തണ്ടാൻ

From വിക്കിപീഡിയ
Jump to navigation Jump to search

പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്തിരുന്ന കേരളത്തിലെ ഒരു വിഭാഗം ജനങ്ങളുടെ ജാതിയാണ് തണ്ടാൻ. വള്ളുവനാട്ടിലും പാലക്കാട്ടുമുള്ള തണ്ടാന്മാർ തീയ്യ ഉപജാതിക്കാരാണെന്ന് അഭിപ്രായമുണ്ട്. മലബാർ മേഖലയിൽ ഇവർ സൈനിക സേവനം നടത്തിയിരുന്നു. ഇവർക്ക് രാജാക്കന്മാർ കരമൊഴിവായി ഭൂമി നൽകുകയും ചെയ്തിരുന്നു. ഇത്തരം ഭൂമി 'ഊരാളിപ്പറമ്പ്' എന്നറിയപ്പെട്ടിരുന്നു. തണ്ടാന്മാർക്കിടയിൽ ഇളഞ്ഞി, പുവർ, ഇരുനെല്ലി, പിളക്കുടി എന്നിങ്ങനെ നാല് ഉപജാതികളുണ്ട്.

തണ്ടാൻ എന്ന ജാതി പട്ടികജാതിയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും[1] ചില സ്ഥലങ്ങളിൽ പിന്നോക്കവിഭാഗങ്ങളുടെ പട്ടികയിലും ഈ ജാതിപ്പേരുള്ളവരെ പെടുത്തുന്നുണ്ട്.[2] തണ്ടുള്ളവർ(കയ്യൂക്കുള്ളവർ) തണ്ടയാൻമാർ ഉത്തരമലബാറിലെ പ്രധാന സമുദായമായ തീയ്യരാണ് തണ്ടയാന്മാർ എന്നറിയപ്പെടുന്നത് മലബാറിലെ പലതെയ്യം പുരാവൃത്തങ്ങളിലും പലതരം തണ്ടയാന്മാരുടെ പരാമർശം കാണാം പ്രാദേശികമായി തീയ്യപ്രമാണിമാരാണ് തണ്ടയാന്മാർ

പദോൽപ്പത്തിയും ഉപയോഗത്തിലുണ്ടായിരുന്ന മറ്റു പേരുകളും[edit]

പണ്ട് ശിക്ഷാവിധികൾ നടപ്പാക്കിയിരുന്നവരാണ് തണ്ടാൻ സമുദായക്കാരെന്നും സംസ്കൃതത്തിലെ ദണ്ഡനം എന്ന വാക്കിൽ നിന്നാണ് തണ്ടാൻ എന്ന പദം നിഷ്പന്നമായതെന്നും അഭിപ്രായമുണ്ട്. കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഇവരെ ഗ്രാമങ്ങളുടെ കാവൽക്കാർ എന്ന അർത്ഥത്തിൽ ഊരാളികൾ എന്ന് വിളിച്ചിരുന്നു. ചില സ്ഥലങ്ങളിൽ വേലന്മാർ എന്നും വിളിക്കുന്നുണ്ട്. ആധുനികകാലത്ത് വേലന്മാർ എന്ന പേരിൽ മറ്റൊരു പ്രത്യേക ജാതി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മധ്യകേരളത്തിൽ ഈ ജാതിയിലെ പുരുഷന്മാർക്ക് 'മൂപ്പൻ' എന്നും സ്ത്രീകൾക്ക് 'മൂപ്പത്തി' എന്നുമുള്ള സ്ഥാനപ്പേരുണ്ടായിരുന്നു.

"മേൽ"ജാതിക്കാരെന്ന് കരുതുന്നവരെ സംബോധന ചെയ്യുമ്പോൾ തണ്ടാൻ ജാതിക്കാർ സ്വയം 'കുഴിയൻ' (കുഴിയിൽ വസിക്കുന്നവൻ എന്ന അർത്ഥത്തിൽ) എന്നു പറയാൻ നിർബന്ധിക്കപ്പെട്ടിരുന്നു. താഴ്ന്ന ജാതി പദവിയെ സൂചിപ്പിക്കാനായിരുന്നു ഇത്.

ആചാരങ്ങൾ[edit]

പണ്ട് 7-നും 12-നുമിടയ്ക്കു പ്രായമുള്ള പെൺകുട്ടികൾക്ക് 'കഴുത്ത് കെട്ട്' അഥവാ 'കെട്ടുകല്യാണം' എന്ന ചടങ്ങു നടത്തുന്ന പതിവുണ്ടായിരുന്നു. പെൺകുട്ടികളുടെ മച്ചമ്പിമാരായിരുന്നു വരന്മാരായി കെട്ടുകല്യാണത്തിൽ പങ്കെടുത്തിരുന്നത്. ഒന്നിലധികം പേർക്ക് ഒരുമിച്ചായിരുന്നു ഈ ചടങ്ങ് നടത്തിയിരുന്നത്. താലികെട്ടും അതിനു ശേഷം വധുവിന്റെ പിതാവ് വരന് ഒരു പ്രതിഫലം കൊടുക്കുന്നതും ചെയ്യുന്നതോടെ ചടങ്ങ് അവസാനിച്ചിരുന്നു.

ഈ ജാതിയിലെ പുരോഹിതന്മാരായ തണ്ടാക്കുറുപ്പന്മാരായിരുന്നു കെട്ടുകല്യാണത്തിന് കാർമ്മികത്വം വഹിച്ചിരുന്നത്. കാർമികന് ദക്ഷിണ നല്കിക്കൊണ്ടാണ് ഈ ചടങ്ങ് ആരംഭിച്ചിരുന്നത്. കഴുത്ത് കെട്ട് കല്യാണത്തിന് യഥാർത്ഥ വിവാഹവുമായി ബന്ധമുണ്ടായിരുന്നിലെങ്കിലും ഈ ചടങ്ങ് നടത്താത്തവരെ ജാതിഭ്രഷ്ട് പോലും കല്പിച്ചിരുന്നു.

കുടുംബത്തിലെ ഏറ്റവും മൂത്തവർ മരിക്കുമ്പോൾമാത്രം ദഹിപ്പിക്കുകയും മറ്റുള്ളവരെ കുഴിച്ചിടുകയുമായിരുന്നു പതിവ്. പത്തു ദിവസം നീണ്ടുനില്ക്കുന്ന മരണാനന്തരചടങ്ങുകൾ ആചരിച്ചിരുന്നു. ചരമവാർഷികം ആഘോഷിക്കുന്നത് സമുദ്രതീരത്താണ്. പരേതാത്മാവിനെ ഊട്ടുന്നതിന്റെ പ്രതീകമെന്നോണം വേവിച്ച ആഹാരം കടലിലേക്ക് എറിയുക പതിവാണ്. ശാസ്താംപാട്ടിന്റെ ഉപജ്ഞാതാക്കളും തണ്ടാർ സമുദായത്തിലാണ് . പൂജാരിമാരായ തണ്ടാക്കുറുപ്പന്മാർ ക്ഷൗരജോലിയും നിർവഹിച്ചിരുന്നു.

മുഖ്യ ആരാധനാമൂർത്തി ഭദ്രകാളിയാണ്. വസൂരിയുടെ മൂർത്തിയെന്നു വിശ്വസിക്കപ്പെടുന്ന മറുതയേയും ചിലർ ചിത്രഗുപ്തനേയും ആരാധിച്ചിരുന്നു. ആരാധനാമൂർത്തികൾക്ക് നിവേദ്യമായി കള്ള് നൽകുന്ന പതിവുണ്ടായിരുന്നു. ലോഗൻ, തേഴ്സ്റ്റൺ, പദ്മനാഭമേനോൻ തുടങ്ങിയ ചരിത്രകാരന്മാർ ഈ സമുദായത്തിന്റേയും അവരുടെ പഴയകാലത്തുണ്ടായിരുന്ന ആചാരങ്ങളുടേയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

  1. തെയ്യംകെട്ട്, ചീർമ്പക്കളം എന്നിവയും തണ്ടയാൻമാരുടെ (തീയ്യരുടെ) അനുഷ്ഠാനങ്ങളാണ്.

ഇവരുടെ പ്രധാന കുലാചാരമാണ് കലശംവെപ്പ്(കലയം). അതിനാൽ ഇവർ കലശക്കാരനെന്നും (കലയക്കാരൻ)അറിയപ്പെടുന്നു

അവലംബം[edit]

  1. "ദി കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ഓർഡർ അമെൻഡ്മെന്റ് ബിൽ 2006" (PDF). മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എമ്പവർമെന്റ്: പന്ത്രണ്ടാം റിപ്പോർട്ട്. ശേഖരിച്ചത് 2013 സെപ്റ്റംബർ 8.
  2. "തണ്ടാൻ സമുദായത്തെ സർക്കാർ വഞ്ചിച്ചു". മാതൃഭൂമി. 2010 ഓഗസ്റ്റ് 23. ശേഖരിച്ചത് 2013 സെപ്റ്റംബർ 8.

"തണ്ടാൻ". സർവ്വവിജ്ഞാനകോശം. ശേഖരിച്ചത് 2013 സെപ്റ്റംബർ 8. പ്രജിൽ പീറ്റയിൽ- തീയ്യ വംശം;ഒരു പഠനം