ്പെടുത്തിയത് ഇവയിൽ ശ്രദ്ധേയമായ പ്രവർത്തിയാണ്.[10] ഗ്രാസിയാനും വാലന്റീനിയനും വധിക്കപ്പെട്ടതിനെ തുടർന്ന് പടിഞ്ഞാറൻ മേഖലയുടെ ഭരണം അനധികൃതമായി പിടിച്ചെടുത്ത മാഗ്നസ് മാക്സിമസ്, യൂഗേനിയസ് എന്നിവരെ താഴെയിറക്കാൻ 388ലും 394ലും തെവോദോസിയോസ് അവിടേക്ക് പടയോട്ടങ്ങൾ നടത്തി. 394 സെപ്റ്റംബറിൽ അന്തിമ വിജയം നേടിയ തെവോദോസിയോസ് അങ്ങനെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മേൽ അധികാരം നേടിയെടുക്കുകയും ചെയ്തു. റോമാസാമ്രാജ്യത്തിന്റെ ഏകചത്രാധിപതിയായി ഏതാനും മാസങ്ങൾക്ക് ശേഷം തെവോദോസിയോസ് മരണപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികളായി മക്കളായ അർക്കാദിയൂസും ഹൊണോറിയൂസും യഥാക്രമം കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ചക്രവർത്തിമാരായി അധികാരമേറ്റു.

അടിയുറച്ച നിഖ്യൻ ക്രൈസ്തവ വിശ്വാസിയായിരുന്ന തെവോദോസിയോസ് ഢഅറിയവാദത്തെ എതിർക്കുകയും ഏകസത്താവാദത്തെ അനുകൂലിക്കുകയും ചെയ്തു. ഇത് ക്രൈസ്തവ സഭയിൽ ഉടനീളം നടപ്പിലാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ 381ൽ കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹം സഭാ സൂനഹദോസ് സംഘടിപ്പിച്ചു. അതേസമയം പരമ്പരാഗത പേഗൻ മതവിഭാഗങ്ങളുടെ മേൽ അദ്ദേഹം കാര്യമായ ഇടപെടലുകൾ ഒന്നും നടത്തിയില്ല, മാത്രവുമല്ല ഈ മതവിഭാഗങ്ങളിൽ പെട്ട ആളുകളെ സാമ്രാജ്യത്തിലെ പല ഉന്നത പദവികളിലും അദ്ദേഹം നിയമിക്കുകയും ചെയ്തു. എന്നിരുന്നാലും അലക്സാണ്ട്രിയയിലെ സേറാപ്പെയും മുതലായ നിരവധി പൗരാണികമായ യവന ക്ഷേത്രങ്ങൾ മൗലികവാദികളായ ക്രൈസ്തവരുടെ ആക്രമണത്തിൽ തകർക്കപ്പെടുന്നത് തടയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. [11]

ഒരു ഭരണാധികാരി എന്ന നിലയിൽ തെവോദോസിയോസ് ആത്മാർത്ഥതയും ദയയും തൻ്റെ നയങ്ങളിലും ശീലങ്ങളിലും കാർക്കശ്യവും ഉള്ള വ്യക്തിയും സംശുദ്ധനായ ഒരു ക്രൈസ്തവനും ആയാണ് വിവരിക്കപ്പെടുന്നത്.[12][13] തന്റെ മരണത്തിനുശേഷം നൂറ്റാണ്ടുകളോളം പേഗൻ മതത്തിന്റെ സ്വാധീനങ്ങളെ ഇല്ലാതാക്കിയ ക്രൈസ്തവ സത്യവിശ്വാസത്തിന്റെ മുന്നണി പോരാളിയായാണ് തെവോദോസിയോസ് അറിയപ്പെട്ടത്. എന്നാൽ ആധുനിക പണ്ഡിതർ ഇതിനെ ചരിത്രത്തിൻറെ കൃത്യമായ ഒരു വിവരണമായി കണക്കാക്കുന്നില്ല പകരം, ക്രൈസ്തവ രചയിതാക്കളുടെ ചരിത്രഭാഷ്യമായി മാത്രമാണ് ഇതിനെ വിശകലനം ചെയ്യുന്നത്. പരമ്പരാഗത കലയിൽ തെവോദോസിയോസിയൻ നവോത്ഥാനം എന്നറിയപ്പെടുന്ന മുന്നേറ്റത്തിന്റെ ഉപജ്ഞാതാവായും ഇദ്ദേഹം അറിയപ്പെടുന്നു.[14] ഗോഥുകളുമായി അദ്ദേഹം രൂപപ്പെടുത്തിയ സമാധാന സന്ധി അദ്ദേഹത്തിന്റെ വാഴ്ചക്കാലത്ത് സാമ്രാജ്യത്തിൽ സമാധാനം ഉറപ്പാക്കിയെങ്കിലും അവർക്ക് അദ്ദേഹം അനുവദിച്ച സ്വയംഭരണ അവകാശങ്ങൾ തുടർന്നുള്ള റോമൻ ചക്രവർത്തിമാർക്ക് ആഭ്യന്തരമായ തലവേദനയ്ക്ക് കാരണമായി. തൻറെ രാജകുടുംബത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി രണ്ട് ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണഭൂതനായി എന്ന നിലയിലും അദ്ദേഹം വിമർശിക്കപ്പെടുന്നു.[15] അദ്ദേഹത്തിന്റെ പിൻഗാമികളായി അധികാരമേറ്റ രണ്ടു മക്കളും ദുർബലരും അസമർത്ഥരുമായ ഭരണാധികാരികളായിരുന്നു. അവരുടെ കാലത്ത് റോമാസാമ്രാജ്യം നിരവധി വൈദേശിക അധിനിവേശങ്ങൾക്കും കൊട്ടാര വിപ്ലവങ്ങൾക്കും വിധേയമായി. തുടർന്നുള്ള ആറു ദശാബ്ദ കാലവും തെവോദോസിയോസിന്റെ രാജകുടുംബത്തിൽ പെട്ടവരാണ് റോമാസാമ്രാജ്യത്തിന്റെ ഭരണചക്രം കയ്യാളിയത്. അദ്ദേഹത്തിൻറെ മരണശേഷം റോമാസാമ്രാജ്യത്തിലെ കിഴക്ക് - പടിഞ്ഞാറ് വിഭജനം വീണ്ടും പുനഃസ്ഥാപിതമാവുകയും അഞ്ചാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പടിഞ്ഞാറൻ സാമ്രാജ്യം തകരുന്നതുവരെ രണ്ട് സമാന്തര ചക്രവർത്തിമാരുടെ ഭരണത്തിന് കീഴിൽ നിലകൊള്ളുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. The head was found near a headless statue and a columnar base honoring "Flavius Claudius Theodosius" (originally Julian).[2][3] The portrait is incompatible with busts identified as Theodosius II, which have more youthful attributes.[4][5]
  2. Initially emperor of the Eastern Roman Empire; sole senior emperor from 6 September 394.
  3. The name "Flavius" had become a status marker for men of non-senatorial background who rose to eminence as a result of imperial service.[8]
  1. Ruiz, María Pilar García; Puertas, Alberto J. Quiroga (2021). Emperors and Emperorship in Late Antiquity. BRILL. pp. 160, 165. ISBN 978-90-04-44692-2.
  2. Lenaghan, J. (2012a). "High imperial togate statue and re-cut portrait head of emperor. Aphrodisias (Caria)". Last Statues of Antiquity. LSA-196.
  3. Smith & Ratté, പുറങ്ങൾ. 243–244.
  4. Weitzmann, Kurt (1977). Age of Spirituality: Late Antique and Early Christian Ar. Metropolitan Museum of Art. pp. 28–29. ISBN 9780870991790.
  5. Lenaghan, J. (2012b). "Portrait head of Emperor, Theodosius II (?). Unknown provenance. Fifth century". Last Statues of Antiquity. LSA-453.
  6. Hydatius and Zosimus
  7. Marcellinus Comes and Jordanes
  8. Bagnall et al., പുറങ്ങൾ. 36–40.
  9. Simon Hornblower, Who's Who in the Classical World (Oxford University Press, 2000), pp. 386–387
  10. Lippold, Adolf (2022). "Theodosius I". Encyclopedia Britannica.
  11. Lippold, Adolf (2022). "Theodosius I". Encyclopedia Britannica.
  12. Epitome de Caesaribus 48. 8–19
  13. Gibbon, Decline and Fall, chapter 27
  14. Oxford Dictionary of Late Antiquity, pp. 1482, 1484
  15. Woods 2023, Family and Succession.
"https://ml.wikipedia.org/w/index.php?title=തെവോദോസിയോസ്_ഒന്നാമൻ&oldid=4036756" എന്ന താളിൽനിന്ന് ശേഖരിച്ചത്