Jump to content

തലാൽ അസദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോളനിയനന്തരവാദം, ക്രൈസ്തവത, ഇസ്ലാം, ആചാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനശാഖകളിൽ സുപ്രധാന സൈദ്ധാന്തിക സംഭാവനകൾ നൽകിയ ന്യൂയോർക്ക് സിറ്റി സർ‌വകലാശാലയിലെ ഒരു നരവംശശാസ്ത്രജ്ഞനാണ്‌ തലാൽ അസദ്. സമീപകാലത്ത് മതേതരത്വത്തിന്റെ നരവംശശാസ്തപഠനത്തിന്‌ ആഹ്വാനം ചെയ്യുകയും അതിനായി മുൻ‌കൈ എടുക്കുകയും ചെയ്തുവരുന്നു അദ്ദേഹം. നിരവധി നരവംശശാസ്ത്ര വിദഗ്ദ്ധരും, ദൈവശാസ്ത്രജ്ഞരും, ദാർശനികരും, രാഷ്ട്രതന്ത്രജ്ഞരും തങ്ങളുടെ ചിന്തയിലും വിലയിരുത്തലുകളിലും പ്രവർത്തികളിലും പരിശോധിക്കപ്പെടാതെ അതേപടി സ്വീകരിച്ച താരതമ്യപഠന സംജ്ഞകളെ ഫ്രീഡ്രിക്ക് നീച്ച വികസിപ്പിക്കുകയും മൈക്കൽ ഫൊക്കോൾട്ട് പ്രചാരം നൽകുകയും ചെയ്ത ജനിതകപഠന രീതികളുപയോഗിച്ച് സങ്കീർണ്ണമാക്കുന്നു അസദ്. അതുവഴി ആശയവിനിമയത്തിനും, യോജിപ്പിക്കലിനും സൃഷ്ടിപരമായ കണ്ടെത്തലിനുമായി പുത്തൻ സാധ്യതകളെ തുറന്നിടുകയും വ്യക്തത സൃഷ്ടിക്കുകയുമാണ്‌ അദ്ദേഹം ചെയ്യുന്നത്[1].

ജീവിതരേഖ

[തിരുത്തുക]

ജൂതമതം വിട്ട് ഇസ്ലാം സ്വീകരിക്കുകയും ഇസ്ലാമിനെ കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്ത മുഹമ്മദ് അസദിന്റെ മകനാണ്‌ തലാൽ അസദ്. സൗദി അറേബ്യയിൽ ജനിച്ച അസദ് പാകിസ്താനിലെ ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് ഭൂരിപക്ഷമുള്ള ഒരു മിഷനറി സ്കൂളിലാണ്‌ പഠിച്ച് വളർന്നത്. ഈ സാഹചര്യമായിരിക്കണം തലാൽ അസദിന്‌ പാശ്ചാത്യ-പൗരസ്ത്യ ബന്ധങ്ങളോട് പ്രത്യേക കാഴ്ചപ്പാട് രൂപപ്പെടുത്തിയതും തന്റെ പിന്നീടുള്ള പഠനങ്ങളെ സ്വാധീനിച്ചതും. പാകിസ്താനിലെ ബോർഡിംഗ് സ്കൂൾ പഠനത്തിന്‌ ശേഷം വാസ്തുവിദ്യ പഠിക്കുന്നതിനായി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്കയച്ചു. വാസ്തുവിദ്യ ഒരിക്കലും താല്പര്യമില്ലാത്ത വിഷയമായി അനുഭവപ്പെട്ടതിനാൽ നരവംശശാസ്ത്രം പഠിക്കുന്നതിനായി അദ്ദേഹം എഡിൻബറോയിലേക്ക് പോയി.

അക്കാലത്തെ ബ്രിട്ടീഷ് നരവംശശാസ്ത്ര മേഖല ,പ്രാഥമികമായി സാമൂഹിക ഘടനയെ കുറിച്ചുള്ള പഠനങ്ങളുമായി ബന്ധപ്പെട്ടാണ്‌ നിലകൊണ്ടിരുന്നത്. പക്ഷേ എഡിൻബറോയിൽ അമേരിക്കൻ നരവംശശാസ്ത്ര രീതികളായ മനഃശാസ്ത്രാധിഷ്ഠിത നരവംശശാസ്ത്രം,സിംപോളിക് നരവംശശാസ്ത്രം എന്നിവയുമായി പരിചയപ്പെടാൻ അസദിന്‌ അവസരം കൈവന്നു. എഡിൻബറോയിൽ നിന്ന് എം.എ. നേടിയതിനു ശേഷം അദ്ദേഹം ഓക്സ്ഫോർഡിലേക്ക് പോവുകയും അവിടെ പ്രഗൽഭ സാമൂഹിക നരവംശശാസ്ത്രജ്ഞൻ ഇ.ഇ. എവാൻസ്-പ്രിറ്റ്ചാർഡുമായി ഒരുമിച്ച് ജോലിചെയ്യുകയും ചെയ്തു. മധ്യപൂർ‌വ്വേഷ്യ,ആഫ്രിക്ക മേഖലകളുമായി പ്രത്യേകിച്ച് സുഡാനിലെ ന്യുവർ,ലിബിയയിലെ സനൂസി തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനം നടത്തിയ വ്യക്തിയാണ്‌ ഇ.ഇ. ഇവാൻസ്-പ്രിറ്റ്ചാർഡ്. അദ്ദേഹവുമായുള്ള ബന്ധവും തുടർന്നുള്ള പഠനങ്ങളുമാണ്‌ കബാബിഷ് എന്ന വിഭാഗത്തെ കുറിച്ച് ഫീൽഡ് സ്റ്റഡി തിരഞ്ഞെടുക്കാൻ അസദിന്‌ പ്രേരണയായത്. പ്രസ്തുത ഫീൽഡ് സറ്റ്ഡിയുടെ കാലത്ത് സുഡാനിലെ യൂനിവേഴ്സിറ്റി ഓഫ് ഖാർത്തുമിൽ അദ്ധ്യാപകനായിരുന്നു അസദ്.

പഠനങ്ങളും ചിന്തകളും

[തിരുത്തുക]

"കബാബിഷ് അറബികളുടെ അധികാരവും ആധികാരികതയും സ്വീകാര്യതയും നോർമാഡിക വർഗത്തിൽ"(The Kababish Arabs: Power, Authority and Consent in a Nomadic Tribe-1970) എന്ന ഗ്രന്ഥത്തിൽ അസദ് പരിശോധിക്കുന്നത് കോളോണിയലിസത്തേയും പാശ്ചാത്യർ പൗരസ്ത്യരെ "പാശ്ചാത്യേതരർ" എന്ന് നിർ‌വചിക്കുന്ന രീതികളേയുമാണ്‌. കോളോണിയലിസത്തെ കുറിച്ച് അസദ് ഇങ്ങനെ എഴുതി:"ഒരു മതേതര മാനവിക സമൂഹ നിർമ്മിതിയുടെ ചരിത്രപ്രക്രിയ ലക്ഷ്യമാക്കുന്നത് ക്രൂരതകളെ നിർമാർജ്ജനം ചെയ്യുക എന്നതാണെന്ന് കൊളോണിയലിസം പറയുന്നു. അതുവഴി അത് എല്ലായിപ്പോഴും അവകാശപ്പെട്ടത്, കോളണിവൽകൃത രാജ്യങ്ങളിലെ യൂറോപ്പ്യൻ ഭരണം-അത് സ്വയം ജനാധിപത്യപരമായ ഭരണകൂടങ്ങളായിരുന്നില്ലങ്കിലും-പെരുമാറ്റത്തിൽ ഒരു ധാർമ്മികോന്നതി കൊണ്ടുവരാൻ അവസരമൊരുക്കി എന്നാണ്‌. എന്ന് വെച്ചാൽ മാനവികതക്കെതിരെ നിൽക്കുന്ന പ്രവൃത്തികളെ നിരോധിക്കാനായി എന്ന് സാരം".”[2]. അസദ് തുടരുന്നു:"എന്നാൽ എന്റെ അഭിപ്രായത്തിൽ ക്രൂരതകളാണെന്ന് പരിഗണിക്കപ്പെട്ട പ്രവർത്തികളെ നിയമവിരുദ്ധമാക്കാൻ യൂറോപ്പ്യർ നടത്തിയ ശ്രമങ്ങളിൽ അവരെ നയിച്ചത് തദ്ദേശീയ വ്യഥകളായിരുന്നില്ല ,പകരം നീതിയുടേയും മാനവികതയുടേയും പരിഷ്കൃത മാനദണ്ഡങ്ങളെന്ന് തങ്ങൾ കരുതിയ കാര്യങ്ങളെ അതത് ജനതക്കുമേൽ അടിച്ചേൽ‌പ്പിക്കാനുള്ള വ്യഗ്രതയായിരുന്നു. അതായത് ഒരു പുതിയ മാനവിക വിഷയത്തെ സൃഷ്ടിക്കാനുള്ള ആഗ്രഹമായിരുന്നു അത്".”[3]

ഹൾ സർ‌വകലാശാലയിൽ അദ്ധ്യാപകനായി ജോലിനോക്കുന്ന കാലത്ത്, അസദും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ റോജർ ഓവനും സമി സുബൈദയും മധ്യപൂ‌ർ‌വേഷ്യയെ കുറിച്ചുള്ള പഠനങ്ങളെ സംബന്ധിച്ച് സെമിനാറുകൾ സംഘടിപ്പിക്കലും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കലും സ്ഥിരമായി നടത്തുമായിരുന്നു. സെമിനാറുകളിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി അവർ 1975 ൽ മധ്യപൂർ‌വേഷ്യൻ പഠനങ്ങളുടെ റിവ്യൂ(Review of Middle East Studies)എന്ന ഒരു ജേർണലും സ്ഥാപിച്ചു. 1978 ൽ എഡ്വേഡ് സ‌ഈദിന്റെ "ഓറിയന്റലിസം" എന്ന പ്രസിദ്ധ ഗ്രന്ഥം പുറത്തുവന്നതോടെ അതിനുണ്ടായ സ്വീകാര്യത, പാശ്ചാത്യേതര ലോകങ്ങളെ വിലയിരുത്തുന്നതിനായി പാശ്ചാത്യൻ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള അസദിന്റെ സ്വന്തം കണ്ടെത്തെലുകളെ കൂടുതൽ പ്രചോദിപ്പിക്കാൻ ഇടയാക്കി.

അസദിന്റെ 'ജീനോളജീസ് ഓഫ് റിലിജിയൻ:ഡിസിപ്ലിൻ ആൻഡ് റീസൺ ഓഫ് പവർ ഇൻ ക്രിസ്റ്റ്യാനിറ്റി ആൻഡ് ഇസ്ലാം' 1993 ൽ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിൽ മതത്തെ സാഹചര്യത്തിന്റെ സൃഷ്ടിയായി അദ്ദേഹം കാണുന്നു. ഒരോ മതവും പ്രത്യേക സംസ്കാരത്തിന്റെയും ചരിത്രവികാസത്തിന്റെയും ഉല്പന്നാമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള പരസ്പരം കൊടുക്കൽ വാങ്ങലിന്റെയും,ആരൊക്കെയാണ്‌ അതിലെ പങ്കാളികൾ എന്നിവയേയും അദ്ദേഹം ചർച്ച ചെയ്യുന്നു. അസദിന്റെ ജിനോളജീസ് എന്ന ഗ്രന്ഥത്തെ അപഗ്രഥിച്ചുകൊണ്ട് ബ്രൂസ് ലിങ്കൺ എഴുതുന്നു:അസദ് അഭിപ്രായപ്പെടുന്നത് ,"പൊതു മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം വിമർശനം നടത്തേണ്ടത്. ജനങ്ങൾ തങ്ങളുടെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലിന്റെ സ്ഥായിയായ സംഭാഷണത്തിലായിരിക്കണം മുഴുകേണ്ടത്"[4]. പാശ്ചാത്യേതര സമൂഹത്തെ പാശ്ചാത്യ ക്രിസ്ത്യൻ മാനദണ്ഡങ്ങൾക്കൊണ്ട് വിലയിരുത്തുന്നത്, യൂറോപ്പ്യേതരരേയും ക്രിസ്ത്യാനികളല്ലാത്തവരേയും പാശ്ചാത്യ ക്രിസ്ത്യൻ നിലവാരത്തിലേക്ക് ഒരിക്കലും ഉയരാൻ കഴിയാത്തവരായി വിലയിരുത്തപ്പെടാൻ വഴിയൊരുക്കും.

മതേതരത്ത്വം,ആധുനികത തുടങ്ങിയവയുടെ അന്വേഷണവുമായി ബന്ധപ്പെട്ടതാണ്‌ അസദിന്റെ സമീപകാല എഴുത്തുകൾ. 2003 ലെ അദ്ദേഹത്തിന്റെ ഗ്രന്ഥം:'ഫോർമേഷൻ ഓഫ് ദി സെക്കുലർ:ക്രിസ്റ്റ്യാനിറ്റി,ഇസ്ലാം,മോഡേനിറ്റി' ഇതിനു ഉദാഹരണമാണ്‌. "മതേതരത്ത്വത്തെ കുറിച്ച ചിന്തയും ഈജിപ്തിലെ നിയമവും" എന്ന ഒരു പ്രബന്ധത്തിൽ മതേതരത്ത്വത്തെ അസദ് നിർ‌വചിക്കുന്നത് ഇങ്ങനെയാണ്‌: പൊതു ജീവിത മണ്ഡലത്തേയും സ്വകാര്യ ജീവിതത്തേയും നിയമപരമായി വേർതിരിക്കുന്ന ഒരു ആധുനിക നിർമ്മിതിയാണ്‌ മതേതര സമൂഹം. മതത്തെ സ്വകാര്യ ജീവിതത്തിന്റെ നിയമമാക്കി മാറ്റൽ ഒരു രാഷ്ട്രീയ അറേഞ്ച്മെന്റായിരുന്നു. വിഷയങ്ങളെ രണ്ടാംകിടമാക്കി കൊണ്ട് ഒരു വ്യക്ത്യാധിഷ്ഠിത ധാർമ്മികതയായി മതത്തെ കണക്കാക്കി. പാശ്ചാത്യൻ യൂറോപ്പിന്റെയും ആധുനിക രാഷ്ട്രങ്ങളുടേയും ഉദയത്തോടെയാണ്‌ ഈ ചിന്താഗതി രൂപം കൊള്ളുന്നത്[5].

ആധുനികതയെ കുറിച്ച് അസദ് പറഞ്ഞു: ആധുനികത സൃഷ്ടിച്ച ഒരു കാര്യം, അതു വിവിധ സാദ്ധ്യതകളെ കെടുത്തിക്കളഞ്ഞു എന്നതാണ്‌[6]. അസദ് തുടരുന്നു: പാശ്ചാത്യൻ പണ്ഡിതന്മാർ തുടരുന്ന ചിന്താഗതി പാശ്ചാത്യൻ ആധുനികതയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്ന ഒന്നാണ്‌. ഉദാഹരണമായി പാശ്ചാത്യൻ ചിന്താഗതിയെ ചോദ്യചെയ്യുന്നതിനെ അവർ വിളിക്കുന്നത്, പ്രതികരണവാദം എന്നോ അല്ലെങ്കിൽ പുത്തൻ കണ്ടുപിടിത്തം എന്നോ ആണ്‌. എല്ലാ സമകാലീന സംഭവവികാസങ്ങളേയും വിലയിരുത്താനുള്ള മാനദണ്ഡം പാശ്ചാത്യൻ ആധുനികതയാണെന്ന ചിന്താഗതിമാത്രമല്ല ഇവർ വെച്ചുപുലർത്തുന്നത് എല്ലാവിധ പാരമ്പര്യരീതികളേയും വിലയിരുത്താനുള്ള ഒരേയൊരു ആധികാരിക മാർഗ്ഗം പാശ്ചാത്യൻ ആധുനികതയാണ്‌ എന്നുമാണ്‌.[7].

മുസ്ലിം ലോകത്തെ മതതീവ്രവാദത്തെ സംബന്ധിച്ചും അസദ് എഴുതണമെന്നും പ്രതികരിക്കണമെന്നും ആവശ്യമുയരുകയുണ്ടായി. സമീപകാലത്തെ അദ്ദേഹത്തിന്റെ പല ലേഖനങ്ങളും മതേതര സമൂഹം നേരിടുന്ന തീവ്രവാദത്തെ വിശകലനം ചെയ്തുകൊണ്ടുള്ളതാണ്‌[8][9]. .

അവലംബം

[തിരുത്തുക]
  1. William E. Connolly in Powers of the Secular Modern: Talal Asad and His Interlocutors, Stanford 2006, 75.
  2. Formations of the Secular: Christianity, Islam, Modernity. Stanford, Stanford University Press, 2003. p. 109.
  3. Ibid. p. 110.
  4. Bruce Lincoln, in History of Religions, V. 35, N. 1 (August 1995) pp. 83-86
  5. Thinking about secularism and law in Egypt. Leiden, ISIM, 2001. (ISIM papers, 2) p. 1.
  6. David Scott and Charles Hirschkind, editors, Powers of the Secular Modern: Talal Asad and His Interlocutors. Stanford, Stanford University Press, 2006. P. 274.
  7. Interview, “Talal Asad, modern power and the reconfiguration of religious traditions” by Saba Mahmood. Stanford Humanities Review, v. 5, n. 1 (http://www.stanford.edu/group/SHR/5-1/text/asad.html Archived 2009-06-26 at the Wayback Machine.)
  8. "Thinking about Secularism and Law in Egypt." Leiden, ISIM, 2001 (ISIM papers, 2)
  9. Reflections on Laicité and the public sphere[പ്രവർത്തിക്കാത്ത കണ്ണി],” Beirut Conference on public spheres, October, 22-24, 2004.http://www.islamamerica.org/articles.cfm/article_id/94/)

പുറം കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=തലാൽ_അസദ്&oldid=3805016" എന്ന താളിൽനിന്ന് ശേഖരിച്ചത്