Jump to content

താമ്രപർണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താമ്രപർണി
Physical characteristics
നദീമുഖംമാന്നാർ ഉൾക്കടൽ
നീളം120 km

തമിഴ്നാട്ടിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നാണ് താമ്രപർണി (തമിഴ്:தாமிரபரணி). പശ്ചിമഘട്ടത്തിലെ അഗസ്ത്യകൂടത്തിൽ നിന്നും ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകി മന്നാർ ഉൾക്കടലിൽ പതിക്കുന്ന നദിയാണ് താമ്രപർണി. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ നദി.

പേരിനു പിന്നിൽ

[തിരുത്തുക]

താമ്രം അഥവാ ചെമ്പിന്റെ നിക്ഷേപം ധാരാളം ഉള്ളതാണ് ഈ നദിക്ക് താമ്രപർണി എന്ന പേരു വരാൻ കാരണമായതെന്നു കരുതപ്പെടുന്നു.

ഉത്ഭവവും പ്രവാഹദിശയും

[തിരുത്തുക]

പശ്ചിമഘട്ടത്തിലെ അഗസ്ത്യാർ മലകളിൽ നിന്നും ഉത്ഭവിച്ച് തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലൂടെ 120 കിലോമീറ്റർ ഒഴുകി മന്നാർ ഉൾക്കടലിൽ (ഇന്ത്യൻ മഹാസമുദ്രം) പതിക്കുന്നു. തെക്കൻ തമിഴ് നാട്ടിലെ പ്രധാന പട്ടണങ്ങളായ അംബാസമുദ്രം, തിരുനെൽവേലി, ശ്രീ വൈകുണ്ഠം, തിരുച്ചെന്തൂർ എന്നിവ താമ്രപർണിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. അംബാസമുദ്രം താലൂക്കിലെ പാപനാശം സമതലത്തിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് താമ്രപർണി ദൃശ്യസുന്ദരങ്ങളായ അഞ്ച് ജലപാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവയിൽ ബാണതീർഥം, കല്യാണ തീർഥം എന്നിവ അതിമനോഹരങ്ങളാണ്.

ചരിത്രം

[തിരുത്തുക]

സംഘം കൃതികളിൽ പരാമർശിച്ചിട്ടുള്ള നദികളിൽ ഒന്നുകൂടിയാണ് താമ്രപർണീ നദി. [1]

പശ്ചിമ താമ്രപർണി

[തിരുത്തുക]

കന്യാകുമാരി ജില്ലയിലെ ഒരു നദിയാണിത്. ഇതിനും താമ്രപർണിയെന്നുതന്നെയാണ് പേർ. അതിനാൽ രണ്ടു നദികളേയും തമ്മിൽ വേർ തിരിച്ചറിയുന്നതിനായി കന്യാകുമാരിയിലൂടെ ഒഴുകുന്ന ഈ നദിയെ പശ്ചിമ താമ്രപർണിയെന്നു വിളിക്കുന്നു.

അഗസ്ത്യാർകൂടം

[തിരുത്തുക]

അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച പർവ്വതശിഖരമെന്ന് വിശ്വസിക്കപ്പെടുന്ന മലയാണ് അഗസ്ത്യാർകൂടം. ഇവിടെ താമ്രപർണി നദി തീർക്കുന്ന തടാകത്തിൽ മുങ്ങിക്കുളിച്ചാണ് കൊടുമുടി കയറുന്നത്. അഗസ്ത്യമുടിയുടെ നെറുകയിലുളള ചോലവനത്തിലാണ് അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളത്. തീർത്ഥാടകർ സ്വയം പൂജനടത്തി മലയിറങ്ങുകയാണ് പതിവ്. അഗസ്ത്യവന്ദനം പ്രകൃതിവന്ദനമാണിവിടെ.

ജലഗതാഗതം

[തിരുത്തുക]

പാപനാശത്തിനടുത്ത് നിർമിച്ചിരിക്കുന്ന അണക്കെട്ട് ജലസേചനത്തിനും വൈദ്യുതിയുത്പാദനത്തിനും ഉപയുക്തമാകുന്നു. വർഷം മുഴുവൻ താമ്രപർണി നദിയിൽ നീരൊഴുക്ക് ഉണ്ടാകാറില്ല. തെ.പ., വ.കി., മൺസൂൺ കാലങ്ങളിലാണ് നദിയിൽ നീരൊഴുക്ക് ശക്തിപ്പെടുന്നത്. പേയാർ, ഉൾതാർ, പാമ്പാർ, കൊറിയാർ, സെർവൈയാർ എന്നിവ താമ്രപർണിയുടെ മുഖ്യ പോഷകനദികളാണ്.

അവലംബം

[തിരുത്തുക]
  1. Rivers of Western Ghats -- Origin of Tamiraparan Retrieved 2006-12-09
"https://ml.wikipedia.org/w/index.php?title=താമ്രപർണി&oldid=3685443" എന്ന താളിൽനിന്ന് ശേഖരിച്ചത്