തിരുമാന്ധാംകുന്ന് ഗ്രന്ഥവരി
വള്ളുവനാട്ടിലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങളേയും ഓലക്കരണങ്ങളുമടങ്ങുന്ന രേഖാസഞ്ചയത്തെയാണ് തിരുമാന്ധാംകുന്നു ഗ്രന്ഥവരി എന്ന് പറയുന്നത്.
പശ്ചാത്തലം
[തിരുത്തുക]വള്ളുവനാടിൻ്റെ പരദേവതാസ്ഥാനമാണിത്. അതിനാൽ നാടിനെ സംബന്ധിച്ച സകല വിവരങ്ങളും രേഖകളാക്കി ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. 1941 -ൽ സ്ഥാനമേറ്റെടുത്ത വള്ളുവക്കോനാതിരിയുടെ മകൻ ഭരണം നടത്തിയെന്നും അക്കാലത്തു വളരെ രേഖകൾ നഷ്ടപ്പെട്ടുവെന്നും പറയുന്നു. ഭാഗ്യവശാൽ 2014 -ൽ ഇതിലെ ഉള്ളടക്കത്തിന്റെ ഒരു പകർപ്പ് മദിരാശിയിൽനിന്നും ലഭിക്കുകയുണ്ടായി. പൊടിയാറായ ആ പേപ്പറുകളിൽ നിന്നും പകർത്തിയെടുത്ത ചരിത്ര രേഖകൾ 'ആറങ്ങോട്ടു സ്വരൂപം ഗ്രന്ഥവരി - തിരുമാനാംകുന്നു ഗ്രന്ഥവരി' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. [1]
മാതൃശാല നിർമ്മിച്ചതും, ശ്രീകോവിൽ ചെമ്പ് പതിച്ചതും മററുമായ ക്ഷേത്രവിവരങ്ങളെ കൂടാതെ അനേകം ചരിത്ര വിഷയങ്ങൾ ഇതിലുണ്ട്. മാമാങ്കത്തെക്കുറിച്ചുള്ള രേഖകളുണ്ടായിരുന്നു എന്ന് എ.സി. വേണുഗോപാല രാജ പറഞ്ഞു കേട്ടിട്ടുണ്ട്. പലതും 1941 - 56 കാലത്തു നഷ്ടപ്പെട്ടുപോയി. കടന്നോൻ മൂത്തവകയിലെ കണക്ക് എന്നത് വള്ളുവക്കോനാതിരി വംശത്തെ കാണിക്കുന്നു. കടന്നൊമൂത്ത വകയിൽ സ്വരൂപത്തിങ്കന്ന തിരുമാനാംകുന്നത്ത് ഭഗവതിയോട് പിഴച്ചിട്ട ഉത്തരം ചൊല്ലിയ അർത്ഥത്തിന്റെ മുതല് കണക്ക് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
തിരുമാന്ധാംകുന്നത്ത് ഭഗവതിയുടെ ക്ഷേത്രംപണിക്ക പതിന്നാലായിരവും എണ്മരും മേലുകോയ്മയും കൂടി എഴുതിയ അനുഭവം തോല - എന്ന് കാണാം. മാതൃശാല നിർമ്മിക്കാൻ തരകരുടെ സഹായം വള്ളുവക്കോനാതിരിക്ക് ഉണ്ടായിട്ടുണ്ട്. സി.ഇ. പതിനാറാം നൂറ്റാണ്ടാവുമ്പോഴേക്കും തരക വിഭാഗം അങ്ങാടിപ്പുറത്തേക്ക് കുടിയേറിയിട്ടുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ ആറങ്ങോട്ടു സ്വരൂപം ഗ്രന്ഥവരി - തിരുമാനാംകുന്നു ഗ്രന്ഥവരി, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, 2015. ISBN: 9789383570522