തക്കർ ബാപ്പാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amritlal Vithaldas Thakkar
തക്കർ ബാപ്പാ
ജനനം(1869-11-29)നവംബർ 29, 1869
മരണം20 ജനുവരി 1951(1951-01-20) (പ്രായം 81)
ദേശീയതIndian

തക്കർ ബാപ്പാ (1869 - 1951) ഭാരതീയ സാമൂഹിക പരിഷ്കർത്താവും ദേശീയ നേതാവുമായിരുന്നു. അമൃതലാൽ തക്കർ എന്നാണ് യഥാർഥപേര്. ദീനാനുകമ്പാ പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതനായി ജനാദരവു നേടി യതോടുകൂടിയാണ് തക്കർ ബാപ്പാ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. ഗുജറാത്തിലെ ഭവനഗറിലുള്ള ഒരു ഇടത്തരം കുടുംബത്തിൽ വിഠൽദാസ് ലാൽജി തക്കറിന്റേയും മുലീബായുടേയും മകനായി 1869 നവംബർ 29-ന് ഇദ്ദേഹം ജനിച്ചു. ഭവനഗറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാലത്തെ സാമുദായിക സമ്പ്രദായ പ്രകാരം പന്ത്രണ്ടുവയസ്സെത്തിയപ്പോഴേക്കും ഇദ്ദേഹം വിവാഹിതനായിക്കഴിഞ്ഞിരുന്നു. മെട്രിക്കുലേഷൻ പരീക്ഷയിൽ മികച്ച വിജയം നേടി ജസ്വന്ത്സിങ്ജി സ്കോളർഷിപ്പിന് അർഹനായി. സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നിട്ടും അമൃതലാലിനെ പിതാവ് എൻജിനീയറിങ് പഠിക്കുവാൻ പൂണെയിലയച്ചു. 1890-ൽ എൽ.സി.ഇ. (Licentiate in Civil Engineering) ബിരുദം നേടി.

ഔദ്യോഗികജീവിതം[തിരുത്തുക]

വിദ്യാഭ്യാസാനന്തരം റെയിൽവേയിൽ എൻജിനീയറായി നിയമനം ലഭിച്ചു. അധികം വൈകാതെ സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥൻ എന്ന ഖ്യാതി നേടുവാൻ സാധിച്ചു. പിന്നീട് വധ്വാൻ എന്ന നാട്ടുരാജ്യത്തെ ചീഫ് എൻജിനീയർ പദവിയിലെത്തി. അതിനുശേഷം പോർബന്തറിൽ ചീഫ് എൻജിനീയറായി നിയമിക്കപ്പെട്ടു. കിഴക്കേ ആഫ്രിക്കയിലെ ഉഗാണ്ടയിൽ മൂന്ന് വർഷക്കാലം എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ഉയർന്ന ഒരു തസ്തികയിൽ പ്രവർത്തിക്കുവാനും ഇക്കാലത്ത് അവസരം ലഭിച്ചു. 1903-ൽ ആഫ്രിക്കയിൽ നിന്നു മടങ്ങിയെത്തി സാംഹ്ലി നാട്ടുരാജ്യത്തിലെ സ്റ്റേറ്റ് എൻജിനീയറായി സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് ഗോപാലകൃഷ്ണ ഗോഖലെ, ഡി.കെ. കാർവെ എന്നീ ദേശീയ നേതാക്കളുമായി സൗഹൃദബന്ധം സ്ഥാപിക്കുവാൻ സന്ദർഭങ്ങളുണ്ടായി. ഈ പരിചയമാണ് ഇദ്ദേഹത്തെ ജനസേവനരംഗത്തേക്ക് ആകർഷിച്ചത്. അക്കാലത്ത് ബോംബേ മുനിസിപ്പാലിറ്റിയിൽ ഒരുയർന്ന ഉദ്യോഗം സ്വീകരിച്ച് കുർളയിൽ പ്രവർത്തനമാരംഭിച്ചു. അവിടത്തെ തൂപ്പുകാരും അധഃകൃതസമുദായങ്ങളിൽപ്പെട്ട ജീവനക്കാരും അടിച്ചമർത്തപ്പെട്ട മറ്റു വിഭാഗങ്ങളും അടിമത്തവും നരകീയദുരിതങ്ങളും അനുഭവിക്കുന്നതുകണ്ട് അവരിൽ സഹാനുഭൂതി ഉളവായ തക്കർ ബാപ്പായുടെ ജീവിതത്തിൽ വലിയൊരു സാമൂഹിക പരിവർത്തന ചിന്ത തരംഗിതമായി.

പൊതുപ്രവർത്തനം[തിരുത്തുക]

അധഃസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടുന്ന പൊതുപ്രവർത്തനങ്ങളിൽ വ്യാപൃതനാകുവാനും ശുദ്ധവും സ്വതന്ത്രവുമായ ജീവിതം ലഭ്യമാക്കാൻ അവരെ ഉന്നിദ്രരാക്കുവാനും ബാപ്പാ ഉദ്യുക്തനായി. ഈ ലക്ഷ്യം സഫലീകരിക്കുന്നതിനുവേണ്ടി ഇദ്ദേഹം സെർവന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. പുതിയൊരു ജീവിത ലക്ഷ്യത്തോടു കൂടിയ സമാരംഭം തുടർന്നു കൊണ്ടിരുന്നപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ആകസ്മികമായി മരണമടഞ്ഞു. രണ്ടാമതൊരു വിവാഹം കഴിച്ചുവെങ്കിലും അവരും കുട്ടികളില്ലാതെ മരണമടയുകയാണുണ്ടായത്. 1913-ൽ പിതാവും നിര്യാതനായി. അസ്വസ്ഥമായ ഈ ഏകാന്ത ജീവിതം മുമ്പോട്ടു കൊണ്ടുപോകുന്നത് ദുഷ്കരവും അർഥശ്യൂന്യവുമാണെന്ന് ബോധ്യമായ ബാപ്പാ 1914-ൽ ജോലി രാജിവച്ച് പൊതുപ്രവർത്തനത്തിൽ പൂർണമായും മുഴുകി. ഇതേ വർഷംതന്നെ സർവന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റിയിൽ അംഗവുമായി. മഥുരയിലെ ഭീകരമായ ക്ഷാമകാലത്ത് നിരന്തരം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വ്യാപൃതനായി. അധഃകൃതരുടെ ഉന്നമനത്തിനായി സ്കൂളും സൊസൈറ്റിയും സ്ഥാപിച്ചു (1915-16). കച്ചിലെ ക്ഷാമദുരിതാശ്വാസ പ്രവർത്തനത്തിനു (1916) നേതൃത്വം നല്കി. ഇക്കാലം മുതൽ മഹാത്മാഗാന്ധിയുമായി അടുത്ത ബന്ധം പുലർത്താനും സന്ദർഭമുണ്ടായി. 1918-ൽ ബോംബേ ലെജിസ്ളേറ്റിവ് കൌൺസിലിൽ നിർബന്ധ വിദ്യാഭ്യാസ ബിൽ അവതരിപ്പിക്കാനാവശ്യമായ വിവര സമാഹരണം നടത്തുന്നതിനുള്ള ചുമതല നിർവഹിച്ചത് ബാപ്പാ ആയിരുന്നു. ജാംഷഡ്പൂരിലെ ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയിലെ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നല്കാനും ഇദ്ദേഹം നിയുക്തനായി. ഒറീസയിൽ 1920-ൽ ക്ഷാമബാധിതർക്കായുള്ള ദുരിതാശ്വാസ പ്രവർത്തനത്തിനു നേതൃത്വം നല്കിയതും തക്കർബാപ്പാ ആയിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിലാരംഭിച്ച വിദേശവസ്ത്ര ബഹിഷ്കരണ സമരത്തിലും സ്വദേശി പ്രസ്ഥാനത്തിലും ഇദ്ദേഹം സജീവമായി പങ്കെടുത്തു. ഗുജറാത്തിലെ പഞ്ചമഹലിലും ക്ഷാമബാധിതർക്കുവേണ്ടി അർപ്പണബോധത്തോടെ പ്രയത്നിച്ചു. 1923-ൽ ഭീൽ സേവാമണ്ഡലം രൂപവത്കരിച്ച് അധഃസ്ഥിതർക്കു വേണ്ടിയുള്ള ജനസേവന പ്രവത്തനങ്ങൾക്ക് ആക്കം കൂട്ടി.

രാഷ്ട്രീയപ്രവർത്തനം[തിരുത്തുക]

രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്നും തക്കർബാപ്പാ ഒഴിഞ്ഞു നിന്നിരുന്നില്ല. ഭവനഗർ രാജ്യത്തിലേയും കത്തിയവാറിലേയും രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ഇദ്ദേഹം വളരെയധികം ബന്ധപ്പെടുകയും അവിടെ സ്വാതന്ത്ര്യ പ്രക്ഷോഭതരംഗങ്ങൾ ഇളക്കി വിടുകയും ചെയ്തു. പാട്യാലയിലെ ഭരണാധികാരിക്കെതിരായി പല കടുത്ത ആരോപണങ്ങളും ആളിക്കത്തിയപ്പോൾ അവയെപ്പറ്റി അന്വേഷിക്കുവാൻ നിയുക്തമായ കമ്മിറ്റിയുടെ അധ്യക്ഷനായി (1929) പ്രവർത്തിച്ചത് തക്കർബാപ്പാ ആയിരുന്നു. സിവിൽ നിയമലംഘനകാലത്ത് മദ്യഷാപ്പുകൾ പിക്കറ്റു ചെയ്തതിന് ആറ് മാസത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും സകലർക്കും സമാദരണീയനായതുമൂലം നാല്പതു ദിവസം മാത്രമേ തടവിൽ കഴിയേണ്ടിവന്നുള്ളൂ.

ഹരിജനോദ്ധാരണം[തിരുത്തുക]

ഹരിജനോദ്ധാരണ സംരംഭങ്ങളിൽ ഇദ്ദേഹം ഗാന്ധിജിയുടെ വലംകൈയായി പ്രവർത്തിച്ചു. ഗാന്ധിജിയുടെ നിർദ്ദേശാനുസരണം 1932-ൽ ഹരിജൻ സേവക് സംഘത്തിന്റെ സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുകയും പ്രവർത്തനം വളരെയധികം വ്യാപകവും ശക്തവുമാക്കുകയും ചെയ്തു. 1943-44-ൽ ഉത്തരേന്ത്യൻ സം സ്ഥാനങ്ങളിലുണ്ടായ കടുത്ത ക്ഷാമത്തിൽ കഷ്ടതയനുഭവിച്ച അനേകായിരം ജനങ്ങളുടെ സഹായത്തിനായി ഇദ്ദേഹം സർവ ശക്തിയുമുപയോഗിച്ച് ദുരിതരംഗങ്ങളിൽ പാഞ്ഞെത്തി. 1944-ൽ കസ്തൂർബാ സ്മാരക നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനും തക്കർബാപ്പാ മുൻകൈയെടുത്തു പ്രവർത്തിച്ചു. പൂർവബംഗാളിലെ നൗഖാലിയിൽ ഹിന്ദു-മുസ്ലിം ലഹള ആളിക്കത്തിയപ്പോൾ അതിൽപ്പെട്ടു ദുരിതമനുഭവിച്ച എല്ലാ മനുഷ്യരേയും സഹായിക്കുവാൻ ഗാന്ധിജിയോടൊപ്പം ലഹള പ്രദേശം മുഴുവൻ സഞ്ചരിച്ചു പ്രവർത്തിച്ചു. 1949 നവംബർ 29-ന് 80 വയസ്സ് പൂർത്തിയായപ്പോൾ ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ മേഖലകളെ പൂർണമായും സ്പർശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ നിറഞ്ഞ ഒരു അഭിനന്ദന ഗ്രന്ഥം തയ്യാറാക്കുകയും ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വച്ച് തക്കർ ബാപ്പായെ ഇന്ത്യയിലെ പ്രമുഖ നേതാക്കൾ ചേർന്ന് ആദരിക്കുകയും ചെയ്തു. 1951 ജനുവരി 19-ന് ഇദ്ദേഹം നിര്യാതനായി.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്കർ ബാപ്പാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തക്കർ_ബാപ്പാ&oldid=3088817" എന്ന താളിൽനിന്ന് ശേഖരിച്ചത്