ഡോസെറ്റിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുവിന്റെ ജീവിതത്തേയും, ചരിത്രപരവും ശാരീരികവുമായ അസ്തിത്വത്തേയും സംബന്ധിച്ച് ക്രിസ്തീയതയുടെ ആദിമനൂറ്റാണ്ടുകളിൽ പ്രചരിച്ചിരുന്ന ഒരു ഒരു സിദ്ധാന്തമാണ് ഡോസെറ്റിസം. ചരിത്രപരമോ ശാരീരികമോ ആയ വാസ്തവികത ഇല്ലാത്ത കേവലം തോന്നൽ അഥവാ ദൃഷ്ടിഭ്രമം മാത്രമായിരുന്നു ക്രിസ്തുപ്രതിഭാസം എന്നാണ് ഈ വിശ്വാസം. യേശുവിന്റെ മാനുഷികമായ അസ്തിത്വത്തിന്റെ നിഷേധമാണിത്. ഇതനുസരിച്ച്, യേശു മനുഷ്യജന്മം സ്വീകരിച്ചതായും ജീവിച്ചതായും പീഡ സഹിച്ചു കുരിശിൽ മരിച്ചതായും കാണപ്പെടുക മാത്രമായിരുന്നു. അപ്പസ്തോലിക കാലത്തോളം പഴക്കമുള്ള ഈ സിദ്ധാന്തത്തിന്റെ സൂചനകളും വിമർശനവും കൊളോസോസുകാർക്കുള്ള പൗലോസിന്റെ ലേഖനത്തിലും യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളിലും ഉള്ളതായി കരുതപ്പെടുന്നു. സഭാപിതാക്കന്മാരായ തെർത്തുല്യൻ, ഇഗ്നേഷ്യസ്, പോളിക്കാർപ്പ് എന്നിവർ ഇതിനെ വിമർശിച്ചിട്ടുണ്ട്. ക്രിസ്തീയവിശ്വാസത്തിലെ മനുഷ്യാവതാരസങ്കല്പത്തിന്റെ അർത്ഥ-ലക്ഷ്യങ്ങളെ അപ്രസക്തമാക്കുന്നതായി കരുതപ്പെട്ട ഈ സിദ്ധാന്തത്തെ എഡി 325-ൽ നിഖ്യായിൽ സമ്മേളിച്ച ഒന്നാം സാർവർത്രിക സൂനഹദോസ് ശപിച്ചു തള്ളി. അങ്ങനെ ക്രിസ്തീയമുഖ്യധാരയുടെ എല്ലാ ശാഖകൾക്കും അത് അസ്വീകാര്യമായിത്തീർന്നു.[1]

അവലംബം[തിരുത്തുക]

  1. ഡോസെറ്റേ, കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം
"https://ml.wikipedia.org/w/index.php?title=ഡോസെറ്റിസം&oldid=2283131" എന്ന താളിൽനിന്ന് ശേഖരിച്ചത്